ഭാഗം 7: Approach to the Inmost Cave

തേങ്ങ എടുക്കാൻ വരുന്ന അണ്ണൻ, അങ്ങനെ നീട്ടി പരത്തിയാണ് നിലവിൽ എന്റെ ഫ്രണ്ട് ലിസ്റ്റിലെ ഏറ്റവും പ്രായം കുറഞ്ഞ കഥാപാത്രം എന്നെ വിളിയ്ക്കുന്നത്. അദ്ദേഹം ഒരു റിട്ടയേർഡ് അങ്കണവാടി സ്റ്റുഡന്റ് ആണ്.

പനി കഴിയുമ്പോ...

പനിയല്ല, കൊഡോണ!

അതേ, കൊഡോണ കഴിയുമ്പോൾ വല്യ സ്‌കൂളിൽ പോവണ്ടെ?

നോക്കണം...

വീട്ടിൽ നിന്നും മാറി ഞങ്ങൾക്ക് കുറച്ചു പറമ്പ് ഉണ്ട്. ആ പറമ്പിന്റെ അയൽപ്പക്കമാണ് ഈ കഥാപാത്രം. പറമ്പിനും അവരുടെ വീടിനും ഇടയിൽ തോടുണ്ട്. അവരവരുടെ പറമ്പിനോട് ചേർന്ന തോട് അവരവർ തന്നെ വെട്ടിക്കോരി ഇടുന്നതാണ് ഒരു രീതി. 'ബോറടിച്ച്' ഇരുന്ന ഒരു ദിവസം ഇദ്ദേഹവും വല്യച്ഛനും കൂടെ തോട് വൃത്തിയാക്കാൻ ഇറങ്ങിയത്രെ. ഞങ്ങൾ നാലു പേർ തോട് കോരുന്നത് കണ്ടതാണ് അദ്ദേഹത്തിന് ഈ 'കഥ' വരാനുള്ള ഇൻസ്പിറേഷൻ.

സ്വാഭാവികമായും ഇദ്ദേഹം മുൻപിലും വല്യച്ഛൻ പിന്നിലുമാണ്. അങ്ങനെ കോറി കോറി ചെന്നപ്പോ...

അപ്പോ മര പെയ്യുന്നുണ്ടാരുന്നോ?

പാവത്തിന് അത് കത്തിയില്ല.

ഇത് കേക്ക്, ഞങ്ങൾ രണ്ടു പേരും കൂടെ കോറി കോറി ചെന്നപ്പോ...

അപ്പോഴാണ് അവൻ ഏഴാം അറിവിൽ, ഏഴാം സ്റ്റേജിൽ എത്തിയത്.

Approach to the Inmost Cave

ആദ്യം തന്നെ ശ്രദ്ധിയ്ക്കേണ്ട കാര്യം, ഉപയോഗിച്ചിരിക്കുന്ന (ഞാനല്ല, മുൻപേ പോയവർ) വാക്ക് approach എന്നാണ് enter എന്നല്ല. രഹസ്യങ്ങൾ ഉറങ്ങുന്ന (ഉറക്കം വരാത്ത രഹസ്യങ്ങൾ ഉണർന്നു ഇരിക്കുന്ന) ഗുഹയിലേയ്ക്ക് നായകൻ അല്ലെങ്കിൽ നായിക എത്തുന്നു, പക്ഷെ കയറിയില്ല.

ഒറ്റ ഉദാഹരണം പറയാം.

ചിത്രം : 'ദേവാസുരം'. സംവിധാനം : ശ്രീ എം ടി എഴുതിയ സ്ക്രിപ്റ്റുകളിൽ ഏറ്റവും മികച്ചതായി സംവിധാനം ചെയ്യപ്പെട്ടതായി എന്റെ ബുദ്ധിയിൽ എനിക്ക് തോന്നിയിട്ടുള്ള (തികച്ചും വ്യക്തിപരം) 'ആൾക്കൂട്ടത്തിൽ തനിയെ' സംവിധാനം ചെയ്ത അതേ ഐ വി ശശി സർ.

കാടിളക്കി നടക്കുന്ന നീലകണ്ഠൻ അമ്മയെ കാണാൻ വരുന്നു. ആ രഹസ്യം അമ്മയിൽ നിന്നും അറിയുന്നു. കുറേക്കാലം ഞാൻ കരുതിയത് ഈ സീനാണ് Approach to the inmost cave എന്നാണ്. സന്തോഷത്തോടെ, അല്ലെങ്കിൽ വിജയിയായി മുൻപോട്ട് പോകുന്ന നായകന്റെ അല്ലെങ്കിൽ നായികയുടെ ജീവിതത്തിൽ വരുന്ന ആദ്യ ബ്രെയ്ക്ക് ആണ് ഈ സ്റ്റേജ്.

ഒരു കഥയിൽ conflict (സംഘട്ടനം) ഉണ്ടാവണമെന്നും അതിന്റെ വിവിധ തരങ്ങളെ പറ്റിയും ഇന്നലെ നമ്മൾ കണ്ടു. എന്നു കരുതി മൊത്തം പ്രശ്നങ്ങൾ നിറഞ്ഞ ഒരു ജീവിതം കാണാൻ പ്രേക്ഷകർക്ക് താല്പര്യം ഇല്ല. അതിനാണ് കുറച്ചു കോമഡിയും രസമുള്ള സീനുകളും ഒക്കെ ചേർത്ത് നമ്മൾ ഇന്നലെ കണ്ട test allies and enemies ഒരുക്കിയത്. (ഈ test allies and enemies എന്നുള്ളത് തന്നെ സംഘട്ടനങ്ങളുടെ ഒരു ലൈറ്റർ വേർഷൻ ആണെന്നുള്ളത് ഒരിക്കലും മറന്നു പോവരുത്, പ്രത്യേകിച്ചും തിരക്കഥ എഴുതാൻ താല്പര്യം ഉള്ളവർ) പക്ഷെ, പാട്ടും പാടി നടന്നാൽ കഥ മുൻപോട്ട് പോവില്ലല്ലോ, അപ്പോൾ കഥയിൽ വരുന്ന ഒരു സഡൻ ബ്രെയ്ക്ക്, അതാണ് approach to the inmost cave.

അമ്മയിൽ നിന്നും നീലകണ്ഠൻ സത്യം മനസ്സിലാക്കുന്ന സീനാണ് approach to the inmost cave എന്ന് ഞാൻ കരുതിയിരുന്നതായി ഞാൻ പറഞ്ഞുവല്ലോ, അത് മാത്രമല്ല, നിങ്ങൾ ഇങ്ങനെ ഒന്ന് ചിന്തിയ്ക്കൂ. അമ്മയിൽ നിന്നും സത്യം മനസ്സിലാക്കിയ ശേഷം നേരെ കട്ട് ചെയ്യുന്നത് സ്വന്തം വീട്ടിൽ നിന്നും പുറത്ത് ഇറങ്ങുന്ന നീലകണ്ഠൻ കാർ ഷെഡിലേയ്‌ക്ക് പോകുന്നതാണ്. അതായത്, അമ്മയുടെ മുറിയിലേയ്ക്ക് നീലകണ്ഠൻ കയറുന്നത് നമ്മൾ കണ്ടു, അവർ തമ്മിൽ സംസാരിച്ച് ഇരിക്കുന്നതും കണ്ടു, അമ്മയുടെ മുറിയിൽ നിന്നും നീലകണ്ഠൻ പുറത്തേക്ക് പോകുന്നതിന്റെ അമ്മയുടെ റിയാക്ഷൻ നമ്മൾ കാണുന്നു, കട്ട് ചെയ്താൽ നീലകണ്ഠൻ സ്വന്തം വീട്ടിൽ നിന്നും രാത്രി മഴയത്ത് പുറത്ത് വരുന്നതാണ് നമ്മൾ കാണുന്നത്. ഈ രണ്ടു സീനുകളുടെ ഇഴയടുപ്പം കാണിയ്ക്കാൻ മറ്റൊന്ന് കൂടി ഐ വി ശശി സർ ചെയ്യുന്നുണ്ട്. മഴ വരുന്നു എന്ന് കാണിയ്ക്കാൻ അമ്മയുമായുള്ള സീൻ ആരംഭിയ്ക്കുന്നിടത്ത് തന്നെ ഒരു മഴ ഇടിയുണ്ട്. ആ മഴ അടുത്ത സീനിലേയ്ക്കും പെയ്യുന്നു. എത്ര മനോഹരമായാണ് മഴയെ ഒരു ടെക്നിക്കൽ ആവശ്യത്തിനായി ഉപയോഗിച്ചിരിയ്ക്കുന്നത് എന്നു നോക്കൂ. അങ്ങനെ ആ രണ്ടു സീനും കൂടി ചേരുമ്പോൾ നായകന്റെ ജീവിതത്തിൽ ഒരു ബ്രെയ്ക്ക് വന്നു.

ഇനി ഇതിന്റെ കുറച്ചു വകഭേദങ്ങളെ പറ്റി പറഞ്ഞു ഇന്ന് നിർത്താം. ദയവ് ചെയ്ത് ഉദാഹരണങ്ങൾ എഴുതി സഹായിക്കുക, സംഭാവന ഉദാരമായാൽ മാത്രമേ പരിപാടി ഗംഭീരമാവുകയുള്ളൂ!

കുഞ്ചിയമ്മയുടെ അഞ്ചാം മകനായ ഓമന കുഞ്ചു നാട് വിട്ട് പോകുന്നു, അവനെ തേടി കുഞ്ചിയമ്മ നടക്കുന്നതാണ് നമ്മുടെ സിനിമ. കരച്ചിൽ പടം. പഴനിയിൽ അവൻ ഉണ്ടെന്ന് ഒരു വാർത്ത കേട്ട് പഴനിയിൽ കുഞ്ചിയമ്മ എത്തുന്നു. പഴനി എയർ പോർട്ടിൽ വച്ചു നമ്മൾ ചിത്രീകരിക്കുന്ന ആ സീനാണ് approach to the inmost cave. മകനെ ഈ സ്റ്റേജിൽ അമ്മ കാണുന്നില്ല. കുറ്റാന്വേഷണ പടത്തിൽ ഇവനാവും കുറ്റവാളി എന്ന് കരുതി അവനെ പിടിയ്ക്കാൻ ചെല്ലുന്നതാണ് ഈ സ്റ്റേജ്, പിടിച്ചില്ല. പ്രേമ പടത്തിൽ അച്ഛന് ഹാർട്ട് അറ്റാക്കായ കാരണം നമുക്ക് പിരിയാം എന്നു നായിക നായകനോട് പറയുന്നതാണ് ഈ സ്റ്റേജ്, പിരിഞ്ഞില്ല. അയ്യപ്പനും കോശിയിലും അയ്യപ്പനെ എസ് പി കൈയൊഴിയുന്നതാണ് ഈ സ്റ്റേജ്, അയ്യപ്പൻ ഭാവി പരിപാടികൾ തുടങ്ങിയില്ല. അങ്ങനെ അങ്ങനെ...

പോയിന്റ് എന്നു പറയുന്നത് approach ആണ് നടക്കേണ്ടത്, entry അല്ല. എന്നു പറഞ്ഞാൽ, നല്ല രീതിയിൽ ഒരു ബിൾഡ് അപ്പ് നടത്തുക, പ്രേക്ഷകർ അതാസ്വദിയ്ക്കും. അതിനേക്കാൾ ഉപരിയായി മാനസികമായി ഈ സ്റ്റേജിന്റെ അവസാനം നായകൻ അല്ലെങ്കിൽ നായിക തളരണം.

തോട് കോറി കോറി ചെന്ന അവനും വല്യച്ഛനും തോട്ടിൽ ഒരു അനക്കം കേട്ട് നിന്നത്രെ!

പൊളവനാണോ?

അതെന്താ?

അത് പോട്ടെ, എന്തുവാ അനങ്ങിയത്?

ഒരു മൊതല!

François Truffaut എഴുതിയ ഒരു കഥയുണ്ട്. ഫ്രഡറിക്ക് രണ്ടാമൻ എന്നൊരു രാജാവ് ഉണ്ടായിരുന്നു. ഉണ്ടിരുന്ന ഒരു ദിവസം രാജാവിന് ഒരു സംശയം വന്നു. ഒരു ഭാഷ പോലും, ഒരു ഭാഷയിലെ ഒരു വാക്ക് പോലും കേൾക്കാത്ത ഒരു കുട്ടി ആദ്യമായി സംസാരിച്ച് തുടങ്ങുമ്പോൾ ഏത് ഭാഷയാവും ഉപയോഗിക്കുക. ലാറ്റിൻ, ഗ്രീക്ക്, ഹീബ്രു അതോ ഫ്രഞ്ച് തന്നെയോ? രാജാവിന്റെ ഉത്തരവ് പോയി, അദ്ദേഹം കുറച്ചു നവജാത ശിശുക്കളെ അവർ ജനിച്ച ആ നിമിഷം, അമ്മമാർ ഒന്നു മിണ്ടും മുൻപേ അവരിൽ നിന്നുമടർത്തി വളർത്താൻ ആയമാരെ ഏൽപ്പിച്ചു. കുട്ടിയ്ക്ക് ഫ്രാൻസിൽ കിട്ടുന്ന ഏറ്റവും നല്ല സൗകര്യങ്ങൾ നൽകി, മുലപ്പാല് അടക്കം, പക്ഷെ ആയമാർ കുഞ്ഞുങ്ങളോട് മിണ്ടാൻ പാടില്ല, അവരെ താലോലിയ്ക്കാൻ പാടില്ല. ആ കുട്ടികളൊക്കെ രാജാവ് കേൾക്കാൻ ആഗ്രഹിച്ച ആ മാന്ത്രിക ഭാഷ പറയാൻ നിന്നില്ല, ഒരു ഭ്രാന്തന്റെ പരീക്ഷണത്തിൽ, പ്രായം എത്തും മുൻപേ ആ കുഞ്ഞുങ്ങൾ മരിച്ചു പോയി.

സ്നേഹം കിട്ടിയില്ലെങ്കിൽ പിന്നെ ലോകമില്ല. ആ സ്നേഹം മുറിയുന്നിടമാണ് approach to the inmost cave. ആ ഗുഹ താണ്ടാതെ നായകനോ നായികയ്ക്കോ എനിക്കോ നിനക്കോ മുൻപോട്ട് നടക്കാൻ കഴിയില്ല എന്നതാണ് ഏറ്റവും വലിയ ദുഃഖവും തമാശയും.

എന്നിട്ട്?!

മൊതലെ കണ്ടതും വല്യച്ഛൻ ചാടി കരയ്ക്ക് കേറി...

ഞാൻ അത്ഭുതത്തിൽ അവനെ ഒന്ന് നോക്കി.

അവനത് ശരിയ്ക്കും ഇഷ്ടപ്പെട്ടു.

Article Tags: