ഭാഗം 2: Call to Adventure

Genreനെ പറ്റി ഒരു ധാരണ കിട്ടിയ സ്ഥിതിയ്ക്ക് സിനിമയുടെ മറ്റൊരു ക്ലാസിഫിക്കേഷനെ കുറിച്ചു പറഞ്ഞു കൊണ്ട് തുടങ്ങാം. Types of films അഥവാ വിവിധ 'തരത്തിലുള്ള' സിനിമകൾ. മൂന്ന് തരം സിനിമകൾ ആണുള്ളത്. Commercial films, Art films and Experimental films.

കമേഴ്സ്യൽ സിനിമയെന്നും ആർട്ട് സിനിമയെന്നും നമ്മൾ കേട്ടിട്ടുണ്ട്. എന്താണ് ഇവയുടെ വ്യത്യാസം? കലാപരമായി ആർട്ട് സിനിമകൾ മുന്നിട്ട് നിൽക്കുന്നുവെന്ന് ഒരു ധാരണയുണ്ട്. എന്റെ കാഴ്ചപ്പാടിൽ അത് 100 ശതമാനം തെറ്റാണ്.

കമേഴ്സ്യൽ സിനിമയും ആർട്ട് സിനിമയും തമ്മിലുള്ള പ്രധാന വ്യത്യാസം അവ ലക്ഷ്യം വയ്ക്കുന്ന പ്രേക്ഷകരുടെ ജോഗ്രഫിക്കൽ ലൊക്കേഷൻ എവിടെ ആണെന്നുള്ളതാണ്. OTT, TV rights, Overseas rights ഒക്കെ വരുമാന മാർഗം ആണെങ്കിലും 'ലൂസിഫർ' എന്ന സിനിമയുടെ പ്രാഥമിക പ്രേക്ഷകർ കേരളത്തിലെ താമസക്കാരാണ്. അതായത് ഒരു നാട്ടിൽ, ഒരു ഭാഷ സംസാരിക്കുന്ന, ഒരു കമ്മ്യൂണിറ്റി. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ കേറ്റർ ചെയ്യാനാണ് കമേഴ്സ്യൽ സിനിമ ശ്രദ്ധിയ്ക്കുന്നത്. അതേ സമയം, മലയാളത്തിൽ നിർമ്മിക്കപ്പെടുന്ന ഒരു ആർട്ട് സിനിമ ലക്ഷ്യം വയ്ക്കുന്ന ടാർഗറ്റ് ഓഡിയൻസ്‌ എന്നു പറയുന്നത് ഈ ലോകത്ത് മുഴുവൻ ചിതറി കിടക്കുന്ന കുറെ ആർട്ട് ഫിലിം ലവേഴ്സിനെയാണ്. അതിനാൽ ഒരു ആർട്ട് സിനിമയുടെ ഏറ്റവും നല്ല റിലീസ് ഉപാധി വിവിധ ഫിലിം ഫെസ്റ്റിവലുകളാണ്. കമേഴ്സ്യൽ സിനിമ അവരുടെ പ്രേക്ഷകരെ 80% കേരളത്തിനുള്ളിലും 20% കേരളത്തിന് പുറത്തും എന്ന് കണക്ക്‌ കൂട്ടുമ്പോൾ, ആർട്ട് സിനിമയുടെ കണക്കിൽ അത് 20% കേരളത്തിലും 80% കേരളത്തിന് പുറത്തും എന്നായി മാറും.

നല്ല ക്വാളിറ്റിയുള്ള ആർട്ട് സിനിമകൾ ഫിലിം ഫെസ്റ്റിവൽ സർക്യൂട്ടിൽ നല്ല വിജയം (സാമ്പത്തികമായി) കൈവരിക്കാറുണ്ട്. ആർട്ട് സിനിമകളുടെ ബഡ്ജറ്റ് വളരെ കുറവായതിനാൽ (ബഡ്ജറ്റ് കുറവായിരിക്കുക എന്നുള്ളതും ആർട്ട് സിനിമകളുടെ രീതി ശാസ്ത്രത്തിൽ ഒന്നാണ്) അവ സാമ്പത്തിക ലാഭം കൈവരിച്ചാൽ അവയുടെ ROCE (Return On Capital Employed) ഒരു കമേഴ്സ്യൽ സിനിമയുടെ ROCEയേക്കാൾ വളരെ അധികം ആയിരിക്കും. ഉദാഹരണത്തിന്, 15 ലക്ഷം ചിലവിൽ നിർമ്മിച്ച് 50 ലക്ഷം സമ്മാനങ്ങളിൽ നിന്നും, ഫിലിം ഫെസ്റിവലുകളിൽ സിനിമ പ്രദർശിപ്പിച്ചതിന്റെ ഫീസായും വാങ്ങുന്ന ഒരു ആർട്ട് ഫിലിമിന്റെ ROCE ഏകദേശം 330% ആണ്! 65 കോടി എന്ന ബ്രഹ്മാണ്ഡ ബഡ്ജറ്റിൽ നിർമ്മിക്കപ്പെട്ട് 100 കോടി ക്ലബ്ബിൽ കയറുന്ന ഒരു കമേഴ്സ്യൽ സിനിമയുടെ ROCE ഏകദേശം 150% മാത്രമായിരിക്കും (153% to be precise). മുടക്കിയ ഒരു രൂപയ്ക്ക് എത്ര രൂപ തിരിച്ചു കിട്ടി, ഇതാണ് ROCEയുടെ ഏറ്റവും ലളിതമായ നിർവചനം.

ഈ കണക്ക് ചിലപ്പോൾ നിങ്ങളെ ബോറടിപ്പിച്ചാലും ഈ കണക്കിലെ 'ബിസിനസ്സ് സാധ്യത' മറ്റാരേക്കാളും നന്നായി മനസ്സിലാക്കുന്നവരാണ് ഫിലിം സ്റ്റുഡിയോകൾ. Focus Features എന്ന ആർട്ട് സിനിമകൾ എടുക്കുന്ന കമ്പനിയുടെ ഉടമ Universal Pictures ആണ്. മീ റ്റൂ വിവാദ സമയത്ത് നിങ്ങൾ കേട്ട Miramax എന്ന കമ്പനിയുടെ 49% ഓഹരിയും Paramount Picturesന് സ്വന്തമാണ്. Sonyയുടെ Sony Pictures Classic, Disneyയുടെ Searchlight Pictures ഒക്കെ നല്ല ഉദാഹരങ്ങൾ. Oracle Corporation ഉടമ Larry Ellisonന്റെ മകൾ Megan Ellison തുടങ്ങിയ ബിസിനസ്സ് ആർട്ട് സിനിമ നിർമ്മാണമാണ്, Annapurna Pictures. മലയാളത്തിൽ E4 Experiments, Friday Film House Experiments എന്ന സബ്‌സിഡറികൾ ഉദാഹരണങ്ങൾ ആണ്. കോടികൾ കിലുങ്ങുന്ന ഒരു വാഗ്ദത്ത ഭൂമി തന്നെയാണ് ആർട്ട് സിനിമകൾ, കളി അറിഞ്ഞു നിർമ്മിച്ച് മാർക്കറ്റ് ചെയ്താൽ.

കമേഴ്സ്യൽ സിനിമയുടെയും ആർട്ട് സിനിമകളുടെയും ഇടയിൽ ഒരു തരത്തിലുള്ള പ്രേക്ഷകരെയും ലക്ഷ്യം വയ്ക്കാതെ, നിർമ്മിക്കുന്നവന്റെ ആത്മസംതൃപ്തിയ്ക്കായി മാത്രം നിർമ്മിക്കപ്പെടുന്ന സിനിമകളാണ് Experimental Cinemaയെന്ന മൂന്നാം കൂട്ടർ, പരീക്ഷണ ചിത്രങ്ങൾ. ഇത്തരം സിനിമകളിൽ മുൻ മാതൃകകൾ ഒന്നും തന്നെ കാണില്ല, കാണാൻ പാടില്ല. ഇവയുടെ നിർമ്മാണം അങ്ങേയറ്റം അബ്‌സ്ട്രാക്റ്റ് ആയിരിക്കും.

സറിയലിസ്റ്റിക്ക് ചിത്രങ്ങളാണ് പരീക്ഷണ ചിത്രങ്ങൾ. നമ്മൾ ഒരാനയെ കാണുന്നു, നമ്മുടെ മനസ്സിൽ ആനയുടെ തുമ്പിക്കൈ പതിയുന്നു, നമ്മൾ പിന്നീട് ആനയെ വര്ക്കുമ്പോൾ തുമ്പിക്കൈ ഉറപ്പായും വരയ്ക്കുന്നു. പക്ഷെ, നമ്മുടെ കണ്ണിൽ തുമ്പിക്കൈ പതിയുന്നില്ല എങ്കിലോ? ഒരു ആന എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന ഒരേ ഒരു രൂപം ആനയുടെ വാലാണെങ്കിലോ? അത് നമ്മൾ വരച്ചാൽ എന്താവും സ്ഥിതി? അത് സൂപ്പർ റിയൽ (റിയലിനും അപ്പുറത്തുള്ള അവസ്ഥ) എന്ന് പറയേണ്ടി വരും, അതാണ് സറിയലിസം.'The Elephant Celebes' എന്നൊന്ന് ഗൂഗിൾ ചെയ്തു നോക്കുക. ഈ കാരണം കൊണ്ട് ഇത്തരം സിനിമകൾ മനസ്സിലാക്കാൻ വളരെ വളരെ പ്രയാസമാണ്. സത്യം പറഞ്ഞാൽ മനസ്സിലാവില്ല എന്നു തന്നെ പറയേണ്ടി വരും, കാലങ്ങളായി ആർജിക്കുന്ന വായന അറിവും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ ഇത്തരം സിനിമകൾ ആസ്വദിക്കാൻ (ചുരുങ്ങിയ പക്ഷം ആസ്വദിച്ച് തുടങ്ങാൻ എങ്കിലും) കഴിയൂ.

മലയാളത്തിലെ ലക്ഷണം ഒത്ത ഒരു പരീക്ഷണ ചിത്രമാണ് അരവിന്ദൻ സാറിന്റെ 'കാഞ്ചന സീത'. 'അമ്മ അറിയാൻ' ഒരു പരീക്ഷണ ചിത്രമായി പലരും പറയാറുണ്ട്, പക്ഷേ അതൊരു ആർട്ട് ഫിലിം ആണ്.

ഒരു experimental cinemaയിൽ നിന്ന് യാതൊരു വിധത്തിലുള്ള വരുമാനവും പ്രതീക്ഷിക്കാതെ ഇരിക്കുന്നതാണ് നല്ലത്, ഫിലിം ഫെസ്റ്റിവലുകൾക്ക് പോലും അവയോട് വല്യ പ്രതിപത്തി ഇല്ല, അവരെ കുറ്റം പറയാൻ കഴിയില്ല കാരണം കാണുന്നവന് എന്തെങ്കിലുമൊന്ന് മനസ്സിലാവേണ്ടേ?! ഈ ലോകത്ത് , ഇന്ന്, experimental സിനിമകൾ എടുത്ത് അതിൽ നിന്നുള്ള റെവന്യു കൊണ്ടു കഞ്ഞി കുടിക്കുകയും കറന്റ് ചാർജ് അടക്കുകയും ചെയ്യുന്ന ഒരേ ഒരു മനുഷ്യനാണ് 89 വയസ്സുള്ള ഗൊദാർദ് അമ്മാവൻ. Jean-Luc Godard. ആദ്യം പോയിട്ട്, പക്ഷെ പിന്നെ മാനസാന്തരപ്പെട്ട് തിരികെ കൂട്ടിൽ കയറാൻ വരുന്ന കിളിയെ നിരന്തരം പായിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ! (Career tip: ഇനി വരുന്ന കാലത്ത് (OTT യുടെ കാലത്ത്) നേരിയ സ്കോപ്പുള്ള ഒരു പോസ്റ്റ് റിട്ടയർമെന്റ് പ്ലാനാണ് experimental film making, provided, അതിന് മുമ്പ് തന്നെ ഗൊദാർദിനെ പോലെ നിങ്ങൾക്ക് അതി പ്രശസ്തനാവാൻ കഴിഞ്ഞാൽ). സിനിമയുടെ ഏറ്റവും pure ആയതെന്തോ അതാണ് പരീക്ഷണ ചിത്രങ്ങൾ, അതവിടെ നിക്കട്ടെ നമുക്ക് തിരിച്ചു വരാം.

കമേഴ്സ്യൽ സിനിമയ്ക്കും ആർട്ട് സിനിമയ്ക്കും പരീക്ഷിച്ച് വിജയിച്ച തിരക്കഥ ഫോർമുലകളുണ്ട്. (പരീക്ഷണ ചിത്രത്തിന് ഫോർമുല ഇല്ല, ക്യാമറ ഉള്ളത് തന്നെ ഭാഗ്യം!) അതെ, ആർട്ട് സിനിമയ്ക്കും ഒരു തിരക്കഥ ഫോർമുലയുണ്ട്! പക്ഷെ അത് കമേഴ്സ്യൽ സിനിമയുടെ ഫോർമുലയിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ് (obviously). നമ്മൾ ഈ സീരീസിലൂടെ നോക്കി കാണുന്നത് ഒരു കമേഴ്സ്യൽ സിനിമയുടെ തിരക്കഥ ഫോർമുലയാണ്.

ആദ്യ പോയിന്റായ Ordinary World എന്താണെന്ന് നമ്മൾ കണ്ടു, 'താഴ്‌വാരം' എന്ന ഒരുഗ്രൻ ഉദാഹരണവും എനിക്കിവിടെ നിന്നു കിട്ടി. Western എന്ന ഒരു genre പിൻപറ്റിയ ചിത്രമാണത്, ഒരു bounty hunter തന്റെ ഇരയുടെ ചിത്രം പബ്ബിലെ ഭിത്തിയിൽ കാണുന്നിടത്താണ് പല വെസ്റ്റേൺ ചിത്രങ്ങളും ആരംഭിയ്ക്കുന്നത്, അതിന്റെ ഒരു ഉഗ്രൻ ഇന്ത്യൻ റിക്രിയേഷനാണ് ഫോട്ടോ കീറുന്ന സീനിൽ നമ്മൾ കണ്ടത്, ഉദാഹരണത്തിന് നന്ദി.
ഇനി രണ്ടാം പോയിന്റിലേക്ക് കടക്കാം.

Call to Adventure

കഥാപാത്രങ്ങൾ ആരെന്നും genre എന്തെന്നും അറിഞ്ഞാൽ പിന്നെ പ്രേക്ഷകന് വേണ്ടത് പുതിയ ഇൻഫോർമേഷനുകളാണ്. അവ കിട്ടാതെ വരുമ്പോൾ പടം 'ലാഗ്' ചെയ്യാൻ തുടങ്ങും. ഇനി നിങ്ങൾ ഒരു പടം കണ്ടു ലാഗടിക്കുമ്പോൾ, ലാഗടിക്കുന്നു അല്ലെങ്കിൽ നിന്റെ ചായയല്ല എന്റെ ചായ എന്നൊന്നുമല്ല പറയേണ്ടത്, മറിച്ച് ഇങ്ങനെ വേണം പറയാൻ, "എന്റെ പൊന്നോ...വെറുതെ അവന്മാര് ഓർഡിനറി വേൾഡിൽ കിടന്നു കറങ്ങുവാ". 

ഒരു കഥ പറയാം.

ഇന്നത്തെ സംഭാഷണം എഴുത്തുകാരുടെ പൂർവ്വികർ ആയിരുന്നു നിശബ്ദ സിനിമകളിലെ Title Card Writers. ചില കഥാ സന്ദർഭങ്ങളിൽ നമുക്ക് കഥ മനസ്സിലാവാൻ വേണ്ടി നിശബ്ദ ചിത്രങ്ങളിൽ കാണിക്കുന്ന കാർഡുകളിൽ വാചകങ്ങൾ എഴുതുന്ന ആളുകൾ. തന്നെക്കൊണ്ട് വളരെയധികം ചുരുട്ട് വലിപ്പിച്ച ഒരു കാർഡിനെ പറ്റി Gerald Duffy എന്ന കാർഡ് റൈറ്റർ പറയുന്നുണ്ട്. ഒറ്റ കാർഡിൽ നാല് ഇൻഫോർമേഷൻ വരണം, ഒന്ന് - നായകനും നായികയും ഒളിച്ചോടുകയാണ്, രണ്ട് - അവർ രണ്ടാളും മുമ്പ് വിവാഹ മോചനം നേടിയ ആളുകളാണ്, മൂന്ന് - അവർ ഓടി എത്തിയത് ന്യൂ യോർക്കിൽ ആണ്, നാല് - നിങ്ങൾ കാണുന്നതൊരു ഹോട്ടൽ മുറിയാണ്. ഒറ്റ കാർഡിൽ, ഇരുപത് വാക്കിൽ താഴെ കാര്യം നടക്കണം, അത് മാത്രമല്ല വരികളിൽ തമാശയും വേണം. Gerald വിയർത്തു, പക്ഷെ ഒന്നു വിയർത്തപ്പോൾ ആശാന്റെ കണ്ണ് frameലെ ഒരു കസേരയിൽ ഉടക്കി, അയാൾ എഴുതി, "If it were not for New York hotels where would elopers, divorcees and red plush furniture go?" (Film - Through the Back Door, 1921). ഇത് എഴുതിയ ജീനിയസ് മുപ്പതിരണ്ടാം വയസ്സിൽ മരിച്ചു പോയി, ഒന്നാം അക്കാദമി അവാർഡിൽ Academy Award for Best Title Writingനുള്ള നോമിനേഷൻ കിട്ടിയ വ്യക്തിയായിരുന്നു.

Geraldന് കഴിഞ്ഞത് പോലെ കുറഞ്ഞ സമയത്തിൽ നാല് ഇൻഫോർമേഷൻ പറ്റിയില്ലെങ്കിലും ഒരു സീനിൽ പുതിയ ഒരു ഇൻഫോർമേഷൻ എങ്കിലും പ്രേക്ഷകന് നൽകാൻ ഒരു തിരക്കഥയ്ക്ക് കഴിയണം. ഒരു തിരക്കഥ വായിക്കുമ്പോൾ ഓരോ സീനും വായിച്ച് തനിക്ക് എന്ത് പുതിയ 'കഥ അറിവാണ്' കിട്ടിയതെന്ന് നോക്കുക, ഒന്നും കിട്ടുന്നില്ലെങ്കിൽ ആ സീൻ വെട്ടി കളയുക, എത്ര ആസ്വദിച്ച് എഴുതിയതാണെങ്കിൽ കൂടി.

അയ്യപ്പനേയും കോശിയെയും ആദ്യം നമ്മൾ -പ്രേക്ഷകർ - കണ്ടു, അവർ ആരെന്ന് ചെറിയൊരു ധാരണ നമുക്ക് കിട്ടി, അതിന് ശേഷം അയ്യപ്പനും കോശിയും തമ്മിൽ കണ്ടു, അപ്പോൾ നമുക്ക് കഥയുടെ genre എന്താവാം എന്നൊരു സൂചന കിട്ടി, രണ്ടാളും കഥയുടെ പ്രധാന പരിസരമായ സ്റ്റേഷനിൽ എത്തി, കോശിയുടെ ഫോണിൽ ജോണി ആന്റണിയുടെ കാൾ വന്നു, ഫോണിൽ ഉമ്മൻ ചാണ്ടി അടക്കം ഉള്ളവരുടെ കോണ്ടാക്ട് കണ്ടു, വിജയൻ സർ പിണറായി സാറല്ല ഐ ജി ആണെന്ന് കോശി പറഞ്ഞപ്പോൾ പൊലീസുകാർ ഞെട്ടി, അകത്തെ മുറിയിൽ മുറുക്കി തുപ്പി ഇരുന്ന അയ്യപ്പൻ ഞെട്ടിയില്ല, പക്ഷെ തല ഉയർത്തി നോക്കി. ഇവിടെ pause ബട്ടൻ അമർത്തുക.

ഐ ജിയുടെ നമ്പർ വരെ ഫോണിലുള്ള വമ്പൻ ആണ് താനെന്ന് കോശി പറഞ്ഞ, അത് കേട്ട് കൊമ്പനെ പോലെ അയ്യപ്പൻ തല ഉയർത്തി നോക്കിയ ഈ നിമിഷമാണ് call to adventure.

നായകനെ ഒന്ന് ഇളക്കുവാണ് call to adventure എന്നതിലൂടെ. ഇവിടെ ശ്രദ്ധിയ്ക്കേണ്ട കാര്യം, എപ്പോഴും call to adventure ഉയർത്തുന്നത് വില്ലൻ ആണ്. ഉയർത്തപെടുന്നത് നായകന് നേരെയും. തിരിച്ചു സംഭവിക്കില്ല. നീ പോ മോനെ ദിനേശാ എന്നു പറയുന്നത് call to adventure അല്ല, ഹൈവേയിൽ നായകന്റെ വണ്ടി തടയുന്ന മൊമന്റ് ആണ് call to adventure. അപ്പോൾ, മുറുക്കി ഇരുന്ന അയ്യപ്പനെ ഇളക്കുന്നത് കോശിയാണ്. അയ്യപ്പനും കോശിയും പടത്തിൽ സിനിമ വ്യാകരണം വച്ചു നോക്കിയാൽ അയ്യപ്പനാണ് നായകൻ എന്നതിന്റെ ഏറ്റവും നല്ല ശാസ്ത്രീയ തെളിവ് കൂടിയാണിത്.

കപ്പോള സാഹിബിന്റെ ഗോഡ് ഫാദറിൽ തുടങ്ങി ലൂസിഫറിൽ വരെ മയക്കു മരുന്ന് വിൽക്കാൻ സഹായം തേടി വില്ലൻ നായകന്റെ അടുത്ത് വരും. Call to adventure ആണിത്.
അപ്പോൾ ലാലേട്ടൻ എന്ത് ചെയ്യും? അപ്പോൾ ലാലേട്ടൻ തിരിഞ്ഞു നടക്കും, പിന്നെ നിൽക്കും, പിന്നെ തിരിയും, എന്നിട്ട് പറയും. "എന്നെ അറിയാവുന്ന..."

ലാലേട്ടാ സ്റ്റോപ്പ്, പ്ലീസ് സ്റ്റോപ്പ്! ലാലേട്ടൻ ഇന്നൊന്നും മിണ്ടരുത്!

സോറി, അത് പിന്നെ, ലാലേട്ടൻ ഇന്ന് മറുപടി പറഞ്ഞാൽ അത് രണ്ടാം പോയിന്റ് കഴിഞ്ഞു മൂന്നാം പോയിന്റാവും, അത് കൊണ്ടു മറുപടി ലാലേട്ടൻ നാളെ പറഞ്ഞാൽ മതി. Between, Happy birthday ലാലേട്ടാ, I love you and you know that!

Article Tags: