ഭാഗം 6: Test Allies and Enemies

ഇതൊരു നന്ദികേടിന്റെ കഥയാണ്. പേമാരി പെയ്ത ദിവസം പുറകിൽ നിന്നും ഒരുവനെ കുത്തിയ കഥ.

ഇന്ത്യൻ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ ആരെന്ന ചോദ്യത്തിന് എന്നും ഉത്തരം മണിരത്നം സാറെന്നായിരുന്നു. ഞാൻ 'രാവണൻ' കാണുന്നത് ബഹ്‌റിനിൽ വച്ചാണ്. തമിഴും ഹിന്ദിയും കണ്ടു ഒരേ ദിവസം, റിലീസായ അതേ ദിവസം. അന്ന് എഫ് ബിയിൽ എന്തെങ്കിലും പോഴത്തരം ഞാൻ എഴുതിയോയെന്ന് കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല, പക്ഷെ സുഹൃത്തുക്കളോട് ആ സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞിരുന്നത് ഞാനോർക്കുന്നു.

ഇന്നതിൽ, എന്നുമതിൽ, ഞാൻ വല്ലാതെ ദുഃഖിയ്ക്കുന്നു, പിന്നെ വിവരം വെക്കാത്ത കാലത്തെ മണ്ടത്തരങ്ങളുടെ നീണ്ട ലിസ്റ്റിൽ അതും ചേർത്ത് ഉറങ്ങാൻ കിടക്കുന്നു.

അരുവിയിൽ തകർന്നു കിടക്കുന്ന ഒരു ദൈവത്തോട് രാഗിണി അപേക്ഷിയ്ക്കുകയാണ്. ഫ്രയിമിൽ രാഗിണിയും ദൈവത്തിന്റെ തലയും. രാഗിണി വെളുത്ത ജാതിയാണ്. അവളുടെ സ്ഥാനം തലയ്ക്കരികിൽ. പ്രാർത്ഥന കഴിഞ്ഞു ക്യാമറ താഴെ വരുമ്പോൾ ദൈവത്തിന്റെ തല കട്ടാവും, പിന്നിൽ ഫോക്കസ് ഔട്ടിൽ വീരയ്യയെ നമുക്ക് കാണാം. ആരാണ് അപ്പോൾ രാഗിണിയുടെ പ്രാർത്ഥന കേട്ടത്? വീരയ്യ ഇരിയ്ക്കുന്നത് ദൈവത്തിന്റെ കാലിലാണ്, കാരണം അവൻ മാറ്റിനിർത്തപ്പെട്ടവൻ ആണ്. അവിടെ നിന്നെഴുനേറ്റ് വന്ന് അവൻ രാഗിണിയോട് സംസാരിച്ചു കഴിയുമ്പോൾ അവൻ ദൈവത്തിനെ മറയ്ക്കും. കാടിളക്കി അവൻ അലറും, അധഃകൃതന്റെ ദൈവങ്ങൾ അലറിയിരുന്നു!

ആശാൻ François Truffaut ഒരിക്കൽ പറഞ്ഞതിന്റെ അർത്ഥം വിവരം വെച്ചു തുടങ്ങിയപ്പോൾ, വീണ്ടും വീണ്ടും കണ്ട് രാവണൻ ഇഷ്ട സിനിമകളിൽ ഒന്നായി മാറിയപ്പോൾ, മണിരത്നം സാറിനോട് മനസ്സിൽ മാപ്പ് പറഞ്ഞപ്പോൾ ആണെനിക്ക് ശരിയ്ക്കും മനസ്സിലായത്, "There are no good and bad movies, only good and bad directors".

വൈകിയെങ്കിലും തേടി വന്ന വിവരത്തോട് നന്ദി, ഇന്നിനി നന്ദി കേടുകളുടെ കഥ തന്നെ തുടരാം.

Test Allies and Enemies

ഒരു സിനിമയുടെ ഫസ്റ്റ് ഹാഫ് സെക്കൻഡ് ഹാഫിനെക്കാൾ കൊള്ളാം, സിനിമ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ഞാൻ ഏറ്റവും അധികം കേട്ടിട്ടുള്ള മറുപടി ഇതാണ്. നിങ്ങളും ഞാൻ കേട്ടത് തന്നെ ഏറെ കേട്ടിരിയ്ക്കാനാണ്, അനുഭവിച്ചിരിയ്ക്കാനാണ് സാധ്യത എന്നു കരുതുന്നു. ചേരുന്ന ഉദാഹരണങ്ങൾ നിങ്ങൾ എഴുതി സഹായിക്കണം. എന്താണ് ഫസ്റ്റ് ഹാഫ് മിക്കപ്പോഴും മികച്ചു നിൽക്കാൻ കാരണമാവുന്നത്? എന്താണ് അതിന്റെ ലോജിക്ക്?

ഫസ്റ്റ് ഹാഫിന്റെ ക്രീമാണ് Test Allies and Enemies. ഒരു നായകൻ അല്ലെങ്കിൽ നായിക തന്റെ ഒപ്പമുള്ളവരിൽ നിന്നും, ആരാണ് കൂടെ നിക്കുന്നവർ, ആരാണ് പിന്നിൽ നിന്നും കുത്തുന്നവർ എന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണ് Test Allies and Enemies. കഥയിൽ വന്ന ഓരോ കഥാപാത്രങ്ങളും നായകൻ അല്ലെങ്കിൽ നായികയുമായി ഏതെങ്കിലും തരത്തിലുള്ള conflict സംഭവിയ്ക്കുകയും അതിൽ നിന്നും അവരുടെ തനിനിറം പുറത്ത് വരുന്നതുമാണ് Test Allies and Enemies.

ഈ പറഞ്ഞ conflictനെ പറ്റി ഒരൽപ്പം കൂടി. ഏതെങ്കിലും തരത്തിലുള്ള സംഘട്ടനം ഇല്ലെങ്കിൽ സിനിമയില്ല, അത് എല്ലാവർക്കും അറിയാവുന്ന കാര്യം. ഒരു നായകൻ അല്ലെങ്കിൽ നായിക നേരിടുന്ന conflict പ്രധാനമായും അഞ്ചു തരത്തിൽ ഉണ്ടാവാമെന്നാണ് ആചാര്യനായ എൻ എൻ പിള്ള സർ പറയുന്നത്. 1)ഒരു മനുഷ്യനും മറ്റൊരു മനുഷ്യനും തമ്മിൽ; 2)ഒരു മനുഷ്യൻ അവനോട് തന്നെ; 3)ഒരു മനുഷ്യൻ അവന്റെ സാഹചര്യത്തോട് (വിധി); 4)ഒരു മനുഷ്യനും അവൻ ഉൾക്കൊള്ളുന്ന സമുദായവും; 5)ഒരു മനുഷ്യനും പ്രകൃതിയും തമ്മിൽ.

വളരെ കൃത്യമായി conflict തിരഞ്ഞെടുക്കുന്നതിലും, അവ നിർവചിക്കുന്നതിലും അവ സ്ക്രീനിൽ എത്തിക്കുന്നതിലും ഉസ്താദ് ആശാൻ സ്കോർസെസി ആണെന്ന് വിശ്വസിയ്ക്കുന്ന ഒരു ഫാൻ ബോയ് ആണ് ഞാൻ. ആണും പെണ്ണും തമ്മിലുള്ള - അവരുടെ ലോകത്തേയ്ക്ക് മറ്റാരെയും ഒരു പരിധിയിൽ കൂടുതൽ വരാൻ അനുവദിയ്ക്കാതെ - പരസ്പ്പരം അവർ തമ്മിൽ മിത്രത്തെയും ശത്രുവിനെയും തേടുന്ന 'വല്ലാത്ത' പടങ്ങൾ ആണ് അദ്ദേഹത്തിന്റെ മിക്കവയും. ഒരു പെണ്ണിനാൽ മുറിവേറ്റവരാണ് ആശാന്റെ എല്ലാ നായകനെന്നും തോന്നുന്നു, എന്ത് രസമാണ് അക്കാര്യത്തിൽ ടാക്സി ഡ്രൈവർ ഒക്കെ. സ്‌കോർസെസിയുടെ നായകന്മാർക്ക് ഫ്രോയ്ഡ് പറഞ്ഞ Madonna - Whore complex ആണെന്ന് നിരീക്ഷിക്കുന്നത് Roger Ebert ആണ്. "First they (heroes of Scorsese) idealize them (heroines of Scorsese), and then, when they discover that their perfect woman is only human after all, they rigidly reject them".

മനുഷ്യൻ അവനോട് തന്നെയുള്ള സംഘർഷങ്ങളിൽ പെട്ട സിനിമകൾ ഞാൻ കൂടുതൽ കണ്ടിട്ടുള്ളത് ഫ്രഞ്ചിൽ നിന്നാണ്. ജീൻ പോൾ സാർത്രെയുടെ മണ്ണല്ലേ, ആ കാറ്റ് ഇപ്പോഴും വീശുന്നുണ്ടാവാം. മലയാളത്തിൽ ആർട്ട് പടമെന്ന പേരിൽ അക്രമം അഴിച്ചു വിടുന്ന പലരും ഉപയോഗിക്കാൻ 'ശ്രമിയ്ക്കുന്ന' ഒരു conflict ആണിത്.

കിരീടത്തോളം മറ്റൊരു ഉദാഹരണം മനുഷ്യനും അവന്റെ വിധിയും തമ്മിലുള്ള സംഘട്ടനത്തിന് എന്റെ മനസ്സിൽ ഇല്ല. ലോഹിതദാസ് സാറിന്റെ മിക്ക തിരക്കഥകളും ഈ പറഞ്ഞ conflict സ്വീകരിച്ചിരുന്നവയാണെന്ന് കാണാം. അതൊക്കെ ഓരോരുത്തരുടെ ജീവിതം അവരെക്കൊണ്ട് എഴുതിയ്ക്കുന്നു.

മനുഷ്യനും സമുദായവും തമ്മിലുള്ള സംഘർഷം പറയുമ്പോൾ ഞാൻ പ്രകാഷ്‌ ജാ (Prakash Jha) എന്നു പറയും. അത്രത്തോളം പ്രിയം തോന്നിയിട്ടുണ്ട് അദ്ദേഹത്തിന്റെ സിനിമകളോട് പ്രത്യേകിച്ചും ഗംഗാജൽ.

ഇനി, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള കണക്ക് എടുത്താൽ, അറിയില്ല. ഈ സൂപ്പർ ഹീറോ പടങ്ങളിലെ വെടിവയ്പ്പും തീഇടലും കാണുമ്പോൾ ഇതൊക്കെ ഷൂട്ട് ചെയ്ത മണ്ണിൽ ഇനിയൊരു തകര എങ്കിലും കുരുക്കുവോയെന്ന് ഓർത്ത് ഞാൻ നെടുവീർപ്പ് ഇടാറുണ്ട്!

ബാഹുബലി ഒന്നാം ഭാഗം തീരുന്നത് ഈ പറഞ്ഞ സ്റ്റേജിന്റെ അവസാനമാണ്. ഏറ്റവും വലിയ കൂട്ടുകാരൻ ഏറ്റവും വലിയ ദ്രോഹിയായി മാറിയ നിമിഷം. വിജയ പടങ്ങൾ ഒന്ന് ചിന്തിച്ചു നോക്കിയാൽ 'പിന്നിൽ നിന്ന് കുത്തുന്ന' പരിപാടി എക്കാലത്തും പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്നു എന്ന് കാണാം. ട്രോളന്മാർ ട്രോളിക്കൂട്ടിയ 'ഉറങ്ങി കിടന്ന താൻ തന്നെയാണ് ചമ്മന്തി അരച്ചതെന്ന ആ സത്യം' പൃഥ്വിരാജ് മനസ്സിലാക്കുന്ന പരിപാടികളും നടക്കുന്നത് ഈ സ്റ്റേജിൽ ആണ്.

നന്ദികേടിന്റെ കഥ ഒക്കെ പറഞ്ഞു ഞാൻ അനാവശ്യമായി കാര്യങ്ങളെ സീരിയസ് ആക്കി എന്നു തോന്നുന്നു. നിങ്ങൾ ഇങ്ങനെ ഒന്നു ചിന്തിച്ചു നോക്കൂ. പറക്കും തളികയിൽ ഉണ്ണികൃഷ്ണൻ, ഇല്ലാത്ത പൈസ ഉണ്ടാക്കി സുന്ദരനെ പറഞ്ഞു വിടുന്നത് ബസന്തിയെ ഒഴിവാക്കാനാണ്, അവനോ ബീഫും പൊറോട്ടയും തിന്ന് അവളെയും കൊണ്ടു തിരിച്ചു വരും. ഉണ്ണികൃഷ്‌ണൻ സുന്ദരനെയും കൊണ്ടു നടക്കുന്ന കാലത്തോളം ഗതിപിടിക്കില്ലെന്നും ടെക്നിക്കലി ഉണ്ണികൃഷ്ണന്റെ എനിമിയാണ് സുന്ദരെന്നുമാണ് തിരക്കഥയുടെ ശാസ്ത്രം പറയുന്നത്. എന്ത് ശാസ്ത്രം?! നമ്മൾ തലതല്ലി ചിരിച്ചു. ഇനി ഇത്തരം കോമഡി സിനിമകൾ മൊത്തം എടുക്കൂ, നായകനെ നിരന്തരം പ്രശ്നങ്ങളിൽ കൊണ്ടു ചാടിച്ച്, നമ്മളെ ചിരിപ്പിയ്ക്കുകയാണ് നായകന്റെ കൂടെ നിൽക്കുന്നവർ. ഇതൊക്കെ Test Allies and Enemies എന്ന സെഗ്മെന്റിൽ സംഭവിക്കുന്ന കാര്യങ്ങളാണ്.

ഇനി ഒരു പ്രേമ കഥയാണെങ്കിലോ? നായകനും നായികയും പരസ്പ്പരം കൂടുതലറിയുകയും, അത് കണ്ട് നമ്മൾ രസിയ്ക്കുകയും ഇതിനിടയിൽ ഇവരുടെ ബന്ധത്തെ പരിപൂർണമായും സപ്പോർട്ട് ചെയ്യുന്ന ആ ദിവ്യ കൂട്ടുകാരനെ നമ്മൾ പരിചയപ്പെടുകയും ഒക്കെ ചെയ്യുന്ന പാർട്ടാണ് ഇത്.

ഒരു അടിപ്പടം അല്ലെങ്കിൽ ഒരു സസ്പെൻസ് പടത്തിൽ നമുക്ക് ഈ സെഗ്‌മെന്റ് കുറേക്കൂടി വ്യക്തമായി കാണാൻ കഴിയുന്നു എന്നേയുള്ളൂ. കൊലപാതകി ആരെന്നുള്ള അന്വേഷണം നടക്കുന്നത് ഇവിടെയാണ്. പക്ഷെ കൊലയാളിയെ കണ്ടെത്തുന്നത് ഇവിടെയല്ല, കൊലയാളി ആരെന്ന് അറിയുന്നതിലും രസമാണല്ലോ അവിടേയ്ക്കുള്ള യാത്ര.

ഈ പറഞ്ഞ Test Allies and Enemies സെഗ്‌മെന്റിന്റെ ആശാനാണ് നമ്മുടെ പഴയ പ്രിയദർശൻ സർ. അദ്ദേഹത്തിന്റെ സിനിമകളിൽ ഈ ഭാഗം എത്ര പറഞ്ഞാലും തീരില്ല, നമുക്ക് അതിൽ ഒട്ടും പരാതി ഇല്ലതാനും. സത്യൻ അന്തിക്കാട് ശ്രീനിവാസൻ സിനിമകൾ ഇത്ര ജനപ്രിയമായതിന്റെ കാരണവും ഈ സെഗ്മെന്റ് കറതീർത്ത് എഴുതി ചിത്രീകരിക്കാനുള്ള അവരുടെ കഴിവായിരുന്നു.

ഈ ഒരു ഭാഗം, ഈ ഒരു സെഗ്‌മെന്റ്, ഒരു സിനിമയിൽ നമ്മൾ ഇതു വരെ കണ്ട സ്റ്റേജുകളിലെ (ഇനി കാണാനുള്ളതിലും) ഏറ്റവും നീളമുള്ള ഈ ഭാഗം, ഇതെങ്ങനെ പ്രേക്ഷകനെ രസിപ്പിച്ച് എഴുതാൻ കഴിയുന്നു എന്നതിലാണ് ഒരു സിനിമയുടെ വിജയത്തിന്റെ പ്രധാന പങ്ക്. ഒരു സിനിമയെ ചിരിപ്പടമോ അടിപ്പടമോ കരച്ചിൽപ്പടമോ ഒക്കെയാക്കുന്നത് ഈ ഭാഗമാണ്. എഴുതുമ്പോൾ നായകന്റെ അല്ലെങ്കിൽ നായികയുടെ ഭാഗത്ത്‌ നിന്നു ചിന്തിക്കുക, അവരോട് ഇടപെടുന്നവർ ഒന്നുകിൽ കൂട്ടുകാരാവണം അല്ലെങ്കിൽ എതിരാളികൾ ആവണം. എതിരാളി എന്നു പറയുമ്പോൾ വീണ്ടും പറയുന്നു, രക്തം ഒക്കെ മാറ്റി വച്ചു ചിന്തിയ്ക്കുക, സെയിന്റും പത്മശ്രീയും റ്റീജീ രവിയും ഒഴിച്ചാൽ പ്രാഞ്ചിയേട്ടന്റെ ചുറ്റും നിന്നവരൊക്കെ എനിമിയാണ്. അങ്ങനെ ചിരിച്ച് ലഘുവായി ചിന്തിയ്ക്കുക. (ആപ്പ് വന്നിരുന്നെങ്കിൽ കുറേക്കൂടി ലഘുവായി ചിന്തിയ്ക്കാമായിരുന്നു, അത് വേറെ കാര്യം).

ഈ സ്റ്റേജ് എനിക്ക് പ്രിയപ്പെട്ടതാവുന്നത് മറ്റൊരു തലത്തിലാണ്. നമ്മൾ ഒന്നു ചിന്തിച്ചാൽ, നമ്മളൊക്കെ ഇന്നലെയും ഇന്നും ജീവിച്ചു കൊണ്ടിരിയ്ക്കുന്നത് ഈ സ്റ്റേജിൽ ആണ്. Testing our allies and enemies. എനിക്ക് ശത്രുക്കൾ ഉണ്ടെന്നോ, അല്ലെങ്കിൽ ചുറ്റുമുള്ളവരെ ഞാൻ അളക്കുന്നുവെന്നോ അല്ല ഇതിനർത്ഥം, ഒരിക്കലുമല്ല. ജീവിതം നമ്മളെ അളന്നുകൊണ്ടിരിയ്ക്കുന്നു! ജീവിതം പുതു അനുഭവങ്ങൾ തന്ന് നമ്മെ വേഷം കെട്ടി ആട്ടി നമ്മുടെ ഒക്കെ കഥയിലെ ഈ ഭാഗം നിരന്തരം എഴുതി കൊണ്ടിരിയ്ക്കുന്നു. എല്ലാവരുടെ ജീവിതത്തിലും അത് സംഭവിയ്ക്കുന്നു. ചിലർക്ക്, ജീവിതത്തെ നോക്കി അത് പകർത്തി എഴുതാൻ കഴിയുന്നു എന്നു മാത്രം. ഞാൻ Orson Welles പറഞ്ഞതിൽ അഭയം തേടുന്നു, "I believe a work is good to the degree that it expresses the man who who created it".

മണിരത്നം സാറിനോട് മാപ്പ്, അത് പറയാൻ ഒരവസം തന്ന നിങ്ങളോട് സ്നേഹം.

Article Tags: