പൊൻവീണേ: മൗനവും നാദവും ബാർടർ ചെയ്യുന്ന ഗാനം

"പൊൻവീണേ എന്നുള്ളിൽ മൗനം വാങ്ങൂ..."
എല്ലാ മലയാളികളും ഇഷ്ടപ്പെടുന്ന ഇൗ ജനപ്രിയ ഗാനം അടുത്തിടെ റേഡിയോയിലൂടെ കേഴ്‌ക്കാനിടയായപ്പോഴാണ് അതിന്റെ കൃത്യമായ അർത്ഥത്തെകുറിച്ച് കൂടുതൽ ആലോചിച്ചത്. "എന്നുള്ളിൽ മൗനം വാങ്ങൂ..." -- അതായത് മൗനം തൂക്കി വിൽക്കുന്ന ഒരു കടയോ മറ്റോ ആണ് ഉള്ളം/മനസ്സ് എന്ന്! അത്തരം പൊട്ടത്തരം പൂവച്ചൽ ഖാദർ എഴുതാൻ വഴിയില്ലല്ലോ. ആലോചിച്ച് നോക്കിയപ്പോൾ "എന്നുള്ളിൻ മൗനം വാങ്ങൂ" എന്നാണ് വരികളെങ്കിൽ അർത്ഥം ശരിയായി വരും. വീണേ, എന്റെ മനസ്സിന്റെ മൗനം നീയെടുക്കൂ, പകരം നിന്റെ നാദം എനിക്കു തരൂ -- എന്ന ബാർടർ സിസ്റ്റത്തിൽ അധിഷ്ഠിതമായ സുന്ദര കാവ്യഭാവന. "ഉള്ളിൻ", "നിൻ" എന്നീ വാക്കുകളിലെ പ്രാസവും ചേരും. പാട്ട് ശ്രദ്ധിച്ച് കേട്ടുനോക്കി -- ഒറിജിനലിൽ ചിത്രയും ശ്രീകുമാറും "എന്നുള്ളിൻ" എന്ന് തന്നെയാണ് പാടുന്നത്. അതായത് 33 വർഷത്തോളം ഞാൻ തെറ്റായ വരികളാണ് പാടിനടന്നത്. നെറ്റിൽ നോക്കിയപ്പോൾ മിക്കയിടത്തും തെറ്റായ വാക്ക് തന്നെയാണ് ഉള്ളത് എന്നത് ചെറിയൊരു സാഡിസ്റ്റിക് സന്തോഷം നൽകി. smiley ponveene എന്ന് ടൈപ്പ് ചെയ്യുമ്പോൾ google തന്നെ ennullil എന്ന് auto complete ചെയ്യുന്നു! ഈയിടെ ഇൗ പാട്ട് കവർ പാടി വൻ ഹിറ്റാക്കി മാറ്റിയ സന മൊയ്തുട്ടിയും തെറ്റായ വരികൾ തന്നെ പാടുന്നു. ഗാനസാഹിത്യത്തെ ഗൗരവത്തോടെ സമീപിക്കുന്ന ഡാറ്റാബേസുകളായ m3db, msidb എന്നിവ വരികൾ ശരിയായി നൽകിയിട്ടുണ്ട് എന്നത് ഏടുത്ത് പറയട്ടെ.
ഇനി പാടുമ്പോൾ തെറ്റിക്കാതിരുക്കുക:

"പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ...
ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ..." 

 

വാൽകഷ്ണം: പ്രിയദർശൻ-മോഹലാൽ ടീമിന്റെ "ചിത്രം" സിനിമയിലെ ഒരു സൂപ്പർ ഹിറ്റ് ഗാനവും ഇതുപോലെ മിക്കവരും തെറ്റായി പാടാറുണ്ട്. "ദൂരെ കിഴക്ക് ഉദിക്കും" അല്ല; "ദൂരെ കിഴക്ക് ദിക്കിൻ" ആണ് ശരി.