കമ്മട്ടിപ്പാടം - പുലയാടികളുടെ ലോകം

വന്‍മരങ്ങള്‍ വെട്ടേറ്റ് വീഴുമ്പോള്‍ തങ്ങളുടെ ആവാസം നഷ്ടപ്പെട്ട പക്ഷിക്കൂട്ടങ്ങളുടെ നെഞ്ചു കീറുന്ന കലപില ശബ്ദം കേട്ടിട്ടുണ്ടോ? അത് പോലെ ചങ്കില്‍ കൊളുത്തി വലിക്കുന്ന ഒരു നിലവിളിയാണ് 'കമ്മട്ടിപ്പാടം'. ലംബമായും തിരശ്ചീനമായും വികസിക്കുന്ന നഗരങ്ങള്‍ ആദ്യം വിഴുങ്ങുക ചില അരികുജീവിതങ്ങളെയാണ്. ഒാര്‍മ്മകളുടെ പാടങ്ങളെ രാക്ഷസ യന്ത്രങ്ങള്‍ കൊണ്ട് നിരപ്പാക്കി അതിനു മുകളില്‍ ആകാശ സൗധങ്ങള്‍ പണിയുമ്പോള്‍ ഒറ്റയടിക്ക് കുഴിച്ചു മൂടപ്പെടുന്നത് ഒരു സമൂഹത്തിന്റെ ഭൂതകാലത്തെ തന്നെയാണ്. അങ്ങനെ വന്യമായ ഒാര്‍മ്മകളും പേറി പേടിപ്പെടുത്തുന്ന ഭാവിയിലേക്ക് അരക്ഷിതത്വത്തോടെ നീങ്ങുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് 'കമ്മട്ടിപ്പാടം'.

എറണാകുളം മെട്രോ നഗരമായി രൂപാന്തരം പ്രാപിക്കുന്നതിന് മുമ്പ് നഗരഹൃദയത്തില്‍ തന്നെയുണ്ടായിരുന്ന കമ്മട്ടിപ്പാടത്തെ മനുഷ്യരിലൂടെയാണ് രാജീവ് രവി ഈ കഥ പറയുന്നത്. പ്രത്യക്ഷത്തില്‍ നിര്‍ദ്ദോഷമെന്നും നിസ്സാരമെന്നും തോന്നുന്ന 'ബ്ലാക് ടിക്കറ്റ്' വില്പനയിലൂടെ ക്രൈമിന്റെ ഇരുണ്ട ലോകത്തെത്തുന്ന കുറച്ച് കൗമാരപ്രായക്കാര്‍ പിന്നീട് സംഘടിത കുറ്റകൃത്യങ്ങളുടെ മുന്‍നിരയിലെത്തുന്നതും വളരുന്ന നഗരത്തിലെ ദല്ലാളന്‍മാരുടെ കയ്യിലെ ഉപകരണങ്ങളായി മാറുന്നതും കലര്‍പ്പില്ലാതെ ആവിഷ്കരിച്ചിരിക്കുന്നു ഈ ചിത്രത്തില്‍. വെട്ടിപ്പിടിക്കലുകളുടെയും കുരുതികളുടെയും ആഘോഷങ്ങളുടെയും ഉന്മാദാവസ്ഥയില്‍ നിന്നും എല്ലാം ഉപേക്ഷിച്ച് അവരവരുടെ ചെറിയ ലോകത്തിന്റെ തുരുത്തിനുള്ളില്‍ കഴിഞ്ഞു കൂടാന്‍ ആലോചിക്കുമ്പോളാണ് തങ്ങളുടെ തന്നെ ഭൂതകാലം ഒരു വേട്ടമൃഗത്തെപ്പോലെ തിളങ്ങുന്ന കണ്ണുകളുമായി പിന്നില്‍ പതുങ്ങി നില്‍പ്പുുണ്ടെന്ന് അവര്‍ അറിയുന്നത്. വേട്ടക്കാരും ഇരകളും മാറിമറിയുന്ന, ചോരയുടെ മണമുള്ള, സൗഹൃദത്തിന്റെ ചൂരുള്ള, പ്രണയത്തിന്റെ ചൂടുള്ള ആ ലോകത്തിന്റെ കഥ മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ അനാവൃതമാകുന്നത് പ്രേക്ഷകന് ഒരു മികച്ച സിനിമാനുഭവമായി മാറുന്നു.

മൂന്ന് കാലഘട്ടങ്ങള്‍ ഇടകലര്‍ന്ന നോണ്‍-ലീനിയര്‍ ആഖ്യാന രീതിയാണ് രാജീവ് രവി സ്വീകരിച്ചിരിക്കുന്നത്. അത് കൊണ്ടു തന്നെ പ്രേക്ഷകന്റെ ജാഗ്രതയോടു കൂടിയ ഒരു കാഴ്ചാപരിചരണം ഈ സിനിമ ആവശ്യപ്പെടുന്നുണ്ട്. പൊതുസമൂഹമെന്ന പോലെ മലയാള മുഖ്യധാരാ സിനിമയും പാര്‍ശ്വവത്കരിച്ച് നിര്‍ത്തിയിരിക്കുന്ന ഒരു സമുദായത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ മുഖ്യ / ഉപ കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ച രാജീവ് രവി പ്രത്യേക അഭിനന്ദമര്‍ഹിക്കുന്നു. നാമമാത്രമായ പ്രാതിനിധ്യത്തിലുപരി അവരുടെ ഉത്സവം, ചടങ്ങുകള്‍, പാട്ടുകള്‍, ആഹാരം, ജീവിതരീതി എന്നിവയൊക്കെ സിനിമയുടെ കഥാഗതിയില്‍ വിളക്കിച്ചേര്‍ത്തിട്ടുമുണ്ട്. മധു നീലകണ്ഠന്റെ ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും സിനിമയെ ആദ്യന്തം ഉദ്വേഗഭരിതമാക്കി നിലനിര്‍ത്തുന്നതില്‍ സംവിധായകനെ ഏറെ സഹായിച്ചുിട്ടുണ്ട്.

മികച്ച കാസ്റ്റിംഗ് ആണ് ഈ സിനിമയുടെ ശക്തികളിലൊന്ന്. ഒാരോ സിനിമ കഴിയുന്തോറും തന്നിലെ അഭിനേതാവിനെ രാകി മൂര്‍ച്ചപ്പെടുത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഇതിലെ കൃഷ്ണന്‍ എന്ന കഥാപാത്രത്തെ മികച്ച കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. കഥാഗതിയില്‍ കഥാപാത്രത്തിനുണ്ടാകുന്ന പക്വത വിശ്വസനീയമായ രീതിയില്‍ പ്രേക്ഷകരിലേക്ക് പകരുന്നതില്‍ ദുല്‍ഖര്‍ വിജയിച്ചിട്ടുണ്ട്. ആദ്യ ചിത്രത്തില്‍ തന്നെ അമ്പരപ്പിക്കുന്ന പ്രകടനവുമായി മണികണ്ഠൻ മലയാള സിനിമയിൽ തന്റെ വരവ് ഗംഭീരമാക്കി. ഒൗചിത്യബോധം ഒട്ടുമില്ലാത്ത, തന്റേടം ഏറെയുള്ള ബാലന്‍ എന്ന ഗ്യാങ് ലീഡറെ ഇരിപ്പിലും നടപ്പിലും അനുഭവിപ്പിച്ച് നിറഞ്ഞാടുകയായിരുന്നു ഈ കലാകാരന്‍. നായിക ഷോണ്‍ റോമിയും ശബ്ദം നല്കിയ സ്രിന്റയും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു. വ്യത്യസ്തമായ വേഷത്തില്‍ സൗബിനും ഞെട്ടിച്ചു.

ഇതിനെല്ലാമുപരി ഈ സിനിമ വിനായകന്‍ എന്ന നടന്റെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിന്റെ പേരിലും എന്നും അറിയപ്പെടും. എന്തൊരു പ്രകടനമാണ്! സിനിമയുടെ കഥ വികസിക്കുന്നത് കൃഷ്ണന്റെ (ദുല്‍ഖര്‍) വീക്ഷണത്തിലൂടെയാണെങ്കിലും കേന്ദ്ര കഥാപാത്രം വിനായകന്‍ അവതരിപ്പിച്ച ഗംഗ തന്നെയാണ്. തന്റെ മണ്ണും കൂടെയുള്ള മനുഷ്യരും നഷ്ടപ്പെടുമ്പോള്‍ ഒറ്റപ്പെട്ടു പോകുന്ന നഗരസന്തതിയായി വിനായകന്‍ അവിശ്വസനീയ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. പാതിരാത്രി കൃഷ്ണനെ ഫോണ്‍ ചെയ്തുന്ന സമയത്തൊക്കെ അയാൾ അഭിനയിക്കുകയല്ല..ഗംഗയായി ജീവിക്കുക യാണ്. കമ്മട്ടിപ്പാടത്തു നിന്നും എറണാകുളം മെട്രോയിലെത്തുമ്പോള്‍ ഗംഗ കരയിലെടുത്തെറിയപ്പെട്ട മത്സ്യത്തെപ്പോലെ പിടയുന്നത് ഒരു നീറ്റലായി അനുഭവപ്പെടും. മറ്റുള്ളവര്‍ തന്നിലവശേഷിപ്പിച്ച് പോയ പാപകര്‍മ്മങ്ങളുടെ കൂമ്പാരം കൊണ്ട് ഒഴുക്ക് നിലച്ച ഗംഗയുടെ നിശ്ശബ്ദമായ നിലവിളി പെട്ടെന്നൊന്നും മറക്കാനാവില്ല. ജീവിതത്തിന്റെ താളമുള്ള ഒരു സിനിമ കൂടി നല്കിയ രാജീവ് രവിയ്ക്ക് നന്ദി.

Contributors: