ഭാഗം 4: Meeting the Mentor

തമിഴ് എനിക്കിഷ്ടമാണ്, തമിഴരെ എനിക്കിഷ്ടമാണ്, തമിഴ് നാട് എനിക്കിഷ്ടമാണ്. അത് കൊണ്ട് തന്നെ ഒന്നു ഒളിച്ചോടണം എന്നു തോന്നിയപ്പോൾ ഞാൻ ഒളിച്ചോടിയതും ചെന്നൈയിലേയ്ക്കാണ്.

ഇന്നിപ്പോൾ, ഇടയ്ക്കൊക്കെ ചെന്നൈ വല്ലാതെ മിസ് ചെയ്യും. അപ്പോൾ ഞാൻ കുളിച്ച് ഭസ്മം തൊട്ട് അതിരാവിലെ കലൂരിന് പോവും, അവിടെ തങ്ങളെ തേടി കൊണ്ട്രാക്ടറുമാർ വരുന്നതും കാത്ത് തമിഴർ ഇങ്ങനെ കൂട്ടം കൂടി നിൽക്കും, ഒത്തിരിപ്പേർ. ഒരു ഉന്തുവണ്ടിയിൽ ശാപ്പാടുമായി ഒരു തമിഴൻ ചേട്ടനും ചേച്ചിയും ഉണ്ടാവാറുണ്ട് എന്നും. ചൂട് പച്ചറിച്ചോറും, വാഴപ്പിണ്ടി സാമ്പാറും, ഇത്തിരി പുരിയലും, ഒരു കഷണം ഊരുകായും. ഉച്ചയ്ക്കുള്ള പാഴ്‌സലായി വാങ്ങി പോകുന്നവർ ആണ് കൂടുതലും, കഴിക്കുന്നവരും ഉണ്ട്. ഈ ശാപ്പാട് ഒരെണ്ണം വാങ്ങി തമിഴും കേട്ട് തമിഴരുടെ ഇടയിൽ നിന്നുണ്ണുമ്പോൾ ഞാൻ വടപളനിയിൽ ആണെന്ന് എനിക്ക് തോന്നും, എനിക്ക് പ്രസാദിന്റെ ബോർഡ് കാണാം. ഈ തോന്നലാണ് Method Acting (ഇതൊരു conclusive statement അല്ല).

ആശാൻ കോൺസ്റ്റാന്റിൻ സ്റ്റാനിസ്ലാവ്സ്കിയ്ക്ക് (Constantin Stanislavski) വർഷങ്ങൾ എടുത്തു ഈ ഒരു തോട്ട് പ്രോസസ്സ് ഒന്നു ശരിപ്പെടുത്തി എടുക്കാൻ. ആ കഥയിലെ സ്വഭാവനടനാണ് ഇന്നത്തെ നമ്മുടെ പഠന വിഷയം.

Meeting the Mentor

സ്റ്റേഷനിൽ നിന്നും അയ്യപ്പൻ നായർ മുറ്റത്തിറങ്ങിയത് ഒരു ഫോണ് ചെയ്യാനായിരുന്നു, വിളിച്ചത് സി ഐ സതീഷിനെയും. താൻ എടുത്ത ഒരു തീരുമാനം പറയാനല്ല അയ്യപ്പൻ വിളിച്ചത്, മറിച്ച് എന്ത് ചെയ്യണം എന്ന് ചോദിയ്ക്കാനാണ്. ഈ സതീഷാണ് നായകൻ അയ്യപ്പന്റെ മെന്റർ. നായകൻ തന്റെ മെന്ററിനെ/ഗുരുവിനെ കണ്ടുമുട്ടുന്നു. Meeting the mentor.

നായകന്റെ ജീവിതത്തിലെ പ്രതീക്ഷിക്കാതെ വന്ന ഒരു വഴിത്തിരിവ് ആയിരുന്നു വില്ലന്റെ വരവും വില്ലൻ ഉയർത്തിയ call to adventureഉം. ഒരു നായകന്റെ യോഗ്യതകൾ തനിക്കുള്ളത് കൊണ്ടു അതിനെ refuse ചെയ്യാൻ നായകന് പറ്റി. പക്ഷേ, ആ നിമിഷത്തിന്റെ ആവേശം കഴിഞ്ഞപ്പോൾ നായകന് ചില സംശയങ്ങൾ, അവ ഒരിക്കലും തന്നെ പറ്റിയല്ല മറിച്ച് തനിക്കൊപ്പം നിൽക്കുന്നവരെ കുറിച്ചാണ്. അപ്പോൾ അയാൾ തേടുന്ന അഭയമാണ് ഒരു കരുതലാണ് ഒരുറപ്പാണ് ഈ മെന്റർ.

മെന്ററിനെ ordinary worldഇൽ പരിചയപ്പെടുത്തണം എന്ന് നിർബന്ധമില്ല. അയ്യപ്പൻ പക്ഷേ ഒരു ഫോണ് കാളിലൂടെ സി ഐ സതീഷിനെ നമുക്ക് പരിചയപ്പെടുത്തി തരുന്നുണ്ട്.

അത് പോലെ തന്നെ ഒന്നിൽ കൂടുതൽ മെന്റർ ഉണ്ടാവുകയും ചെയ്യാം.ആരാണ് അയ്യപ്പന്റെ രണ്ടാം മെന്റർ? അയ്യപ്പന്റെ ജീവിതത്തിൽ അയാളുടെ ഭാര്യ തന്റെ കുട്ടിയുടെ അമ്മ എന്നതിലുപരി ഒരു മെന്റർ ആണ്. കണ്ണമ്മയുടെ തീരുമാനങ്ങൾ ഒന്നുപോലും അയ്യപ്പൻ എതിർക്കുന്നില്ല എന്ന് മാത്രമല്ല, അവയെ ആരാധിയ്ക്കുന്നുമുണ്ട്, തന്റെ ശരികൾ അവളോട് പറഞ്ഞു ഉറപ്പ് വരുത്തുന്നുമുണ്ട്. അയ്യപ്പൻ നായരുടെ മെന്ററുടെ സ്ഥാനം കണ്ണമ്മയ്ക്ക് ഉള്ളത് കൊണ്ടാണ്‌ കണ്ണമ്മ കോശിയോട് കൊമ്പ് കോർക്കുമ്പോൾ നമുക്കത് അങ്ങേയറ്റം വിശ്വാസയോഗ്യമായി തോന്നുന്നതും. ഇനി വെറുതെ ഒരു തമാശ പറയാം. വിക്കിയിൽ കയറി നോക്കിയാൽ കാസ്റ്റ് ലിസ്റ്റിൽ കഥാപാത്രത്തിന്റെ പേര് കണ്ണമ്മ അയ്യപ്പൻ എന്നാണ് കൊടുത്തിരിയ്ക്കുന്നത്, അയ്യപ്പൻ എന്ന ആവശ്യമില്ലാത്ത ആ വാൽ ആ കഥാപാത്രം സിനിമയിൽ ഉപയോഗിച്ചതായി എന്റെ ഓർമയിൽ ഇല്ല, പക്ഷെ നമ്മുടെ M3DBയുടെ റേഷൻ കാർഡിൽ കണ്ണമ്മ കണ്ണമ്മ മാത്രമാണ്. വിക്കിയേക്കാൾ പൊളിറ്റിക്കലി ആൻഡ് സിനിമാറ്റിക്കലി കറക്റ്റ് M3DB ആണെന്ന് ഞാൻ കണ്ടുപിടിച്ചതിന് എനിക്കൊരു സമ്മാനം തരണം!

പോയിന്റിലേക്ക് തിരിച്ചു വന്നാൽ എന്താണ് ഇത്തരം മെന്റർ കഥാപാത്രങ്ങളുടെ പ്രസക്തി എന്ന് നമുക്ക് നോക്കാം. സിനിമയ്ക്ക്, പ്രത്യേകിച്ചും ഇന്നത്തെ കാലത്തെ സിനിമകൾക്ക് ഒരു റിയലിസ്റ്റിക്ക് പരിവേഷം നൽകാൻ ഇത്തരം മെന്റർ കഥാപാത്രങ്ങൾ സഹായിയ്ക്കും. പരിപൂർണനല്ല നായകൻ അല്ലെങ്കിൽ ഒരു സാധാരണക്കാരനാണ് നായകനെന്ന് ഊന്നി പറയാൻ മെന്റർ കഥാപാത്രങ്ങൾ സഹായമാവുന്നു. ഇനി രസമുള്ള മറ്റൊരു പുത്തൻ ട്രെൻഡ് കൂടി പങ്കു വയ്ക്കാം. ഇന്നത്തെ കാലത്തെ മിക്ക മെന്റർ കഥാപാത്രങ്ങളും നായകനെ അല്ലെങ്കിൽ നായികയേക്കാൾ പ്രായം കുറഞ്ഞവർ ആയിരിയ്ക്കും, അതിനോടൊപ്പം അവർ സ്ത്രീകളുമായിരിയ്ക്കും. അതിന്റെ ലോജിക്ക് സിമ്പിളല്ലേ?

1934ഇൽ കോൺസ്റ്റാന്റിൻ സ്റ്റാനിസ്ലാവ്സ്കി അമേരിക്കൻ നടിയും ലോകം കണ്ട മികച്ച ഒരു അഭിനയ കോച്ചും ആയിരുന്ന സ്റ്റെല്ല ആഡ്ലർക്ക് ഇങ്ങനെ എഴുതി, "Find out where he is performing and seek him out! Michael Chekhov is my most brilliant pupil". ഈ മൈക്കിളാണ് നമ്മൾ ആദ്യം പറഞ്ഞു തുടങ്ങിയ കഥയിലെ സ്വഭാവ നടൻ. ചെക്കോവ് എന്ന പേര് നിങ്ങൾ ഊഹിച്ചത് തന്നെ, ആന്റൻ ചെക്കോവിന്റെ അനന്തിരവൻ.

മോസ്‌കോ ആർട്ട് തിയേറ്ററിന്റെ നടത്തിപ്പും, സംവിധാനവും, റിയലിസ്റ്റിക്ക് അഭിനയത്തിന്റെ പുതിയ സങ്കേതങ്ങൾ കണ്ടെത്തലും, അഭിനയക്കളരിയും ഒക്കെയായി സ്റ്റാനിസ്ലാവ്സ്കി ജീവിയ്ക്കുന്ന കാലം. അദ്ദേഹത്തിന്റെ പുതിയ ടെക്നിക്കുകളുടെ പ്രയോഗം കാരണം നാടകങ്ങളിലെ അഭിനയത്തിന് ഒരു മികവ് കൈവന്നിരിയ്ക്കുന്നു എന്ന് നിരൂപകർ പുകഴ്ത്തി തുടങ്ങിയ കാലം. അവിടേയ്ക്കാണ് മൈക്കിൾ വരുന്നത്.

മൈക്കിൾ ഒരു തെമ്മാടി ആയിരുന്നു.

മൈക്കിൾ, സ്റ്റാനിസ്ലാവ്സ്കി സ്വരുക്കൂട്ടിയതിനെ മൊത്തം എതിർത്തു. അന്നോളം സ്റ്റാനിസ്ലാവ്സ്കി പറഞ്ഞതിനെയും പിന്തുടർന്നതിനെയും അവൻ എതിർത്തു. സ്റ്റാനിസ്ലാവ്സ്കി ഒളിച്ചോടി, ഫിൻ ലാന്റിലേയ്ക്ക്. അവിടെ ഇരുന്ന് ആ നാൽപ്പതുകാരൻ മനനം ചെയ്തു; വായിച്ചതും, വിജയിച്ചതും, പഠിച്ചതും, പറഞ്ഞതും, കണ്ടതും, കൊണ്ടതും, ചിരിച്ചതും, ചിന്തിച്ചതും, ജീവിച്ചതും, ജപിച്ചതും.

ഫിൻ ലാന്റിൽ നിന്നുള്ള മടങ്ങി വരവിൽ ലോകത്തിന് Method Actingന്റെ ആധാരശിലകൾ കിട്ടി, ലീ സ്ട്രാസ്‌ബെർഗ് അതിനെ തേച്ചു മിനുക്കി എടുത്തു. ഡീ നീറോ മുതൽ നമ്മുടെ കമലഹാസൻ വരെ എന്താണ് ആ മാജിക്ക് എന്നു നമുക്ക് കാണിച്ചു തന്നു. ഒടുക്കം സ്റ്റാനിസ്ലാവ്സ്കിക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ ആ തെമ്മാടി മൈക്കിൾ ആയിരുന്നു. മൈക്കിൾ സ്റ്റാനിസ്ലാവ്സ്കിയുടെ ആരാവും?

ഉദാഹരങ്ങൾ എഴുതൂ പ്ലീസ്, നിങ്ങളുടെ പ്രിയപ്പെട്ട / പ്രിയം തോന്നാതിരുന്നതുമായ മെന്ററുമാരെ പറ്റി കമന്റിൽ എഴുതൂ, ഇനി ചില സിനിമകളിൽ മെന്ററിനെ കാണിക്കണം എന്നു തന്നെയില്ല, നായകൻ കത്തിടപാടുകളിലൂടെ മെന്ററിനെ ബന്ധപ്പെടുകയോ അല്ലെങ്കിൽ മെന്ററിനെ കുറിച്ച് മറ്റുള്ളവരോട് സംസാരിയ്ക്കുകയും ചെയ്യാം. താൻ തനിച്ചായി എന്ന് നായകനോ നായികയ്ക്കോ ഒരു സിനിമയിൽ തോന്നിയാൽ അതൊക്കെ അവരുടെ മെന്റർ നഷ്ടപ്പെടുന്ന നിമിഷങ്ങളിൽ ആവും. കയ്യില്ലാത്ത സ്വെറ്ററും ഇട്ട് പ്രതാപ് പോത്തൻ വില്ലനായി മലയാള സിനിമയിൽ തിരിച്ചു വന്നിട്ട് പിന്നീട് അതേ സ്വറ്റർ വീണ്ടും ഇട്ട് മറ്റൊരു പടത്തിൽ മെന്റർ ആവുന്നുണ്ട്.

താടിയുള്ള, കണ്ണട വച്ച, പാട്രിയാർക്കിയുടെ ഭാരം പേറുന്ന ആൺ മെന്ററുമാരിൽ നിന്ന് നായകനേക്കാൾ പ്രായം കുറഞ്ഞ പെൺ മെന്ററുമാരിലേയ്ക്കുള്ള ദൂരം എന്നു പറയുന്നത് എന്റെ നാടിന്റെ, എന്റെ നാടിന്റെ സിനിമയുടെ, വളർച്ചയുടെ ദൂരം കൂടിയാണ്. മഗിഴ്ച്ചി

Article Tags: