ക്രൗച്ചിങ് മുരുകന്‍ ഹിഡണ്‍ ജോപ്പന്‍ - ടു ഇന്‍ വണ്‍ ആസ്വാക്കദനക്കുറിപ്പ്

ദ്വന്ദ്വങ്ങളുടെ ഒരു പൂരപ്പറമ്പായി മലയാളി സമൂഹത്തെ കണക്കാക്കാം. ഇഷ്ടാനിഷ്ടങ്ങളുടെ ദ്വന്ദ്വങ്ങള്‍ സൃഷ്ടിച്ച് അതിലൊരു പാളയത്തില്‍ ഉന്‍മാദത്തോളം വരുന്ന കൂറുമായി മലയാളി വരി ചേരും. എല്‍ ഡി എഫ്/യു ഡി എഫ്, എന്‍ എസ് എസ്‌/എസ്‌ എന്‍ ഡി പി, സവര്‍ണ്ണന്‍/ദളിത്, ഒാര്‍ത്തഡോക്സ്/യാക്കോബായ, ഷിയ/സുന്നി തുടങ്ങി സമൂഹത്തിന്റെ സകല മേഖലകളിലും ഈ രണ്ടായി പകുക്കല്‍ കാണാന്‍ കഴിയും. ഒന്നിനോടുള്ള അപരിമിതമായ ഇഷ്ടത്തില്‍ തുടങ്ങുന്ന ഈ വിധേയത്വം എതിര്‍ ചേരിയോടുള്ള വെറുപ്പും വിദ്വേഷവുമായി മാറുന്ന കാഴ്ചകളാണ് ചുറ്റും.

മലയാള സിനിമയിലാകട്ടെ ആദ്യകാലം മുതല്‍ക്കു തന്നെ ഈ ദ്വന്ദ്വയുദ്ധം കാണാനാകും. ഉദയാ/മെറിലാന്റ്, പ്രേംനസീര്‍/സത്യന്‍, ദേവരാജന്‍/ബാബുരാജ്, യേശുദാസ്/ജയചന്ദ്രന്‍, ജാനകി/മാധുരി എന്നിങ്ങനെയുള്ള ചേരി തിരിവ് അതിന്റെ പാരമ്യത്തിലെത്തുന്നത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ നടന്‍മാര്‍ താരപ്രഭയില്‍ വരുന്നതോടെയാണ്.

മമ്മൂട്ടിക്കും മോഹന്‍ലാലിനും മലയാള സിനിമയ്ക് തന്നെയും വളരെ പ്രാധാന്യമേറിയ ഒരു വര്‍ഷമായിരുന്നു 1986. ഒരു തലമുറ മാറ്റം വ്യക്തമായി വേരുറയ്ക്കുന്നതിന്റെ ദരഷ്ടാന്തങ്ങള്‍ ആ വര്‍ഷത്തെ സിനിമകളില്‍ കാണാനായി. അവിശ്വസനീയമെന്ന് പുതു തലമുറയ്ക്ക് തോന്നുമെങ്കിലും ആ വര്‍ഷം ഏതാണ്ട് മുപ്പത്തി അഞ്ചോളം സിനിമകൾ വീതം മമ്മൂട്ടിയും മോഹന്‍ലാലും ചെയ്തു എന്നത് വസ്തുതയായി നിലകൊള്ളുന്നു. അതേ വര്‍ഷം ഒമ്പത് സിനിമകളില്‍ ഇവര്‍ ഒരുമിച്ചഭിനയിക്കുകയും ചെയ്തു. 86-ന്റെ രണ്ടാം പാദത്തില്‍ റിലീസായ സിനിമകളിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയെങ്കില്‍ അതേ കാലയളവില്‍ റിലീസായ ചില സിനിമകളുടെ തുടര്‍പരാജയം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറി. പക്ഷേ തൊട്ടടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 'ന്യൂഡെല്‍ഹി' സിനിമയിലൂടെ മമ്മൂട്ടി മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ തിരിച്ചുവരവ് നടത്തി. അതിനെ തുടര്‍ന്ന് തികച്ചും വ്യത്യസ്തമായ അഭിനയ ശൈലി കൈമുതലായുള്ള ഈ രണ്ട് താരങ്ങളും മലയാള സിനിമയിലെ ശക്തി ദുര്‍ഗ്ഗങ്ങളായി മാറി. പുരസ്കാരങ്ങളും വിജയങ്ങളും രണ്ട് പേരുടേയും അക്കൗണ്ടില്‍ മാറി മാറി പ്രത്യക്ഷപ്പെട്ടു. ചിലപ്പോഴൊക്കെ പരാജയങ്ങളും. താര സിംഹാസനങ്ങളില്‍ നിലയുറപ്പിച്ചു കൃത്യം 30 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ ഈ രണ്ട് നടന്‍മാരുടെയും സിനിമകള്‍ തിയേറ്ററുകളില്‍ ഒരിക്കല്‍ കൂടി മുഖാമുഖം വരുന്നു. പുലിമുരുകനും തോപ്പില്‍ ജോപ്പനും പ്രേക്ഷക സമൂഹത്തെ പ്രത്യക്ഷത്തില്‍ രണ്ട് ചേരിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പെഴുന്നത്.

ആദ്യം ഈ രണ്ട് സിനിമകളെക്കുറിച്ചും ചുരുക്കം വാക്കുകളില്‍ പറയാം. മികച്ച രീതിയില്‍ പാക്കേജ് ചെയ്യപ്പെട്ട ഒരു ശരാശരി സിനിമയാണ് 'പുലി മുരുകന്‍'. ആദ്യ ഇരുപതു മിനിട്ടിലും അവസാന അര മണിക്കൂറിലും സിനിമയുടെ സാങ്കേതിക ഡിപ്പാര്‍ട്ട്മെന്റ് പ്രകടിപ്പിച്ച മികവാണ് യഥാര്‍ത്ഥത്തില്‍ സിനിമയെ രക്ഷിക്കുന്നത്. അതിനിടയിലുള്ള സമയം സിനിമ നൂല് പൊട്ടിയ പട്ടം പോലെ എങ്ങോട്ടെന്നില്ലാതെ പാറി നടക്കുന്നു. മോഹന്‍ലാല്‍ എന്ന താരത്തിന്റെ സ്ക്രീന്‍ പ്രസന്‍സും ഊര്‍ജ്ജവുമാണ് ഇവിടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. പക്ഷേ മോഹന്‍ലാലിലെ നടനെ ഉദ്ദീപിപ്പിക്കുന്ന ഒന്നും ഈ ബിഗ് ബജറ്റ് ചിത്രത്തിലില്ല. പക്ഷേ താരത്തിനെ മുന്നില്‍ക്കണ്ട് സൃഷ്ടിക്കപ്പെട്ട രംഗങ്ങളും സംഭാഷണങ്ങളും ഏറെയുണ്ട് താനും. പഴകിത്തേഞ്ഞ തമാശകളും ഉള്‍ക്കനമില്ലാത്ത സ്ത്രീ കഥാപാത്രങ്ങളും സിനിമയുടെ എന്റര്‍ടെയിന്‍മെന്റ് വാല്യുവിന് കോട്ടമുണ്ടാക്കി. സുരാജിന്റെയും നായിക കമാലിനിയുടെയും പ്രകടനങ്ങള്‍ ഏറെ വെറുപ്പിച്ചു. അനാവശ്യമായി സൃഷ്ടിക്കപ്പെട്ട നമിതയുടെ കഥാപാത്രം തൊണ്ണൂറുകളിലെ തമിഴ് കമേഴ്ഷ്യല്‍ സിനിമകളെ ഒാര്‍മ്മിപ്പിച്ചു. സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്ത പീറ്റര്‍ ഹെയ് നും ഛായാഗ്രാഹകന്‍ ഷാജിയും മറ്റ് സാങ്കേതിക വിദഗ്ദ്ധരും പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. സിനിമയുടെ ക്രാഫ്റ്റ് അറിയാവുന്ന സംവിധായകനാണ് താനെന്ന് വൈശാഖ് തെളിയിക്കുന്നുന്നണ്ടെങ്കിലും തന്റെ വൈദഗ്ദ്ധ്യം അര്‍ത്ഥപൂര്‍ണ്ണമായ ശ്രമങ്ങള്‍ക്ക് വേണ്ടിയും ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു. തിയേറ്ററിലിരിക്കുമ്പോള്‍ മറ്റെല്ലാം മറക്കാന്‍ പ്രേരിപ്പിക്കുകയും പുറത്തിറങ്ങിയാല്‍ ഒാര്‍ക്കാന്‍ പ്രത്യേകിച്ചൊന്നും നല്‍കാനില്ലാത്തതുമായ സിനിമയാണ് 'പുലിമുരുകന്‍'.

'തോപ്പില്‍ ജോപ്പന്‍' ആകട്ടെ തീരെ അലസമായ സമീപനം ഒാരോ രംഗത്തും തെളിഞ്ഞു കാണുന്ന സൃഷ്ടിയാണ്. സിനിമയുടെ സമസ്ത മേഖലയിലും ഈയൊരു അലസത പ്രകടമായി കാണാം. മമ്മൂട്ടിയുടെ കഥാപാത്രം കാണുമ്പോള്‍ ഇത് അദ്ദേഹത്തിന്റെ തന്നെ അച്ചായൻ കഥാപാത്രങ്ങളുടെ സ്പൂഫ് ആണോ എന്ന് തോന്നിപ്പോകും. സിനിമയ്ക്ക് പിന്നിലുള്ളവരുടെ അലസത കാരണമാവാം മമ്മൂട്ടിയുടെ പ്രകടനത്തിലുടനീളം ഒരു താല്പര്യമില്ലായ്മ കാണാം. വാട്ട്സാപ്പ് തമാശകളുടെ ഒരു നിരനിര തന്നെ തീര്‍ത്ത് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും കിണഞ്ഞ് ശ്രമിക്കുന്നത് സഹതാപമുളവാക്കുന്നു. ഇവിടെയും.സ്ത്രീകഥാപാത്രങ്ങള്‍ വെറും നോക്കുകുത്തികള്‍ മാത്രമാണ്. മൊത്തത്തില്‍ ഈ സിനിമയുടെ ഭാഗമായവര്‍ പോലും മറക്കാനാഗ്രഹിക്കുന്ന സിനിമയാണ് ജോപ്പന്‍.

സിനിമയുടെ വിജയപരാജയങ്ങള്‍ അവിടെ നില്ക്കുട്ടെ. ഈ രണ്ട് സിനിമകളും മലയാള സിനിമയെ അടുത്ത ലെവലിലേക്ക് കൊണ്ടു പോകുന്ന സിനിമകളൊന്നുമല്ല. തമിഴ് സിനിമാ രംഗത്ത് നിന്നുള്ള ഒരുദാഹരണം ഇവിടെ പ്രസക്തമാണ്. എഴുപതുകളുടെ അന്ത്യത്തില്‍ തമിഴ് സിനിമയില്‍ ഒരു സമാന്തര സിനിമാ വസന്തമുണ്ടായി. പതിനാറ് വയതിനിലേ, ഉതിരിപ്പൂക്കള്‍, പശി, അവള്‍ അപ്പടിത്താന്‍, തണ്ണീര്‍ തണ്ണീര്‍, ദൂരത്ത് ഇടിമുഴക്കം തുടങ്ങിയ സാമൂഹ്യ പ്രസക്തിയും ശില്പഭദ്രതയും നിറഞ്ഞ നിരവധി സിനിമകള്‍ രൂപം കൊള്ളുകയും അവയെല്ലാം പ്രേക്ഷകര്‍ ഇരു കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. പക്ഷേ 80-കളുടെ തുടക്കത്തില്‍ റിലീസായ രണ്ട് സിനിമകൾ ഈ പോസിറ്റീവ് ട്രെന്‍ഡിനെ തലകീഴ് മറിച്ചു. രജനീകാന്തിന്റെ 'മുരട്ടുക്കാളൈ', കമല്‍ ഹാസന്റെ 'സകലകലാ വല്ലഭന്‍' എന്നിവയായിരുന്നു ആ സിനിമകള്‍. ബോക്സ് ഒാഫീസില്‍ ചരിത്ര വിജയം കുറിച്ച ഈ രണ്ട് ചിത്രങ്ങളുടെയും ചുവട് പറ്റി നിരവധി കമേഴ്ഷ്യല്‍ പടപ്പുകളുണ്ടായി. ഇവ മുന്നോട്ട് വച്ച template-ല്‍ നിന്ന് പൂര്‍ണ്ണമായും മോചനം നേടാൻ തമിഴ് സിനിമയ്ക്ക് ഏതാണ്ട് രണ്ട് പതിറ്റാണ്ടോളം വേണ്ടി വന്നു. മലയാള സിനിമയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അര്‍ത്ഥപൂര്‍ണ്ണമായ സിനിമകള്‍ക്കുള്ള ആത്മാര്‍ത്ഥ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മുഖ്യധാരയിലെ നടീനടന്‍മാരെ ഉള്‍പ്പെടുത്തിയുള്ള സമാന്തര സിനിമകളും ചെറിയ ബജറ്റിലുള്ള ഇന്‍ഡിപ്പെന്‍ഡന്റ് സിനിമകളുമൊക്കെ ഇതില്‍ ഉള്‍പ്പെടും. ഈ വര്‍ഷം തന്നെ 'മഹേഷിന്റെ പ്രതികാരം', 'കമ്മട്ടിപ്പാടം', 'കിസ്മത്' തുടങ്ങിയ സിനിമകളൊക്കെ കലാമൂല്യവും പ്രേക്ഷക പ്രീതിയും യോജിപ്പിച്ച സിനിമകളാണ്. ആ ഒരു മാറ്റത്തെ ഈ ചിത്രങ്ങള്‍ തകിടം മറിക്കുമോ എന്നത് സത്യസന്ധമായ ഒരു ആശങ്കയാണ്.. പക്കാ കമേഴ്ഷ്യല്‍ എന്റര്‍ടെയിനറുകള്‍ വിജയിക്കട്ടെ. ഇന്‍ഡസ്ട്രിയുടെ ആരോഗ്യത്തിന് അത് ആവശ്യം തന്നെയാണ്. അത്തരം കമേഴ്ഷ്യല്‍ സിനിമകള്‍ വിജയിക്കുന്നതോടൊപ്പം പ്രേക്ഷക അഭിരുചിയെ ഒരിഞ്ചെങ്കിലും മുന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിച്ചിരുന്നെങ്കില്‍! കോടികളുടെ കളക്ഷന്‍ കാണിച്ച് പേടിപ്പിക്കരുത് പ്ലീസ്... ആഗോളവത്കരണം ലോകത്തെ പരസ്പര ബന്ധിതമായ ഒരു കൂറ്റന്‍ ഗ്രാമമായി മാറ്റിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഹോളിവുഡ്, ബോളിവുഡ് മുതല്‍ കോളിവുഡ് വരെ വൈഡ് റിലീസിംഗിന്റെയും പ്രീ റിലീസ് മാര്‍ക്കറ്റിംഗിന്റെയും പരമാവധി സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യ ആഴ്ചയ്ക്കുള്ളില്‍ മുടക്കുമുതല്‍ തിരിച്ചു പിടിച്ച് ലാഭത്തിലേക്ക് നടക്കുക എന്ന കച്ചവട തന്ത്രം ഇന്ന് രഹസ്യമൊന്നുമല്ല. ഇത്തരം തന്ത്രങ്ങളിലൂടെ ബോളിവുഡ് സിനിമകള്‍ നൂറ് കോടിയൊക്കെ കടന്ന് ഇപ്പോള്‍ മുന്നൂറ് കോടിയാണ് ബെഞ്ച്മാര്‍ക്കായി നിര്‍ത്തിയിരിക്കുന്നത്. ഈ കോടികളുടെ കണക്ക് പലപ്പോഴും സിനിമയുടെ മേന്‍മക്ക് ദൃഷ്ടാന്തങ്ങളല്ല.

വാല്‍ : തൊണ്ണൂറുകളില്‍ അമിതാഭ് ബച്ചന്‍ വലിയൊരു പ്രതിസന്ധിയിലൂടെ കടന്ന് പോയി. 1991-ല്‍ 'ഹം' എന്ന ചചിത്രത്തിന്റെ വിജയത്തിന് ശേഷം തുടര്‍പരാജയങ്ങളുടെ ഒരു നിര തന്നെ ബച്ചനുണ്ടായി. 'ലാല്‍ ബാദ്ഷാ' 'സൂര്യവംശ്' എന്നീ ചിത്രങ്ങളിലെത്തുമ്പോള്‍ തന്റെ പ്രായത്തെ മറച്ച് വയ്ക്കാൻ നന്നേ പാടുപെടുന്ന ദയനീയാവസ്ഥയാണ് ബച്ചനില്‍ കണ്ടത്. പക്ഷേ പുതിയ മില്യേനിയം തുടങ്ങിയപ്പോള്‍ അദ്ദേഹം തന്റെ പ്രായത്തിനനുസരിച്ചുള്ള വേഷങ്ങളിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി. അമിതാഭ് ബച്ചന്റെ പ്രായവും പക്വതയും അനുസരിച്ചുള്ള പുതിയ പ്രമേയങ്ങളുണ്ടായി. തന്റെ ഈ രണ്ടാം വരവില്‍ മൂന്ന് ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി എന്നത് അദ്ദേഹം എടുത്ത തീരുമാനത്തെ സാധൂകരിക്കുന്നു. എം & എം കമ്പനിക്ക് മുന്നിലെ ചുമരെഴുത്തും വ്യക്തമാണ്. ഒരു സിനിമയുടെ വിജയമോ പരാജയമോ കൊണ്ടൊന്നും ആ ചുമരെഴുത്ത് മാഞ്ഞു പോകില്ല. അത് മനസ്സിലാക്കി തങ്ങളുടെ സ്തുത്യര്‍ഹമായ അഭിനയജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് graceful ആയി അവര്‍ കടന്നു ചെല്ലും എന്ന് പ്രത്യാശിക്കാം.

Contributors: