ചേർത്തതു് Baiju T സമയം

അണ്ടലൂർ കാവിലെ നിരക്കിപ്പാച്ചിൽ. പൊൻമാനായി മാറിയ മാരീചൻ സീതയെ ഭ്രമിപ്പിയ്ക്കുന്ന രംഗം.
വേദി ഒരുക്കങ്ങൾ ഇല്ല; മുൻവശം, പിൻവശം, ഇടതുവശം, വലതുവശം ചേർന്ന രംഗ വേദി ഇല്ല; കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന മുൻ ഒരുക്കങ്ങൾ ഇല്ല. ചുവന്ന പരന്ന മണ്ണ്. ഭൂമിയോളം പഴക്കം ചെന്ന കാവും. തെയ്യങ്ങൾ എത്തിക്കഴിഞ്ഞാൽ കാണുന്നവരുടെ കാഴ്ചയിൽ അവിടം പഞ്ചവടിയായി!
ഇത് വച്ചു നോക്കുമ്പോൾ സിനിമയിലെ കഥ പറച്ചിൽ എത്ര എളുപ്പമാണ്. സിനിമയിൽ പ്രേക്ഷകന് ഒന്നും സങ്കല്പിക്കേണ്ടി വരുന്നില്ല, മഹേഷിന്റെ വീട് എന്ന് പറയുകയല്ല, മറിച്ച് മഹേഷിന്റെ വീട് നമ്മൾ കാണുകയാണ്. കാണുന്ന കാഴ്ചയിൽ നിന്നും കാണേണ്ട കാഴ്ചകൾ വേർതിരിച്ചെടുക്കുന്നതിനെ പറ്റിയാണ് ഇന്ന്.
Crossing the First Threshold
വില്ലൻ തന്റെ വരവ് അറിയിച്ചതിനു ശേഷം, തന്റെ മെന്ററിൽ നിന്നും ഒരുറപ്പ് കിട്ടിയ ശേഷം, ഇനി നായകൻ അല്ലെങ്കിൽ നായിക കളത്തിൽ ഇറങ്ങുകയാണ്. അതിനായി അവർ താണ്ടുന്ന ആദ്യ പടിയാണ്, ആദ്യ വാതിലാണ് crossing the first threshold.
അയ്യപ്പനും കോശിയിലും അയ്യപ്പന് സസ്പെൻഷൻ ഉറപ്പായപ്പോൾ, തന്റെ തട്ടകമായ സ്റ്റേഷൻ വിട്ട്, സിവിൽ ഡ്രെസ്സിൽ (ഇതിനും പ്രാധാന്യം ഉണ്ട്), 'ഗേറ്റ്' താണ്ടി, തന്നെ കാത്ത് നിൽക്കുന്ന കോശിയുടെ ലോകത്തേയ്ക്ക് അയ്യപ്പൻ ചെല്ലുന്നതാണ് crossing the first threshold.
ഒരു ത്രില്ലർ പടത്തിൽ അതുമല്ലെങ്കിൽ ഒരു സാധാരണ പടത്തിൽ ഈ സ്റ്റേജ് കണ്ടുപിടിയ്ക്കുക എളുപ്പമാണ്. പക്ഷെ നമ്മൾ കാണുന്നത് ഒരു കമേഴ്സ്യൽ സിനിമയുടെയും ആർട്ട് സിനിമയുടെയും സങ്കരമാണെങ്കിലോ?
നമുക്ക് 'മഹേഷിന്റെ പ്രതികാരത്തിലേയ്ക്ക്' വരാം. സൗമ്യ ഇനിയില്ല, സൗമ്യയുടെ അപ്പനും അപ്പന്റെ ചേട്ടനും അത് വന്നു പറഞ്ഞു പോയി. അവിടെ നിന്നും കട്ട് ചെയ്താൽ, അതിനൊപ്പം ക്ളീഷേകളെ കൂട്ടു പിടിച്ചാൽ മഹേഷ് മദ്യപിയ്ക്കുന്ന സീനിലേക്കോ അതല്ല ഒരു പാട്ടിലേക്ക് തന്നെയോ പോവാം. മറിച്ച് മുൻവശത്തെ 'വാതിൽ' താണ്ടി മഹേഷ് മുറ്റത്തേക്ക് ഇറങ്ങി, ഇറങ്ങുന്നതിനു പട്ടിയ്ക്ക് ചോറ് കൊടുക്കുക എന്ന അങ്ങേയറ്റം ലോജിക്കലായ ഒരു കാരണം നൽകി, ആ കാരണത്തിൽ തന്നെ ഒരു ബിംബവത്ക്കരണം നടത്തി, തിരക്കഥ അങ്ങനെ കത്തിക്കയറുകയാണ്! ബിവറേജസ് പൂട്ടിക്കിടക്കുന്ന കാലത്ത് അമേരിക്കയിൽ നിന്നു വന്ന എൽദോച്ചായൻ, പറമ്പ് നോക്കുന്ന സാബുവിന് കൊണ്ടു കൊടുത്ത ഒരു ലിറ്ററിന്റെ ഹെന്നസിയാണ് ഈ തിരക്കഥ! (മറ്റൊരു ഉപമയ്ക്ക് കാലം അനുവദിയ്ക്കുന്നില്ല)
വാതിൽ എന്ന ഒരു രൂപം വേണമെന്നുള്ളത് ഒരു നിർബന്ധ ആവശ്യം ആണെന്നല്ല പറഞ്ഞത്, പക്ഷെ ഒരു വാതിലിനെ ആ സീനിൽ ചേർക്കാൻ കഴിയുന്നതിലെ പ്രതിഭയെ അഭിനന്ദിക്കുന്നു. കപ്പോള സാഹിബിന്റെ ഗോഡ്ഫാദറിൽ (Part 1) എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തിരക്കഥ മൊമന്റും ഇത് തന്നെയാണ്. ആശുപത്രിയിൽ കഴിയുന്ന പപ്പയെ കണ്ടു, പപ്പയുടെ ജീവൻ അപകടത്തിലാണെന്നു മനസ്സിലാക്കി മൈക്കിൾ ബേക്കറിനൊപ്പം ആശുപത്രിയുടെ മുൻപിൽ നിൽക്കുന്ന രംഗം. ആശുപത്രിയിയുടെ 'ഗേറ്റ്' മൈക്കിൾ തനിയെ താണ്ടുകയല്ല, മറിച്ച് മൈക്കിളിനെ ബലം പ്രയോഗിച്ച് ഗേറ്റ് താണ്ടിയ്ക്കുകയാണ്. അവിടെ നിന്നും മൈക്കിലിന്റെ ജീവിതവും മാറുന്നു. മാറ്റപ്പെടുന്നു എന്നതാണ് ശരി. ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗത്തിന്റെ തുടക്കം വരെ വേണ്ടി വരുന്നു മൈക്കിളിന് തന്റെ വഴി തന്റെ നിയോഗമാണെന്നു മനസ്സിലാക്കുവാൻ. എന്തൊരു എഴുത്താണിതൊക്കെ!
ഇനി നിങ്ങൾ സൂക്ഷിച്ചു കണ്ടാൽ കാണുന്ന ഒട്ടു മിക്ക പടങ്ങളിലും നായികയോ നായകനോ 'വാതിൽ കടക്കുന്നത്' നിങ്ങൾക്ക് കാണാൻ കഴിയും. അത് കണ്ടു കണ്ട് ഒടുക്കം സിനിമ കാണലിന്റെ രസം പോയിതുടങ്ങിയാൽ അരുണിനെ പ്രോൽസാഹിപ്പിച്ചും പോയി, പുല്ലിപ്പോൾ സൗഹൃദം കാരണം ഒന്നും പറയാനും വയ്യ എന്ന അവസ്ഥ നിങ്ങൾക്ക് വരും! ഈ എന്നോട് പറയാൻ കഴിയാത്തതൊക്കെ നിങ്ങളുടെ കീഴ്ത്താടിയിൽ ഉടക്കി കിടക്കും എന്നാണ് ആശാൻ സ്ട്രാസ്ബർഗ് പറയുക, അത് നിങ്ങളെ ഒരു നല്ല നടൻ ആവുന്നതിൽ നിന്നും പുറകോട്ട് വലിയ്ക്കുമത്രെ!
ഒത്തിരി കാര്യങ്ങൾ ഉണ്ട് നമ്മുടെ ലോകത്ത്, നമുക്ക് പ്രതികരിയ്ക്കാൻ കഴിയാത്തവ ആയി. മറ്റൊരു രീതിയിൽ നോക്കിയാൽ പൊളിറ്റിക്കലി ഇൻകറക്റ്റ് ആയ ഒത്തിരി കാര്യങ്ങൾ. ചുറ്റുമുള്ള ഇത്തരം കാര്യങ്ങൾ ഒരാൾ തന്റെ സിനിമയിൽ ചേർക്കുമ്പോൾ അയാളുടെ സിനിമ പൊളിറ്റിക്കലി ഇൻകറക്റ്റ് ആവുന്നുണ്ടോ?
മഹേഷിന്റെ പ്രതികാരത്തിൽ തന്നെ മഹേഷിനെ നല്ലവനായും, ഉപേക്ഷിച്ച് പോവുന്ന സൗമ്യയെ മോശമായും ചിത്രീകരിക്കുക വഴി അതിലുപരി സൗമ്യയ്ക്ക് അരസികനായ ഒരു മണ്ടൻ ഭർത്താവിനെ നൽകുക വഴി ആ സിനിമ പൊളിറ്റിക്കലി ഇൻകറക്റ്റ് ആവുന്നുണ്ടോ? ഇല്ല എന്ന് തന്നെ പറയേണ്ടി വരും. നമ്മൾ ജീവിക്കുന്നത് പൂർണമായും നീതിയുക്തമായ ഒരു ലോകത്തല്ല, ആ ലോകത്തിന്റെ പ്രതിഫലനം നമ്മുടെ എഴുത്തിൽ വരും, വരണം. പക്ഷെ മുൻവിധികളോടെ അല്ലെങ്കിൽ വെറും കയ്യടികൾക്ക് വേണ്ടി, ക്ളീഷേകളെ കൂട്ട് പിടിച്ച് നായകൻ സഹനടിയുടെ അരക്കെട്ടിൽ കയറി പിടിച്ച് ഇംഗ്ലീഷ് പറയുമ്പോളാണ് ഒരു സിനിമ പൊളിറ്റിക്കലി ഇൻകറക്റ്റ് ആവുന്നത്.
ഇന്നിനി പറഞ്ഞു നിർത്താം.
ലൈഫ് ഓഫ് പൈയിലെ പൈ എങ്ങനെ പട്ടേലിന്റെ മെന്റർ ആവുന്നുവെന്ന് ഇന്നലെ ഒരു സുഹൃത്ത് കമന്റായി എഴുതി. അത് പോലെ തന്നെയാണ് 'അവനവൻ കടമ്പ' കടക്കലും. ജി ശങ്കരപ്പിള്ള സാറിന്റെ പ്രസാധന തീയേറ്ററിൽ അവരുടെ പുതിയ നാടകമായ 'അഭയാർഥികളുടെ' റിഹേഴ്സൽ നടക്കുന്ന കാലം. ഉത്സാഹക്കമ്മറ്റി ചെയർമാനായി ഭരത് ഗോപി സാറും അവിടെയുണ്ട്. നായകനും നായികയ്ക്കുമൊക്കെ കാര്യങ്ങൾ പഠിപ്പിച്ചു നൽകി റിഹേഴ്സൽ മുന്നേറിയ ഒരു ദിവസം ശങ്കരപ്പിള്ള സാർ ഗോപിയോട് പറഞ്ഞു, "ഗോപി, സ്റ്റേജിൽ ഒരു മിനിറ്റ് ഒന്നു നിൽക്കണം, വെറുതെ നിന്നാൽ മതി". എന്തിനെന്ന് ചോദിക്കാതെ തന്നെ, ആവില്ല പിടിപ്പത് പണിയുണ്ടിപ്പോൾ എന്ന് ഗോപിയും. അങ്ങനല്ല, വെറുതെ ഒന്ന് നിന്നാൽ മതിയെന്ന് വീണ്ടും സർ. അങ്ങനെ ഗോപി 'വെറുതെ ഒന്ന്' നിൽക്കാൻ തീരുമാനിച്ചു. നിന്ന് കഴിഞ്ഞപ്പോൾ ആണറിഞ്ഞത് നിൽക്കുന്നത് ഒരു പ്ലാറ്റ്ഫോമിലാണെന്ന്. ഒരു ട്രെയിൻ വരുമത്രെ, അത് ശബ്ദത്തിൽ കേൾപ്പിക്കും, അപ്പോൾ ദൂരെ നിന്നൊരു സ്ത്രീ ഓടി വരും, അടുത്ത് എത്തുമ്പോൾ അത് തന്റെ ഭാര്യയാണെന്നു ഗോപി തിരിച്ചറിയും, ആ നിമിഷം ഭാര്യ ആ ട്രെയിനിന് മുൻപിൽ എടുത്തു ചാടും, ട്രയിൻ അവരെ നുറുക്കി കടന്നു പോവുന്ന ശബ്ദം നമുക്ക് കേൾക്കാം. ഗോപി ഇത് കണ്ടു 'വെറുതെ നിന്നാൽ മതി, ഒരു മിനിറ്റ്'. ശങ്കരപ്പിള്ള സർ പറഞ്ഞു നിർത്തി.
മഹാ ആശാൻ ഭരത് ഗോപി സർ തന്റെ ഗുരു പറഞ്ഞത് പോലെ വെറുതെ നോക്കി നിന്നു. കൃത്യം ഒരു മിനിറ്റ്. അവിടെ ആ പ്ലാറ്റ്ഫോമിൽ അന്ന് മലയാള അഭിനയ ചരിത്രം പുതിയ ഒരു 'വാതിൽ' പണിതു. കാലത്തിന്, ഭരത് ഗോപിയ്ക്ക് മുൻപും പിൻപും എന്ന് അടയാളപ്പെടുത്തി കടന്നു പോകുവാൻ വേണ്ടി.