ഭാഗം 3: Refuse to Call to Adventure

നേരം വെളുക്കുന്നതേയുള്ളൂ, ഞാൻ അബുദാബി എയർപോർട്ടിൽ നിന്നും താമസസ്ഥലത്തേയ്ക്ക് പോകുകയാണ്.

പണ്ടാണ്. പണ്ടെന്ന് പറഞ്ഞാൽ യൂണിഫോമിടാതെ, ഗുഡ് മോർണിംഗ് പറയാതെ, ഇടത്തെക്കാൽ സീറ്റിൽ മടക്കി വച്ച്, കയ്യിൽ പുകയില തിരുമി പത്താൻ പഴകിയ ടാക്‌സികൾ ഓടിച്ചിരുന്ന സുവർണകാലം. മുൻപിൽ ഒരു വണ്ടിയുണ്ട്. ആവശ്യമില്ലാതെ ലെയിൻ മാറുക, സിഗ്നൽ കടന്ന ശേഷം അയ്യോ ഗ്രീനായിരുന്നോ എന്ന സംശയത്തിൽ ബ്രെയ്ക്ക് ചവുട്ടുക തുടങ്ങി തന്നാൽ ആവുന്ന എല്ലാ അക്രമ പരമ്പരകളും അഴിച്ചുവിട്ടുകൊണ്ടാണ് ആ പ്രതിഭാശാലി വണ്ടി ഓടിക്കുന്നത്. എനിക്ക് രസം പിടിച്ചു, പുതിയൊരു തെറി പഠിയ്ക്കാം എന്ന പ്രതീക്ഷയിൽ ഞാൻ ഒന്ന് നിവർന്നിരുന്ന് ഐ ആം റെഡി ഫോർ നോൾഡ്ജ് എന്നൊരു സിഗ്നൽ പത്താനു കൊടുത്തു. പത്താൻ മൂന്ന് വാചകമാണ് പറഞ്ഞത്; സാബ്‌ജി, "With brain you drive. Without brain you drive. With brain better!".

നമുക്ക് തുടങ്ങാം.

Refuse to Call to Adventure

ലാലേട്ടൻ പറഞ്ഞ മറുപടി എന്താണ്? ഞാൻ ചെയ്യില്ല നിന്നെ ചെയ്യാനും അനുവദിയ്ക്കില്ല. എന്താണത്? വില്ലൻ മുൻപോട്ട് വച്ച call to adventure നായകൻ refuse ചെയ്തു. ഇതാണ് ഒരു കമേഴ്സ്യൽ സിനിമ തിരക്കഥയുടെ മൂന്നാം സ്റ്റേജ്, Refuse to Call to Adventure.

ഇനി പത്താൻ പഠിപ്പിച്ച ആ brain നമുക്കൊന്ന് പ്രയോഗിക്കാം. Refuse ചെയ്യുക എന്നതല്ലാതെ മറ്റെന്ത് വഴിയാണ് ലാലേട്ടന് ഉള്ളത്? "സൂപ്പർ ഡീൽ ബോബി, കിഴക്കൻ മലയിലെ എന്റെ പിള്ളേർ വാറ്റിയ സൊയമ്പൻ സാധനം വണ്ടിയിലുണ്ട്, നമുക്കോരോ ചെറുത് കമത്താം" എന്നു പറഞ്ഞാൽ പടം അവിടെ തീർന്നില്ലേ? ലാലേട്ടൻ എന്നല്ല ഈ ലോകത്തെ എല്ലാ നായകനും നായികയും ഇന്ന് വരെ call to adventure refuse ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. ദ്വാരം ഇട്ടിട്ട് പൊത്തി പിടിയ്ക്കാൻ ആണെങ്കിൽ പിന്നെ ഓടക്കുഴലിനു ദ്വാരം ഇടുന്നത് എന്തിനാണെന്ന് ചോദിച്ച കലാഭവൻ മിമിക്രി ലോജിക്ക് ഇവിടെയും പ്രസക്തമാണ്. Refuse ചെയ്യാനാണെങ്കിൽ പിന്നെ call to adventure തന്നെ എന്തിനാണ്? നമുക്ക് അതിലേയ്ക്ക് വരാം.

ഈ call to adevnture ഉം refuse to call to adventure ഉം സംഭവിക്കുന്നത് ഒരേ സീനിൽ ആയിരിയ്ക്കും, അല്ലെങ്കിൽ തൊട്ടടുത്തുള്ള സീനുകളിൽ ആയിരിക്കും. ഇനി ഈ സ്റ്റേജ് 2 & 3 ഒരു സിനിമയിൽ എവിടെയാണ് പ്ലെയിസ് ചെയ്തിരിക്കുന്നത് എന്നു നോക്കുക. അത് സിനിമ തുടങ്ങി ആദ്യ അരമണിക്കൂറിനുള്ളിൽ ആയിരിക്കും, ഉത്തരം ശരിയാണ് പക്ഷെ ഉത്തരം എനിക്കിഷ്ടപ്പെട്ടില്ല! Ordinary world കഴിഞ്ഞ് ഉടനെയാണ് എന്നു തന്നെ പറഞ്ഞു ശീലിക്കണം. അതെ, Refuse to call to adventure കഴിയുമ്പോൾ സിനിമ ordinary world ഇൽ നിന്നും മുൻപോട്ട് നീങ്ങി എന്ന് നമുക്ക് മനസ്സിലായി. എന്താണ് ഇതിന്റെ ഗുണം?

കാണുന്ന പ്രേക്ഷകന് ഒരൽപ്പം പോലും ലാഗ് വരില്ല. ആളുകളെ പരിചയപ്പെടുമ്പോൾ ഉണ്ടായ മോനോട്ടണസ് ഗ്രാഫിൽ നിന്നും സംഗതി ഒന്ന് ഉഷാർ ആയി. പക്ഷെ നേരിയ ഉഷാർ ആണിത് എന്നോർക്കണം. ആഹാ നീ എന്നെ അനുവദിക്കില്ല അല്ലേടാ എന്നു പറഞ്ഞു ഈ സീനിൽ വിവേക് ഒബ്രോയ്‌ ഒരിക്കലും തോക്ക് എടുക്കില്ല, വിവേക് ഒബ്രോയ്‌ എന്നല്ല സാക്ഷാൽ അമരീഷ് പുരി പോലും എടുത്തിട്ടില്ല. പക്ഷെ , പ്രേക്ഷകന് ഇതു മതി, അവനു നമ്മൾ ഒരു പ്രതീക്ഷ കൊടുത്തു. അടി നടക്കും എന്നൊരു പ്രതീക്ഷ, എന്തെങ്കിലും ഒക്കെ സംഭവിയ്ക്കും എന്നൊരു പ്രതീക്ഷ. ബാക്കി കാണാനുള്ള ഒരു പ്രചോദനം.

ഈ call to adventure & refuse to call to adventure (stage 2 & 3) ചേർത്ത് Catalyst എന്നും ഉപയോഗിച്ച് കണ്ടിട്ടുണ്ട്. കഥ തുടങ്ങാനുള്ള ഉത്പ്രേരകം. Makes sense, right?

ഇനി ഫോർമുലകളെ കുറിച്ചുള്ള എന്റെ ചില കാഴ്ചപ്പാടുകൾ പങ്കുവയ്ക്കാം. ഒരു കമേഴ്സ്യൽ സിനിമ ഫോർമുല ഡ്രിവൺ ആണെന്നുള്ളത് ഒരു മോശം സംഗതിയായാണ് നമ്മുടെ പൊതുബോധം നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. മനുഷ്യൻ പരിണാമത്തിന്റെ സന്ധികളിൽ ആർജിച്ച അറിവിന്റെ ഒരു സംക്ഷിപ്തരൂപമാണ് ഫോർമുലകൾ. അങ്ങനെ ചിന്തിച്ചാൽ അവ ഒരു മോശം സംഗതിയല്ല മറിച്ച് ജ്ഞാനമാണ്. കണക്കിലോ ഫിസിക്സിലോ നമ്മൾ പഠിക്കുന്ന ഒരു സൂത്രവാക്യം ഇത് പഠിക്കേണ്ടതാണ് എന്ന ഒരു ബോധത്തോടെയാണ് നമ്മൾ പഠിക്കുന്നത്, ഇതൊക്കെ എന്നാലും അവർ എങ്ങനെ കണ്ടുപിടിച്ചു എന്ന് ചില സമയങ്ങളിൽ നമ്മൾ ചിന്തിച്ചിട്ടു പോലുമുണ്ട്. പ്രശനം ആരംഭിയ്ക്കുന്നത് ഇത്തരം ഫോർമുലകൾ നമ്മൾ ഉപയോഗിച്ചു തുടങ്ങുമ്പോഴാണ്. അവ പ്രയോഗിക്കാനുള്ള സീനുകൾ എഴുതി വരുമ്പോൾ നമ്മൾ മുൻമാതൃകകളെ തിരഞ്ഞെടുക്കുന്നു. ഒന്നിലേറെ തവണ ഉപയോഗിക്കപ്പെട്ട ഒരു context അല്ലെങ്കിൽ ഒരു കഥ സന്ദർഭം തന്നെ നമ്മൾ തിരഞ്ഞെടുക്കുമ്പോൾ അത് ക്ലിഷേയായി മാറുന്നു. കുറ്റവാളി ക്ലിഷേയാണ് ഫോർമുലയല്ല! കത്തി ഉണ്ടാക്കിയ കൊല്ലനെ തൂക്കികൊന്ന ചരിത്രം ഇല്ല.

ഇത്തരം ഫോർ മുലകൾ പഠിച്ചതിന് ശേഷം അവ നിങ്ങളുടെ തിരക്കഥയിൽ പ്രയോഗിയ്ക്കാൻ ഉതകുന്ന സീനുകൾ, മുൻ മാതൃകകളെ പിൻപറ്റാതെ ചിന്തിച്ച് കണ്ടെത്തുന്നതിലാണ് എന്റെയും നിന്റെയും വിജയം. അത് പോലെ തന്നെ ഇത്ര ഒക്കെ എഴുതുന്ന എന്റെ അടുത്ത സിനിമയിൽ ഈ ഫോർമുല ഉണ്ടാവണമെന്നില്ല എന്നൊരു മുൻകൂർ ജാമ്യവും ഞാൻ എടുക്കുന്നില്ല. മുൻകൂർ ജാമ്യം ഭയത്തിൽ നിന്നാണ് വരുന്നത്. മുന്നോട്ടുള്ള യാത്രയിൽ എന്നെ പിന്നോട്ട് പിടിച്ചിരുന്ന പല ഭയങ്ങളെയും അതിജീവിയ്ക്കാൻ കഴിഞ്ഞു എന്നതിനാണ് ആദ്യ സിനിമയ്ക്ക് ശേഷമുള്ള എന്റെ നാല് വർഷങ്ങൾക്ക് ഞാൻ നന്ദി പറയുന്നത്. ഞാനോ നിങ്ങളോ നാളെ എഴുതുന്ന ഒരു തിരക്കഥയിൽ ഈ സ്റ്റേജുകൾ എല്ലാം ഉണ്ടാവണം എന്നല്ല നമ്മൾ പഠിക്കുന്നത്, മറിച്ച് അവ ഉണ്ടായാലുള്ള പ്രയോജനത്തെ പറ്റിയാണ്.

തുടരാം. ലൂസിഫർ ഞാൻ ആസ്വദിച്ച ഒരു സിനിമയാണ്. അതിന്റെ ഇലമെന്റുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സംവിധാന മികവാണ്. എന്റെ ഇഷ്ടങ്ങളുടെ ഗ്രാഫിൽ താഴെ നിന്നൊരു സീനായിരുന്നു നമ്മൾ മുകളിൽ കണ്ട ലാലേട്ടനും ബോബിയും തമ്മിലുള്ള call to adventure & refuse to call to adventure. ലാലേട്ടൻ ബോബിയുള്ള റൂമിലേയ്ക്ക് കയറുമ്പോൾ തന്നെ call to adventure & refuse to call to adventure ആണ് സംഭവിയ്ക്കാൻ പോകുന്നതെന്ന് എനിക്ക് ഊഹിക്കാൻ കഴിയുന്നുണ്ട്, അതിലേറെ എന്റെ ഊഹം ശരിയാവുന്നുമുണ്ട്. ഇത് ഞാൻ മുമ്പ് പറഞ്ഞ ക്ലിഷേയ്ക്ക് ഉദാഹരണമാണ് . നല്ല വായന അറിവുള്ള മിസ്റ്റർ മുരളി ഗോപി, "എന്നെ അറിയാവുന്നവരോട് ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്" എന്ന ഒരു ഡയലോഗിലൂടെ ക്ലിഷേ എന്നതിനെ നള്ളിഫൈ ചെയ്യാൻ, ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട്, വിജയിക്കുന്നുണ്ട്. ആ വിജയം പക്ഷെ ഒരു ടെക്നിക്കൽ വിജയമാണ്, സൗന്ദര്യശാസ്ത്രപരമായി അല്ല.

ഈ പറഞ്ഞ കാരണങ്ങൾ കൊണ്ട്, call to adventure & refuse to call to adventure എന്ന സ്റ്റേജുകളുടെ കുറച്ചു കൂടി സട്ടിൽ ആയ - ഒരു വിജയ സിനിമയിൽ നിന്നുള്ള വേർഷൻ - നമുക്കൊന്ന് നോക്കാം, അതിനായി നമുക്ക് അയ്യപ്പനും കോശിയിലേയ്ക്കും തിരികെ വരാം.

ഇവിടെ നമ്മൾ reverse engineering ഉപയോഗിക്കേണ്ടി വരും. കോശിയ്ക്ക് ഐ ജിയെ വരെ പരിചയം ഉണ്ടെന്ന് അയ്യപ്പന് മനസ്സിലായി, ഇതായിരുന്നു ഇന്നലെ നമ്മൾ പറഞ്ഞു നിർത്തിയ call to adventure. എന്താണ് അടുത്ത ഷോട്ട്? പ്രൈമിൽ 16.35 മുതൽ കാണുക, റൂമിൽ നിന്നും ഇറങ്ങി അയ്യപ്പൻ സ്റ്റേഷന് വെളിയിലേക്ക് നടക്കുന്നു, കോശിയുടെ ഷോൾഡർ ഷോട്ടാണിത്. നടന്നു പോവുന്ന അയ്യപ്പൻ കോശിയ്ക്ക് eye contact നൽകുന്നില്ല. പക്ഷെ തൊട്ടടുത്ത ഷോട്ടിൽ കോശി അയ്യപ്പനെ നോക്കുന്നുണ്ട്. ഇനി reverse engineering ഉപയോഗിച്ച് ഈ സീനിൽ നിന്നും തിരക്കഥ നിങ്ങൾ ഒന്നെഴുതൂ. 'മുറിക്ക് പുറത്തിറങ്ങിയ അയ്യപ്പൻ, കോശിയെ ഗൗനിക്കാതെ സ്റ്റേഷന് പുറത്തേയ്ക്ക് നടന്നു'. ഗൗനിക്കാതെ, യെസ്!!! ഗൗനിക്കാതെ = refuse. എത്ര മനോഹരമായ സ്ക്രിപ്റ്റ്, അല്ലേ? ഈ നിമിഷമല്ലേ ഇനി എന്ത് നടക്കും എന്ന് ശരിയ്ക്കും നമ്മൾ ത്രില്ലടിച്ചു തുടങ്ങിയത്? അത് തന്നെയല്ലേ സ്റ്റേജ് 2 & 3 യുടെ പ്രാധാന്യം?

പുതിയ കാലത്തെ പുത്തൻ എഴുത്തിലൂടെ, മറ്റൊരു അർത്ഥത്തിൽ നമ്മൾ നമ്മുടെ പ്രേക്ഷകരെ ബഹുമാനിയ്ക്കാനും അവരിൽ കാലം വരുത്തിയ മാറ്റം അംഗീകരിക്കാനും പഠിക്കുകയാണ്. Mary Pickford കാനഡയിൽ നിന്നും ഹോളിവുഡിൽ എത്തിയത് America's sweet heart ആവാൻ വേണ്ടി തന്നെയായിരുന്നു. അവർ ആവുകയും ചെയ്തു. നിശബ്ദ കാലത്തെ താര റാണി. ഭർത്താവും നടനുമായ Douglas Fairbanks , മഹാനായ Chaplin, പിന്നെ സംവിധായകൻ D W Griffith എന്നിവർക്കൊപ്പം ചേർന്ന് 1919ഇൽ അവർ United Artistsഎന്ന സ്റ്റുഡിയോ സ്ഥാപിച്ചു. എൽ എയിലെ മേരിയുടെ വീടും മേരിയുടെ ആതിഥേയത്വവും, ഒന്നാം ലോക മഹായുദ്ധം കഴിഞ്ഞും ജീവിതം പഠിക്കാതിരുന്ന യൂറോപ്യൻ പ്രഭുക്കളുടെ to do in America ലിസ്റ്റിൽ ഒന്നാമതെത്തി. മേരിയോളം സമ്പാദിച്ചവർ ആരുമില്ല, നിശബ്ദ സിനിമയുടെ കാലത്ത്. പക്ഷെ, മേരി പിക്ക്ഫോഡ് ആരുടെയെങ്കിലും മുൻപിൽ തല കുനിച്ചിട്ടുണ്ടെങ്കിൽ അത് തന്റെ പ്രേക്ഷകരുടെ മുൻപിൽ മാത്രമായിരുന്നു. 1966ഇൽ Kevin Brownlow യുമായുള്ള ഒരു സംഭാഷണത്തിൽ നിങ്ങൾ ഒരു കാലത്തെ പ്രേക്ഷകരെ വാർത്തെടുത്തില്ലേ എന്ന ചോദ്യത്തിന് മേരിയുടെ മറുപടി, "They (public) taught me. They disciplined me. And that's how it should be, because I am a servant of the public. I have never forgotten that".

ഏത് ഫോർമുലയ്ക്കും അപ്പുറത്താണ് തന്റെ സിനിമ കാണുന്ന പ്രേക്ഷകർ ഇന്നെവിടെ നിൽക്കുന്നു എന്ന തിരിച്ചറിവും, അവരെ ബഹുമാനിയ്ക്കാനുള്ള വകതിരിവും.

ഇന്നിത് മതി, കുറെ ഓർമകൾ ഉറങ്ങാൻ വിളിക്കുന്നു.

പിന്നെ ഒരു പ്രധാന കാര്യം പറയാൻ മറന്നു, നാളെ നിങ്ങൾ വരുമ്പോൾ അയ്യപ്പൻ നായർ എന്തിനാണ് സ്റ്റേഷന്റെ മുറ്റത്ത് ഇറങ്ങിയതെന്ന് ഓർത്ത് വരിക, മാനത്തെ ചന്ദ്രനെ കാണാനായിരുന്നില്ല അത്.

(അബുദാബി ജീവിതമെന്ന കഴിഞ്ഞ ജന്മത്തിൽ ഞാനെടുത്ത ഒരു ഫോട്ടോ ആണ് ചുവടെ, ആ ചിത്രവും നമ്മളുടെ സ്റ്റേജ് ത്രീയുമായും ബന്ധമില്ല എന്നറിയാം, എന്നാലും പത്താൻ ഇനി നിങ്ങളുടെ കൂടെ ഫ്രണ്ടാണല്ലോ)

Article Tags: