പ്രേമം എങ്ങനെ വന്‍ വിജയമായി..? - മുകേഷ് കുമാർ

കൊച്ച് കള്ളന്മാര്...ഒന്നുമറിയാത്തത് പോലെ അന്തം വിട്ട് നിക്കുന്ന നിപ്പ് കണ്ടില്ലേ..ന്നാ പ്രേമം എങ്ങനെ വന്‍ വിജയമായി..ന്ന് ഞാൻ പറഞ്ഞ് തരാം..ദാ ദിവിടെ നോക്ക്..! 

സിനിമയുടെ കഥയെക്കുറിച്ചും, അഭിനേതാക്കളെക്കുറിച്ചും, കളക്ഷനെക്കുറിച്ചും പലരും പറഞ്ഞു കഴിഞ്ഞു. എന്താണ് ഈ സിനിമയുടെ വിജയത്തിനു പിന്നില്‍? എന്റെ അഭിപ്രായത്തില്‍ 10 ഘടകങ്ങളാണ്... (ഇതൊരു റിവ്യൂ അല്ല )

1) Target Audience - തങ്ങളുടെ സിനിമയുടെ target audience ആരാണെന്ന് വ്യക്തമായ ബോധമുള്ള ഒരു നിര്‍മ്മാതാവും സംവിധായകനും ആണ് 'പ്രേമ'ത്തിനു പിന്നില്‍ (അന്‍വര്‍ റഷീദും അല്‍ഫോണ്‍സ് പുത്രനും). കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടിയാണ്. ഇതില്‍ 45 ശതമാനത്തോളം ആളുകള്‍ 15 മുതല്‍ 40 വയസ്സ് വരെയുള്ള വിഭാഗത്തില്‍പ്പെടുന്നവരാണ്. ഏതാണ്ട് ഒരു കോടി 57 ലക്ഷത്തോളം വരും ഈ വിഭാഗം. ഇതിന്റെ മൂന്നിലൊന്ന് വിഭാഗം (ഏതാണ്ട് 52 ലക്ഷത്തോളം) ശരാശരി ടിക്കറ്റ് നിരക്കായ 75 രൂപ മുടക്കി സിനിമ കണ്ടാല്‍ തന്നെ 40 കോടിയോളം രൂപ കളക്ഷനായി. ഇത് പ്രൊജക്ഷന്‍. ഇതിന്റെ 50 ശതമാനം കളക്ഷന്‍ (20 കോടി) വന്നാല്‍ തന്നെ സിനിമ ഹിറ്റായി. അങ്ങനെ ഈ പ്രായത്തില്‍പെട്ട വിഭാഗത്തെ കൃത്യമായി ലക്ഷ്യമിട്ടാണ് പ്രേമം നിര്‍മ്മിച്ചിരിക്കുന്നത്. മറ്റു പ്രായത്തില്‍പെട്ടവരും റിപ്പീറ്റ് ഒാഡിയന്‍സും ബോണസ് ആണെന്നു മാത്രം. ഇത് ശരി വയ്ക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് തിയേറ്ററുകളില്‍ നിന്നും വരുന്നത്. സംശയമുണ്ടെങ്കില്‍ 'പ്രേമം' റിലീസായ തിയേറ്ററുകളില്‍ ചെന്ന് പ്രേക്ഷകരെ ശ്രദ്ധിക്കൂ. ഈ പറഞ്ഞ demography ശരിയാണെന്ന് കാണാം. ആക്ഷന്‍ സിനിമകളും, എന്തിന് ഹൊറര്‍ സിനിമകള്‍ വരെ ആദ്യ ആഴ്ച കഴിയുന്നതിനു മുമ്പ് കുടുംബ ചിത്രങ്ങളായി പരസ്യപ്പെടുത്തുന്ന ('സ്ത്രീ ജനങ്ങള്‍ തിയേറ്ററുകളിലേക്കൊഴുകുന്നു' എന്ന സ്ഥിരം വാചകവും) മലയാളത്തിലെ വിചിത്ര സാഹചര്യത്തില്‍ തങ്ങളുടെ സിനിമ ആരെയാണ് ലക്ഷ്യമിടുന്നത് എന്ന വ്യക്തമായ ധാരണ ഈ സിനിമയുടെ ശില്പികള്‍ക്കുണ്ടായത് വിജയത്തിലെ ഒരു പ്രധാന ഘടകമാണ്. അതെങ്ങനെ ഈ age group -നെ ലക്ഷ്യമിടുന്നുവെന്ന് പറയാന്‍ കഴിയും എന്നാവും ചോദ്യം...പറയാം. സിനിമയില്‍  നായകന്‍ ജോര്‍ജിന്റെ അമ്മ വെറും ശബ്ദത്തിലൊതുങ്ങുന്നു. അച്ഛനാകട്ടെ ഒരൊറ്റ രംഗത്തിലും. നായകന്റെ സുഹൃത്ത് ശംഭുവിന്റെ അച്ഛനും ശബ്ദ സാന്നിദ്ധ്യം മാത്രം. നായികമാരില്‍ ഒരാളായ മേരിയുടെ അച്ഛന്‍ രണ്ട് രംഗങ്ങളിലുണ്ടെങ്കിലും അമ്മയെ എവിടെയും കാണാനില്ല. മറ്റൊരു നായിക മലരിന്റെ അമ്മ ഒരു രംഗത്ത് കണ്ണടച്ച് തുറക്കും മുമ്പ് കടന്നു പോകുന്നു. അച്ഛനാകട്ടെ അതേ രംഗത്തിന്റെ അവസാനത്തില്‍ ഒരു നിഴല്‍ സാന്നിദ്ധ്യം മാത്രമാകുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും ഇതൊരു young cinema ആകുന്നു.

2) മാര്‍ക്കറ്റിംഗ് - ബ്രാന്‍ഡ് നാമങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പറയുന്ന ഒരു കാര്യമുണ്ട്. It should be short, simple and easy to communicate. 'പ്രേമം' എന്ന ടൈറ്റില്‍ ഈ തത്വവുമായി പൂര്‍ണ്ണമായി ഒത്തു പോകുന്നു. അര്‍ത്ഥശങ്കക്കിടയില്ലാത്ത വണ്ണം സിനിമയെക്കുറിച്ചൊരു ചിത്രം പ്രേക്ഷകന്റെ മനസ്സില്‍ രൂപപ്പെടുത്തുന്ന ടൈറ്റില്‍ (ലുക്കാ ചുപ്പി, ജമ്നാ പ്യാരി എന്നീ ടൈറ്റിലുകളുമായി താരതമ്യം ചെയ്തു നോക്കുക). ടൈറ്റില്‍ ഡിസൈന്‍ ആണ് മറ്റൊരു പ്രധാന കാര്യം. ഫെബ്രുവരി 2014-ല്‍ സിനിമയുടെ ടൈറ്റില്‍ തീരുമാനമായ ശേഷം ഏതാണ്ട് എട്ടു മാസമെടുത്ത് ഒക്ടോബറിലാണ് ടൈറ്റില്‍ ഡിസൈന്‍ പൂര്‍ത്തീകരിക്കുന്നത്. ചിത്രശലഭത്തിന്റെ രൂപത്തിലുള്ള ടൈറ്റില്‍ ഡിസൈന്‍ instant hit ആവുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു. അതു കഴിഞ്ഞ് ചിത്രത്തിലെ ഒരു ഗാനം മാത്രം റിലീസ് ചെയ്യുകയും (ആലുവാപ്പുഴയുടെ തീരത്ത്), ട്രെയിലര്‍ വേണ്ടെന്നു വയ്ക്കുകയും ചെയ്തത് സിനിമയിലുള്ള പ്രേക്ഷകന്റെ കൗതുകം വര്‍ദ്ധിപ്പിച്ചു. ഇതിനെല്ലാമുപരി 'ലോകസിനിമാ ചരിത്രത്തില്‍ പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ സിനിമ' എന്ന ടാഗ് ലൈനും, റിലീസിന്റെ തലേ ദിവസം 'യുദ്ധം പ്രതീക്ഷിച്ച് ആരും തിയേറ്ററില്‍ വരണ്ട' എന്ന സംവിധായകന്റെ FB പോസ്റ്റും അമിത പ്രതീക്ഷകള്‍ വച്ചു പുലര്‍ത്തുന്നതില്‍ നിന്നും പ്രേക്ഷകനെ പിന്തിരിപ്പിച്ചു. സിനിമ റിലീസായി വളരെ പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിട്ടും, രണ്ട് ആഴ്ച കഴിഞ്ഞിട്ടും രണ്ട് ഗാനങ്ങളുടെ വീഡിയോ മാത്രമാണ് ഇതു വരെ റിലീസ് ചെയ്തിരിക്കുന്നത്. ഒരു വ്യക്തമായ മാര്‍ക്കറ്റിംഗ് പ്ലാന്‍ ഇതിലെല്ലാം കാണാനാകും.

3) നിവിന്‍ പോളി - ഈ കഥാപാത്രത്തില്‍ മലയാളത്തിലെ മറ്റൊരു നടനെയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഇരുപത് വര്‍ഷങ്ങളുടെ രൂപഭാവ മാറ്റങ്ങള്‍ മനോഹരമായി സ്ക്രീനില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നു നിവിന്‍. തന്റെ ശക്തിയും പരിമിതിയും കൃത്യമായി അറിയുന്ന ഈ നടന്‍ പ്രേമത്തിന്റെ വിജയത്തിലെ നിര്‍ണ്ണായക ഘടകം തന്നെ.

4) മലര്‍ - എല്ലാവരും പറഞ്ഞു കഴിഞ്ഞു. കൂടുതലൊന്നും പറയാനില്ല. (മലരും മലർ സംഘവുമൊക്കെ ഉൾപ്പെട്ട ഒരു ഇരുപത്തഞ്ചോളം പ്രേമ വീഡിയോകൾ ഒരു പ്ലേലിസ്റ്റായി താഴെയുണ്ട്..അത് പോരേ )

5)പുതുമുഖങ്ങള്‍ - നായകന്‍ നിവിന്‍ പോളിയെക്കൂടാതെ നാലേ നാല് നടന്മാരാണ് പരിചിത മുഖങ്ങളായി ഈ സിനിമയിലുള്ളത്. നായികമാരുള്‍പ്പടെ ബാക്കി കഥാപാത്രങ്ങളെല്ലാം താരതമേന്യ പുതിയ നടീനടന്മാര്‍ അവതരിപ്പിച്ചത് മൊത്തത്തില്‍ ഒരു ഫ്രഷ്നസ്സ് സിനിമക്ക് നല്കുന്നതിന് സഹായകമായി. ഈ പുതുമുഖങ്ങളെല്ലാം അവരവരുടെ റോളുകള്‍ ഗംഭീരമാക്കിയെന്നത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.

6) സംഗീതം - ചിത്രത്തില്‍ ആകെ 9 ഗാനങ്ങളുണ്ടെന്നത് തിയേറ്ററിലിരിക്കുന്ന സമയത്ത് നാം അറിയുകയേ ഇല്ല. ആ രീതിയിലാണ് ഗാനരംഗങ്ങള്‍ പ്ലേസ് ചെയ്തിരിക്കുന്നത്. ആലാപനമാകട്ടെ വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, അനിരുദ്ധ് രവിചന്ദര്‍, മുരളി ഗോപി, ശബരീഷ് വര്‍മ്മ എന്നിങ്ങനെ വൈവിദ്ധ്യമാര്‍ന്ന സ്വരങ്ങളും. സംഗീത സംവിധായകന്‍ രാജേഷ് മുരുകേശന്‍ പശ്ചാത്തല സംഗീതത്തിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഉദാഹരണത്തിന് മലര്‍ കോളേജില്‍ നിന്നും കസിനോടൊത്ത് പോകുന്ന രംഗം മുതല്‍ വിവാഹ രംഗം വരെയുള്ള പത്തോളം മിനിട്ടുകളുടെ ഭൂരിഭാഗവും അപൂര്‍വ്വ സുന്ദരമായ പശ്ചാത്തല സംഗീതത്തിലൂടെയാണ് സംവേദനം ചെയ്യപ്പെട്ടിരിക്കുന്നത്.

7)ഛായാഗ്രഹണം - മലയാള സിനിമയില്‍ നാം കണ്ടു പഴകിയ രീതിയില്‍ നിന്നും പാടേ വ്യത്യസ്തമാണ് പ്രേമത്തിലെ ഛായാഗ്രഹണ രീതി. പ്രകൃതിയിലേക്ക് കണ്ണ് തുറന്നു പിടിച്ച ഒരു ക്യാമറയുടെ സാന്നിദ്ധ്യം ചിത്രത്തിലുടനീളം കാണാം. കഥാസന്ദര്‍ഭങ്ങളുടെ സാംഗത്യത്തെക്കുറിച്ച് വേവലാതിപ്പെടാതെ പൂമ്പാറ്റകള്‍, ഉറുമ്പ്, കുരുവി, തവള എന്നിങ്ങനെ ചുറ്റുമുള്ള കാഴ്ചകളിലേക്ക് ഫോക്കസ് ചെയ്യുന്ന ക്യാമറ പുതിയൊരു കാഴ്ചാനുഭവം നല്കുകയും വ്യാകരണങ്ങളെ അട്ടിമറിക്കുകയും ചെയ്യുന്നു.

8) പറയാതെ പറയുന്ന കാര്യങ്ങള്‍ - ഇതാണ് സിനിമയിടെ സൗന്ദര്യം കൂട്ടുന്ന മറ്റൊരു ഘടകം. പല വിഷയങ്ങളും കഥാപാത്രങ്ങളും പശ്ചാത്തലത്തിലൂടെ കടന്നു പോകുന്നു..നിരവധി അര്‍ത്ഥങ്ങള്‍ പകര്‍ന്നു കൊണ്ട്. 'ഡാ..ഡാ' എന്ന് ശംഭുവിനെ വിളിക്കുന്ന കുഞ്ഞനിയന്‍, ചേട്ടന്‍ കാമുകിയുമായി ഫോണില്‍ സംസാരിക്കുന്നത് കേട്ട് ടി വി volume ഉയര്‍ത്തുന്ന ജോര്‍ജിന്റെ സഹോദരി, ആളൊഴിഞ്ഞ ക്യാംപസിലൂടെ ഫോണ്‍ വിളിച്ചു നടന്നു പോകുന്ന രാഷ്ട്രീയ നേതാവ്..അങ്ങനെയങ്ങനെ നിരവധി പേര്‍. വേറൊരു രംഗത്ത് താഴത്തെ ഹാളിലെ ഫോണ്‍ റിംഗ് ചെയ്യുന്നത് കേട്ട് പടി ഒാടിയിറങ്ങുന്ന മേരിയുടെ കാലുകള്‍ ഒൗട്ട് ഒാഫ് ഫോക്കസ് ആയി കാണിക്കുന്നു. അച്ഛന്‍ ഫോണെടുക്കാന്‍ വരുന്നത് കണ്ട് ആ കാലുകള്‍ തിരിഞ്ഞോടുന്നതും. ഇങ്ങനെ പറയാതെ പറയുന്ന ചെറിയ ചെറിയ detailing സിനിമാസ്വാദനത്തെ വളരെയേറെ സഹായിച്ചിട്ടുണ്ട്. അവസാനം മലറിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നുള്ളതും പ്രേക്ഷകന്റെ ഭാവനക്ക് വിടുകയാണ് സംവിധായകന്‍.

9) സംവിധായകനും എഡിറ്ററും - അല്‍ഫോണ്‍സ് പുത്രന്‍ തന്നെ ഈ രണ്ട് വിഭാഗങ്ങളും കൈകാര്യം ചെയ്തതിന്റെ ഗുണം ചിത്രത്തിലുടനീളം കാണാനാകും. പല രംഗങ്ങളിലും സംവിധായകനും എഡിറ്ററും മത്സരിക്കുന്നത് കാണാനാകും. മലര്‍ എപ്പിസോഡിലും അവസാന രംഗങ്ങളിലും എഡിറ്റര്‍ അല്‍ഫോണ്‍സിന്റെ brilliance തെളിഞ്ഞു കാണുന്നു. നടീനടന്മാരുള്‍പ്പടെ സിനിമയിലെ എല്ലാ വിഭാഗത്തെയും സമര്‍ത്ഥമായി ഉപയോഗിക്കാന്‍ പ്രാപ്തനായ ഒരു സംവിധായകനാണ് താനെന്ന് അല്‍ഫോണ്‍സ് പുത്രന്‍ നിസ്സംശയം തെളിയിച്ചിരിക്കുന്നു.

10) സൗഹൃദം - എല്ലാറ്റിനുമുപരി ഇതൊരു സൗഹൃദത്തിന്റെ, കൂട്ടായ്മയുടെ സിനിമയാണ്. സിനിമയുടെ മുന്നിലും പിന്നിലുമായി പ്രവര്‍ത്തിച്ച 80 ശതമാനം പേരും സുഹൃത്തുക്കളാണ്. ആ camaraderie സ്ക്രീനില്‍ തെളിഞ്ഞു കാണാനുമുണ്ട്. വല്ലാത്തൊരു positive vibes ഈ സിനിമ പകര്‍ന്നു നല്കുന്നതും അതു കൊണ്ടു തന്നെ (പഴയ പ്രിയദര്‍ശന്‍ സിനിമകള്‍ ഇങ്ങനെയൊരു സൗഹൃദ കൂട്ടായ്മ വഴി നമ്മെ രസിപ്പിച്ചിട്ടുള്ളതോര്‍ക്കുക)തിയേറ്റര്‍ മുറ്റം യുവാക്കളും യുവതികളും ഉള്‍പ്പെട്ട സുഹൃദ്സംഘങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. സുഹൃത്തുക്കളോടൊപ്പം കാണുമ്പോള്‍ ഈ സിനിമ അതീവ രസകരമാകുന്നു. നിറഞ്ഞ ചിരിയോടെയാണ് ഇവരെല്ലാം തിയേറ്ററില്‍ നിന്നും പുറത്തേക്ക് വരുന്നത്. വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്നതും സിനിമ നല്കുന്ന ഈ positivity തന്നെ.

ഇനി നാലു കലാകാരന്മാരെക്കൂടി പറയാതെ ഇത് പൂര്‍ത്തിയാവില്ല....

ശബരീഷ് വര്‍മ്മ(ശംഭു), ഷറഫുദ്ദീന്‍(ഗിരിരാജന്‍ കോഴി).. ഈ രണ്ടു പേരെ പ്രത്യേകം ശ്രദ്ധിച്ചു കൊള്ളുക. മലയാള സിനിമയുടെ ഭാവി വാഗ്ദാനങ്ങളാണ് ഈ രണ്ട് ഭയങ്കരന്‍മാരും. അനായാസ ലളിതമായ ശരീരഭാഷയും അത്യാകര്‍ഷമായ ഡയലോഗ് പ്രസന്റേഷനും. They will go places.

മലയാള സിനിമയിലെ മികച്ചൊരു സ്വഭാവ നടനായി മാറും വിനയ് ഫോര്‍ട്ട് എന്ന അനുഗൃഹീത കലാകാരന്‍. സംശയമില്ല. എന്തൊരു flexibility.

ഇനി ഈ സിനിമയില്‍ എന്നെ വിസ്മയിപ്പിച്ച കലാകാരനെക്കുറിച്ചു കൂടി. പി ടി മാഷ് ശിവനായി വേഷമിട്ട സൗബിന്‍ സാഹിര്‍. അമ്പരപ്പിച്ചു കളഞ്ഞു ഈ നടന്‍. ഒാരോ ചലനവും നോട്ടവും ഡയലോഗും പിന്നെ ചില്ലുംകൂട്ടിലെ ഡാന്‍സും...മാഷേ തകര്‍ത്തു. ഈ സിനിമ നിങ്ങള്‍ക്ക് മുന്‍നിരയിലേക്കുള്ള ഒരു spring board ആണ്.

പ്രേമത്തിന്റെ കഥാകഥനരീതി അന്ധമായി അനുകരിച്ച് ഇനി സിനിമകളുടെ നിര തന്നെയുണ്ടാവും..അതിനു തുനിയുന്നവരോട് ഒരു വാക്ക്... ആദ്യ 'പ്രേമം' ഒന്നേയുണ്ടാകൂ...

Relates to: 
Contributors: 

പിന്മൊഴികൾ

ചിരിപ്പിച്ച രംഗങ്ങളിൽ പെട്ടന്ന് ഓർമ്മയിൽ വരുന്നതും ഇവിടെ പരാമർശിക്കപ്പെടാതെ പോയതുമായ ഒരു രംഗം ആ കുതിരയെ പാർക്ക് ചെയ്യാൻ ഏല്പിക്കുന്നതാണ്. അതുപോലെ സീീറ്റിൽ ഇരിക്കുമ്പോൾ പുറത്ത് മഴയാണെന്ന് തെറ്റിദ്ധരിക്കുന്നതും, പെട്രോൾ പമ്പിലൂടെ കുതിരപ്പുറത്ത് പോകുന്നതും അങ്ങനെ എഴുതാൻ പോയാൽ കുറെയുണ്ട്. വിനോദ് കോവൂർ ബ്രോക്കറായി വരുന്ന രംഗം. വിനോദ് കോവൂരിനെ ആരും പരാമർശിച്ചുകണ്ടില്ല എന്ന് തോന്നുന്നു.