മഴവില്ലിൻ മാണിക്യവീണ... കാവാലം ഇനിയൊരോർമ്മ...!

കാവാലം മുള്ളൂക്കാരൻ

മൂന്നു ദിവസം മുൻപ് മലയാളത്തിലെ ഏറ്റവും വിപുലമായ ഗാനശേഖരമായ m3db.com നുവേണ്ടി ഗാനങ്ങൾക്ക് ഒരു പ്രമോ ഉണ്ടാക്കുന്നതിന്റെ ഭാഗമായി ചുരുങ്ങിയ വാക്കുകൾകൊണ്ട് ചില ഗാനങ്ങളെ അടയാളപ്പെടുത്താൻ അവസരം ലഭിച്ചപ്പോൾ ആദ്യം എഴുതാനെടുത്ത പാട്ടുകളിൽ രണ്ടെണ്ണം കാവാലത്തിന്റേതായിരുന്നു എന്നത് വളരെ യാദൃശ്ചികമായി. പാട്ടുകളുടെ വരികൾ വായിച്ച് അതിന്റെ അർത്ഥതലങ്ങൾ തിരയുക എന്നത് വളരെ ആസ്വദിച്ച് ഞാൻ ചെയ്യുന്ന ഒരു വിനോദമാണ്. എഴുതുന്നവർ കാണുന്നതും കാണാത്തതുമായ മേഖലകൾ അനാവരണം ചെയ്യുന്നതിൽ അനല്പമായ സന്തോഷവും ഞാൻ അനുഭവിച്ചിരുന്നു. മറ്റ് പാട്ടെഴുത്തുകാരിൽ നിന്ന് വ്യത്യസ്തമായി കാവാലത്തിന്റേയും കോന്നിയൂർ ഭാസിന്റേയും രചനകൾ എന്നെ പലപ്പോഴും കുഴക്കിയിരുന്നു. നമ്മുടെ ഭാവന വച്ച് ഒരു ഭാഷ്യം ചമയ്ക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ കവി എന്താണ് ഉദ്ദേശിച്ചിരിക്കുക എന്ന സന്ദേഹം ഏറ്റവുമധികം അനുഭവപ്പെട്ടത് ഇവരുടെ രചനകൾ പഠനത്തിനു വിധേയമാക്കിയപ്പോഴാണ്. കോന്നിയൂരിനോട് ചോദിക്കാൻ കഴിയാത്ത ലോകത്തേക്ക് അദ്ദേഹം നേരത്തേ നടന്നകന്നു. കഴിഞ്ഞ ദിവസം കാവാലത്തിന്റെ രചനകളുമായി മൽപ്പിടുത്തം നടത്തുമ്പോഴായിരുന്നു അദ്ദേഹത്തോട് നേരിട്ട് പല സംശയങ്ങളും ചോദിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ വീണ്ടും ആഗ്രഹിച്ചത്. പക്ഷേ അതിനും ദിവസങ്ങൾക്കു മുൻപുതന്നെ അദ്ദേഹം പ്രതികരിക്കുവാൻ കഴിയാത്ത ശാരീരിക അവസ്ഥയിലേക്ക് വഴുതിവീണു എന്ന് ഇന്നലെയാണ് അറിയുന്നത്. വർഷങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ മകനും ഗായകനുമായ ശ്രീ കാവാലം ശ്രീകുമാറിനോട് ഒരു മെസേജിലൂടെ അച്ഛനെ ഒന്ന് കാണാൻ സാധിക്കുമോ എന്നു ഞാൻ ചോദിച്ചിരുന്നു. ഇപ്പൊഴും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് ശ്രീ കാവാലവും അരങ്ങൊഴിയുന്നത്. 

സാഹിത്യം എഴുതിക്കൊടുത്ത് സംഗീതം ചെയ്യുന്ന അവസ്ഥകളിൽ 90% രചനയിലും അർത്ഥത്തിനു പൂർണ്ണതയുണ്ടാകും. വളരെ  ചുരുക്കം ഗാനസാഹിത്യത്തിൽ മാത്രമേ കവിയിൽ ഉറങ്ങിക്കിടക്കുന്ന സംഗീതജ്ഞൻ തന്നിലെ കവിയുമായി പോരിനേർപ്പെടുകയുള്ളൂ. അത്തരം, സംഗീതാത്മകത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നീക്കുപോക്കുകൾ രചനയിൽ വരുത്താൻ ശ്രമിക്കുന്നിടത്താണ് 10 ശതമാനം അർത്ഥത്തിനുപരിയായി താളാത്മകതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് എഴുതപ്പെടുന്നതും ആശയഭദ്രത ചോർന്നുപോകുന്നതും. എന്നാൽ കാവാലം, നൈസർഗ്ഗീകമായ സംഗീത അടിത്തറയുണ്ടായിരുന്ന പ്രതിഭകൂടിയായിട്ടുകൂടി എഴുതിക്കൊടുക്കുന്ന സാഹിത്യത്തിൽ അത്തരം 'കോമ്പ്രമൈസ്' ചെയ്യുന്ന ശീലം കാണാൻ എനിക്കു കഴിഞ്ഞില്ല. ഉണ്ടായിരുന്നുവെങ്കിൽ അനുവാചകർക്ക് വേഗം പിടികിട്ടുന്ന സുവിദിതമായ ബിംബങ്ങൾകൊണ്ട് ഗാനരചനകൾ പൂർത്തീകരിക്കുവാൻ അദ്ദേഹത്തിന് എളുപ്പമായിരുന്നു. എന്നാൽ എഴുതുന്നതിലെ ബിംബങ്ങൾ നമ്മൾ കരുതുന്ന സാധാരണധർമ്മങ്ങൾക്ക് കടകവിരുദ്ധമായി നിലകൊണ്ട് ഗാനാത്മകതയിൽ തന്നെ ഉറച്ചു നിന്ന് ശ്രോതാക്കളിൽ കൂടുതൽ ചിന്തയ്ക്ക് അവസരം സൃഷ്ടിക്കുവാൻ വിട്ടുകൊടുത്തുകൊണ്ടുള്ള സംവാദാത്മകമായ തനതു രചനാശൈലിയായിരുന്നു അദ്ദേഹം പിന്തുടർന്നിരുന്നത്. അതുകൊണ്ടുതന്നെ വളരെ ഉയർന്ന ഭാവനയും നിരൂപണബുദ്ധിയും കൈമുതലായുള്ളവർക്കുപോലും അദ്ദേഹത്തിന്റെ രചനകളിലെ കല്പ്പനകൾ ഒരു കൈദൂരത്തിനപ്പുറം പിടിതരാതെ നിലകൊണ്ടു. അതുമൂലം ബാലിശമെന്ന് ആദ്യം തോന്നിയിരുന്നത് പലതും പിന്നീട് ആവർത്തിച്ചുള്ള ചിന്തയിൽ വിശാലമായ ഒരർത്ഥം പേറുന്നവയാണെന്ന് തോന്നൽ ഉളവാക്കിയിട്ടുമുണ്ട്. എന്റെ പോരായ്മകളിൽ ഒന്നായി പലതും ഇപ്പൊഴും എന്താണെന്ന് വേർതിരിച്ചെടുക്കാൻ കഴിയാതെയുമുണ്ട്!

കണ്ണുകൾ കൊണ്ട് ആസ്വദിക്കേണ്ടവയെ കാതുകൊണ്ടും കാതുകൊണ്ട് അനുഭവിക്കേണ്ടവയെ കാഴ്ചകൊണ്ടും അടയാളപ്പെടുത്തുന്ന അപൂർവ്വം രചനാശൈലിയും അദ്ദേഹം അനുവർത്തിച്ചിരുന്നു. അതിനേക്കുറിച്ച് കൂടുതലായി വിശദീകരിക്കുന്നില്ല. എങ്കിലും ഒരു ചെറിയ ഉദാഹരണം പറഞ്ഞുകൊള്ളട്ടെ. ഘനശ്യാമസന്ധ്യാഹൃദയം നിറയെ ഒരു മഴവില്ലിന്റെ മാണിക്യവീണ മുഴങ്ങി എന്ന് കേൾക്കുന്നവരും പാടുന്നവരുമൊന്നും അതിന്റെ അർത്ഥതലങ്ങളിലേക്ക് കടന്നുചെല്ലാതെയാണ് അതാസ്വദിക്കുന്നത്. എങ്കിലും അതിന്റെ ആസ്വാദ്യതയ്ക്ക് കുറവൊന്നും വരുന്നില്ല. സാഹിത്യത്തിൽ അന്തർലീനമായ ഭാവാർത്ഥങ്ങൾക്കുപരിയായി പ്രൗഢമായ വാക്യഘടനയുടെ മനോഹാരിതകൊണ്ടുതന്നെ ഒരു ഗാനത്തെ ആസ്വാദക ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ പോരുന്ന സൗഭഗം ഒരു സാഹിത്യത്തിൽ ഉൾക്കൊള്ളിക്കുക എന്നത് അത്ര ചെറുതായ കാര്യമല്ല. ആർക്കും മനസ്സിലാകാത്ത രീതിയിൽ എഴുതുന്നതാണ് മഹത്തരം എന്നല്ല, മറിച്ച് ആർക്കും എപ്പൊഴും കയറിയിറങ്ങി എടുത്തുകൊണ്ടുപോകാവുന്ന ഒരു നിധിശേഖരമായി തന്റെ സൃഷ്ടിയെ തുറന്നിടാതെ വലിയ താഴിട്ടുപൂട്ടിയ, അപ്രാപ്യവും എന്നാൽ ചിന്തിക്കുന്നവർക്ക് പരിശ്രമത്തിലൂടെ തുറന്ന് അകത്തുപ്രവേശിക്കാവുന്നതുമായ വലിയ വാതിലുകളുള്ള ഒന്നായി അതിനെ നിലനിർത്തുകയും ചെയ്തു എന്നതിലാണ് അദ്ദേഹത്തിന്റെ പ്രതിഭ മനസ്സിലാക്കപ്പെടേണ്ടത്. കൂടുതൽ അർത്ഥതലങ്ങളിലേക്ക് കടക്കാതെ ഒരു ഗാനമായി നിന്ന് ആസ്വദിക്കുന്ന സാധാരണക്കാർക്കും, സാഹിത്യത്തിന്റെ ചുഴികൾക്കുള്ളിൽ നിന്ന് ഭാവനകൾ കണ്ടെടുക്കുന്ന നിരൂപകർക്കും സദാസന്നദ്ധമായി അദ്ദേഹത്തിന്റെ രചനകൾ നിലകൊണ്ടു. സന്ധ്യ എന്നു കേൾക്കുമ്പോൾ ചുവപ്പുനിറമാണ് മനസ്സിൽ ഓടിയെത്തുക. ഘനശ്യാമ എന്ന വിശേഷണം ചേർത്തപ്പോൾ മഴക്കാർമൂടിയ സന്ധ്യയായി. സന്ധ്യയുടെ നിറം ചുവപ്പാണ്. ചുവപ്പെന്നാൽ രാഗമാണ്. രാഗമെന്നാൽ പ്രണയമാണ്. ആ പ്രണയം തെളിഞ്ഞതല്ല, ഇരുണ്ടുമൂടിക്കെട്ടിയതാണ്. ആ മഴക്കാർ നൈരാശ്യത്തിന്റേതാണ്, വിരഹത്തിന്റേതാണ്, വേദനയുടേതാണ്. മഴവില്ല് കണ്ണുകൾക്ക് സുഖം പകരുന്നതാണ്. വീണ കാതുകളിൽ സംഗീതം പൊഴിക്കുന്നവയും. മഴവില്ല് ഒരിക്കലും പാടില്ല, സംഗീതം പൊഴിക്കുകയുമില്ല. അതു വർണ്ണം മാത്രമാണ്. സംഗീതം കാണാനും കഴിയില്ല! പക്ഷേ മഴവില്ലിന്റെ മാണിക്യവീണ മുഴങ്ങി എന്നാണ് കവി പറയുന്നത്. മഴവില്ലിൽ ഏഴുനിറങ്ങളാണ്, സ്വരങ്ങളും ഏഴ്. ആ മഴവില്ലിലെ നിറങ്ങളെ സംഗീതത്തിലെ സ്വരങ്ങളുമായി രൂപകപ്പെടുത്തിയിരിക്കുന്നു. അവിടെ സന്ദേഹമല്ല; മഴവില്ലിന്റെ മാണിക്യവീണ മുഴങ്ങി എന്നുതന്നെ തറപ്പിച്ചു പറയുന്നു കവി. ആകാരംകൊണ്ട് മഴവില്ലിനെ ഒരു വീണയോട് ഉപമിച്ചിരിക്കുന്നതിന്റെ കാൽപ്പനിക ഭംഗിയ്ക്കൊപ്പം 'നിറയെ' എന്ന വാക്കിലൂടെ ആ മഴവില്ല് സന്ധ്യയിൽ നിറഞ്ഞു നിൽക്കുന്ന ഒരു സംഗീത-വർണ്ണ പ്രതിഭാസമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു. മഴക്കാറുള്ളപ്പോഴാണ് മഴവില്ലുതെളിയുന്നത്. അത് തെളിയുന്നത് സന്ധ്യാസമയവും. സ്വന്തം രാഗം നഷ്ടമായ സന്ധ്യയുടെ ഹൃദയത്തിന് മഴവില്ല് സാന്ത്വനമായി എത്തുന്നത് ഒന്നിനുപകരം ഏഴു വർണ്ണങ്ങൾ നൽകിക്കൊണ്ടാണ്. അതിന്റെ സംഗീതാത്മകതയാണ് തുടർന്നും മുന്നോട്ടുപോകുവാൻ അതിനു പ്രതീക്ഷ നൽകുന്നതും. അത് പ്രതീക്ഷിക്കുന്നു എന്ന് കണ്ടുതന്നെയാണ് വീണ്ടും ആ മാണിക്യവീണ മുഴങ്ങുന്നതും. പരസ്പരപൂരകങ്ങളായ ഒരു ബന്ധത്തിന്റെ നിർമ്മലത കാണാതെ പോകാൻ നമുക്കാകില്ല. ചുരുങ്ങിയ വെറും നാലുവരിയിലാണ് ഇങ്ങനെ വന്നുനിറയുന്ന ആശയത്തിന്റെ പ്രളയം! 'ഘനശ്യാമ സന്ധ്യാഹൃദയം' എന്നതിനെ ഒരു ഭൂമികയായോ സന്ദർഭമായോ സങ്കൽപ്പിച്ച് ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരാശയവും പറയാം. പക്ഷേ അപ്പോഴും അദ്ദേഹം മനസ്സിൽക്കണ്ട ഭാവനയിലേക്ക് എത്തിച്ചേർന്നു എന്നു് എനിക്കവകാശപ്പെടാൻ കഴിയാത്ത, ഒരുപക്ഷേ അദ്ദേഹത്തിനുപോലും പൂർണ്ണമായി വിശദമാക്കാൻ കഴിയാതെ നിൽക്കുന്ന, ഒരാളുടെ പ്രതിഭ വ്യക്തിക്കും ബുദ്ധിക്കുമതീതമായി നിലകൊള്ളുമ്പോൾ ഉണ്ടാകുന്ന ഒരപൂർണ്ണത അതിൽ അവശേഷിക്കുകയും ചെയ്യുന്നു. അങ്ങനെ ചിന്തിക്കുന്തോറും പുറപ്പെട്ടയിടത്ത് തിരിച്ചെത്താനാകാതെ അലയേണ്ടിവരുന്ന ഒരു തരം വിഭ്രാന്തിയിലേക്ക് ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്ന വിസ്മയകരമായ രചനാശൈലികൊണ്ട് സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ മിക്ക രചനകളും. നിറങ്ങളേപാടൂ, പുലരിത്തൂമഞ്ഞുതുള്ളിയിൽ, കാന്തമൃദുലസ്മേര, ഗോപികേ നിൻ വിരൽ, പൂവാംകുഴലിപ്പെണ്ണിനുണ്ടൊരു, പ്രേമയമുനാതീരവിഹാരം, യാത്രയായ് വെയ്ലൊളി, ശാരദ നീലാംബര തുടങ്ങിയ ഗാനങ്ങളിലെല്ലാം ഇതേപോലെ ഒളിഞ്ഞുകിടക്കുന്ന അനേകം മുത്തുകൾ ആസ്വാദകർക്ക് കണ്ടെടുക്കുവാൻ സാധിക്കും.

അദ്ദേഹത്തിന്റെപ്പറ്റി പറയുവാൻ ഒരുപാടുണ്ട്. പക്ഷേ ഈ അവസരത്തിൽ അതിനു തുനിയുന്നില്ല. ഒരു ഗാനത്തിന്റെ പല്ലവിയെക്കുറിച്ചു പറഞ്ഞാൽത്തന്നെ ഒന്നരപ്പുറത്തിൽ ഒതുങ്ങുന്നില്ലെങ്കിൽ പിന്നെ അദ്ദേഹം വിഹരിച്ചിരുന്ന മേഖലകളെക്കുറിച്ച് എങ്ങനെ ഒതുക്കിപ്പറയും! നഷ്ടമാണ്, മലയാളത്തിനു മാത്രമല്ല, ഇൻഡ്യൻ ക്ലാസിക് സംഗീത-നാടക രംഗങ്ങൾക്കും അതേപോലെ നാടൻ കലകൾക്കും, പാട്ടുകൾക്കുമെല്ലാം...തീരാനഷ്ടം.. മരിക്കുന്നവരുടെ കണ്ണുകളും കരളുമെല്ലാം സൂക്ഷിച്ചുവച്ചു മറ്റൊരാൾക്ക് മാറ്റിവയ്ക്കപ്പെടുന്നതുപോലെ ഇങ്ങനെ കടന്നുപോകുന്ന മഹാരഥന്മാരുടെ അറിവുകളും പ്രതിഭയും കൂടി ശേഖരിച്ചു വച്ച് മറ്റുള്ളവരിലേക്ക് പകരാനാകുന്ന ഒരു സങ്കേതം ഉണ്ടായിരുന്നെങ്കിൽ എന്ന് ബുദ്ധിശൂന്യതയാണെങ്കിൽക്കൂടി ഓർത്തുപോകുന്ന ചുരുക്കം ചില വേർപാടുകളിൽ ഒന്നാണിത്. കാലം അദ്ദേഹത്തിന്റെ സംഭാവനകളെ സുവർണ്ണലിപികളിൽത്തന്നെ രേഖപ്പെടുത്തും; ഒപ്പം മലയാള തലമുറകളും...!

വേദനയിൽകുതിർന്ന നഷ്ടബോധത്തോടെ, ആദരവോടെ, വിട............

[കാവാലത്തിന്റെ പ്രൊഫൈൽ ചിത്രത്തിന് ഷാജി മുള്ളൂക്കാരനോട് കടപ്പാട്]

AttachmentSize
Image icon kavalam1.jpg106.22 KB
Image icon kavalam2.jpg103.25 KB
Contributors: