ഒരിക്കൽ നീ ചിരിച്ചാൽ (ഗാനാസ്വാദനം)

ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ
തുളുമ്പും പൗർണമികൾ എന്നോമലാളെ
ഒരിക്കൽ നീ വിളിച്ചാൽ എന്നോർമ്മകളിൽ
ഉതിരും ചുംബനങ്ങൾ എൻ പൊൻ കിനാവേ
എനിക്കും നിനക്കും ഒരു ലോകം

നായികാനായകന്മാർക്ക് കണ്ണിനും കാതിനും അനുഭൂതി പകരുന്ന വ്യത്യസ്തങ്ങളായ രണ്ടനുഭവങ്ങളെക്കുറിച്ചാണ് പല്ലവിയിലെ പരാമർശം. നായിക ഒരിക്കൽ ഒന്നു ചിരിച്ചാൽ പിന്നെ തുളുമ്പുന്നത് പൗർണ്ണമികളാണ് എന്ന് നായകൻ. അത് നായകന്റെ ഓർമ്മകളിൽ നിന്നു മറയാതെ നിൽക്കുന്നു. നായികയുടെ ഒരു വട്ടത്തെ ചിരികൊണ്ട് അനേകകാലം നിലാവൊഴുകുന്നു നായകന്റെ ഓർമ്മകളിലേക്ക്. അത്രയും ആസ്വാദ്യമാണ് പ്രണയിനിയുടെ ഒരു ചിരി പോലും. എന്നാൽ നായികയ്ക്ക് തന്നെ നായകൻ ഒന്നു വിളിച്ചാൽ ഓർമ്മവരുന്നത് ചുംബനങ്ങളാണ്. അതും ഇടതടവില്ലാതെ ഉതിരുന്ന ചുംബനങ്ങൾ. നായകൻ കാഴ്ചയെ മനസ്സുമായി ബന്ധിപ്പിക്കുമ്പോൾ നായിക കേൾവിയെ സ്പർശനവുമായി കോർത്തിണക്കുന്നു. കൂടാതെ വർണ്ണാഭമായ സ്വപ്നം കൂടിയാണ് നായികയ്ക്ക് നായകൻ. ചുംബനങ്ങളിൽ ഗന്ധത്തിന്റെ അനുഭവവേദ്യതയും രുചിയുടെ ആസ്വാദ്യതയുമുണ്ട്. കാഴ്ച, കേൾവി, സ്പർശം, ഗന്ധം, രുചി എന്നിവയിലൂടെ അനുഭവിച്ചറിയുന്ന പ്രണയത്തിന് ആറാമിന്ദ്രിയമായ മനസ്സിന്റെയും പിന്തുണയുണ്ട്. അപ്പോൾ എല്ലാ ഇന്ദ്രിയങ്ങളും അറിഞ്ഞുകൊണ്ടുള്ള അർത്ഥപൂർണ്ണമായ ഒരു പ്രണയത്തിന്റെ നിറക്കൂട്ടുകൾ എല്ലാം തന്നെ പല്ലവിയിൽ ഉൾക്കൊള്ളിച്ചിരിക്കുകയാണ് കവിയിവിടെ. അധികം ഗഹനമായ ചിന്താധാരകളിലേക്ക് കടക്കാതെ സുപരിചിതവും ലളിതവുമായ ബിംബങ്ങളെയും അവസ്ഥകളേയും ചേർത്ത് മാലകോർത്തിരിക്കുന്നു വരികളിൽ. മാത്രമല്ല എനിക്കും നിനക്കും ഒരു ലോകം എന്ന സ്ത്രീ-പുരുഷ സമ്മേളനത്തിന്റെ അടിസ്ഥാന തത്വങ്ങൾ അവർ ഒരുമിച്ചു പാടുകയും ചെയ്യുന്നു. ഒരു ലോകമാകുമ്പോൾ അനുഭവങ്ങളും ഒന്നായിരിക്കുമല്ലോ. നീ എന്തൊക്കെ ഏതൊക്കെത്തരത്തിൽ അനുഭവിക്കുന്നുവോ അതെല്ലാം ഞാനും അറിയുന്നു എന്ന പ്രമാണമാണ് പ്രാധാന്യമർഹിക്കുന്നത്. അങ്ങനെ ചിന്തയിലൂടെയും പ്രവൃത്തിയിലൂടെയും പ്രണയാനുഭവങ്ങളിലൂടെയും അവരുടേതായ ഒരു ലോകം സൃഷ്ടിക്കുകയാണ് കാമുകീ കാമുകന്മാർ ഇവിടെ.   

ഉള്ളിന്റെയുള്ളിൽ നീ തൊട്ടപുളകം
എഴുതിക്കഴിഞ്ഞ മൊഴികൾ
കാണാതെ ചൊല്ലും എന്നെന്നുമകലെ
ആയാലുമെന്റെ മിഴികൾ

നായകൻ തൊട്ടത് നായികയുടെ ശരീരത്തിലല്ലാ, മറിച്ച് ഉള്ളിന്റെ ഉള്ളിലാണ്. ഉള്ളിനും ഒരുള്ളുണ്ട് എന്ന് പറയുന്നതിലൂടെ മനസ്സിന്റെ മനസ്സിലേക്ക്, അത്ര അഗാധവും ആത്മാർത്ഥവുമായി നായകന്റെ പ്രണയം കടന്നു ചെല്ലുന്നു. ആ ഒരു സ്പർശം ഉണ്ടാക്കിയ പുളകവും അനുഭൂതിയും മൊഴികളായി എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ആ മൊഴികൾ എന്നത് കേവലമായ സംസാരത്തിനുമപ്പുറം കാവ്യഭംഗിയുള്ള ഒരു ശീലുപോലെ അനവദ്യമാകുന്നു. കാമുകൻ തൊടുമ്പോൾ വെറും പുളകം മാത്രമല്ല ഉണ്ടാകുന്നത് അവിടെ ഒരു കവിതകൂടി ജനിക്കുന്നു എന്നു വേണമെങ്കിൽ പറയാം. നായികാനായകന്മാർ ഏതുതരക്കാരാണെങ്കിലും എഴുത്തുകാരൻ സ്വാനുഭവങ്ങളിലൂടെ കാര്യങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുന്നതിന്റെ ഒരുദാഹരണമാണിവിടെ കാണാൻ കഴിയുന്നത്. നായകൻ തൊട്ടാൽ അവിടെ മൊഴികൾ പിറക്കണമെങ്കിൽ നായകൻ ഒരു കവിഹൃദയമുള്ള ആളായിരിക്കണമല്ലോ. അല്ലെങ്കിൽ കാവ്യാത്മകമായി പ്രണയിക്കാൻ കഴിയുന്നവനായിരിക്കണം. ഒരു സ്പർശം കൊണ്ട് പ്രേയസിയുടെ മനസ്സിൽ കവിത കുറിക്കാൻ കഴിയുന്ന പുരുഷനെ അവൾക്കെന്നല്ല ഒരുസ്ത്രീക്കും മറക്കാൻ കഴിയില്ല. അവളിലേക്ക് പകർന്ന ആ മൊഴികൾ കാണാതെചൊല്ലും എന്നാണ് നായിക പറയുന്നത്! നായകൻ അപ്പോൾ തൊട്ടത് വിരലുകൾകൊണ്ടല്ല മനസ്സുകൊണ്ടാണ്. മനസ്സിലെ പ്രണയമെല്ലാം അവളുടെ മനസ്സിന്റെ ഉള്ളിലേക്ക് പകർന്നു നൽകിയത് ഒരു കവിതയായി രൂപപ്പെടുകയും അതിന്റെ മാസ്മരികതയിൽ നിരന്തരം കാണാതെ ചൊല്ലുകയും ചെയ്യുക എന്നത് സാധാരണ പ്രണയത്തിൽ സംഭവ്യമല്ല. മറ്റൊരു തലത്തിൽ ചിന്തിച്ചാൽ ആദ്യം തന്റെ മനസ്സിനെ തൊട്ടുണർത്തിയ നായകന്റെ ആത്മഗതങ്ങൾ അറിയുന്ന ഒരു നായികയാണ് താനെന്ന് അവൾ പറയുന്നു. അത്  എവിടെ ആയിരുന്നാൽ പോലും എന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. മാത്രമല്ല 'എക്കാലവും' എന്നും എടുത്തു പറയുന്നു. അതിലാണു കാര്യം! ഒരു പക്ഷേ ഭാവിയെക്കുറിച്ചുള്ള ചിന്തകൾ അവളിൽ കടന്നു വന്നിരിക്കാം. നാളെ ആരെന്നും എങ്ങനെയെന്നും അറിയില്ല എന്ന കവിവാക്യം നായിക മനസ്സിലാക്കുന്നു. ഒരു പക്ഷേ നാളെ ജീവിത പങ്കാളിയായി നീ ഇല്ലെങ്കിൽ തന്നെയും ഇത്രയും കാലം എന്നിലേക്ക് നൽകിയ പ്രണയം ഒന്നുമാത്രം മതി നിന്നെയും നിന്റെ ഹൃദയശീലുകളേയും ഓർത്തിരിക്കാനും ഏറ്റുപാടാനും. കാരണം ഈ പ്രണയം അനശ്വരമാണ്. നാം നാളെ ഒരുമിച്ചില്ലെങ്കിൽ പോലും അതിന്റെ വശ്യതയും ദൃഢതയും ഒരിക്കലും നഷ്ടപ്പെടില്ല. എത്ര അകലെയാണെങ്കിൽ പോലും നീ എഴുതിയ മൊഴികൾ എന്റെ മിഴികൾ കാണാതെ ചൊല്ലും എന്നാണ് നായിക പറയുന്നത്. നിന്നെ ഓർക്കുവാൻ എനിക്ക് നിന്നെ കാണണമെന്നില്ല എന്നു മാത്രമല്ല ഇനി കാഴ്ച നഷ്ടമായാൽ പോലും നീ മനസ്സിൽ ഒന്നു സ്പർശിച്ചാൽ എനിക്ക് അതു തിരിച്ചറിയാനും കാണുവാനും കഴിയും എന്ന് ആത്മവിശ്വാസം കൊള്ളുന്നു. ഇത്തരം ആത്മവിശ്വാസങ്ങളുടെ കുറവാണ് പല പ്രണയങ്ങൾക്കുമുള്ളതെന്ന് പറയാതെ പറയുന്നു കവി ഇവിടെ. എത്ര ദൂരെയായാലും നായകന്റെ ഹൃദയത്തിന്റെ ചിറിയ അനുരണനങ്ങൾ പോലും നോക്കിക്കാണാനും അറിയാനും തനിക്ക് കഴിയുമെന്ന് കാമുകി പറയുന്നതിനപ്പുറം മറ്റൊരു വിശ്വാസരേഖകളും ഒരു കാമുകനും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇനി നായികയുടെ ഭാഗത്തു നിന്നു വേണമെങ്കിലും ചിന്തിക്കാം. നീ തൊട്ടപ്പോൾ ഉണ്ടായ പുളകം മനസ്സിൽ എഴുതിയ പ്രണയമൊഴികൾ എത്ര ദൂരെയാണു നീയെങ്കിലും എന്റെ മിഴികൾക്ക് കാണാതെ ചൊല്ലുവാൻ കഴിയും എന്നു വേണമെങ്കിലും വ്യാഖ്യാനിക്കാം. അങ്ങനെ വിചാരിക്കുന്നവർക്കൊക്കെ അവരുടെ ഇഷ്ടങ്ങൾക്ക് അനുസൃതമായി, അല്ലെങ്കിൽ തന്നെക്കുറിച്ചാണോ ഇങ്ങനെ എഴുതിയിരിക്കുന്നതെന്ന തോന്നൽ ഉളവാക്കുന്ന രീതിയിൽ തൂലിക ചലിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. 

സ്വർഗ്ഗത്തിൽ ഞാൻ പോയാലും എന്റെ നാടിൻ പൂക്കാലം
സ്വപ്നങ്ങൾക്കു കൂട്ടാകും നിന്മുഖവുമതിൽ പൂക്കും

ഈ ഗാനത്തിലെ ഏറ്റവും ഗഹനവും അർത്ഥപൂർണ്ണവുമായ ഈരടികളാണിത്. ഞാൻ ഈരടിയെന്ന് പറഞ്ഞത് മനഃപൂർവ്വമാണ്. 'നിന്മുഖവുമതിൽ പൂക്കും' എന്നത് 'നിന്മുഖമതിൽ പൂക്കും' എന്നായിരുന്നെങ്കിൽ ഈ രണ്ടുവരികൾ ശുദ്ധമായ കേക എന്ന വൃത്തമായിരുന്നേനേം. വൃത്തം അവിടെ നിൽക്കട്ടെ. ശ്രോതാക്കളെ വൃത്തത്തിലാക്കുന്ന എഴുത്തിന്റെ മാജിക്കാണ് നിസ്സാരമെന്ന് തോന്നുന്ന വരികളിൽ മിശ്രണം ചെയ്തു വിടുന്നത്.

'സ്വർഗ്ഗത്തിലാണ് ഞാൻ പോകുന്നതെങ്കിലും ജനിച്ചുവളർന്ന നാടിന്റെ സമൃദ്ധിയും മനോഹാരിതയും എന്റെ സ്വപ്നങ്ങൾക്ക് കൂട്ടാവുകയും അതിനൊപ്പം നിന്റെ മുഖവും ഉണ്ടാവുകയും ചെയ്യും' എന്ന കാമുകന്റെ ഭാഷ്യമാണ് ആദ്യവായനയിൽ തോന്നുന്ന അർത്ഥം. അത്തരമൊരു അർത്ഥത്തിൽ തളച്ചിടേണ്ട വരികളാണവയെന്ന് ഞാൻ കരുതുന്നില്ല. സ്വർഗ്ഗമാണല്ലോ എല്ലാവരുടേയും അവസാന ആഗ്രഹസ്ഥാനം. നാട്ടിൽ നിന്നെങ്ങും കിട്ടാത്ത സൗഭാഗ്യങ്ങൾ ഹോൾസെയിലായി കിട്ടുന്നതും അവിടെത്തന്നെ! അവിടുത്തെ കാഴ്ചകൾ അത്ര ധന്യവും മനോഹാരിത നിറഞ്ഞതുമാണെന്ന് വ്യംഗ്യം. സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ചില ഗുണങ്ങളൊക്കെ ഉള്ള ആളായിരിക്കണം. ദുഷ്ടന്മാർക്കും വഞ്ചകന്മാർക്കും അവിടേക്ക് പ്രവേശനമില്ല. നിന്നോട് എനിക്കുള്ള പ്രണയം ആത്മാർത്ഥമാണ്. ചതി എന്നത് എന്നിൽ നിന്നുണ്ടാകുകയേയില്ല. അതുകൊണ്ടു തന്നെ ഞാൻ സ്വർഗ്ഗത്തിൽ പോയിരിക്കും. അവിടെച്ചെന്നാലും എന്റെ നാടും വീടും പൂക്കാലവുമൊക്കെയാകും എന്റെ സ്വപ്നങ്ങളിൽ ഉണ്ടാവുക. അതിനൊപ്പം നിന്റെ മുഖവും ഉണ്ടാകും എന്ന് നായകൻ പറയുന്നു. വളരെ നല്ല വിശ്വാസങ്ങൾ.

എന്നാൽ മറ്റൊരു ഭാഷ്യം നോക്കാം. എന്തായാലും ഞാൻ സ്വർഗ്ഗത്തിൽ പോകും. പോയാൽ എന്റെ സ്വപ്നങ്ങളിൽ എന്റെ നാടും അവിടുത്തെ വസന്തവുമൊക്കെയുണ്ടാകും. നീയും അതിന്റെ ഒരു ഭാഗമായിരിക്കും എന്ന് പറയുമ്പോൾ സ്വർഗ്ഗത്തിലും നായിക തന്റെ ഒപ്പമായിരിക്കും എന്ന വിശ്വാസം പൂർണ്ണമായി നായകൻ ഉൾക്കൊള്ളുന്നില്ല. കാരണം നായികയുടെ സാന്നിദ്ധ്യമല്ല, ഓർമ്മകൾ മാത്രമാണ്, അതും ഒരു സ്വപ്നത്തിൽ കടന്നുവരുന്നതാണ് എന്ന് നായകൻ പറയണമെങ്കിൽ ഇപ്പോഴത്തെ പ്രണയം എത്രമാത്രം സാഫല്യമടയും എന്നൊരു ആശങ്ക ഉളവാക്കുന്നില്ലേ എന്ന് കേൾവിക്കാർക്ക് സംശയം ജനിക്കാം. അതു തള്ളിക്കളയാനും കഴിയില്ല.

സ്വർഗ്ഗത്തിൽ ചെന്ന് ഞാൻ കാണുന്ന സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഗ്രാമവസന്തത്തിൽ നിന്റെ മുഖവും ഒപ്പം പൂവിട്ടു നിൽക്കത്തക്ക മധുരതരമായ സ്മൃതികളാണ് നീ നൽകിയിരിക്കുന്നതെന്ന ഒരർത്ഥവും ഇതിലുണ്ട്. നായകൻ തീർത്തും നിഷ്കളങ്കൻ, നായിക അതിലും വലിയ നിഷ്കളങ്ക.

'പോയാലും' എന്ന വാക്ക് പിന്നെയും ചില ആശങ്കകൾ സമ്മാനിക്കുന്നു. ഞാൻ സ്വർഗ്ഗത്തിലൊന്നും പോകാൻ വഴിയില്ല, അഥവാ പോയാലും ഞാൻ കാണുന്ന സ്വപ്നത്തിൽ നീയുമുണ്ടാകും എന്ന് പറയാനും ഈ വരികൾ കൊണ്ട് സാധിക്കുന്നു. 'നിന്മുഖവും' എന്ന് പറഞ്ഞതിലൂടെ മറ്റുള്ളവരുടെ കൂട്ടത്തിൽ നിന്റെ മുഖവും ഞാൻ ഓർത്തിരിക്കും എന്ന സമീപനമാണോ നായകൻ എടുത്തിരിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അത് തള്ളിക്കളയാനാവില്ല. 

ഇനി സ്വർഗ്ഗത്തിലോട്ടാണ് ഞാൻ പോകുന്നതെങ്കിൽ തന്നെയും എനിക്ക് ഏറ്റവും പ്രിയങ്കരമായ എന്റെ നാടിന്റെ പൂക്കാലമാണ് എന്നും മനസ്സിലുണ്ടാവുക. ആ പൂക്കാലത്തിൽ പൂക്കളിൽ നിന്ന് വേറിട്ട് പൂത്തു നിൽക്കുന്ന ഒന്ന് നിന്റെ മുഖമായിരിക്കും എന്ന് പറയുന്നതിലെ പ്രതീക്ഷയും ഈ വരികളിൽ ഉണ്ട്. പാട്ടുമണക്കുമെൻ മനസ്സിൽ ദീപങ്ങൾക്കിടയിൽ വേറിട്ടു നിൽക്കുമാ ദീപം നിന്മുഖമല്ലേ എന്ന് എഴുതിയ കവിയാണ് ഇത്.

നായികയ്ക്കൊപ്പം തന്റെ നാടിന്റെ പൂക്കാലത്തെയും കാണാനുള്ള ആ സ്നേഹം എഴുത്തിന്റെ മാറ്റ് കൂട്ടുന്നു. തന്റെ കാമുകിക്കൊപ്പം തുല്യമായ പദവി തന്റെ നാടിനും നൽകിയിരിക്കുന്നു കവി. എവിടെപ്പോയാലും ഓർമ്മയിൽ തന്റെ നാടുണ്ടാകുന്ന ഒരു വ്യക്തി നാൻ പിച്ചവച്ച മണ്ണിന്റെ മണവും നിറവും അറിയുന്ന ഒരു ദേശസ്നേഹി ആയിരിക്കും. 

എനിക്കും നിനക്കും ഒരുലോകം

അങ്ങനെയൊന്നും ചിന്തിക്കേണ്ട എന്ന് പിന്നീട് അവർ യുഗ്മമായി ആലപിക്കുന്നു. നീയുള്ളിടത്ത് ഞാനും ഞാനുള്ളിടത്തു നീയും ഉണ്ടാകുകതന്നെ ചെയ്യും. സ്വയമോ ഇണയ്ക്കോ യാതിരുവിധ സംശയങ്ങൾക്കും ഇടനൽകാത്തവിധം ചരണാന്ത്യം അവർക്ക് ഒരു ലോകം മതി എന്ന് തീരുമാനിക്കുന്നു.

കൃത്യമായ വാക്കുകളാൽ വിരിച്ചിട്ടിരിക്കുന്ന വരികൾക്കിടയിൽ നിന്ന് ആശയങ്ങളുടെ എണ്ണിയാൽ തീരാത്ത നാമ്പുകൾ ഇങ്ങനെ പൊട്ടിമുളയ്ക്കുന്നത് മറ്റ് രചയിതാക്കളുടെ സൃഷ്ടികളിൽ കാണുക വിരളമായിരിക്കും.

വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ 
കണ്ണിൽ വിടർന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെ
ഉള്ളിൽ തരംഗമായി

കണ്ണുകൊണ്ട് പാട്ടോ?! സംശയിച്ചേക്കാം, എന്നാൽ കണ്ണുകൊണ്ട് കവിതയെഴുതാമെങ്കിൽ പാട്ടുമാകാം. പാട്ടിൽ കവിത നിറയ്ക്കുന്നവർ തീർച്ചയായുമാകാം! വെള്ളിപ്പളുങ്കുകൾ തുള്ളുന്ന കണ്ണുകൾ. കണ്ണിൽ നിന്നുള്ള ഹർഷബാഷ്പകണങ്ങളാകാനേ തരമുള്ളൂ. തന്നോടുള്ള അന്ത്യന്തമായ ഇഷ്ടത്തിന്റെ പാരമ്യത്തിൽ നായിക നിർവൃതിയുടെ ബാഷ്പകണങ്ങൾ ഉതിർക്കുകയാകാം എന്ന് നായകൻ കരുതുന്നുണ്ടാകാം. എന്നാൽ വെള്ളിപ്പളുങ്കു തുള്ളുന്ന കണ്ണ്... നീർക്കണമാകണമെന്നില്ല, ചടുലമായ കൃഷ്ണമണിയുടെ ഓട്ടത്തിനിടയിൽ വെണ്മയാർന്ന പ്രതലത്തിന്റെ മിന്നിമായൽ കണ്ടിട്ട് അത് വെള്ളിപ്പളുങ്കുമണികൾ തുള്ളിക്കളിക്കുകയാണോ എന്ന് വർണ്ണ്യത്തിൽ ആശങ്കതോന്നുന്നതും ശരിതന്നെ. അകത്തുകിടന്ന് തുള്ളുന്നതേയുള്ളൂ, തുളുമ്പുന്നില്ല! ആ കണ്ണിൽ നിന്ന് ഒരു ഗാനം വിരിഞ്ഞു. കണ്ണ് തുള്ളുന്നത് താളാത്മകമായാണ്. അപ്പോൾ ആ കണ്ണിൽ നിന്ന് വിരിഞ്ഞ ഗാനവും താളാത്മകമാണ്. അത് എന്നും തുള്ളിക്കളിക്കും തന്റെ ഉള്ളിൽ എന്ന് കവി അല്ലെങ്കിൽ നായകൻ. അപ്പോൾ കവിയുടെ ഉള്ളിൽ ഒരു തരംഗം പോലെ എന്നെന്നും തുള്ളിക്കളിക്കുന്ന ഗാനം അല്ലെങ്കിൽ ആ ഗാനത്തിനു പ്രചോദനം വെള്ളിപ്പളുങ്കു തുള്ളുന്ന നായികയുടെ മിഴികളാണ് എന്നാണ്. അല്ലെങ്കിൽ കവിയുടെ മനസ്സിലെ കവിതയ്ക്കെല്ലാം താളവും ഭാവവും നൽകിയിരുന്നത് നായികയായിരുന്നു എന്ന് സാരം. സങ്കൽപ്പം മോശമല്ല, പ്രത്യേകിച്ച് ഒരു കവിയുടെ ആംഗിൾ വച്ച് നോക്കുമ്പോൾ. ഉള്ളിൽ തരംഗം പോലെ തുള്ളിക്കളിക്കുമെന്നാണ്... ഒരേ നിലയിൽ അല്ലാ, ഓളങ്ങൾ പോലെ ആ പാട്ടുകൾ തുള്ളിക്കളിക്കും, പല വേവ് ലെങ്ത് ഉള്ള പാട്ടുകളും നിന്റെ കണ്ണിൽ വിടർന്ന ഗാനങ്ങൾ നൽകുന്ന താളങ്ങളിലൂടെ എന്നിൽ പ്രചോദനം സൃഷ്ടിക്കും എന്ന് കവി സമ്മതിക്കുന്നു. ശ്രീകുമാരൻ തമ്പി അദ്ദേഹത്തിന്റെ ഭാര്യയെ ഓർത്താണോ ഇതെഴുതിയിരിക്കുന്നതെന്ന് പോലും സംശയിച്ചു പോകുന്നു. അത്ര ആത്മാർത്ഥതയുണ്ട് ഈ വരികൾക്ക്.

പൂ കൊഴിയും വഴിവക്കിൽ പൊന്മുകിലിൻ മുഖം നോക്കി
ഞാനിരിക്കും നീ പോയാൽ നാളുതൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം

നാളുതൊട്ടു നാളെണ്ണുക എന്നാൽ താൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ വിയോഗം മുതൽ സ്വജീവത്യാഗം വരെയുള്ള സമയമാണ്. തന്റെ ഇണ ഈ ലോകമോ തന്നെയോ വിട്ടുപോയാൽ പോയനാളുതൊട്ട് എന്റെ ജീവൻ പോകുന്ന നാൾ വരെ ഞാൻ ദിനമെണ്ണിയിരിക്കും എന്ന് നായിക പറയുന്നതിനപ്പുറമൊന്നും ഒരു കാമുകിക്ക് പറയാനില്ല. പൂ കൊഴിയുന്നത് കടന്നു പോകുന്ന കാലത്തിന്റെ പ്രതീകമായാണ്. ഋതുക്കൾ കടന്നു പോകുന്നു. മാത്രമല്ല പൂകൊഴിയുന്ന വഴിവക്കിൽ നിന്നെയും പ്രതീക്ഷിച്ചിരിക്കും എന്ന് നായിക പറയുന്നു. നീ പോയാൽ വീടും നാടും എല്ലാമുപേക്ഷിച്ച് നിന്നെയും പ്രതീക്ഷിച്ചിരിക്കും എന്നാണവളുടെ മൊഴി. നീ അരികിൽ ഇല്ലാത്ത അവസ്ഥ. നിന്നെയും കാത്ത് ആകാശത്തേക്ക് മുഖമുയർത്തി നീ വരുന്നതും പ്രതീക്ഷിച്ചു ഞാനിരിക്കും. നീ പോയാൽ എന്ന് പറഞ്ഞിരിക്കുന്നതുകൊണ്ട് നീ എന്നെ പിരിഞ്ഞു പോയാൽ ഞാൻ എന്റെ നാളെണ്ണിയിരിക്കും എന്നു തന്നെയാണ്. കാരണം അവനില്ലാത്ത ലോകം അവൾക്കുമില്ല. അവൻ അകന്നു പോയ ലോകത്ത് അവളുടേയും ദിനങ്ങൾ എണ്ണപ്പെട്ടു എന്നു തന്നെ. വീണ്ടും എനിക്കും നിനക്കും ഒരു ലോകം എന്ന് പറയുന്നതിലൂടെ ഭൂമിയിലായാലും സ്വർഗ്ഗത്തായാലും നിന്റെയൊപ്പമേ എനിക്ക് ജീവിതമുള്ളൂ എന്ന് പരസ്പരം പറയുന്ന ആ അലിഞ്ഞു ചേരലാണ്. അതിന്റെ വിശുദ്ധിയും ബന്ധത്തിന്റെ ആഴവും അളക്കാൻ കഴിയാത്തതുമാണ്. നീയില്ലാത്ത ജീവിതം കാർമേഘങ്ങൾ നിറഞ്ഞതാകും. അതിനിടയിൽ നിന്റെ സ്വർണ്ണത്തുടുപ്പാർന്ന മേഘത്തിന്റെ വരവും കാത്ത് നാളുകളെണ്ണി ഞാൻ കഴിയും എന്നും ഗായിക സമാശ്വസിക്കുന്നതായും പറയാം.

ഒരു ഗാനത്തിന്റെ ശിൽപ്പഭംഗിയെക്കുറിച്ച് നാം പറയാറുണ്ട്. അതിന്റെ ശിൽപ്പ ഭദ്രതയെക്കുറിച്ചും ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ അതെന്താണെന്ന് ചോദിച്ചാൽ അതിനുദാഹരണമായി നിരത്താൻ കഴിയുന്ന ഗാനങ്ങളിൽ ഒന്നാണിത്. പല്ലവിയുടേയും രണ്ടു ചരണങ്ങളുടേയും അവസാന വരി എങ്ങനെ ഗാനവുമായി ആദ്യന്തം മനോഹരമായി കോർത്തിണക്കിയിരിക്കുന്നു എന്നതിനു ഒരു പാഠവും കൂടിയാണ് ഈ ഗാനം. പല്ലവി ഒരു രീതിയിലും അതിനോട് യാതൊരു ബന്ധമില്ലാത്ത നിരർത്ഥകങ്ങളായ അനുപല്ലവിയും ഇവതമ്മിൽ ഒരുതരത്തിലും ഇണങ്ങാത്ത ചരണവും കൂടി ചെവിയിലേക്ക് തുളച്ചു കയറുന്ന ഇക്കാലത്ത് അൽപ്പം 'റിലാക്സ്' ചെയ്യുവാൻ ഈ ഗാനം കേൾക്കുന്നത് നല്ലതാണ്. കവിഭാവന സഞ്ചരിക്കുന്ന വഴിയിലൂടെ നമ്മുടെ മനസ്സും ചരിക്കുന്നത് ഇതിൽ അനുഭവവേദ്യമാകുന്നതായി നമ്മൾ അറിയുന്നു, ആസ്വദിക്കുന്നു.

ശ്രീരാഗത്തിന്റെയോ മദ്ധ്യമാവതിയുടേയോ ഭാവങ്ങളിൽ നെയ്തെടുത്ത പല്ലവിയിൽ നിന്നും ചരണാന്ത്യത്തിലേക്ക് കടക്കുമ്പോൾ വൃന്ദവനസാരംഗയെന്ന് തോന്നിപ്പിക്കുന്ന രസക്കൂട്ടുകൾ ചേർത്ത സംഗീതത്തിലൂടെ മനോഹരമായ ഒരു പ്രണയ, ലളിത ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നു സുന്ദരരാജൻ എന്ന സംഗീത സംവിധായകൻ. കേൾക്കാൻ ഇമ്പമുള്ള സംഗീതം. ബഹളമില്ലാത്ത പശ്ചാത്തല സംഗീതം. എം.ജി. ശ്രീകുമാറിന്റെയും സുജാതയുടേയും ശ്രുതിമധുരമായ ആലാപനം. ഇവയെല്ലാം ഈ ഗാനത്തെ മികച്ചു നിർത്തുന്നു.

ഇതിന്റെ കവർ പാടിയിരിക്കുന്നത് ദേവരാജൻ മാസ്റ്ററിന്റെ പ്രിയ ശിഷ്യയായ ഡോ. രശ്മി മധുവും സൊഷ്യൽ മീഡിയയിൽ തന്റെ ശബ്ദസൗകുമാര്യം കൊണ്ട് ശ്രദ്ധനേടിയ കുട്ടനാട്ടുകാരനായ ഗോപനും ചേർന്നാണ്. ഇരുവരും അതിസുന്ദരമായി ഇതിന്റെ കവർ വേർഷൻ പാടിത്തന്നു. രണ്ടു പേർക്കും നന്ദി അറിയിക്കുന്നു.

[ശ്രീകുമാരൻതമ്പി ചിത്രം കടപ്പാട് മനോരമ]

AttachmentSize
Image icon appu4.jpg31.22 KB
Image icon appu1.jpg98.7 KB
Image icon appu3.jpg120.15 KB
Audio: 
Contributors: