എന്റെ മുന്നിൽ മലകയറിപ്പോയ റാണിയും പത്മിനിയും

റാണി പത്മിനി. റാണിയും പത്മിനിയും മാത്രം. രസകരവും പവർഫുളും ആയുള്ള രണ്ടു കഥാപാത്രങ്ങളുടെ മേകിംഗ്. സ്ത്രീപക്ഷമായൊരു സിനിമാ ഉടുത്തൊരുക്കൽ. അതുകൊണ്ടുതന്നെ രസകരമായി നീങ്ങുന്ന സിനിമ. നായകനോ നായകന്റെ വീരസ്യങ്ങൾക്കോ ഒന്നും സ്കോപ്പില്ലാത്ത ഫോക്കസ്ഡ് ആയ സിനിമ (ഫോക്കസ്ഡ് ആകേണ്ടിയിരുന്ന സിനിമ) ഇങ്ങിനെ ഒരു ബ്രാക്കറ്റ് ആദ്യമേ പറഞ്ഞുവയ്ക്കണം ഈ സിനിമയെ കുറിച്ചു പറയാൻ ഒരുങ്ങുമ്പോൾ.
ഈ കുറിപ്പിൽ സിനിമയുടെ കഥയിറങ്ങിവരുമോ എന്ന ഭയം എനിക്കില്ല. അങ്ങിനെയിറങ്ങി ഒഴുകാൻ ഈ സിനിമയിൽ കഥാസാഗരം ഒന്നും ഒന്നും ഒളിപ്പിച്ചുവച്ചിട്ടില്ല. സിനിമയിൽ അങ്ങിനെ ചുറ്റിവരിഞ്ഞ ഒരു കഥാകടുപ്പം ആവശ്യം ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു പ്രേക്ഷനും അല്ല ഞാൻ. കഥപറയൽ അല്ലല്ലോ സിനിമ.

റാണി എന്ന റിമയും പത്മിനി എന്ന മഞ്ജൂവാര്യരും.
പത്മിനി എന്ന നാട്ടിൻ പുറത്തെ വൈദ്യരുടെ നാട്ടിൻപുറത്തുകാരിയായ മകളും, ആരേയും കൂസാത്ത തന്റെ കാര്യങ്ങളുടെ നേട്ടങ്ങൾക്കായി തന്റെ മാത്രം രീതിയിൽ ചുവടുവയ്ക്കുന്ന റാണി എന്ന നഗരയുവതിയും.
നഗരം ഡൽഹി.
വ്യക്തമാക്കിയാൽ ഭർത്താവിനെയും അമ്മയേയും സേവിക്കാൻ നാട്ടിൽ നിന്നും വധുവായി ഡൽഹിയിൽ എത്തിയ പത്മിനിയും. അഛൻ ജീവിച്ചു മരിച്ച വീട് അമ്മയ്ക്കാായി സ്വന്തമാക്കാനും  മറ്റു പ്രശ്നങ്ങളിലും കുരുങ്ങി നീങ്ങുന്ന റാണിയും. രണ്ടു പേരും  ഡൽഹിയിൽ നിന്നും സിംലയ്ക്കുള്ള ഒളിച്ചു യാത്രയിൽ ഒരുമിക്കുന്നു. രണ്ടു ലക്ഷ്യങ്ങളും പലപ്പോഴും ഒന്നായി കണ്ടു തുടരുന്ന ഒരു ട്രാവൽ മൂവിയിലേയ്ക്ക് ആ സിനിമ നീളുന്നു. യാത്ര തുടങ്ങിയതിന്റെ റീസൺ എന്നപോലെ യാത്രയിലുടനീളം സിനിമ സ്ത്രീപക്ഷത്ത് കരുത്താർജ്ജിച്ചു നിൽക്കുന്നു.
ഇടയിൽ കല്ലുകളായി കണ്ണിൽ കടിച്ച ചില രംഗങ്ങൾ വന്നു പോയെങ്കിലും പ്രേക്ഷകരും അവർക്കൊപ്പം ആ മലകയറുന്നുണ്ട്. അങ്ങിനെ കയറ്റുന്നതിൽ തുടക്കത്തിൽ എന്ന പോലെ മധു നീലകണ്ഠന്റെ ഫ്രെയിമുകൾ നമ്മളെ ഒരുപാടു ഹെല്പ് ചെയ്യുന്നുണ്ട്. സിനിമയുടെ ഓരോ സീനിനും അതിന്റെ മൂഡിനും അനുസരിച്ച് കാഴ്ചൾക്ക് ഫ്രെയിമിടുന്നതിൽ മധു കാണിക്കുന്ന മികവ് (സംവിധായകനു ഒപ്പം) എടുത്തു പറയാതെ പോകാൻ കഴിയില്ല.

സിനിമയ്ക്കിടയിൽ കയറുന്ന ഷോട്ട് ഫിലിമുകൾ.
ആ കണ്ണിൽ കുരുങ്ങിയ ചില കല്ലുകളിൽ ചിലത് പറായാതിരിക്കാനാവുന്നില്ല. ആഷിക്കിന്റെ തന്നെ സോൾട്ട് & പെപ്പർ എന്ന സിനിമയിൽ സിനിമയുമായി ബന്ധപ്പെടാത്ത ഒരു വരിയിൽ തീരേണ്ട ഒരു കേക്കുണ്ടാക്കൽ സംഭവം തിര നാടകമെഴുതി ഒരുു ഉപകഥപോലെ ഷൂട്ട് ചെയ്തു കാണിക്കുന്നുണ്ട്. ആ പുതുമ അന്ന് ഒരുപാടിഷ്ടപ്പെട്ടു. പക്ഷെ ഇതിൽ അതുപോലെ ഒന്നിനു പകരം രണ്ടു കഥകളാണു തിരനാടകമാക്കി തിരുകി കയറ്റിയിരിക്കുന്നത്. അത് വെറും തിരുകി കയറ്റൽ തന്നെ ആയിപ്പോയി. അതുകൊണ്ടു തന്നെ ഈ നീളം കൂട്ടലിലൂടെ ഒഴിവാക്കാൻ ശ്രമിച്ചത് കഥയില്ലായ്മ എന്ന സ്വയം ബോധമാണോ എന്ന തോന്നിക്കുന്നുണ്ട്.

സ്ത്രീപക്ഷം ചേർന്നൊരു മലകയറ്റം
ഒരു നാട്ടുംപുറത്തുകാരിയും ഒരു നഗരത്തിരക്കുകാരിയും അവരവരുടേയും ഇടയ്ക്ക് അവർ ഒരുമിച്ചും വരച്ച വഴികളിലൂടെ രസകരമായി തന്നെ നമ്മുടെ മുന്നിൽ മല കയറുമ്പോൾ, പിന്നെ അവിടുന്നു പറന്നിറങ്ങുമ്പോൾ. ഇല്ലാത്ത നായകൻ അവിടെ തേരിന്റെ ചക്രം തകർന്ന് ദശരഥനെ പോലെ ഇരിക്കുന്നു. ആ ചക്രം കറക്കി അയാളെ വീണ്ടും യാത്രയ്ക്ക് സജ്ജമാക്കി വിടുന്നുണ്ട് ഈ സ്ത്രീ കഥാപാത്രങ്ങൾ, ഇവരുടെ മിടുക്കിൽ ഇവർ ഒപ്പം കൂട്ടിവന്ന ശക്തമായ  പുരുഷ സംഘത്തിന്റെ സഹായത്തോടെ. രഥമുരുളും മുൻപ്  പത്മിനി ഭർത്താവിനോടു പറയുന്നുണ്ട്. " നീ അങ്ങു വീട്ടിൽ വാ കാണിച്ചു തരാം" എന്ന ഒരു ടോണിൽ അവിടെയും പത്മിനി ബോൾഡായി തന്നെ അത് ഉരുവിടുന്നു. കാരണം അവൾ മല കയറി വന്നത് അവളൂടെ ജീവിതത്തിൽ അവനാൽ പറ്റിക്കപ്പെട്ടു എന്ന ഒരു തിരിച്ചറിവിലാണ്. റാണിയ്ക്ക് ഒപ്പം പ്രേക്ഷകരും കയറിയത് ഈ ഒരു കാരണം മുന്നിൽ നിർത്തി അവനെ തേടി തന്നെയാണ്. നമ്മൾ ഈ സിനിമയിൽ ഇതുവരെ അവരുടെ പക്ഷത്തു നിന്നാണ് കണ്ടത്. വിവാഹാനന്തര നൈമിഷിക പ്രണയത്തിനും അപ്പുറം അവൾക്ക് ഒരു വിലയും കൊടുക്കാത്ത അവനെ ഇനി അവൾ എന്തുചെയ്യണം എന്നൊരു ബോധം കാഴ്ചക്കാരിലും ഉറഞ്ഞുതുടങ്ങാൻ തുടങ്ങിയേക്കാം.

സിനിമ അവിടെ തീർന്നിരുന്നു എങ്കിൽ സന്തോഷമായേനെ, റാണിക്കും പത്മിനിയ്ക്കും ഞങ്ങൾക്കും.
"നീ അങ്ങു വീട്ടിൽ വാ കാണിച്ചു തരാം" എന്ന ടോണിൽ പത്മിനി അവനോടു പറഞ്ഞ ഉറച്ചവാക്കുകളിൽ ഒളിപ്പിച്ചു കടത്തിയ ഒരു പ്രണയം അവളൂടെ ആ ടോണിൽ മുഴച്ചു നിന്നിരുന്നോ, എന്ന് സംശയം തോന്നിയിരുന്നു. അത് സംശയമല്ല എന്നുറപ്പാക്കിയത് പത്മിനിയ്ക്ക് അവൻ സമ്മാനിച്ച കുട്ടിയുമായി അവൾ കുത്തബ് മിനാറിന്റെ മുന്നിൽ "ധന്യ"യായി ഇരിക്കുമ്പോഴാണു. ശക്തമായ രൻടു സ്ത്രീ കഥാപാത്രങ്ങൾ മലകയറ്റി കൊൻടുപോകുമ്പോൾ അത് നമ്മൾ കാണുന്നത് അവർക്കും വളരെ താഴെ നിന്നാണ്, ആ പൊക്കങ്ങൾ അത്രയും വലുതായിരുന്നു. ഒടുവിൽ അവർ കുത്തബ് മിനാറിന്റെ മുന്നിൽ ഇരിക്കുമ്പോൾ അവരുടെയും താഴെ നിനാണ് കുത്തബ് മിനാർ ഷോട്ട് കമ്പോസ് ചെയ്തിരിക്കുന്നത് എങ്കിലും നമ്മൾ നമ്മുടെ മനസിൽ ആ കഥാപാത്രങ്ങളെ, പ്രത്യേകിച്ചും പത്മിനിയെ കാണുന്നത് കുത്തബ് മിനാറിന്റെ മുകളിൽ നിന്നും എന്നപോലെ വളരെ ചെറുതായിട്ടാണ്.

ഒറ്റ സെന്റൻസിൽ ; വളരെ രസകരമായ ഒരു സ്ത്രീപക്ഷ സിനിമയാക്കി കൊണ്ടു വന്ന് അവസാനം ചില രംഗങ്ങളിലൂടെ പൊതുബോധത്തെ സുഖിപ്പിക്കാനായി സിനിമയുടെ രാഷ്ട്രീയത്തെ ഇട്ടുടച്ച ഒരു "നല്ല സിനിമ". നായകൻ ഇല്ലെങ്കിൽ പോലും ഉള്ളവനു സിനിമയിൽ നായകത്വം ഇല്ലെങ്കിൽ പോലും പുരുഷൻ ആണെങ്കിൽ കുടുംബബന്ധവും തലമുറകളും നില നിർത്താൻ സ്ത്രീ എന്നും അവന്റെ മുന്നിൽ തോൽക്കണം,  സിനിമ എന്നും ഇത്തരം മെസേജുകൾ മാത്രം വച്ചു നീട്ടും എന്ന തിരിച്ചറിവ് ഉണ്ട് എങ്കിലും ഈ സിനിമയുടെ അവസാന സീനിനു തൊട്ടു മുൻപുവരെ ഈ സിനിമ അങ്ങിനെ അല്ലല്ലോ എന്നൊരു സന്തോഷം ഉണ്ടായിരുന്നു.

ഒറ്റവാക്കിൽ: പൊതുബോധമാണു സിനിമയുടെ ശത്രു.

(ഈ സിനിമയെ കുറിച്ച് ഇത്രയും നീട്ടിവലിച്ച് എഴുതാൻ കാരണം, എന്തൊക്കെയോ കാരണങ്ങളാൽ എനിക്ക് ഈ സിനിമ ബോറടിച്ചില്ല, എന്തൊക്കെയോ കാരണങ്ങളിൽ എനിക്ക് ഈ സിനിമ ഇഷ്ടമായി, അതിൽ മുൻപേ പടഞ്ഞ മധു നീലകണ്ഠനും, ഷോട്ട് പ്ലാനുകളിലൂടെ ആഷിക് അബുവും ഫെർമോമൻസിലൂടെ മഞ്ജൂ വാര്യരും, റിമയും, ആ അധോലോക നായകനായി വന്ന നടനും, ബിജിബാലിന്റെ ബാക്ഗ്രൗണ്ട് സ്കോറും ഒക്കെ വളരെ നല്ല പങ്കുവഹിക്കുന്നു.)

- കുമാർ നീലകണ്ഠൻ

Contributors: