ഒഴിവുദിവസം ലെൻസിലൂടെ മനുഷ്യ മനസ്സിന്റെ ഉൾക്കാഴ്ച്ചകളിലേയ്‌ക്ക്...

ODK_LENS

ഒരു ജനാധിപത്യ പ്രക്രിയ നടക്കുമ്പോളും മദ്യലഹരിയിലലിഞ്ഞ്  തന്റെതായ സന്തോഷം കൊണ്ടാടുന്ന മലയാളിയുടെ നേർക്കാഴ്ച്ചയിൽ തുടങ്ങുന്നു സനൽ തന്റെ ഒഴിവു ദിവസത്തെ കളി. പ്രേക്ഷകനെ ഒരു സാക്ഷിയുടെ ആവരണത്തിൽ മൂടി ഒരു കഥാപാത്രമാക്കി മുന്നോട്ടു നീങ്ങുന്ന സിനിമ.

ആദ്യം നമ്മേ ആ അഞ്ചംഗ മദ്യപ സംഗത്തിന്റെ കൂടെ ഇരുത്തുന്നതിനായി അവർ പോയ വനത്തിനു നടുവിലെ പ്രക്യതിയെ വരച്ചു കാണിച്ചു വരാൻ പോവുന്ന കാഴ്ചവട്ടത്തിന് തിരി കൊളുത്തി സംവിധായകൻ. കാട്  മനുഷ്യരിൽ വന്യത  വളർത്തും എന്ന ചിന്തയാണ് പിന്നീട് തെളിഞ്ഞു കാണുന്നത്. ആരും തങ്ങളെ കാണുന്നില്ല എന്ന ധൈര്യവും മദ്യത്തിന്റെ ഉന്മാദവും മനുഷ്യരുടെ പുറം മോടിയിൽ നിന്നും വന്യ ജീവിയുടെ സ്വഭാവത്തിലേക്കെത്തിക്കുന്നു.

സ്ത്രീയേ ഭോഗ വസ്തുവായി കാണുന്ന കണ്ണുകൾ; സുഹൃത്തിന്റെ കുലം ജാതി നിറം ഇവയെല്ലാം വിശകലനം ചെയ്യുന്ന കറുത്ത മനുഷ്യ മനസ്സ്,  എന്ത് വ്യത്തികേട് പൊതു സമൂഹത്ത് കാണിച്ചാലും സ്വന്തം  കുടുംബത്തിനെ മാത്രം സ്വന്തം മനസ്സിലെ അതി ഭയങ്കര സുരക്ഷാ വലയത്തിൽ വയ്ക്കുന്ന മനുഷ്യ മനസ്സ് ,ഇവയിലൂടെ അടിയന്തിരാവസ്ഥ മുതൽ സമകാലീന രാഷ്ട്രീയ സംഭവങ്ങൾ വരെ ഒരു നിഴൽ പോലെ അനാവരണം ചെയ്യുന്ന ഒരു കൊച്ചു സിനിമ ,അതാണ് ഒഴിവു ദിവസത്തേ കളി.

ഈ സിനിമയുടെ താളം പതിഞ്ഞതാണ്.
സ്വാഭാവികതയാണ് സിനിമയുടെ മുഖമുദ്ര.
ഒരു കളിയിലൂടെ പല കാര്യങ്ങൾ വളരെ ലളിതമായി നമ്മൾക്ക് കാണിച്ചു തരുന്ന ഒരു നല്ല ശ്രമം... അതാണീ സിനിമ.
ഇത് തീയേറ്ററുകളിൽ എത്തിച്ചതിൽ ആഷിഖ് അബുവിന് സന്തോഷിക്കാം.

എന്തോ എനിക്ക് സനലിന്റെ ഒരാൾ പ്പൊക്കം ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്. ലളിതമല്ലാത്ത പ്രേക്ഷകനെ പല തലത്തിൽ ചിന്തിപ്പിച്ചത് കൊണ്ടായിരിക്കാം അങ്ങിനെ വന്നത്.

ഇനി ലെൻസിലെ കാഴ്ചകൾ :

ഗംഭീര പ്രമേയം,അതി മനോഹര ഫ്രയിമുകൾ, ഒരു സൈക്കോ ത്രില്ലറിന്റെ രസമുള്ള അവതരണം. അതാണ് ലെൻസ്. ഇന്റെർനെറ്റിന്റെ തിക്തവും ,തീക്ഷണവും, ക്രൂരവുമായ ലൈംഗിക ഉന്മാദം വരച്ചു കാട്ടുന്നു ലെൻസ്.

ഇത് ഫീൽ ഗുഡ് സിനിമയല്ല. നിങ്ങൾക്ക് മുമ്പിൽ കറുത്ത, നഗ്ന സത്യങ്ങളെ കാട്ടി തരുന്ന ബ്രില്യൻറ് സിനിമയാണ്. സ്വന്തം സുഖത്തിനായി അടച്ചിട്ട മുറിയിൽ മൃഗ തൃഷ്ണയിൽ മുഴുകുന്ന യുവത്വം, കൂട്ടിന് സെക്സ് ചാറ്റും. മറ്റുള്ളവന്റെ സ്വകാര്യതയിൽ അതീവ താത്പര്യമുള്ള ,അവന്റെ കിടപ്പറയിൽ ഉളിഞ്ഞു നോക്കി അസ്വദിക്കുന്ന തലമുറ അത് ഇൻറർനെറ്റിലുടെ മറ്റുള്ളവരെ കാണിക്കുന്നതിലൂടെ കൂടുതൽ ഉന്മാദ അവസ്ഥയിൽ എത്തുന്നു.

ജയപ്രകാശ് രാധാകൃഷ്ണൻ എന്ന സംവിധായകന്റെ ബ്രില്യൻസ് എന്തെന്നാൽ കറുത്ത മനുഷ്യ മനസ്സിന്റെ ഭോഗ തൃഷ്ണയെ സിനിമയുടെ ഭൂരിഭാഗം 2 മുറിക്കുള്ളിൽ മാത്രം വരുന്ന വീഡിയോ ചാറ്റ് രംഗങ്ങളിലൂടെ നമ്മളെ മുൾമുനയിൽ നിർത്തുന്ന ഒരു ത്രില്ലർ  പടുത്തുയർത്തി എന്നതാണ്...അതി ഗംഭീര ദൃശ്യങ്ങൾ ഈ സിനിമയ്ക്ക് കൂടുതൽ മിഴിവേകി ( അതിലേറയും indoor രംഗങ്ങൾ എന്നതാണ് പ്രേത്യേകത)

ഈ സിനിമ വിജയിപ്പിക്കേണ്ടതാണ്. ടിക്കെറ്റെടുത്തു കാണുക. കാണാൻ സൗകര്യം ഒരുക്കിയ ലാൽ ജോസിന് നന്ദി. ഈ സിനിമ കണ്ട് മാത്രം ആസ്വദിക്കേണ്ടതാണ്. എഴുതി അറിയിക്കാനാവില്ല ആ അനുഭവം. Its Haunting...!

മലയാള സിനിമയിലെ മാറ്റത്തിന്റെ കാറ്റാണ് ലെൻസും ,ഒഴിവു ദിവസത്തെ കളിയും. ആ മാറ്റത്തിൽ നിങ്ങളും അണിചേരൂ...