ലോഹം - 916 ദ്രോഹം - മുകേഷ് കുമാർ

Loham-Poster

ഡ്രൈവര്‍, സാരോപദേശകന്‍, പാചക വിദഗ്ദ്ധന്‍, ഷാര്‍പ്പ് ഷൂട്ടര്‍, സ്ട്രാറ്റജിക് പ്ലാനര്‍...ഇതെല്ലാമാണ് നമ്മുടെ നായകന്‍ രായൂ.. എന്താ? പേര് സിംപിളും പവര്‍ഫുള്ളുമല്ലേ? രായുവും അങ്ങനെ തന്നെ. ഇത് കൂടാതെ പുള്ളി ഹൈക്കൂ പറയും..തമാശിക്കും...പക്ഷേ രായൂ സംഗീതം പഠിക്കാന്‍ സിംഹത്തിന്റെ മടയിലോ, കുറുനരിയുടെ മാളത്തിലോ പോയിട്ടില്ല.. അതു കൊണ്ട് ഹാര്‍മോണിയം വായിച്ചു കൊണ്ടുള്ള ഒരു ഹിന്ദുസ്ഥാനി ഗാനം നമുക്ക് നഷ്ടമായി.

മിസ്സ് ആയ ഭര്‍ത്താവിനെ അന്വേഷിച്ച് കൊച്ചിയിലെത്തുന്ന മിസ്സിസ്സ് ജയന്തി രമേഷ് വാടകക്കെടുത്ത കാറിന്റെ ഡ്രൈവറാണ് നമ്മുടെ രായൂ. ജയന്തിയെയും കൊണ്ട് രായൂ കൊച്ചി മുഴുവന്‍ കറങ്ങുന്നു. ഒരു അവിചാരിത സന്ദര്‍ഭത്തില്‍ രായൂ ഉണ്ടാക്കിയ ദോശയും ചമ്മന്തിയും കഴിച്ച് ജയന്തി ഗര്‍ഭം ധരിക്കുന്നു!! അതേ സമയം ദുഫായില്‍ നിന്നും കടത്തിക്കൊണ്ടു വന്ന സ്വര്‍ണ്ണം നഷ്ടമായത് കണ്ടുപിടിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന അഞ്ചംഗ സംഘവും രമേഷിനെ തിരയുന്നു. അവരുടെ സംശയം രമേഷാണ് ഇതിനു പിന്നിലെന്ന്. രമേഷ് എവിടെയാണെന്ന് അറിയാത്തതിനാല്‍ ജയന്തിയെ തട്ടിക്കൊണ്ടു പോകാന്‍ അവര്‍ പദ്ധതിയിടുന്നു. അങ്ങനെ രായുവുമായി ക്ലാഷിലാകുന്നു. പിന്നെന്താ കഥ?!! ആലോചിക്കട്ടെ..ആലോചിക്കട്ടെ.. ആരൊക്കെയോ വരുന്നു..പോകുന്നു..വരുന്നു...പോകുന്നു..അവസാനം എല്ലാവരും കൂടി ഒരു പോക്കങ്ങ് പോകുന്നു. അത്ര തന്നെ!

സിനിമയുടെ തുടക്കം മുതല്‍ കഥാപാത്രങ്ങള്‍ ഇങ്ങനെ വരിവരിയായി കടന്നു വന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ വാര്‍ഡ് അടിസ്ഥാനത്തിലുള്ള ജാഥ പോലെ.. ഇതോടെ തീര്‍ന്നു എന്ന് വിചാരിച്ചിരിക്കുമ്പോഴാവും അടുത്തത് വരുന്നത്. ക്ലൈമാക്സ് വരെ കഥാപാത്രങ്ങളുടെ ഈ ഒഴുക്കിന് ശമനമില്ല. പകുതിയിലധികം കഥാപാത്രങ്ങള്‍ക്കും സിനിമയില്‍ അവരുടെ സാന്നിദ്ധ്യം എന്തിനാണെന്ന് തന്നെ മനസ്സിലായിട്ടില്ല എന്ന് തോന്നും പ്രകടനം കണ്ടാല്‍. ജാഥ കഴിഞ്ഞ് മൈതാനത്തിന്റെ കോണില്‍ പാര്‍ക് ചെയ്തിരിക്കുന്ന ബസ്സിലേക്ക് പ്രകടനക്കാര്‍ ചെല്ലുന്നത് പോലെ അവസാനം എല്ലാ കഥാപാത്രങ്ങളും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുന്ന രംഗം കാണേണ്ടതു തന്നെ.

ടൈറ്റില്‍ രംഗത്ത് തന്നെ കല്ലുകടി അനുഭവപ്പെട്ടു തുടങ്ങി. പരസ്പര ബന്ധമില്ലാത്ത മൂന്നു തരത്തിലുള്ള രാജാമണിയുടെ ടൈറ്റില്‍ മ്യൂസിക് കേട്ടപ്പോള്‍ എണ്‍പതുകളിലെ ക്രോസ്ബെല്‍റ്റ് മണി-കെ എസ് ഗോപാലകൃഷ്ണന്‍ സിനിമകളിലേതെങ്കിലുമാണോ എന്ന് ഒരു നിമിഷം പകച്ചു പോയി. തുടര്‍ന്ന് ദുഫായില്‍ വച്ച് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടില്‍ കൊണ്ടു വരുന്നതും കുടുംബത്തിലെത്തിക്കുന്നതുമായ രംഗങ്ങളില്‍ ദുഃഖം വഴിഞ്ഞൊഴുകുന്ന പശ്ചാത്തല സംഗീതം കേട്ടാല്‍ ഏതു കഠിന ഹൃദയനും കരഞ്ഞു പോകും. "ഡേയ്..പ്രേക്ഷകാ..ദുഃഖ രംഗങ്ങളല്ലേ കാണിക്കുന്നത്! ലേശം വേദനിച്ചിട്ട് മുന്നോട്ട് പോയാല്‍ മതി" എന്ന ലൈന്‍. ആദ്യ പകുതിയില്‍ പല രംഗങ്ങളിലും എഡിറ്റിംഗ് അപാകതകള്‍ മുഴച്ചു നില്ക്കുന്നു. (ഒാ.. അതൊക്കെയുണ്ടാവുംന്നേ..നമുക്ക് ഒാണത്തിനു മുമ്പ് സിനിമ റിലീസ് ചെയ്യണം. പണ്ടേ ഞങ്ങള്‍ കാലാണ് ചെരുപ്പിനിസരിച്ച് മുറിക്കാറ്)

മോഹന്‍ലാല്‍ സ്വയം ആവര്‍ത്തനത്തിന്റെ ലഹരിയിലാണെന്ന് തോന്നുന്നു. മികവിന്റെ സ്ഫുലിംഗങ്ങള്‍ അവിടവിടെ തെളിഞ്ഞു കാണുന്നുണ്ടെങ്കിലും മൊത്തത്തില്‍ എന്തോ ഒരു ആവര്‍ത്തന വിരസത മാത്രമേ ലാലിന്റെ പ്രകടനം ബാക്കി വയ്ക്കുന്നുള്ളൂ. സിനിമയില്‍ ഒരിടത്ത് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നു "ഞാനാരാണെന്ന് എനിക്ക് തന്നെ അറിയില്ല" എന്ന്..ആ ഡയലോഗ് മോഹന്‍ലാല്‍ എന്ന നടനും നൂറു ശതമാനം യോജിക്കും.  പ്രേക്ഷകര്‍ അഭിമാനപൂര്‍വ്വം ആരാധിക്കുന്ന ഒരു നടനാണ് താന്‍ എന്ന ബോധം മോഹന്‍ലാലിന് നഷ്ടമായിക്കഴിഞ്ഞോ? അല്ലെങ്കില്‍ ഇതു പോലൊരു സിനിമ സ്വയം നിര്‍മ്മിച്ച് അതില്‍ അഭിനയിക്കുമോ? എന്തായാലും മോഹന്‍ലാല്‍ എന്ന നടനിലുള്ള പ്രതീക്ഷയുടെ ഗ്രാഫ് താഴ്ത്തുന്ന സിനിമയാണ് ലോഹം. അഭിനേതാക്കളില്‍ സിദ്ദിഖും അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി വരുന്ന നടനുമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. സൗബിന്‍ ഷാഹീറും തനിക്ക് കിട്ടിയ ചെറിയ റോള്‍ ഭംഗിയാക്കി. ബാക്കിയെല്ലാവരും പൂരപ്പറമ്പില്‍ കറങ്ങി നടക്കുന്നതു പോലെ പലപ്പോഴായി കടന്നു വരികയും എന്തൊക്കെയോ കാട്ടിക്കൂട്ടുകയും ചെയ്യുന്നു. ഛായാഗ്രാഹകന്‍ കുഞ്ഞുണ്ണി എസ് കുമാറിന് കമേഴ്ഷ്യല്‍ സിനിമയില്‍ ലഭിച്ച ആദ്യ അവസരം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.

രഞ്ജിത് എന്ന തിരക്കഥാകൃത്ത് സംവിധായകന്‍ സമസ്ത മേഖലകളിലും അമ്പേ പരാജയപ്പെട്ട സിനിമയായി ലോഹം അറിയപ്പെടും. തിരക്കഥയില്‍ ഇത്രയും ലാഘവ സമീപനം സ്വീകരിച്ച രഞ്ജിത് സിനിമ വേറെയില്ല. എന്താണ് രഞ്ജിത് ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചത്? കൃത്യമായ സ്വഭാവവിശേഷണങ്ങളുള്ള ഒരു കഥാപാത്രം പോലും ഈ സിനിമയിലില്ല. പാട്ടുകളെല്ലാം കഥാഗതിയുമായി ഒട്ടും യോജിക്കാതെ മുഴച്ചു നില്ക്കുന്നു. മണിക്കുട്ടന്റെയും സ്രിന്റയുടെയുമൊക്കെ പ്രേമത്തിന് സിനിമയില്‍ എന്ത് സാംഗത്യമാണുള്ളത്? ശങ്കര്‍ രാമകൃഷ്ണനെയും ശ്യാമപ്രസാദിനെയുമൊക്കെ കണ്ടാല്‍ പ്രേക്ഷകര്‍ ആനന്ദപുളകിതരാകുമെന്ന് രഞ്ജിത് കരുതിയോ? മോഹന്‍ലാലിന് വരുന്ന റോംഗ് നമ്പര്‍ കോള്‍ ക്ഷീരബല പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് തുടക്കത്തില്‍ സൃഷ്ടിച്ച രസം കെടുത്തിക്കളഞ്ഞു. തനിക്ക് ന്യൂ ജനറേഷനോടുള്ള കലിപ്പ് ഡയലോഗ് രൂപത്തില്‍ മോഹന്‍ലാലിന്റെ വായില്‍ തിരുകിക്കൊടുത്തിട്ടുമുണ്ട് ("ഇത് സീനിയേഴ്സിന്റെ ഗെയിമാ..ന്യൂജെന്‍ പിള്ളേര് ഇതിനിറങ്ങിയാല്‍ പെട്ടിയിലേ വീട്ടില്‍ പോകൂ"). ടണ്‍ കണക്കിന് സാരോപദേശവുമുണ്ട്. റസ്റ്റോറന്റിലിരിക്കുന്ന ആന്‍ഡ്രിയയെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്ന ഫ്രീക്കന്‍മാരോട് മോഹന്‍ലാലിനെക്കൊണ്ട് ഗംഭീര ഉപദേശം നല്കിക്കുന്നുണ്ട് രഞ്ജിത്. എന്നിട്ട് മറ്റൊരു രംഗത്തില്‍ ആന്‍ഡ്രിയ അര്‍ദ്ധ നഗ്നാംഗിയായി കുളിക്കുന്നത് പകര്‍ത്തി വച്ചിട്ടുമുണ്ട്. ഒരു നിലപാടെടുക്കുമ്പോള്‍ അതില്‍ ഉറച്ചു നില്ക്കണ്ടേ രഞ്ജിത് സാറേ!!

സിനിമ അവസാനിപ്പിക്കാന്‍ പെടാപ്പാടു പെടുന്ന സംവിധായകനോട് സഹതാപം തോന്നിയ നിമിഷങ്ങളായിരുന്നു അവസാന അര മണിക്കൂര്‍. ഏച്ചു കെട്ടി അവസാനിപ്പിച്ചതിനോടൊപ്പം മോഹന്‍ലാലിനെക്കൊണ്ട് ഒരു ഹൈക്കൂ കൂടി പറയിപ്പിക്കുന്നു.. അതോടെ അത്രയും നേരം അടങ്ങിയിരുന്ന പ്രേക്ഷകരുടെ ചെവി പൊളിയുന്ന ഹൈക്കൂ കൂടി രഞ്ജിത്തും ക്രൂവും ഏതെങ്കിലും തിയേറ്ററില്‍ നേരിട്ട് ചെന്ന് കേള്‍ക്കണം. നിരൂപണമെഴുത്തിന്റെ എല്ലാ സഭ്യതയും പരിഷ്കൃത സ്വഭാവവും മാറ്റി വച്ചു കൊണ്ടു പറയട്ടെ...ഇതൊരു കൂറപ്പടമാണ്.

Relates to: 
Contributors: 

പിന്മൊഴികൾ