സുന്ദരം ഗോപീ സുന്ദരം!!! (ലൈല ഓ ലൈല - ഗാനാസ്വാദനം)

പാട്ടുകൾ കേൾക്കാനുള്ള മടിയായിരുന്നില്ല പാട്ടുകളുടെ നിരൂപണം തയ്യാറാക്കുന്നതിൽ നിന്നും പിന്മാറി നിന്നത്. കേൾക്കുന്ന പാട്ടുകളിലൊന്നിലും എഴുതാൻ മാത്രം ഒന്നും കാണാൻ കഴിഞ്ഞില്ല എന്നതിനാലും ഒരാശയവും മുന്നോട്ടു വയ്ക്കാത്തതും വികലവുമായ വരികൾ ആവർത്തിച്ച് കേൾക്കുന്നതിലുള്ള വൈമനസ്യവുമായിരുന്നു പ്രധാന കാരണം. എങ്കിലും സിനിമയുടെ എല്ലാ മേഖലകളെക്കുറിച്ചും നിരന്തരവും വിശദവുമായ നിരൂപണങ്ങൾ നടക്കുന്ന അവസരത്തിൽ അത്രയൊന്നും ആരും കടന്നു വരാത്ത ഗാനസാഹിത്യത്തെക്കുറിച്ചുള്ള ഇടം ഒഴിഞ്ഞു കിടക്കേണ്ടതല്ല എന്ന ബോധമാണ് വീണ്ടും പേനയെടുക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം. ദൃശ്യാനുഭവമായ സിനിമയെന്നതുപോലെ തന്നെ ശ്രവണാനുഭവമായ ഗാനങ്ങൾക്കും വ്യത്യസ്തമായ ആസ്വാദന തലവും ആസ്വാദകരും ഒക്കെ ഉണ്ടാകും. ഒരു ഗാനം എല്ലാർക്കും ഒരേപോലെ ആസ്വദിക്കാൻ കഴിഞ്ഞെന്നു വരില്ല. അതെല്ലാം ബോധതലത്തിൽ സൂക്ഷിച്ചുകൊണ്ടു തന്നെ എഴുത്തിന്റെ  വഴികൾ തേടാൻ എന്നെ പ്രാപ്തമാക്കുന്ന ഘടകം ശ്രോതാക്കളിൽ അതിന്റെ സാഹിത്യ ഗുണ-ദോഷങ്ങളെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കാൽ കൂടിയാണ്. ഏവരും അവരവർക്കുള്ള അഭിപ്രായങ്ങൾ സത്യസന്ധമായി രേഖപ്പെടുത്തുകയാണെങ്കിൽ ഞാൻ കൃതാർത്ഥനായി.

അടുത്തുള്ള ബി ക്ലാസ് തീയേറ്ററിൽ ഓടുന്ന പടമായ 'ലൈലാ ഓ ലൈലാ'യിൽ തൊട്ടു തുടങ്ങാമെന്നു കരുതി. ചിത്രം കണ്ടു, പാട്ടുകൾ കേട്ടു. ചില വരികൾ ഒന്നും മനസ്സിലാകാത്തതു കൊണ്ട് എംത്രീഡിബി സൈറ്റിൽ എത്തി എന്താണ് എഴുതി വച്ചിരിക്കുന്നതെന്നും മനസ്സിലാക്കി. അതിലെ വീഡിയോയിലൂടെ വീണ്ടും പാട്ടു കേൾക്കാനും സാധിച്ചു. ഇതിലെ 5 ഗാനങ്ങൾ 4 പേരാണ് എഴുതിയിരിക്കുന്നത്. അതിൽ ബി ഹരികൃഷ്ണന്റെ 2 ഗാനങ്ങൾ ഒന്നു പരിശോധിക്കാം. 'മർഹബാ' എന്ന ഗാനം എന്തിനാനെന്നാണ് ഞാൻ ആലോചിക്കുന്നത്. ബീറ്റിന്റെ അടിസ്ഥാനത്തിൽ എഴുതപ്പെട്ടിരിക്കുന്ന അനേകം നല്ല ഗാനങ്ങൾ മലയാളത്തിൽ ഉണ്ട്. എന്നാൽ "തെരുതെരെ മഴ ചാറി ..കഥയടിമുടി മാറീ പുതുപുതുവഴി തേടീ.." എന്ന് എഴുതുമ്പോൾ ഇത്രയൊക്കേ ഉള്ളൂ മലയാള ഗാനസാഹിത്യം എന്ന് തോന്നിപ്പിക്കാനേ അതിടവരുത്തൂ. കഥ അടിമുടി മാറിയത് തെരു തെരെ മഴ ചാറിയിട്ടാണോ എന്നു തന്നെ ആലോചിച്ചു പോകും കേൾക്കുന്നവർ. അടുത്ത വരി അതിലും കേമം, 'സ്വയം അന്യയാക്കി, ഉള്ളൊതുക്കി മെല്ല, നീ മെയ്യൊരുക്കി മറ്റൊരുത്തി പോലെ' എന്നാണ്. ഡബിൾ റോൾ കളിക്കുന്ന നായികയെ പരാമർശിക്കുന്ന ഭാഗമാണിത്. സ്വയം അന്യയാക്കുക എന്നതുകൊണ്ട് എന്താണ് രചയിതാവ് ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്നില്ല. എന്നിട്ട് നവനവം ഇനി അണയുക മെർഹബാ... എന്നൊരു നിർദ്ദേശവും... സത്യത്തിൽ ഈ വരികളൊന്നും ശ്രോതാക്കൾക്കു ശരിക്കു കേൾക്കാനാകാത്തത് മഹാഭാഗ്യം എന്നേ പറയേണ്ടൂ. അല്ലെങ്കിൽ സ്വന്തം ചെവി കുത്തിപ്പൊട്ടിക്കുമായിരുന്നു അവർ! 'ചേരുകയോ മായുകയാണോ യോഷിതേ...' 'മാറുകയോ നീറുകയോ നീ യാത്രികേ' എന്നൊക്കെ ഒരു അർത്ഥവുമില്ലാതെ എഴുതി വച്ചിരിക്കുകയാണിവിടെ. ഭാഗ്യത്തിന് രണ്ടാമതൊരു ചരണമില്ലാത്തത് കാര്യമായി. അത്രയും കുറച്ച് കേട്ടാൽ മതിയല്ലോ! പാട്ടുകാരൻ തന്നെ ഏൽപ്പിച്ച ദൈത്യം ഒരുകണക്കിന് ഒപ്പിച്ചിട്ടുണ്ട്. വികാരത്തള്ളിച്ച ഉണ്ടാക്കാൻ ആകുന്നതും ശ്രമിച്ചിട്ടുമുണ്ട്. സംഗീതത്തെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. സാഹിത്യം കോഞ്ഞാട്ടയായ പാട്ടിന്റെ സംഗീതത്തിന് എന്ത് പ്രാധാന്യം!

അദ്ദേഹത്തിന്റെ രണ്ടാം ഗാനമായ 'രാത്രിമുല്ലതൻ കാതോരം' എന്ന ഗാനവും വ്യത്യസ്തമല്ല. ഓർത്തിരിക്കാനാവശ്യമായ ഒരു സംഗതിയും ആസ്വാദകന് അതിൽ നിന്നു ലഭിക്കുന്നില്ല. രാത്രിമുല്ലയുടെ കാതിനരികേ വന്ന് രാത്രി താരകം യാത്ര ചൊല്ലിയോ? യാത്ര ചൊല്ലുന്നത് കനലായി എരിയാനും അകലെ മറയാനുമാണ് എന്നും പറഞ്ഞിരിക്കുന്നു. അടുത്ത വരിയാണ് അതിലും കഠിനം. വെയിലകന്നൊരീ ഇരുൾ വരാന്തയിൽ എന്ന്! പാതിരാത്രിയിൽ വെയിൽ ഉണ്ടാകില്ലെന്ന് ഏത് കൊച്ചു കുഞ്ഞിനും അറിയാമെന്നിരിക്കേ നമ്മുടെ കവിക്കു മാത്രം അൽപ്പം മുൻപു വരെ ഉണ്ടായിരുന്നു അത് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ വെയിൽ അകന്ന വരാന്ത എന്നൊക്കെ എഴുതി വച്ചിരിക്കുന്നതിലെ അസാംഗത്യം എങ്ങനെയാണ് വർണ്ണിക്കേണ്ടത്? നീ നോവെടുത്തണിഞ്ഞ് മിഴി നനഞ്ഞ് വിടതരികയാണോ എന്നും കൂടി സംശയം ബാക്കി നിർത്തുന്നു. അപ്പോൾ നോവ് എടുത്തണിയുകയാണ്, അതിൽ ആത്മാർത്ഥതയേ ഇല്ലാ, അഭിനയം മാത്രം എന്നല്ലേ അർത്ഥം വരുന്നത്. ഒരു വിരഹഗാനമായാൽ അകലുകയോ , മറയുകയോ, മായുകയോ, വിടപറയുകയോ എന്നൊക്കെ ഇല്ലെങ്കിൽ എന്ത്, അല്ലേ?! മുട്ടിനു മുട്ടിനു ഈ വാക്കുകൾ എടുത്ത് പ്രയോഗിച്ചാൽ വിരഹഗാനമാകില്ലെന്ന് മനസ്സിലാക്കാൻ പോലുമുള്ള സാമാന്യബുദ്ധി എഴുതിയ ശ്രീ ബി. കെ. ഹരിനാരായണനില്ല എന്നത് പറയാതിരിക്കാൻ കഴിയില്ല. വിരഹഗാനം, അതീവ ദുഃഖകരം, കനലായെരിയാൻ പോവുകയാണ്, തോഴൻ തോഴിയോടും തോഴി തോഴനോടും ഇതൊക്കെ തന്നെയാണ് കണ്ഠം വലിച്ചു കീറിപ്പാടുന്നത്. പക്ഷേ രണ്ടാം ചരണത്തിൽ 'തമ്മിലുള്ളം കാണാതെ' എന്ന് പറഞ്ഞിരിക്കുന്നതിൽ നിന്നും ഇതെല്ലാം ശുദ്ധ കള്ളത്തരമെന്ന് വന്നില്ലേ? നീ എന്റെയും ഞാൻ നിന്റെയും മനസ്സ് കാണാതെ നമ്മൾ തമ്മിൽ എന്നും കണ്ടു (തമ്മിലുള്ളം കാണാതെ.. കണ്ടു നമ്മൾ സ്വയമെന്നും) അപ്പോൾ അതിനടുത്ത വരിയിൽ 'വിരഹമുടൽ പൊതിയേ' എന്ന് എന്തിനാണെഴുതിയിരിക്കുന്നത്? ആരെ ബോദ്ധ്യപ്പെടുത്താനാണ്? അവസാനം പരസ്പരം മനസ്സിലാക്കാത്തവരായ നമ്മൾ പരിഭവമൊക്കെ മാറ്റി വച്ച് ഇനിയുമൊന്ന് (ഒരു ഇനിയുമൊന്ന് എന്നുകൂടി ഉണ്ട്) അരികിൽ അണയുക എന്നു പറഞ്ഞ് ആ ശ്രേഷ്ഠസാഹിത്യം അവിടെ അവസാനിക്കുകയാണ്. പണ്ട് ഒരുപാടു തവണ വന്നിട്ടുണ്ട്, ഇനി ഒന്നൂടെ വന്ന് എന്താന്നു വച്ചാൽ വാങ്ങിക്കോണ്ടു പോകൂ എന്നേ അതിൽ അർത്ഥം കാണേണ്ടതുള്ളൂ... നാളെയാണ് നാളെയാണ് കേരളസംസ്ഥാന ഭാഗ്യക്കുറി..!! നജീമും രാധിക നാരായണനുമാണ് ഗായകർ. ഗോപി സുന്ദർ സാധാരണ സംഗീത സംവിധായകരേക്കാൾ വികാര ജീവിയായതിനാൽ പാട്ടിൽ പരമാവധി കാറ്റു തൂറ്റാൻ പാട്ടുകാരനോട് പറഞ്ഞതിൻ പ്രകാരമാകും ഇടറി വലിഞ്ഞ് വലിച്ച് പാടിയിരിക്കുന്നത്. അത് പരമാവധി ഭംഗിയായി നജീം ചെയ്തിട്ടുമുണ്ട്. പുതു തലമുറയിലെ കൊള്ളാവുന്ന ഒരു ഗായകനാണ് നജീം. ആ കുട്ടിയേക്കൂടി പേരുദോഷം കേൾപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് സംഗീത സംവിധായകൻ എന്നു തോന്നുന്നു.

മെഹറുബാ ലൈലാ ഓ ലൈലാ എന്ന രണ്ടേമുക്കാൽ മിനിറ്റ് ഹിന്ദി സോങ്ങിനെക്കുറിച്ച് ഒന്നും എഴുതാനില്ല. ഡെമി മൂറിന്റേയും ലിൻസേ ലോഹന്റെയും എമ്മാ വാട്സന്റേയുമൊക്കെ പോൾ ഡാൻസ് കണ്ടില്ലെങ്കിലെന്ത് നായകൻ മോഹൻലാൽ ആകുമ്പോൾ ക്ലബ് സീനിൽ അതു കാണിച്ചേ മതിയാകൂ. താനിതെത്ര കണ്ടതാ എന്ന് ഭാവത്തിൽ ഇടയ്ക്കിടെ അദ്ദേഹത്തിന്റെ മുഖഭാവവും കാണിക്കുന്നു. എന്തായാലും സിനിമയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു നാഷണൽ അവാർഡ് ജേതാവ് എന്ന നിലയിൽ തന്റെ എല്ലാ ചിത്രങ്ങളിലും ഒന്നു രണ്ട് ഹിന്ദി ഗാന തുണ്ടുകൾ കൂടി ഉൾപ്പെടുത്തുന്നതു നല്ലതായിരിക്കും എന്ന് അദ്ദേഹത്തിനു തോന്നിത്തുടങ്ങിയിരിക്കുന്നു. എപ്പൊഴാ വടക്കോട്ട് വിളിവരുന്നതെന്ന് അറിയില്ലല്ലോ! ദിൽ ദീവനാനാ എന്ന ഒരു അർദ്ധ ഹിന്ദി-മലയാള ഗാനം കൂടിയുണ്ടിതിൽ. അന്ന കാതറീന എഴുതി ആലപിക്കുന്ന ഗാനമാണിത്. അപ്പങ്ങളെമ്പാടും ഒറ്റയ്ക്കു ചുട്ടമ്മായി എന്ന ഗാനം പാടിയത് ഈ ഗായിക തന്നെയാണെന്ന് തോന്നുന്നു. 'ചിന്തകളിൽ ചെഞ്ചുണ്ടിൽ നീരാടുന്ന പെണ്ണാ, രാവിൻ പൂക്കൾ പോകയോ, തമ്മിൽ പിന്നെ കാണുമ്പോഴും മണ്ണിൽ "തൊങ്ങും" മധുരം' എന്നൊക്കെ എഴുതിയും പാടിയും ടീംസ്പിരിറ്റ് കാണിച്ചിട്ടുണ്ട് ആ കുട്ടി. നന്നായി വരട്ടേ!

ഇനി ഒരു പാട്ടുകൂടി ഉണ്ടല്ലോ പരമേശ്വരാ എന്ന ചങ്കിടിപ്പോടെയാണ് അതിലേക്ക് കടന്നത്. ഇതിനെക്കുറിച്ചെങ്കിലും നല്ല രണ്ടുവാക്കെഴുതാൻ ആകണേ എന്ന് മനമുരുകി പ്രാർത്ഥിക്കുകയും ചെയ്തു. പാട്ടുകളെയെല്ലാം കടിച്ചു കുടയുന്നതാണ് ഗാനസാഹിത്യ നിരൂപണം എന്നത് ഒരു മിഥ്യയാണ്. അതിന്റെ സാഹിത്യ-സംഗീത-ആലാപന സൗകുമാര്യത്തെക്കുറിച്ച് എഴുതാൻ കഴിയുന്നതാണ് ഏതൊരു നിരൂപകനും സംതൃപ്തി പകരുന്നത്. ഭാവനകളുടെ ചിറകിലേറി പറക്കാനും ഗാനങ്ങളിലെ അലങ്കാരങ്ങളുടെ ഭംഗിയെ വർണ്ണിക്കാനും കിട്ടുന്ന അവസരം അസുലഭമാണ്. ഓരോ പാട്ടിലേക്കും കടക്കുമ്പോഴും ഇതിൽ നല്ലതു പറയാൻ എന്തെങ്കിലും ഉണ്ടാകും എന്ന വിശ്വാസമാണ് എപ്പോഴും. എന്നാൽ വരികൾ വായിക്കുന്നതോടെ ആ വിശ്വാസം മണ്ണടിയുകയാണു പതിവ്. ഈ അവസാന ഗാനവും ആ പതിവു തെറ്റിച്ചില്ലാ എന്നത് ഒരു സത്യം മാത്രമാണ്. തൊട്ടു മുൻപു പറഞ്ഞ ഹിന്ദി-മലയാള സങ്കര ഗാനം എഴുതിയത അന്ന കാതറീന ഒരു പൈലറ്റ് ആയിരുന്നെങ്കിൽ 'നനയുമീ മഴ പോലെന്റെ മനസ്സേ' എന്ന ഗാനമെഴുതിയിരിക്കുന്ന ജിലു ജോസഫ് ഒരു എയർ ഹോസ്റ്റസാണ്. ശ്രീ ബാലചന്ദ്രമേനോൻ അനേകം നായികമാരെ മലയാള ചലച്ചിത്ര ലോകത്തിന് സംഭാവന നൽകിയെങ്കിൽ ശ്രീ ഗോപി സുന്ദറിന്റെ പേർ തിളങ്ങി നിൽക്കുക അനേകം സ്ത്രീ ഗാന രചയിതാക്കളെ മലയാളത്തിനു സംഭാവന നൽകിയ മഹാൻ എന്ന നിലയിൽ ആയിരിക്കും. മാത്രമല്ല ഈ പാട്ടെഴുത്തെന്നു പറയുന്നത് ഇത്രയ്ക്കിത്രേ ഉള്ളൂ എന്ന് കാണിച്ചു തന്ന വിദ്വാന്മാരിൽ ഒരാൾ കൂടി ആണ് ആ ദേഹം. പാട്ടിനെ ഹൃദയത്തിന്റെ മൂശയിൽ വാർത്തെടുക്കാൻ പര്യാപ്തരും ഭാവനാസമ്പന്നരുമായ കൊശവന്മാർ ആരും ഇവിടെ ഇല്ലെന്ന് മനസ്സിലാക്കി അദ്ദേഹം ആകാശത്തിന്റെ ഉന്നതങ്ങളിൽ നിന്നും ഓരോരുത്തരെയായി എഴുന്നള്ളിച്ചുകൊണ്ടു വന്ന് മലയാല ഗാനസാഹിത്യത്തേയും ശാഖയേയും അനുദിനം സമ്പന്നമാക്കിക്കൊണ്ടിരിക്കുന്ന കാഴ്ച നിറഞ്ഞ മിഴികളോടെയേ കണ്ടു നിൽക്കാൻ ആർക്കുമാകൂ!

'മഴ നനയുക' എന്ന് സാധാരണ പറയാറുണ്ട്. ഞാൻ നനഞ്ഞു, നീ നനഞ്ഞു, കണ്ണു നനഞ്ഞു എന്നെല്ലാം പറയാറുണ്ട്. എന്നാൽ മഴ 'സ്വയം' നനയുക എന്നത് ആദ്യമായി കേൾക്കുകയാണ്. 'നനയുമീ മഴ പോലെന്റെ മനസ്സേ' എന്നു വച്ചാൽ മഴപോലെ നനയുന്ന എന്റെ മനസ്സേ എന്നല്ലാതെ ഒന്നുമല്ല. മഴയിൽ നനയും എന്നു കേട്ടിട്ടുണ്ട്. പക്ഷേ ഈ മഴപോലെ നനയുകയോ??! എന്നു വച്ചാൽ??! അടുത്ത വരി 'അറിയുമോ തെന്നലിന്നെന്റെ അരികേ' എന്നാണ്. തെന്നൽ എന്ത് അറിയുമോ എന്നാണ് ചോദ്യം? അതോ 'അണയുമോ തെന്നലിന്നെന്റെ അരികേ' എന്നെഴുതിയത് ഗോപി പാടിച്ചപ്പോൾ 'അറിയുമോ' എന്നായതാണോ. എന്തായാലും കൊള്ളാം ഒരാശയവും അതിനില്ലാ എന്ന് ദുഃഖത്തോടെ അറിയിക്കട്ടെ. നിമിഷമേ പറയൂ... സമ്മതിച്ചു.. പറയാം, എന്താണു പറയേണ്ടത്? തെന്നൽ ഇന്നെന്റെ അരികേ അറിയുമോ എന്നാണോ പറയേണ്ടത്?! ഉയിരിനോട് അണയാനും ഹൃദയത്തിൽ നിറയാനും പറഞ്ഞിരിക്കുന്നു. എന്നിട്ട് ഒരു അപാര കണ്ടുപിടുത്തവും ഒപ്പമുണ്ട്. പ്രണയം നുകരാൻ നീയെന്നുഷസ്സിൽ വിടരും പനിനീർ മലരേ എന്ന്. അപ്പോൾ എനിക്കും സംശയമായി. ഈ പനിനീർ മലരാണോ പ്രണയം നുകരുന്നത്? അതോ ആ മലരിലെ പ്രണയം തനിക്കു നുകരാനോ? ഇനി അഥവാ നായികയ്ക്ക് പ്രണയം നുകരാനാണെങ്കിൽ നായകൻ പനിനീർ മലരാകണം. സാധാരണ തിരിച്ചാണു കൽപ്പനകൾ. കാമുകി മധുവൂറുന്ന പുഷ്പമായും കാമുകൻ അതിൽ നിന്നും തേൻ നുകരുന്ന വണ്ടോ ശലഭമോ ഒക്കെയായുമാണ് സാധാരണ സങ്കൽപ്പം. ഇത് തിരിച്ചായതാണോ അതോ തിരിഞ്ഞു പോയതാണോ അറിഞ്ഞോണ്ടു തിരിച്ചതാണോ അറിയാതെ തിരിച്ചതാണോ ഇനി  ഇതിൽ കൈവച്ച ഏതേലും സാമദ്രോഹി അസിസ്റ്റന്റ് തിരിച്ചതാണോ എന്നൊന്നും അറിയുകേലാ, എന്തായാലും തിരിഞ്ഞു എന്നത് ഒരു നഗ്നമായ യാഥാർത്ഥ്യമായി നിൽക്കുന്നു!

പരസ്പര ബന്ധിതങ്ങളല്ലാത്ത വാക്കുകളും വാക്യങ്ങളുമാണ് ഇന്നു കാണുന്ന ഗാനസാഹിത്യത്തിൽ മിക്കവാറും എണ്ണത്തിലും. ആപാദമധുരങ്ങളായ കൽപ്പനകളോ ആലങ്കാരിക പ്രൗഢിയോ സൗന്ദര്യമോ തൊട്ടുതേയ്ക്കാൻ പോലും ഇല്ലാതെ നീർക്കുമിളകൾ പോലെ പൊട്ടിപ്പോകുന്നു മിക്ക വരികളും. എറിയാൻ അറിയുന്നവരുടെ കൈയിൽ കൊഴി കൊടുക്കാതെ വെറും സെലിബ്രേറ്റിസം നടിക്കുന്ന, ഭാഷ ശരിയായി ഉച്ചരിക്കാനോ എഴുതാനോ മഹാരഥന്മാരായ ഗാനരചയിതാക്കളുടെ പാട്ടിലെ നാലു വരി ശുദ്ധമായ മലയാളത്തിൽ ചൊല്ലാനോ അറിയാത്തവരെ എഴുന്നള്ളിച്ചുകൊണ്ടുവന്ന് അരിയിട്ടു വാഴിച്ച ശേഷം പറഞ്ഞയയ്ക്കുക എന്ന പ്രവണതയാണിവിടെ ഇന്നു നടക്കുന്നത്. പുതിയ എഴുത്തുകാരും രചനാ രീതികളുമൊക്കെ ഇവിടെ ഉണ്ടാകണം എന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയാണു ഞാൻ. പക്ഷേ പുറം മോടികണ്ട് കൊണ്ടുവരപ്പെടുന്നവരാരും തന്നെ ഇൻഡസ്ട്രിയിൽ ക്ലച് പിടിക്കുന്നില്ല എന്നും മനസ്സിലാക്കണം. ഇങ്ങനെയൊക്കെ എഴുതിയാൽ എങ്ങനെ ശരിയാകാനാണ്? എന്റെ വാനിൽ ഒരു പൊൻ താരം തുടരെ വന്ന് രാത്രിയിൽ കണ്ണുചിമ്മുന്നു. ആ രാവിൻ കൂട്ടായാരോ എന്റെ കാതിൽ ഇന്ന് മൂളുന്നു. ഇത് രണ്ടും രണ്ടു പേരാണോ അതോ ഒരാളു തന്നെയോ? അതു പോട്ടേ, അടുത്ത വരി, പുതു മഞ്ഞിലായിക്കൊണ്ട് പുലർ വേളയിൽ നിന്റെ നെഞ്ചിൽ എന്റെ  മൗനം! (??) മൗനം നെഞ്ചിൽ അങ്ങനെ ഇരിക്കുകയാണ്, ഇരുന്നോട്ടേ, പക്ഷേ അങ്ങനെ മൗനം ഇരിക്കുന്നില്ല, അതിൽ പൂ പോലെ സിന്ദൂരം ചിതറുകയാണ്. ഭയങ്കരമായിരിക്കുമത്. "നീ പുൽകിടൂ ഞാൻ പുൽകിടാം നാം പുൽകുമോ തമ്മിൽ, നീ മുത്തിടൂ ഞാൻ മുത്തിടാം നാം മുത്തുമോ രാവിൽ" എന്നൊക്കെ ആയിരുന്നു എഴുതിയിരുന്നതെങ്കിൽ ആ കാണിക്കുന്ന സീനിനോടെങ്കിലും അൽപ്പം നീതി പുലർത്താമായിരുന്നു കുട്ടീ. നിറസന്ധ്യയിൽ തിരി നാളമായ് ഞാനില്ലേ, മനസ്സും നീ... അത്രയും നന്ന്, അതിൽ മഴയും നീ എന്നതിനെ എന്തിനു ബന്ധപ്പെടുത്തുന്നു. പോരാത്തതിനു ദൂരെ കാർമുകിൽ പെയ്ത ഇടത്തു പോകാം എന്നും കൂടി പറഞ്ഞിരിക്കുന്നു. അതിന്റെ അർത്ഥം? അവനാണു മഴയെങ്കിൽ പിന്നെ കാർമുകിൽ ആൾറെഡി പെയ്യപ്പെട്ടിരിക്കുന്ന രാത്രിയുടെ പാതയിൽ മഴയായ അവനെക്കൂട്ടി എന്തിനവൾ പോകണം? അപ്പൊൾ അവിടെ പെയ്ത മഴ എന്ത്, ഏത്, ആര്?!! ചുമ്മാതെ എന്തെങ്കിലുമൊക്കെ എഴുതുന്നതല്ല ജിലൂ പാട്ടെന്നു പറയുന്നത്. ഇത്തരം ചോദ്യങ്ങൾക്ക് ഇടവരാത്തത്ര കുറ്റമറ്റതായിരിക്കണം ഒരു ഗാനം. കാരണം ഒരു വലിയ സന്ദർഭം വിശദീകരിക്കേണ്ടത് വെറും 12 ഓ 16 വരികളിൽക്കൂടിയാണ്. കവിതപോലെ നൂറും നൂറ്റമ്പതും വരിയുടെ സഹായമൊന്നും എഴുത്തുകാർക്ക് കിട്ടില്ല. കാച്ചിക്കുറുക്കിയ വരികളാകണം അതിൽ. തിരിച്ചും മറിച്ചും അതിൽ എഴുതപ്പെട്ടിരിക്കുന്ന വരികളുടെ അർത്ഥം തന്നോടു തന്നെ ചോദിച്ച് ഉത്തരം കണ്ടെത്തിവേണം ഫൈനലൈസ് ചെയ്യാൻ. കവിതയുടെ സ്വാതന്ത്ര്യം പാട്ടുകൾക്കില്ല. എഴുതുന്ന ഓരോ വാക്കും വരിയും അർത്ഥപൂർണ്ണമായിരിക്കണം. അതിന് എന്തെങ്കിലും എഴുതിക്കിട്ടിയാൽ മതി എന്നു കരുതുന്ന സംഗീത സംവിധായകരുടെ കൂടെ ഇരുന്ന് എഴുതിയിട്ട് കാര്യമില്ല. ജിലുവിന്റെ ചില കവിതകൾ ഞാൻ ശ്രദ്ധിച്ചു. വളരെ നന്നായി എഴുതിയിട്ടുണ്ട്. ആശഗംഭീരമാണവയിൽ പലതും. എഴുതാൻ അറിയുന്ന വ്യക്തിയാണ് ജിലു ജോസഫ്. നല്ല ഈണങ്ങൾ കേട്ടെഴുതിപ്പഠിക്കുക എന്നൊരു നിർദ്ദേശമേ തരാനുള്ളൂ.

ഈ രണ്ടാം വരവ് എന്നെ മറ്റുള്ളവരെക്കൊണ്ട് ചീത്ത പറയിച്ചേ അടങ്ങൂ എന്നായി. സൈറ്റ് ഓണർ എനിക്ക് സ്വസ്ഥത തരാത്തതിനാലാണ് വീണ്ടും എഴുതാമെന്നു കരുതിയത്. എന്നാൽ പല പാട്ടുകളും ഒരാവർത്തി പോലും തികച്ചു കേൾക്കാൻ കഴിയാത്തത്ര വികലമാണ് ഇന്ന്. ഞാൻ മുകളിൽ പറഞ്ഞ വിമർശനങ്ങളിൽ ഏതെങ്കിലും ഒന്ന് തെറ്റാണെന്ന് ആരെങ്കിലും കൃത്യമായി ചൂണ്ടിക്കാട്ടിത്തന്നാൽ അതംഗീകരിക്കാൻ ഞാൻ തയ്യാറാണ്. അതിലെ ഏതെങ്കിലും ഒരു ഗുണം എടുത്തു പറഞ്ഞാൽ അതും അംഗീകരിക്കാൻ ഞാൻ തയ്യാറാണ്. അല്ലാതെ വാളും കുന്തവുമായി ആരിറങ്ങിപ്പുറപ്പെട്ടാലും സത്യസന്ധമായി പറയുന്ന അഭിപ്രായങ്ങളുടെ മൂർച്ച കൂടുകയേ ഉള്ളൂ എന്ന് ഓർമ്മിപ്പിക്കട്ടെ. എല്ലാർക്കും ഒരിക്കൽക്കൂടി പാട്ടു വിചാരത്തിലേക്ക് സ്വാഗതം, വിനയം നിറഞ്ഞ നമസ്കാരം.