സുകൃതം ഒരു കഠിന യാഥാർത്ഥ്യത്തിന്റെ ഓർമ്മപ്പെടുത്തൽ....!

സുകൃതം
ഒരു കഠിന യാഥാർത്ഥ്യത്തിന്റെ ഓർമ്മപ്പെടുത്തൽ....!

ആമുഖം :

മരണത്തെ ഇത്രമേല്‍ മനോഹരവും, കാല്‍പ്പനികവുമായി ചിത്രീകരിച്ച ഒരു മലയാള സിനിമ .... അതായിരുന്നു
സുകൃതം’ എന്ന എം.ടി വാസുദേവന്‍നായര്‍ സിനിമ.

മരണം, പവിത്രവും ഉദാത്തവും, ജീവിതം, നിന്ദ്യവും നിഷിദ്ധവുമായി മാറുന്നതിന്റെ ഇരുണ്ട കാഴ്ചകള്‍ തെളിയുന്ന 'സുകൃതം' എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ. ദൈവത്തിന്റെ സൂക്ഷിപ്പിലേക്ക് വാഴ്വിന്റെ വീടാക്കടങ്ങള്‍ ഇഷ്ടദാനം നല്‍കി മൃത്യുവിനു മുന്നില്‍ നിരൂപാധികം കീഴടങ്ങേണ്ടി വരുന്നവന്റെ ദാരുണത പ്രമേയവിഷയമാകുന്ന രചന.

കഥയിലേയ്ക്ക് :

ഒരു വ്യക്തിയുടെ മരണം എന്നും നമ്മേ ദുഃഖത്തിലാഴ്ത്തുന്ന വസ്തുതയാണ്.
എന്നാൽ മരിച്ചയാൾ പോയ ശേഷം പുതിയ സാഹചര്യങ്ങൾ മാറ്റം വരുത്തിയ നമ്മുടെ ജീവിതത്തിലേക്ക്‌ മരിച്ചയാൾ മിറക്കിളുകളൊന്നും കൂടാതെ യുക്തിക്കു നിരക്കുന്ന മാർഗത്തിലൂടെ തന്നെ തിരിച്ചു വന്നാൽ എന്തു സംഭവിക്കും?
അയാൾ സ്വീകരിക്കപ്പെടുമോ?

ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടേയും പെരുമാറ്റത്തില്‍ മനംമടുക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് താൻ എന്ന വ്യക്തി ചുറ്റുമുള്ളവരുടെ മനസ്സിൽ കുടികൊള്ളുന്നില്ലെന്നും മനസ്സിലാവുന്നു.
മൃതിയായി മാറിയ തന്റെ ജന്മം ഇനി എന്തിന് ഭൂമിയിൽ എന്ന ചിന്തയിൽ അയാൾ സ്വയം ജീവിതം ത്യജിക്കുന്നു.

ചില ഉൾക്കാഴ്ചകൾ :

ഒരു പക്ഷേ, പ്രണയത്തെക്കുറിച്ച് ഈ സിനിമ ഒന്നും ആധികാരകമായി അനാവരണം ചെയ്യുന്നില്ല. ആ നിലയില്‍ ഇതൊരു പ്രണയകഥയല്ല.

ഇവിടെ മരണമാണ് ഭാവം...! അതെ
എനിക്കും നിങ്ങള്‍ക്കും ഈ ഭൂമിയില്‍ ഇനിയെത്ര മണിക്കൂറുകള്‍ ബാക്കിയുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഉള്ള അവസ്ഥ ...

അസുഖം മാറി പത്രമോഫീസിലെ തന്റെ ചാര് കസേരമേൽ കുനിഞ്ഞിരുന്നു മേശവലിപ്പിലെ ചരമക്കുറിപ്പിലേയ്ക്ക് കണ്ണുകൾ...

ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രിയപ്പെട്ടൊരാൾ തള്ളി പറയുമ്പോൾ... പ്രണയത്തിന്റെ ഗതി മാറിയൊഴുകുമ്പോൾ...

നാട്ടുകാർ പലപ്പോഴും പല വിധ ചോദ്യങ്ങളോടെ മുന്നിൽ വന്നു നിൽക്കുമ്പോൾ...

അങ്ങനെ എത്രയോ തവണ
മരണത്തിൽ നിന്നും പിന്തിരിഞ്ഞു നടന്നതിന്റെ ദുഃഖത്തിൽ രവിശങ്കർ മരിക്കാതെ മരിച്ചിട്ടുണ്ടാകണം! എം ടിയുടെ അതിമനോഹരമായ തിരക്കഥ

വളരെ വലിയ സാധ്യതകളുള്ള ഈ വിഷയത്തിന്റെ ഒരു വശമാണ്‌ ഈ ചിത്രം ചർച്ച ചെയ്യുന്നത്‌. ഒരാളുടെ മരണത്തിനായി അയാളുടെ കുടുംബവും സമൂഹവും തയ്യാറെടുത്തു കഴിഞ്ഞ ശേഷം പിന്നെ അയാൾ ജീവിതത്തിലേക്കു തിരിച്ചുവന്നാൽ സ്വീകരിക്കപ്പെടില്ല എന്ന സത്യം കഥയിലൂടെ അനാവരണം ചെയ്യുകയാണ് എം.ടി സുകൃതത്തിലൂടെ.

സുകൃതത്തിലെ സംഗീതം :

ബോംബേ രവി പാട്ടുകളിൽ വിസ്മയം തീർത്തപ്പോൾ ജോൺസൻ പശ്ച്ചാത്തല സംഗീതത്തിൽ ഇന്ദ്രജാലം കാണിച്ച ചിത്രമാണ് സുകൃതം.

ഒഎൻവി കുറുപ്പിന്റെ വരികൾ ഹൃദയം തൊടുമ്പോൾ അതിൽ സംഗീതമാകുന്ന മഴവില്ലുകളൊരുക്കുന്നത് ബോംബെ രവിയാണ്.

സുകൃതം എന്ന ചിത്രത്തിലെ ഓരോ പാട്ടുകളും സിനിമയുടെ കഥയെ കൃത്യമായി വിവക്ഷിക്കുന്നുണ്ട്.

"കണ്ടും പിരിഞ്ഞും പരസ്പരം പിന്നെയും കണ്ടുമുട്ടാനായ് കൊതിച്ചും
പാന്ഥർ പെരുവഴിയമ്പലം തേടുന്ന
ഏകാന്ത പഥികർ നമ്മൾ
നമ്മളനാഥ ജന്മങ്ങൾ..."

ഈ വരികളിലുണ്ട് സിനിമയുടെ അന്തസത്ത.

സിനിമ ഉരിതിരിഞ്ഞു വന്ന വഴി :

കഥ പൂര്‍ത്തിയായ ഉടന്‍ എം.ടിയും ഹരികുമാറും മോഹന്‍ലാലിനെ ചെന്നുകണ്ട് കഥ പറഞ്ഞിരുന്നു. കഥ ഇഷ്ടമായ മോഹന്‍ലാല്‍ എപ്പോള്‍ വേണമെങ്കിലും ഡേറ്റ് നല്‍കാമെന്നും അറിയിച്ചിരുന്നു.

കോഴിക്കോട്ടിരുന്ന് തിരക്കഥയെഴുതി തുടങ്ങിയ എം.ടി ഏകദേശം 80 ശതമാനത്തോളം തിരക്കഥ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ എം.ടിക്ക് എഴുതിയ സ്‌ക്രിപ്റ്റ് വായിച്ചിട്ട് തൃപ്തി വന്നില്ല. ഹരികുമാറും സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഇഷ്ടമായിരുന്നില്ല. നമുക്ക് ഈ കഥ ഇവിടെ അവസാനിപ്പിക്കാമെന്നും മറ്റൊരു കഥ നോക്കാമെന്നുമായിരുന്നു ഹരികുമാര്‍ പറഞ്ഞത്.

ചിത്രം മാറ്റിവയ്ക്കാമെന്ന് കോഴിക്കോടെത്തി മോഹന്‍ലാലിനെ അറിയിച്ച ശേഷം മടങ്ങവേ ഹരികുമാര്‍ ഗുരുവായൂരിലിറങ്ങി. ഹോട്ടല്‍ എലൈറ്റില്‍ മുറിയെടുത്തു. ഒരു ഷൂട്ടിംഗ് ആവശ്യത്തിനായി വന്ന മമ്മൂട്ടിയും ആ സമയം എലൈറ്റില്‍ താമസിക്കുന്നുണ്ടായിരുന്നു.

അക്കാലത്ത് ഹരികുമാറും മമ്മൂട്ടിയും ചെറിയ സൌന്ദര്യപ്പിണക്കത്തിലായിരുന്നു. എങ്കിലും മമ്മൂട്ടി തൊട്ടടുത്തുണ്ടെന്നറിഞ്ഞപ്പോള്‍ ഹരികുമാറിന് വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് തമ്മില്‍ക്കണ്ട് ലോഹ്യം പറയുകയും മമ്മൂട്ടി ഹരികുമാറിനെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി ലൊക്കേഷനില്‍ പോകുകയും ചെയ്തു.

ഹരികുമാര്‍ - എംടി - മോഹന്‍ലാല്‍ പ്രൊജക്ട് വൈകുമെന്നറിഞ്ഞപ്പോള്‍ ‘എങ്കില്‍ എന്നെവച്ച് ഒരു പ്രൊജക്ട് ആലോചിക്ക്’ എന്ന് മമ്മൂട്ടി ആ കാര്‍ യാത്രയില്‍ ഹരികുമാറിനോട് പറഞ്ഞു. ഉടന്‍ തന്നെ ഹരികുമാര്‍ എം ടിയെ കാണാന്‍ കോഴിക്കോടിന് മടങ്ങി. ഇതിനിടയില്‍ മമ്മൂട്ടി തന്നെ എംടിയെ വിളിച്ച് ഒരു പ്രൊജക്ട് തനിക്കുവേണ്ടി ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു. തന്നെ മമ്മൂട്ടി വിളിച്ച് ഇക്കാര്യം പറഞ്ഞു എന്ന് ഹരികുമാര്‍ എത്തിയപ്പോള്‍ എം ടി അറിയിച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ എംടി ഹരികുമാറിനെ വിളിച്ചു. മരണം മുഖാമുഖം കണ്ട ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന തിരിച്ചടികളെക്കുറിച്ച് ഒരു കഥ പറഞ്ഞു. ആ സിനിമയാണ് "സുകൃതം".

സംവിധായകന്റെ ചിന്തകൾ :

സുകൃതം എന്ന ചിത്രം സംവിധാനം ചെയ്തപ്പോഴുള്ള അനുഭവം കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ ഹരികുമാര്‍ വിവരിക്കുന്നതിലേയ്ക്ക് നമ്മുക്ക് കടക്കാം,

"സ്റ്റാര്‍ഡം നിലനില്‍ക്കുന്ന കാലത്ത് ചിത്രീകരിച്ച സ്റ്റാര്‍ഡം ഇല്ലാത്ത ചിത്രമായിരുന്നു സുകൃതം. സൂപ്പര്‍ സ്റ്റാര്‍ പദവിയിലുള്ള മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. ആരാധകരുടെ സങ്കല്‍പങ്ങള്‍ക്ക് ഇണങ്ങിയ ചിത്രമായിരുന്നില്ലെങ്കിലും സുകൃതം പ്രേക്ഷകര്‍ ഏറ്റെടുത്തു.
ചിത്രത്തിനായി വിവധ കഥകള്‍ ചര്‍ച്ച ചെയ്‌തെങ്കിലും ഒടുവില്‍ സുകൃതത്തിന്റെ കഥ ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയെ ഫോണില്‍ വിളിച്ചായിരുന്നു ചിത്രത്തിന്റെ കഥ പറഞ്ഞത്. ഒറ്റവരിയിലായിരുന്നു കഥ അവതരിപ്പിച്ചത്

മരണം കാത്ത് കഴിയുന്ന ബുദ്ധിശാലിയായ ഒരു വ്യക്തി ജീവിതത്തിലേക്ക് തിരച്ച് വരുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍. അതായിരുന്നു സുകൃതം എന്ന ചിത്രത്തിന്റെ കഥയായി ഹരികുമാര്‍ മമ്മൂട്ടിയോട് പറഞ്ഞത്. കഥ ഇഷ്ടമായ മമ്മൂട്ടി സമ്മതം മൂളി "

പുരസ്കാരങ്ങൾ :

എം ടിയുടെ തിരക്കഥയില്‍, മമ്മൂട്ടി രവിശങ്കറെന്ന കഥാപാത്രത്തെ അനശ്വരമാക്കിയ 'സുകൃതം' .1994ല്‍ റിലീസായ സുകൃതം രാജ്യാന്തര മേളയിലടക്കം 42 അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.

ഈ ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
രവി ശങ്കർ എന്ന കഥാപാത്രത്തിന്റെ ഭാവ തീവ്രതകൾ അങ്ങേയറ്റം ഭംഗിയായി അവതരിപ്പിച്ചു മമ്മൂട്ടി.
ജനി മൃതികളുടെ ഇടയിലെ നൂൽപാലത്തിൽ ജീവിക്കുമ്പോൾ തന്നെ മരണം വരിക്കേണ്ടി വന്നവന്റെ നിസ്സഹായത അതി ഗംഭീരമാക്കി മമ്മൂട്ടി. എം.ടിയുടെ ആഖ്യായികയിലെ അതി സൂക്ഷ്മ ഭാവങ്ങൾ തിരശ്ശീലയിൽ വളരെ നന്നായി തന്നെ അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു എന്ന് നിസംശയം പറയാം.

ഈ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കൂടെ സുകൃതം കരസ്ഥമാക്കിയിട്ടുണ്ട് -

മികച്ച മലയാള ചലച്ചിത്രം
മികച്ച സംഗീത സംവിധാനം –
ബോംബെ രവി
മികച്ച പശ്ചാത്തല സംഗീതം – ജോൺസൺ

വിവരങ്ങൾക്ക് കടപ്പാട്
മനോരമ ഓൺലൈൻ,മാതൃഭൂമി ,വെള്ളിനക്ഷത്രം
ജഹാംഗീർ റസാഖിന്റെയും ഷൈബു മടത്തിലിന്റെയും ലേഖനങ്ങൾ

Relates to: 
AttachmentSize
Image icon FB_IMG_1507281863766.jpg96.68 KB
Contributors: