ലീല കിട്ടിയോ..കിട്ടി..കിട്ടി..!

ടെക്നോളജി വളർന്ന് പന്തലിച്ചും കുന്തലിച്ചും നിൽക്കുന്ന കാലത്ത്  ഒരു സിനിമ നാട്ടിൽ റിലീസായ അന്ന് തന്നെ ഖത്തറിലോ സിഡ്നിയിലോ സിംഗപ്പൂരിലോ വീട്ടിൽ ഇരുന്ന് കാണുക എന്നത് അടുത്ത കാലത്തെങ്ങും യാഥാർത്ഥ്യമാവുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു എന്ന് പറഞ്ഞാൽ ഒരൽപ്പം അതിശയോക്തി ആവാതെ തരമില്ല..എങ്കിലും മലയാള സിനിമയുടെ കാര്യത്തിൽ ഇത് ഏറെക്കുറെ ശരിയാണ് താനും. കാരണം ടെക്നോളജിയുടെ വളർച്ചയെ ഏറെക്കുറെ സിനിമാ ചിത്രീകരണത്തിനും നിർമ്മാണത്തിനുമല്ലാതെ അത് കാണികളിലേക്ക് എത്തിക്കുന്നതിന്റെ ടെക്നോളജിയുമായി ഇളമുറ സിനിമാക്കാർ പോലും സമരസപ്പെടാതെ ഇരിക്കുമ്പോഴാണ് മലയാള സിനിമയിലെ ഒരു പഴമക്കാരൻ - സിനിമക്കാരൻ, തന്റെ സിനിമയുമായി ഇന്റർനെറ്റിലേക്കിറങ്ങിയത്..അത്തരമൊരു സ്ഥിതിവിശേഷത്തിന് പിന്നിലെ കാരണങ്ങളെന്തൊക്കെ ആണെങ്കിലും ഈയൊരു വിപ്ലവകരമായ തീരുമാനം എടുത്ത രഞ്ജിത്ത് എന്ന സിനിമാ നിർമ്മാതാവിനോട് ബഹുമാനമുണ്ട്.. 

വിരൽത്തുമ്പിൽ റിലീസ് ചെയ്യപ്പെടുന്ന മലയാളസിനിമകളും വഴികളും 

Reelax.in എന്ന വെബ്ബിലൂടെ ലോകമാകമാനം ഉണ്ണി ആറിന്റെ കഥയിൽ രഞ്ജിത്തിന്റെ ലീല എന്ന സിനിമ റിലീസ് ചെയ്ത് ആദ്യ ദിനം കണ്ടത് അയ്യായിരത്തിലധികം രജിസ്റ്റേർഡ് യൂസേർസ് ആണ് എന്നതാണ് പത്രവാർത്ത. രജിസ്റ്റേർഡ് യൂസേർസിൽ ഫാമിലിയും സുഹൃത്തുക്കളുമൊക്കെയായി അതിന്റെ ഇരട്ടിയോളം ആളുകൾ ഒരേ ദിവസം തന്നെ സിനിമ കാണാൻ സാഹചര്യമുണ്ടായി എന്നതാണ് ഇന്റർനെറ്റ് സ്ട്രീമുകളിൽ നിറഞ്ഞ് നിൽക്കുന്ന ലീലയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെയായി വരുന്ന റിവ്യൂകളും അഭിപ്രായങ്ങളുമൊക്കെ തെളിയിക്കുന്നത്. റിലീസായ ആദ്യ ദിവസമോ ആദ്യ ദിനങ്ങളിലോ സിനിമ കാണുന്നത് ഒരു ഹരമായിക്കണക്കാക്കുന്ന ലോകമലയാളി ആദ്യമൊട്ട് സംശയത്തോടെയും സുഹൃദ് വലയങ്ങളിൽ നിന്നും ഇന്റർനെറ്റ് ചർച്ചകളിൽ നിന്നുമൊക്കെ വരുന്ന ഫീഡ്ബാക്കുകളോടെയും Reelax.in ൽ പുറത്തിറങ്ങിയ ലീല കണ്ടു. സ്ട്രീമിംഗിൽ അധികം പാളിച്ചകളൊന്നുമില്ലാതെ തന്നെ റിലാക്സിൻ ലീലയെ ലോക മലയാളിക്ക് മുന്നിൽ എത്തിച്ചു എന്നത് അഭിമാനിക്കാവുന്ന ഒരു നേട്ടം തന്നെയാണ്.

മറ്റൊരു വെബ്ബായ Reelmonk.com ഇതിനോടകം തന്നെ സ്ട്രീമിഗ്/ഡൗൺലോഡ് ടെക്നിക്കുകൾ കൊണ്ട് കച്ചവടതാല്പര്യമില്ലാതെ മലയാളത്തിൽ നിർമ്മിക്കപ്പെട്ട സിനിമകൾ, തിയറ്ററുകളിൽ ലഭ്യമല്ലാത്ത സിനിമകൾ എന്നിവ പബ്ലീഷ് ചെയ്ത് ശ്രദ്ധയാകർഷിച്ച സമാനമായ പ്ലാറ്റ്ഫോമാണ്.  നിലവിൽ കമ്പ്യൂട്ടറുകളിലും ചില സ്മാർട്ട് ടിവികളിലും ചില നിബന്ധനകളോടെ മാത്രം ലഭ്യമാവുന്നു എന്നത് തുടങ്ങിയ ചില്ലറ ബാലാരിഷ്ഠതകൾ സിനിമാ പ്രേമികൾ രണ്ട് പ്ലാറ്റ്ഫോമുകൾക്കും ചൂണ്ടിക്കാണിക്കുന്നെങ്കിലും മറ്റാരും ഇത്തരമൊരു അവസരം മുന്നോട്ട് വെക്കുന്നില്ല എന്നത് തന്നെയാണ് ഈ രണ്ട് വെബ്ബുകൾക്കും നിലവിൽ ലഭിക്കുന്ന പ്രാമുഖ്യം.

പൈറേറ്റ് ചെയ്യപ്പട്ട ലീല

വേദനിക്കുന്നൊരു യാഥാർത്ഥ്യമായി നിൽക്കുന്ന നായിക കഥാപാത്രം ലീലയേപ്പോലെ തന്നെ ലീല എന്ന സിനിമയും പൈറേറ്റ് ചെയ്യപ്പെട്ടു എന്നതാണ് നിരാശപ്പെടുത്തിയത്. വിപ്ലവകരമായ ഒരു ചുവടുവയ്പ്പിലൂടെ ഇന്റർനെറ്റ് ഉപഭോതാക്കളെ തേടിയെത്തിയ ലീലയെന്ന സിനിമയോട്, മകളെ പ്രാപിച്ച് പങ്ക് വയ്ക്കാൻ തയ്യാറായ തങ്കപ്പൻനായരെന്ന കഥാപാത്രത്തേപ്പോലെ തന്നെയാണ് പൈറേറ്റുകൾ പെരുമാറിയത് എന്ന് പറയേണ്ടി വരും. ക്ലൗഡ് ഹോസ്റ്റിംഗിൽ വീഡിയോ എൻക്രിപ്ഷനും മറ്റുമൊക്കെ എനേബിൾ ചെയ്ത HLS ( Http live streaming) എന്ന സ്ട്രീമിംഗ് ടെക്നോളജിയുമായി റീലാക്സിനിൽ പുറത്തിറങ്ങിയ ലീലയുടെ പൈറേറ്റഡ് കോപ്പികളും ഇറങ്ങി എന്നതാണ് ഒടുവിൽ പുറത്തെത്തുന്ന വാർത്ത. പല ക്ലാരിറ്റികളിലെ വീഡിയോകൾ ഒരേ സമയം സ്ട്രീം ചെയ്യുന്ന അഡാപ്റ്റീവ്  സ്ട്രീമിംഗ് ടെക്നോളജിയാണ് ഇതിന്റെ ഒരു പ്രത്യേകത, അതിനാൽത്തന്നെ ഇതിന്റെ ഡൗൺലോഡുകൾ പരമ്പരാഗതമായ ഡൗൺലോഡിംഗ് സോഫ്റ്റെയറുകൾക്ക് ലഭ്യമാവുകയില്ല എന്നത് ഇതിന്റെ ഒരു സെക്യൂരിറ്റി ഫീച്ചറാണ്.  ഒരു പക്ഷേ സ്ക്രീൻ ക്യാപ്ചർ ചെയ്ത് വീഡിയോ റെക്കോർഡ് ചെയ്താലും രജിസ്റ്റേർഡ് യൂസറിന്റെ പേരും ഐപിയും കോമ്പിനേഷൻ ആയി ഡിജിറ്റൽ സിഗ്നേച്ചർ പോലെ വാട്ടർമാർക്ക് ഇട്ട് പുറത്തെത്തുന്ന റീലാക്സിൻ കോപ്പി തന്നെ ആണോ ടോറന്റിൽ പുറത്തെത്തുന്നത് എന്ന് അറിവായിട്ടില്ല..അങ്ങനെ എങ്കിൽ ആ രജിസ്റ്റേർഡ് ഉപഭോക്താവിന്റെ വിവരങ്ങൾ ട്രാക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാവേണ്ടതില്ല..

പൈറേറ്റ് വീരന്മാർ പറഞ്ഞ വഴി..

ഒരു കാലത്ത് ഇന്റർനെറ്റ് പൈറസിയിലെ ഏറ്റവും ശക്തമായ ടോറന്റ് നെറ്റ്‌വർക്കിൽ സിനിമാ രംഗത്തെ ഏറ്റവും പേരു കേട്ട മൂവി റിപ്പറന്മാർ ( സിനിമയൂടെ ബ്ലൂറേ ഡിസ്കോ ഡിവിഡിയോ ഒക്കെ മൂവി ഫോർമാറ്റിൽ ഇന്റർനെറ്റിൽ റിലീസ് ചെയ്യുന്ന പൈറേറ്റുകൾ) അക്സോയും യിഫിയുമൊക്കെ പതുക്കെ കളം വിട്ടപ്പോൾ അവർ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമായിത്തോന്നുന്നു. സംഗീതം മാർക്കറ്റ് ചെയ്ത് ഇന്റർനെറ്റിൽ ലഭ്യമാക്കുന്നത് പോലെ സിനിമയും തുച്ഛമായും ഏത് ജ്യോഗ്രഫിക്കൽ കണ്ടീഷനുകളിലും സിനിമാ വ്യവസായികൾ തന്നെ ലഭ്യമാക്കുകയാണെങ്കിൽ തങ്ങളേപ്പോലെയുള്ളവർക്കൊന്നും പ്രത്യേകിച്ച് യാതൊരു പ്രാധാന്യവും ലഭിക്കുകയില്ല എന്ന്. ഏറെക്കുറേ ശരിയുമാണത്. എമ്പീത്രി ഗാനങ്ങൾ സ്ഥിരമായി ഡൗൺലോഡ് ചെയ്ത് വച്ചിരുന്ന ആ പഴയ കാലഘട്ടത്തിൽ നിന്ന് ആളുകൾ പുരോഗമിച്ച് കഴിഞ്ഞു. ഇന്റർനെറ്റ് ബാൻഡ്‌വിഡ്ത്ത് ലോകവ്യാപകമായി സുലഭ ലഭ്യമായതോടെ പല മ്യൂസിക്ക് വെബ്ബുകളും യൂട്യൂബുമൊക്കെ പാട്ടുകൾ സ്ട്രീം ചെയ്യുന്നത് കാരണം ഇപ്പോൾ ആരെങ്കിലും പാട്ടുകൾ സ്ഥിരമായി ടോറന്റിലോ മറ്റ് പൈറേറ്റ് സൈറ്റുകളിലോ പോയി ഡൗൺലോഡ് ചെയ്യാൻ കളയുന്നുണ്ടോ എന്ന് സംശയമുണ്ട്. കുത്തിയിരുന്ന് ഡൗൺലോഡ് ചെയ്യുന്ന സമയവും ബാൻഡ്‌വിഡ്ത്തും ഡാറ്റാ സ്റ്റോറേജും ചിലവാക്കുന്നതിനു പകരം സ്ട്രീം ചെയ്ത് 720/1080p ക്ലാരിറ്റിയിൽ സിനിമ കാണാൻ അവസരമൊരുങ്ങുകയാണെങ്കിൽ പൈറേറ്റ് വെബ്ബുകളിൽ നിന്നും സിനിമ ഡൗൺലോഡ് ചെയ്ത്  കാണുന്നവരെ ഒരു പരിധിവരെ മാർക്കറ്റ് ചെയ്യാൻ സാധിക്കും എന്നത് നെറ്റ്ഫ്ലിക്സ് പോലെയുള്ള സിനിമാ സ്ട്രീമിംഗ് വെബ്ബുകളും ഇതിനോടകം തെളിയിച്ചതാണ്.  ഇപ്പോൾ മലയാളത്തിലുംrelaax.in കൊണ്ടു വന്നത് അത്തരമൊരു വിപ്ലവകരമായൊരു മുന്നേറ്റമാണ്..

സിനിമാ പൈറസിയുടെ പ്രത്യയശാസ്ത്രവും ഭാവിയും..

ഒരു കാരണവശാലും ഒന്നും പൈറേറ്റ് ചെയ്യുകയില്ല എന്ന് ദൃഡപ്രതിജ്ഞയെടുത്ത ഒരു സഹപ്രവർത്തകൻ എനിക്കുണ്ട്. ഇന്റർനെറ്റിൽ നിന്ന് പൈറേറ്റ് ചെയ്ത് ഒരു പാട്ടോ സോഫ്റ്റെയറോ സിനിമയോ ഉപയോഗിക്കില്ല എന്നത് അദ്ദേഹത്തിൻന്റെ നയമാണ്. ഇത് കാണുന്ന മക്കൾ കള്ളത്തരം ചെയ്ത് വളരരുത് എന്നതാണ് അദ്ദേഹം പറയുന്ന കാരണങ്ങളിലൊന്ന്. എന്നാൽ ഒരു ദിവസം അദ്ദേഹത്തിന്റെ ബിസിനസ് പ്രസന്റേഷന് ആവശ്യമായ ഒരു സംഗീതം എങ്ങും ലഭ്യമല്ലാതെ, ഇന്റർനെറ്റിൽ നിന്നും വാങ്ങാനും ഗതിയില്ലാതെ, ഒരു പൈറേറ്റഡ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യേണ്ടതായി വന്നു. ഗ്രാന്റഡ് പൈറസിയുടെ ഭാഗമാകാതിരിക്കാൻ ഏത് നീതിമാനും സാധ്യമല്ല എന്ന് പറയുന്നത് പോലെയാണിത്..പൈറേറ്റുകളും ഏറെക്കുറേ ഇത് പോലെ പല തരത്തിലാണുള്ളത്. ഒന്ന് ഗത്യന്തരമില്ലാതെയുള്ള പൈറേറ്റുകൾ - കാണാൻ ആഗ്രഹിക്കുന്ന സിനിമ തങ്ങളുടെ തിയറ്ററുകളിലോ, ദൃശ്യപരിധിയിലോ ലഭ്യമല്ലാതെയിരിക്കുക, സിനിമ റിലീസിനെത്തിയ ദിവസങ്ങളിലോ ആഴ്ച്ചകളിലോ സിനിമ കാണണമെന്ന ആഗ്രഹം എന്നിവയൊക്കെയാണ് ഇക്കൂട്ടർ പൈറേറ്റ് ചെയ്തൊരു സിനിമ ഡൗൺലോഡ് ചെയ്ത് കാണാൻ ആഗ്രഹിക്കുന്നത്. ഇക്കൂട്ടരെ റിലാക്സിൻ പോലെയുള്ള സംരംഭങ്ങളിലൂടെ സിനിമാ വ്യവസായത്തിലെ ഉപഭോക്താക്കൾ ആക്കാവുന്നതേയുള്ളു എന്നത് തെളിയിക്കപ്പെട്ടു കഴിഞ്ഞു.   

രണ്ടാമത്തെ കൂട്ടർ അൽപ്പം കടുത്ത പൈറസിക്കാരാണ്. ജന്മനാ പൈറിയന്മാർ..കുത്തക, സ്വാതന്ത്ര്യം, പിയർ-ടു-പിയർ നെറ്റ്‌വർക്ക് സ്വകാര്യത, മറ്റ് വരട്ടുവാദങ്ങൾ തുടങ്ങിയ പറഞ്ഞ് പൈറസിയെ വാഴ്ത്തുന്നവർ, ആഘോഷിക്കുന്നവർ. ഇക്കൂട്ടർ സിനിമ ലഭ്യമായാലും അല്ലെങ്കിലുമൊക്കെ പൈറേറ്റ് ചെയ്തേ കാണുകയുള്ളു. അവരിൽ ഏറിയ പങ്കും തിയറ്ററുകളിൽ പോയി സിനിമ കാണുന്ന കൂട്ടരോ അല്ല..നിയമപരമായ നടപടിയും ഇക്കൂട്ടരെ എത്രത്തോളം അഡ്രസ് ചെയ്യാനാകും എന്നതും സംശയകരമാണ്. പക്ഷേ ഇവർ ഉണ്ടാക്കിയെടുക്കുന്ന പൈറസി നെറ്റ്‌വർക്കിന് ഉപഭോക്താക്കളാവുന്നത് ഏറിയ പങ്കും ആദ്യം പറഞ്ഞ ഗത്യന്തരമില്ലാതെ ഡൗൺലോഡ് ചെയ്യുന്നവരാണ്. അതിനാൽത്തന്നെ ഒരു പക്ഷേ സംഗീതം ലഭ്യമാക്കിയത് പോലെ സിനിമ സർവ്വത്ര സിനിമ എവിടെയും എളുപ്പത്തിലും കുറഞ്ഞ വിലക്കും ലഭ്യമാവുന്ന സിനിമ എന്നൊരു കാലഘട്ടം വരെ അവർ അത് തുടരാനാണ് സാധ്യത. യിഫിയും അക്സോയും ടോറന്റിൽ നിന്ന് പതുക്കെപ്പതുക്കെ പ്രാധാന്യമില്ലാത്തവരായി മാറിയത് പോലെ കാലഘട്ടം തെളിയിക്കേണ്ട കാര്യമാണത്. റിലാക്സിനും, റീൽമോങ്കും അത്തരം സമാന സംരംഭങ്ങളും സിനിമകളെ സാർവ്വത്രികമായും കൂടുതൽ ലളിതമായും  ലഭ്യമാക്കുന്ന പ്ലാറ്റ്ഫോറമുകളായി ഇനിയും ഏറെ ദൂരം പോയാൽ, അവരുടെ ഉപഭോക്താക്കളും ഒത്തൊരുമിച്ച് പിടിച്ചാൽ, ആ ലക്ഷ്യത്തിലേക്ക് പതുക്കെ നടന്നെത്താവുന്നതേയുള്ളു..

പൈറസിയെ എതിർക്കാൻ നിയമവും നിയന്ത്രണങ്ങളുമല്ല..അതുക്കും മേലെ നിന്ന് കളിക്കണം..കിട്ടിയോ..?..അത്ര പെട്ടെന്ന് കിട്ടുകേല..അതാ..!  

Article Tags: