യാത്രിയോം കൃപയാ ധ്യാന്‍ ദേം... - മുകേഷ് കുമാർ

നല്ല സിനിമകളുടെ "ആനേ കീ സംഭാവ്ന" യും കാത്ത് മലയാള സിനിമയുടെ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന പ്രേക്ഷകര്‍ക്ക് ഈ സിനിമയിലെ മൂന്ന് കഥാപാത്രങ്ങളെ ആദ്യമേ പരിചയപ്പെടുത്താം.. ആദ്യത്തേത് കേരളാ പോലിസ് അക്കാദമിയിലെ പരിശീലനം കഴിഞ്ഞ് സര്‍വ്വീസിലേക്ക് പ്രവേശിക്കുന്ന ജോളി എന്ന പോലീസുകാരനാണ് (ജോജു)... പരിശീലന കാലത്തു തന്നെ

കുടവയറ് വയ്ക്കാനുള്ള ഐ ജി-യുടെ സ്പെഷ്യല്‍ അനുവാദവും ജോളിക്കു കിട്ടിയിട്ടുണ്ട് (കാതിലെ രോമവും വെടിക്കലയും ഉണ്ടോ എന്ന് ശ്രദ്ധിച്ചില്ല)..മദ്യപാനമൊഴിച്ചാല്‍ പുള്ളിക്കാരന്റെ പ്രധാന ഹോബി പബ്ലിക് ടോയ്ലറ്റുകളില്‍ കയറി സ്ത്രീകളുടെ നഗ്നശരീരം ചുമരില്‍ കോറി, പരിചയമുള്ള സ്ത്രീകളുടെ പേരും നമ്പറും അതിനു ചുവട്ടില്‍ എഴുതി വയ്ക്കുക, അതില്‍ ആനന്ദപുളകിതനാവുക എന്നതാണ്... രണ്ടാമത്തേയാള്‍ കുറച്ചു കൂടി മുന്തിയ ഇനമാണ്.. നാരായണന്‍ മേസ്തിരി.. ഉരു നിര്‍മ്മാണത്തില്‍ അഗ്രഗണ്യന്‍..ഭര്‍ത്താവ് മരിച്ച സ്ത്രീയ്ക്കും കുഞ്ഞുമകള്‍ക്കും പുതിയ ജീവിതം നല്കി ഭാര്യയും മകളുമായി സ്വീകരിച്ച മഹാമനസ്കന്‍. ഒരവസരത്തില്‍ ഈ മഹാന്‍ ഭാര്യയോട് പറയുകയാണ്...'അന്നു ഞാന്‍ നിന്നെ കല്യാണം കഴിച്ചത് ഒരൊറ്റ ഉദ്ദേശത്തോടെയായിരുന്നു..മകള്‍ വളര്‍ന്ന് വലുതാവുമ്പോള്‍ അവളെ പ്രാപിക്കണം എന്ന മോഹത്തോടെ....ഞാന്‍ മോഹിച്ചാല്‍ അത് നടത്തിയിരിക്കും"... മൂന്നാമത്തെയാള്‍ തടവുപുള്ളി ബാലന്‍ (ചെമ്പന്‍ ). ട്രെയിനിലെ ഒരു യാത്രക്കാരന്‍ ഭാര്യയോട് കുഞ്ഞിന് പാലു കൊടുക്കാന്‍ പറയുമ്പോള്‍ വിടര്‍ന്ന മുഖത്തോടെ അങ്ങോട്ടു നോക്കുന്ന ബാലന്‍ ഫീഡിംഗ് ബോട്ടില്‍ എടുക്കുന്നതു കാണുമ്പോള്‍ നിരാശനാകുന്നു....ഇങ്ങനെയുള്ള pervert-കളുടെ കൂടെ യാത്ര ചെയ്യാനുള്ള മനസ്ഥൈര്യം ഉണ്ടെങ്കില്‍ മാത്രം ഈ യാത്ര തുടര്‍ന്നാല്‍ മതി...

കണ്ണൂര്‍ ജയിലില്‍ നിന്നും പൂജപ്പുര ജയിലിലേക്ക് കൊണ്ടു പോകുന്ന രണ്ടു തടവുകാരുടെയും, അതിന്റെ ചുമതലയുള്ള രണ്ട് പോലീസുകാരുടെയും യാത്രയാണ് കഥ. തടവുകാരിലൊരാള്‍ ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണ മോഷണക്കേസിലെ പ്രതി...രണ്ടാമന്‍ സ്വന്തം അമ്മയെ കൊന്നയാള്‍... ട്രെയിനില്‍ അവര്‍ പരിചയപ്പെടുന്ന വിവിധ കഥാപാത്രങ്ങളിലൂടെ കഥ വികസിക്കുന്നു. കായംകുളം സ്റ്റേഷനില്‍ ട്രെയിന്‍ എത്തുമ്പോള്‍ പ്രതികളിലൊരാള്‍ രക്ഷപ്പെടുന്നു.. അയാള്‍ രക്ഷപ്പെട്ടത് ഒരാളെ കൊല്ലുക എന്ന ലക്ഷ്യത്തിനു വേണ്ടിയായിരുന്നു. വെട്ടിലായ പോലീസുകാര്‍ രണ്ടു പേരും മറ്റേ പ്രതിയുടെ സഹായത്തോടെ രക്ഷപ്പെട്ടയാളെ കണ്ടെത്തുന്നതാണ് ബാക്കി കഥ.

അമച്വര്‍ നാടകങ്ങളില്‍ പോലും ഇപ്പോള്‍ കാണാന്‍ കഴിയാത്ത, കാലഹരണപ്പെട്ട രംഗങ്ങളാണ് സിനിമ എന്ന പേരില്‍ പടച്ചു വിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന് സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ഒരേ ഭാവമാണ് - ഒരാഴ്ചയായി ശോധന മുടങ്ങിയയാളുടെ ഭാവം.. വിനീതിന്റെ മൊത്തം സംഭാഷണവും ഒരു ട്രെയിന്‍ ടിക്കറ്റിന്റെ പിന്‍വശത്ത് എഴുതാവുന്നതേ ഉള്ളൂ.. സാജു നവോദയ ഈ രീതിക്ക് പോയാല്‍ വെറുപ്പിക്കല്‍ പട്ടികയില്‍ താമസിയാതെ സ്ഥാനം നേടും. നിക്കി ഗില്‍റാണി കാര്‍ണിവലില്‍ അച്ഛനമ്മമാരെ നഷ്ടപ്പെട്ട കുട്ടിയെപ്പോലെ ഈ സിനിമയില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുന്നു. നെടുമുടി വേണുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട പ്രകടനങ്ങളിലൊന്നാണ് ഈ സിനിമയിലേത് (നമുക്കാന്‍ പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ തിലകന്റെ പ്രകടനത്തെ മനസ്സു കൊണ്ട് ഒരിക്കല്‍ കൂടി വണങ്ങിപ്പോയി). ചെമ്പന്‍ വിനോദ് ജോസിന്റെ സ്വാഭാവിക അഭിനയവും ജോജുവിന്റെ ചില നമ്പരുകളുമാണ് ഇറങ്ങിയോടുന്നതില്‍ നിന്നും പ്രേക്ഷകരെ തടയുന്നത്. ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതം ഇത്ര അരോചകമായി ഇതിനു മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ല..

ക്ലീഷേകളെ കളിയാക്കിക്കൊണ്ട് ഒരു മലയാള ചിത്രം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ തന്നെയാണ് ക്ലീഷേകളുടെ ഘോഷയാത്രയായ ഈ ചിത്രവും തിയേറ്ററിലെത്തിയിരിക്കുന്നത് എന്നത് ഒരു unintentional humour-ന് വക നല്കുന്നു. കൊലപ്പെടുത്താന്‍ നായകന്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം ഗ്യാസ് സിലിണ്ടര്‍ തുറന്നു വയ്ക്കുക എന്ന 'വളരെ നൂതനമായ' ആശയം തന്നെ.. അവസാനം തലയ്ക്കടിയേറ്റ് നെടുമുടി വേണു വീഴുമ്പോള്‍ പിന്നില്‍ ഇരുമ്പു വടിയുമായി നില്ക്കുന്ന കഥാപാത്രത്തെ കാണുമ്പോള്‍ സംവിധായകരോട് സഹതാപം തോന്നിപ്പോയി!! സാജു നവോദയ ട്രെയിനിലിരുന്ന് പറയുന്ന തനി ആഭാസം, ബംഗാളി/അന്യ ദേശ തൊഴിലാളികളെക്കുറിച്ചുള്ള വിവേചനപരമായ ഡയലോഗുകള്‍ ഇതെല്ലാം വേറെയും... മലയാളത്തില്‍ നല്ല സിനിമകളുണ്ടാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ നിഷ്കരുണം തള്ളിക്കളയേണ്ടതാണ് ഇരട്ട സംവിധായകരുടെ ഈ പരട്ട സിനിമ...

Contributors: 

പിന്മൊഴികൾ