എന്നും എപ്പോഴും - റിവ്യൂ - ശ്രീഹരി

നൂറു രൂപാ രാജ്മോഹൻ ഉണ്ണിത്താന് ദക്ഷിണ വെച്ച് ആരംഭിച്ചു. കൈരളിയുടെ പടവുകൾ ചവിട്ടുമ്പോൾ നെഞ്ചകത്തെവിടെയോ നൊസ്റ്റാൾജിയയുടെ ഗുൽമോഹർപൂക്കൾ വിരിഞ്ഞു. അപ്പോൾ തന്നെ പൊഴിഞ്ഞു. കുനിഞ്ഞ് നിന്ന് പടവുകളുലൂടെ കൈവിരലുകൾ ഓടിച്ചു. പശ്ചാത്തലത്തിൽ നിന്നും അശരീരിയായ് മന്ത്രം മുഴങ്ങി. 'യസ്യാം സമുദ്രാ...' തീയേറ്ററിനകത്ത് ദേശീയഗാനം മുഴങ്ങിയപ്പോൾ ഹൃദയം പടപടാ മിടിച്ചു. എഴുന്നേറ്റ് നിന്ന് ഉറക്കെ വിളിച്ചു പോയി... ഭാരത് മാതാക്കീ ജയ്... ഭാരത് മാതാക്കീ ജയ്.

സിനിമയ്ക്ക് മുൻപ് കല്യാൺ ജ്വല്ലറിയുടെ പരസ്യം ഇല്ലാതിരുന്നത് തെല്ലൊരു നിരാശ സൃഷ്ടിച്ചു. എങ്കിലും റ്റൈറ്റിൽ കാർഡുകൾ കണ്ടപ്പോൾ ആ നിരാശ നീങ്ങി. കറുത്ത പശ്ചാത്തലത്തിൽ വെളുത്ത വടിവൊത്ത അക്ഷരങ്ങൾ പേരുകൾ തെളിയുന്നു. ആഹ! എന്തൊരു ഭംഗി!

സാധാരണക്കാരനായ കഥാപാത്രമായി ലാലേട്ടൻ അഭിനയിക്കുന്നു. കഴിഞ്ഞ പത്തോ പതിനഞ്ചോ സിനിമകൾ പോലെ ഇതിലും മീശ പിരിക്കാത്ത പഴയ ലാലേട്ടനെ ആരാധകർക്ക് തിരിച്ചുകിട്ടുകയാണ്. സാധാരണക്കാരൻ എന്നു പറഞ്ഞാൽ ഇതില്പരം സാധാരണക്കാരനാവാനില്ല. പല്ലു തേച്ചില്ലെങ്കിലും ചന്ദനക്കുറി തൊടും. ബ്രേയ്ക് ഫാസ്റ്റ് കഴിച്ചില്ലെങ്കിലും ലഞ്ച് നിർബന്ധമാണ്. കാറിന്റെ ബോണറ്റ് പൊക്കിയേ പെട്രോളൊഴിക്കൂ. പച്ചവെള്ളം , പക്ഷേ , ചവച്ചരക്കാതെയാണ് കുടിക്കുന്നത്. വനിതാരത്നത്തിൽ റിപ്പോർട്ടറായി കാലം കഴിക്കുന്നു.

എന്ന് വെച്ച് മഞ്ജു വാര്യർ അവതരിപ്പിക്കുന്ന അഡ്വക്കേറ്റ് ദീപ സില്ലറക്കാരിയാക്കും എന്ന് നിനക്കാതുങ്കോ... അവർ വന്ത് സിങ്കമാക്കും. കൈനറ്റിക് ഹോണ്ടാവിലേ ഊരു സുറ്റും. അനീതിയ്ക്കെതിരെ പ്രതികരിക്കും. കൊച്ചൗസേപ് ചിറ്റിലപ്പള്ളിയിൽ നിന്നും പട്ടും വളയും വാങ്കിയിരുപ്പാർ. ഇടവേളകളിൽ ഭരതനാട്യം കൂട ആടുവാർ.

അങ്ങിനെയൊരു കഥാസന്ധിയിൽ വെച്ച് മോഹൻലാലും മഞ്ജുവും കണ്ടുമുട്ടുന്നു. വഴികൾ ഇടയുന്നു. വ്യക്തികളും ഇടയുന്നു. ലെന വരുന്നു. അപ്പോഴേയ്ക്കും ഇന്റർവെല്ലായി. ഇപ്പ ഇറങ്ങിയാൽ ബാംഗ്ലൂരു ബസ് പിടിയ്ക്കും മുന്നേ ബീഫ് ചില്ലിയും ചപ്പാത്തിയും കഴിക്കാൻ സമയം കിട്ടും എന്ന് മനസിൽ കണക്കു കൂട്ടി. ഇറങ്ങി. ചപ്പാത്തി കഴിക്കുമ്പോൾ ബാക്കി കഥ മനസിൽ കണ്ടു. ഇന്നസ്സെന്റിന്റെ മകൾ ഒളിച്ചോടിയിരിക്കും. അതായിരിക്കണം അങ്ങോർടെ ഹിസ്റ്ററി. മോഹൻലാലിന്റെ സ്റ്റുഡിയോവിലെ ആരെങ്കിലും അനാഥനായിരിക്കുമായിരിക്കും. മഞ്ജു വാര്യർ ഇന്നസ്സെന്റിനെ കുന്നിന്റെ മുകളിൽ മഴയത്ത് കൊണ്ടോയ്യി പാട്ട് പാടുമായിരിക്കും. എന്തേലുമൊരു ഹാപ്പി എൻഡിങ്ങ് കാണുമാരിക്കും. ലെനയുടെ ബൊട്ടീഖിനെക്കുറിച്ചാണാകെയൊരാധി. പൊട്ടിയിരിക്കുമോ?

Contributors: