"നിറഞ്ഞുപെയ്യുന്ന ക്ലീഷേയ്ഡ് മഴയിൽ നനഞ്ഞുതീരുന്ന മൊയ്തീനും കാഞ്ചനയും”

തുടക്കം മുതൽ ഒടുക്കം വരെ പെയ്തിറങ്ങുന്ന മഴ, സിനിമകളിൽ പ്രണയത്തിന്റെ പറഞ്ഞു നനഞ്ഞ ഒരു ഡിവൈസാണ് മഴ, തൂവാനത്തുമ്പികളിലെ മഴ അതിലെ പ്രണയത്തിനൊപ്പം ഇന്നും മനസിൽ വെയിലുകൊള്ളിക്കാതെ വച്ചിരിക്കുന്ന പ്രേക്ഷകരുടെ നാടാണിത്. സോഷ്യൽ മീഡിയയിൽ മഴയ്ക്ക് ക്ലാര എന്ന പേരുവരെ എഴുതിച്ചേർത്തുകൊണ്ട് അതിനെ ഒരു സെലിബ്രേഷൻ വരെയാക്കി..

പറഞ്ഞുതുടങ്ങിയത് തൂവാനതുമ്പികളെ കുറിച്ചല്ല, ഇന്ന് തിരശ്ശീലകളെ പെയ്ത് നനയിച്ച് ഹിറ്റായിമാറിയ "എന്ന് നിന്റെ മൊയ്തീനെ" കുറിച്ചാണ്.
പ്രണയത്തിന്റെ സിനിമാറ്റിക് വിഷ്വൽ ക്ലീഷേകളും, ഇപ്പോ 'അതു' സംഭവിക്കും എന്ന മുൻസൂചനകളോടേ അവതരിപ്പിക്കുന്ന 'അൺസർട്ടൈനിറ്റി'യും തുടക്കം മുതൽ ഒടുക്കം വരെ പെയ്തിറങ്ങുന്ന സിനിമ.
പ്രണയത്തിൽ മാത്രമല്ല ആകെയുള്ള തമാശയിൽ പോലും ക്ലീഷേകൾ കോരിച്ചൊരിയുന്നു. മീശ വടിക്കുന്ന ബാർബർ, റോഡിൽ എവിടേയ്ക്കോ ഓടുന്നവർക്കൊപ്പം പകുതി പണിയിൽ ഇറങ്ങി ഓടുമ്പോൾ പകുതി വടിച്ച മീശയുമായി പോകുന്ന വടിക്കാനിരുന്നവൻ മലയാള സിനിമയുടെ തുടക്ക കാലം മുതൽ ‘തമാശ വടിക്കാനായി’ ഇരിക്കുന്നത് നമ്മളൊക്കെ കണ്ടു മറന്ന ക്ലീഷേയാണ്.
മലയാള സിനിമാ ഗാനങ്ങളിൽ ഇതെത്രാമത്തെ തവണയാണൂ കഥകളിവേഷക്കാരും വാദ്യക്കാരും ഒരു പണിയുമില്ലാതെ പാടത്തുകൂടി ചുമ്മാ ബാക്ഗ്രൗണ്ട് ആർട്ടിസ്റ്റുകളായി മാറുന്നത്.

ഒരു സംഭവകഥ പറയുന്നിടത്ത് കഥ പറയുന്ന രീതി, അതിനിടയിൽ സിനിമയാക്കാൻ കയറ്റുന്ന ഒബ്ജക്റ്റുകൾ, ഒക്കെയാണു അതിന്റെ സിനിമ. കഥ സംഭവ കഥയായി അവിടെ തന്നെയുണ്ടാകും. (അതിനോട് എത്രമാത്രം നീതി പുലർത്തി എന്നതൊക്കെ മറുവശചിന്തകളാണ്, ആ സംഭവകഥയുമായി ബന്ധപ്പെട്ട് എം എൻ കാശശ്ശേരിയുടെ ആർട്ടിക്കിൾ ഒക്കെ വായിക്കുമ്പോൾ അങ്ങിനെ തോന്നുന്നു).

പ്രണയമല്ലേ ഇരിക്കട്ടെ, സീൻ ബൈ സീൻ ഒരു മഴ, ക്ലൈമാക്സിലും മഴ ആവശ്യമുള്ളതാണു എന്നാണു ഉദ്ദേശിച്ചത് എങ്കിൽ ഒന്നും പറയാനില്ല, എങ്കിൽ ആ അപകടം വിശ്വസനീയമായി ചെയ്തൊരുക്കാനായില്ല എന്നു പറയേണ്ടിവരും. കാഴ്ചയിൽ അവിശ്വസനീയതയുടെ കല്ലു കടിച്ചു. സിനിമയിലെ അവതാരകൻ പല രംഗങ്ങളും പറഞ്ഞുപോയപോലെ, ആ സീനും അയാളുടെ ശബ്ദത്തിൽ അങ്ങു പറഞ്ഞുപോയിരുന്നു എങ്കിൽ കാഴ്ചക്കാർ തന്നെ മനസിൽ അവരവരുടെ സങ്കൽപ്പചിത്രങ്ങൾ കഥയാക്കി ഒരുക്കി വിശ്വസിച്ചേനെ. 50 വർഷം മുന്നേ ചെയ്ത ചെമ്മീനിൽ നിന്നും എന്തെങ്കിലും  ഈ ചുഴിയുടെ ചിത്രീകരണത്തിലും അവതരണത്തിലും മുന്നിട്ട് നിൽക്കുന്നോ എന്നു മാത്രം ചിന്തിച്ചാൽ മതി. (മുന്നിടാൻ ശ്രമിച്ചതൊക്കെ പാളിപ്പോയ ഒരു ഗ്രാഫിക് ശ്രമമായി കണ്ണിൽ കുത്തുന്നുമുണ്ട്).
 
ആരുടെ മുന്നിലും തോൽക്കാത്ത ശക്തമായ കഥാപാത്രങ്ങൾ പ്രത്യേകിച്ചും നായകന്റെ അഛൻ അവന്റെ മുന്നിൽ തോറ്റിട്ട് അന്നത്തെ ഇരിപ്പിലും കിടപ്പിലും മരിക്കുന്നത് നമ്മൾ ഒരുപാടു കണ്ടതാണ്, അതുകൊണ്ടു തന്നെ രാത്രിയിൽ അയാൾ പോകുന്നതിന്റെ പിന്നാലെ നമ്മുടെ മനസും അയാളുടെ ഒടുങ്ങലിലേയ്ക്ക് പോകുന്നു. അങ്ങിനെ ഓരോന്നിലായി അരിച്ചിറങ്ങുന്ന ക്ലീഷേകൾ.
ക്ലൈമാക്സിലെ സീനിൽ അബുജാക്ഷൻ പറഞ്ഞ ആ, "നായകൻ ഇവിടെ പുഴയിൽ മുങ്ങിക്കൊണ്ടിരിക്കുന്നു .. നായിക അവിടെ അവനൊപ്പം ജീവിക്കാൻ ഉടുത്തൊരുങ്ങുന്നു.. നായകൻ ഇവിടെ പുഴയിൽ മുങ്ങിക്കൊണ്ടിരിക്കുന്നു .. നായിക അവിടെ അവനൊപ്പം ജീവിക്കാൻ ഉടുത്തൊരുങ്ങുന്നു.." എന്നതിൽ എത്തി നിൽക്കുന്നു.
സംവിധായകൻ കഥപറയാൻ കൺസീവ് ചെയ്ത രീതിയ്ക്ക് അനുസരീച്ച് ഫ്രെയിമും വെളിച്ചവും നിഴലും ഒരുക്കിയ ജോമോനും, പാർവതിയും ലെനയും അവരവരുടെ കഥാപാത്രങ്ങൾ അവതരിപ്പിച്ച രീ‍ീതിയും്ം എടുത്തു പറയാതെ പോകാൻ കഴിയില്ല. പ്രിത്ഥ്വിരാജ് ഒട്ടുമിക്ക് സീനിലും പ്രിത്ഥ്വിരാജ് മാത്രമായി ഒതുങ്ങിപോയി എന്നു തോന്നിപ്പിച്ചു നീങ്ങി.

പക്ഷെ കഥ എങ്ങിനെ പറഞ്ഞാലും.സിനിമ ഭയങ്കര ഹിറ്റായില്ലേ?
ആൾക്കാർ ഇപ്പോഴും കാശുമുടക്കി തീയറ്റർ നിറഞ്ഞിരുന്നു കാണുകയല്ലേ?,
പിന്നെ തനിക്കെന്താ എന്നാണു ചോദ്യമെങ്കിൽ, ഒരു ഉത്തരം കൂടി ഇവിടെ വച്ചു പോകുന്നു,
'ഞാനും കാശു മുടക്കിയാ കണ്ടത്. അതുകൊണ്ടാ പറഞ്ഞതും'

-കുമാർ നീലകണ്ഠൻ

Contributors: