ഒരാൾപ്പൊക്കം - ഒരു ആസ്വാദനം - മുകേഷ് കുമാർ

അദ്വൈത സിദ്ധാന്തത്തിന്റെ ഉപഞ്ജാതാവ് ആദിശങ്കരന്‍ തന്റെ ഭാരത പര്യടനത്തിനൊടുവില്‍ കേദാര്‍നാഥില്‍ വച്ചാണ് വിദേഹ മുക്തി നേടിയത് എന്ന് പറയപ്പെടുന്നു. രണ്ടല്ലാത്ത സ്ഥിതിയാണല്ലോ അദ്വൈതം. "ഒരാള്‍പ്പൊക്കത്തി"ലെ മഹേന്ദ്രന്‍ കേദാര്‍നാഥിലെത്തുന്നത് ദ്വന്ദങ്ങളിലെ സംഘര്‍ഷത്തെത്തുടര്‍ന്നാണ്. സ്ത്രീ പുരുഷ വൈരുദ്ധ്യങ്ങളുടെ അന്വേഷണമാണ് മഹിയെ അവിടെ എത്തിക്കുന്നതെങ്കിലും ദ്വന്ദങ്ങളിലൂടെയുള്ള ഒരു നീണ്ട യാത്രയായി അത് പരിണമിക്കുകയാണ്. സ്നേഹം/വിദ്വേഷം, ലൗകികത/ആത്മീയത, ജീവിതം/മരണം എന്നീ വൈരുദ്ധ്യം നിറഞ്ഞതും അതെ സമയം പരസ്പര പൂരകങ്ങളുമായ ദ്വന്ദങ്ങളിലൂടെ സഞ്ചരിച്ച് ഒടുവില്‍ പ്രകൃതി/മനുഷ്യന്‍ എന്ന പരമകോടിയിലെത്തുമ്പോള്‍ മഹി 'താന്‍ പിളര്‍ന്ന്' മറ്റൊരു മഹിയായി മാറുകയും ആ യാത്ര അര്‍ത്ഥപൂര്‍ണ്ണമാവുകയും ചെയ്യുന്നു. ഒരര്‍ത്ഥത്തില്‍ കറുപ്പിലും വെളുപ്പിലുമായി നമ്മള്‍ തളച്ചിടുന്ന ജീവിതത്തിന്റെ grey areas തേടിയുള്ള ഒരു യാത്രയാണ് ഒരാള്‍പ്പൊക്കം.

കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ മലയാള സിനിമയിലിറങ്ങിയ ഏറ്റവും മികച്ച സ്വതന്ത്ര സിനിമയാണ് ഒരാള്‍പ്പൊക്കം എന്ന് നിസ്സംശയം പറയാം. Crowd Funding-ലൂടെ പണം സ്വരൂപിച്ചാണ് സിനിമ നിര്‍മ്മിച്ചിട്ടുള്ളത്. പക്ഷേ സിനിമയുടെ final output-ല്‍ ഒരു തരി പോലും നീക്കുപോക്കുകള്‍ നടത്തിയിട്ടില്ലെന്നു മാത്രമല്ല കോടികള്‍ ചെലവാക്കി പടച്ചു വിടുന്ന തട്ടിക്കൂട്ട് കമേഴ്ഷ്യല്‍ സിനിമകളെയും കപട ബുദ്ധിജീവി സിനിമകളെയും പ്രമേയം, ഘടന, അവതരണം എന്നീ മേഖലകളില്‍ കുഞ്ഞന്‍മാരാക്കി ഒരു പര്‍വ്വതത്തോളം തലയുയര്‍ത്തി നില്ക്കുന്നു ഒരാള്‍പ്പൊക്കം.

ടൈംസ് ഒാഫ് ഇന്ത്യ പത്രത്തിന്റെ തിരുവനന്തപുരം ഒാഫീസില്‍ ജോലി ചെയ്യുന്ന മഹേന്ദ്രന്റെ (പ്രകാശ് ബാരെ) കാഴ്ചകളിലൂടെയാണ് സിനിമ വികസിക്കുന്നത്. വ്യവസ്ഥാപിത ബന്ധങ്ങളില്‍ വിശ്വാസമില്ലാത്ത മഹിയുടെ ജീവിതത്തിലേക്ക് ഒരു പൊങ്ങുതടിയെന്ന പോലെ സദാ drift ചെയ്തു നീങ്ങുന്ന മായ എന്ന തമിഴ് സ്ത്രീ (മീന കന്തസ്വാമി) കടന്നു വരുന്നു. അഞ്ചു വര്‍ഷം ലിവിംഗ് ടുഗെദര്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന അവര്‍ പെട്ടെന്നൊരു ദിവസം പിരിയാനിട വരുന്നു. അതിനു മുമ്പേ മറ്റൊരു ബന്ധത്തിന് "വിത്ത് പാകിയിരുന്നുവെങ്കിലും" മായയുടെ വിട വാങ്ങല്‍ മഹിയുടെ ജീവിതത്തില്‍ ഒരു ശൂന്യത സൃഷ്ടിക്കുന്നു. "ആകാശം മറച്ചു വളര്‍ന്ന വന്‍വൃക്ഷം വീണതു" പോലെയാണ് അയാള്‍ക്ക് അത് അനുഭവപ്പെടുന്നത്. യാദൃശ്ചികതയെന്നോണം തന്റെ ഫോണില്‍ നിന്നും മായയുടെ നമ്പര്‍ ഡിലീറ്റ് ചെയ്ത അടുത്ത നിമിഷം മായ അയാളെ ഫോണില്‍ വിളിക്കുന്നു. കേദാര്‍നാഥില്‍ നിന്നാണെന്ന് മായ പറയുമ്പോള്‍ ഭക്തിയാണെന്ന് പറഞ്ഞ് മഹി അവളെ കളിയാക്കുന്നു. "ഭക്തിയും മണ്ണാങ്കട്ടയുമൊന്നുമല്ല...ആകാശം തൊടുന്ന ഈ ഉയരം കണ്ടപ്പോള്‍ നിന്നെ ഒാര്‍ത്തു" എന്നു പറയുന്ന മായയോട് "I knew that you will call me" എന്ന് അഹന്തയോടെ പറയുന്ന മഹി അടുത്ത ദിവസം രാവിലെ ടി വിയില്‍ ലൈവ് ന്യൂസായി കാണുന്നത് ഉത്തരാഖണ്ഡിലെ പ്രളയവും തുടര്‍ന്നുള്ള നാശനഷ്ടങ്ങളും മരണങ്ങളുമാണ്. ഉദ്വേഗത്തോടെ മായയെ ഫോണില്‍ വിളിക്കുന്ന മഹിക്ക് അവളെ ലഭിക്കുന്നില്ല. മായയെ അന്വേഷിച്ച് മഹി നടത്തുന്ന യാത്രയാണ് പിന്നീടുള്ള സിനിമ.

സ്ത്രീ പുരുഷ ബന്ധങ്ങളെ പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധത്തിലേക്ക് മനോഹരമായി ഇണക്കിച്ചേര്‍ത്തിരിക്കുന്നു ഈ സിനിമ. പ്രകൃതിനാശം സംഭവിച്ച ബദ്രിനാഥ്, കേദാര്‍നാഥ് എന്നീ സ്ഥലങ്ങള്‍ സിനിമയുടെ പ്രധാന ഭൂമികയായി തിരഞ്ഞെടുത്തത് ആ കാഴ്ചപ്പാടിന് ബലമേകുകയും ചെയ്തു. പ്രളയത്തില്‍ "ഗംഗ വിഴുങ്ങിയ ശിവന്റെ പ്രതിമ" യഥാര്‍ത്ഥത്തില്‍ പ്രകൃതിയെയും മനുഷ്യനെയും തന്നെയാണ് സൂചിപ്പിക്കുന്നത്. മായ എന്ന പേര് പോലെ ഒരു ഭ്രമാത്മകവും അതേ സമയം അമ്പരപ്പിക്കുന്നതുമായ ഒരു വ്യക്തിത്വമായിരുന്നു അവള്‍ മഹിക്ക്. മായ മാറ്റൊരു വ്യക്തിയല്ല..അയാളുടെ തന്നെ ഒരു ഭാഗമായിരുന്നു.. പുറം ലോകത്ത് മായയെക്കുറിച്ചുള്ള അയാളുടെ അന്വേഷണം അയാളുടെ ഉള്ളിലേക്ക് തന്നെയുള്ള ഒരു യാത്ര ആയിരുന്നു. ലൗകികതയുടെ അവസാന കെട്ടുപാടായ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ദിഗംബരനായി ആഴങ്ങളുടെയും പൊക്കങ്ങളുടെയും കണക്കുകളില്‍ കുഴങ്ങി നില്ക്കുമ്പോള്‍ അയാള്‍ അറിയുന്നു.. പ്രകൃതിയും മനുഷ്യനും രണ്ടല്ല...ഒന്നു തന്നെയെന്ന്.

സനല്‍കുമാര്‍ ശശിധരന്‍ എന്ന രചയിതാവ് - സംവിധായകന് ചുവന്ന പരവതാനി വിരിച്ച് വരവേല്പ് നല്കണം സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍. സിനിമയുടെ ആദ്യ ഫ്രെയിം മുതല്‍ സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞു കിടപ്പുണ്ട്. മഹിയില്‍ നിന്നും പിരിയാന്‍ തീരുമാനിച്ച ശേഷം മായ ബീച്ചില്‍ വന്നിരിക്കുന്ന ഒരു രംഗമുണ്ട്. അവിടെ വച്ച് മഹിയുടെ ഫോണ്‍കോള്‍ അറ്റന്‍ഡ് ചെയ്ത ശേഷം കാറിനടുത്തേക്ക് മായ നടന്നു നീങ്ങുന്ന ദൈര്‍ഘ്യമേറിയ ഒരു ഷോട്ട്. മായയുടെ ഒറ്റപ്പെടല്‍ ഇതിലും ഭംഗിയായി ചിത്രീകരിക്കാന്‍ കഴിയില്ല. കറുപ്പും വെളുപ്പും കള്ളികളുള്ള ഷര്‍ട്ട് ഒരു പ്രതീകമായി സിനിമയിലുടനീളം അവതരിപ്പിച്ചതിലും സംവിധായകന്റെ brilliance തെളിഞ്ഞു നില്ക്കുന്നു. അതു പോലെ തന്നെയാണ് സംഭാഷണങ്ങളും. മഹിയും മായയും തമ്മിലുള്ള സംഭാഷണങ്ങളില്‍ യാതൊരു കൃത്വിമത്വവും അനുഭവപ്പെടുന്നില്ല. മെട്രോ പശ്ചാത്തലമുള്ള സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ ഇത്രയും സ്വാഭാവികമായ ഡയലോഗുകള്‍  അവസാനമായി മലയാള സിനിമയില്‍ കേട്ടത് ലെനിന്‍ രാജേന്ദ്രന്റെ 'മഴ'യില്‍ ലാല്‍-സംയുക്ത വര്‍മ്മ ഉള്‍പ്പെടുന്ന പോര്‍ഷനിലാണ്. ചില സംഭാഷണങ്ങള്‍ മങ്ങാതെ മായാതെ നമ്മോടൊപ്പം വരും. "തിരിച്ചറിയപ്പെടുമ്പോള്‍ കുറ്റവാളി തേടുന്ന ഒളിയിടം പോലയായിരുന്നു എനിക്ക് യാത്ര".. "Don't know is the universal answer.. Philosophy dressed up in spirituality" ഇങ്ങനെ നിരവധി സംഭാഷണ ശകലങ്ങള്‍. അതു പോലെ അരവിന്ദന്റെ ചിദംബരത്തിനു ശേഷം ദാര്‍ശനികമായ നിരവധി അടരുകള്‍ ഒരു മലയാള സിനിമയില്‍ അനുഭവവേദ്യമാകുന്നതും ഈ സിനിമയിലൂടെയാണ്.

സംവിധായകന് മികച്ച പിന്തുണയാണ് ഛായാഗ്രാഹകന്‍ ഇന്ദ്രജിത്ത് നല്കിയിരിക്കുന്നത്. കേദാര്‍നാഥിലേക്കുള്ള വഴി ചോദിച്ച് മുന്നോട്ട് പോകുന്ന മഹിയുടെ വാഹനം ആ രാത്രിയില്‍ നിന്നു പോകുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിലെ ഛായാഗ്രഹണവും ശബ്ദലേഖനവും കണ്ട് standing ovation കൊടുക്കാന്‍ തോന്നിയെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല. സൂക്ഷ്മമായ ശബ്ദങ്ങള്‍ പോലും മിഴിവോടെ പകര്‍ത്തിയിരിക്കുന്നു സിനിമയിലെമ്പാടും. സ്ത്രീ തൊഴിലാളികള്‍ നടന്നു നീങ്ങുമ്പോള്‍ അതിലാരോ ഒരാളുടെ പാദസരക്കിലുക്കം, വെള്ളച്ചാട്ടത്തിന്റെ ആരവം, ടി വി കാണുന്ന മഹിയുടെ മുന്നിലെ ദിനപ്പത്രം കാറ്റില്‍ മിടിക്കുന്നത്..അങ്ങനെ പറയാനേറെയുണ്ട്. ബേസിലിന്റെ സംഗീതവും സിനിമയുടെ മേന്മ വര്‍ദ്ധിപ്പിക്കുന്ന ഘടകമായി. പ്രകാശ് ബാരെ, മീന കന്ദസ്വാമി എന്നിവരെ പരാമര്‍ശിക്കാതെ ഇത് പൂര്‍ണ്ണമാകില്ല. മഹിയും മായയുമായി പകര്‍ന്നാടിയിട്ടുണ്ട് രണ്ടു പേരും.

വന്യജീവികളുടെ അര്‍ത്ഥശൂന്യമായ ആക്രോശങ്ങള്‍ക്ക് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്ത് തിയേറ്ററുകളില്‍ കാത്തുകെട്ടിക്കിടക്കുന്ന പ്രേക്ഷകര്‍ ഒരു വശത്തും പ്രേക്ഷകരോട് പക തീര്‍ക്കാനെന്ന മട്ടില്‍ മലയാള സിനിമയിലെ തന്നെ കടല്‍ക്കിഴവന്‍മാരുടെ ഇനിയും സംവിധാനം ചെയ്യും എന്ന ഉദ്ഘോഷങ്ങള്‍ മറുവശത്തും നില കൊള്ളുന്ന ഈ കാലഘട്ടത്തില്‍ ഒറ്റയാള്‍പ്പൊക്കം പോലുള്ള സിനിമകളെ വിജയിപ്പിക്കേണ്ട കടമ സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകര്‍ക്കുണ്ട്. കാരണം ഇങ്ങനെയുള്ള സിനിമകളാണ് നമ്മുടെ ആസ്വാദനത്തിന്റെ ഉയരവും ആഴവും നമുക്ക് വ്യക്തമാക്കിത്തരുന്നത്.