മുന്നറിയിപ്പ് - മമ്മൂട്ടി അഭിനയം നിർത്താൻ സമയം ആയില്ല

മുന്നറിയിപ്പ് - വേണു സംവിധാനം നിർവഹിച്ച സിനിമ - നല്ലൊരു സിനിമ ആണ്.

ഹാരോൾഡ്‌ ക്ലർമൻ എന്ന അമേരിക്കൻ നാടക സംവിധായകൻ ഒരിക്കൽ പറഞ്ഞത്, മികച്ച ഒരു സംവിധായകൻ എന്ന് നിങ്ങളെ വാഴ്ത്താൻ മികച്ച ഒരു തിരക്കഥയും മികച്ച കുറെ നടീനടന്മാരുടെ ആവശ്യമേ ഉള്ളൂ എന്നാണ്. കാണുന്നവർക്ക് നിങ്ങൾ മികച്ച ഒരു സംവിധായകൻ ആണ് എന്ന് പറയാൻ പിന്നെ മടി ഉണ്ടാവില്ല. ഇവിടെ മമ്മൂട്ടി എന്ന നടന്റെ മികച്ച അഭിനയം  കാണാം, ഒപ്പം അപർണ ഗോപിനാഥ് എന്ന മികച്ച നടിയും. അതേസമയം​ ഉണ്ണി എന്ന തിരക്കഥകൃത്ത് എഴുതാൻ ഒന്നും ഇല്ലാതെ ഉഴലുന്നതു കാണാം.

ഘടകങ്ങൾ എടുത്തു പറഞ്ഞാൽ എഡിറ്റിംഗ് മികച്ചതായി. കണ്ണ് കെട്ടാതിരിക്കാൻ ഏതു വീടിന്റെ പണിയും മുഴുമിപ്പിക്കാതെ ഒരൽപം ബാക്കി ഇടുന്ന ഒരു സമ്പ്രദായം ഉണ്ട്, ആരും ശ്രദ്ധിക്കാത്ത ഒരു മൂലയിൽ കതകിന്റെ ഒരു കോണ് ചിന്തേര് ഇടാതെ  വിടും, അത് പോലെ ഇവിടെയും ഒരേ സീൻ - തെരുവ് കാണിക്കുന്ന സീൻ, വെളുപ്പിൽ നീല പുള്ളിയുള്ള ടീ ഷർട്ടിട്ട പയ്യന് സൈക്കിൾ ചവിട്ടി വരുന്ന ദൃശ്യം - രണ്ടിടത്ത് ഉപയോഗിച്ചിരിക്കുന്നത് കാണാം. കണ്ണിൽ പെട്ടത് പറഞ്ഞു എന്ന് മാത്രം, കല്ല്‌ കടിച്ചില്ല. അങ്ങേയറ്റം വൃത്തി, ​വെട്ടേണ്ടിടത്ത് വെട്ടുക എന്ന ക്ലാസ്സിക് ടെക്സ്റ്റ്‌ ബുക്ക്‌ നിയമങ്ങൾ നോക്കിയാൽ ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച എഡിറ്റിംഗ്. രാഘവനെ അഞ്ജലി തെങ്ങിൻതോപ്പിന് ഇടയിലുള്ള വീട്ടിൽ കൊ​ണ്ടുവിട്ടിട്ടു പോരുമ്പോൾ രാഘവനിലേക്ക് ക്യാമറ സൂം ഇൻ ചെയുന്ന ഒരു സീൻ ഉണ്ട്. അളന്നു മുറിച്ച ആ സീൻ കട്ട് ചെയ്ത രീതി കണ്ടപ്പോൾ വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു.

ഇനി എടുത്തു പറയേണ്ട കാര്യം - പശ്ചാത്തലസംഗീതം. ബിജിബാൽ ചെയ്ത ഏറ്റവും വൃത്തിയുള്ള പണി ഒരു തീം മ്യൂസിക്‌ ചിട്ടപ്പെടുത്തുക എന്നുള്ളതാണ്. അതിലും വിജയിച്ചത് ആ തീം മ്യൂസിക്‌ കാണുന്നവനെ പിണക്കാതെ സിനിമയിൽ പലയിടത്തും ചേർത്തു എന്നുള്ളതും. പിന്നെ, പശ്ചാത്തലസംഗീതത്തെപ്പറ്റി എഴുതുമ്പോൾ എഴുതിയില്ലയെങ്കിൽ പോലീസ് പിടിക്കും എന്നുള്ളതുകൊണ്ട് പറയാം -  ഈ സിനിമയിൽ നിശ്ശബ്ദത ഉണ്ട്. എന്തിനാണ് എല്ലാവരും അതിനു പശ്ചാത്തല സംഗീതം നിർവഹിച്ച ആളിനെ പുകഴ്ത്തുന്നത് എന്ന് ഇത് വരെ മനസ്സിലായിട്ടില്ല, എന്നാലും വീണ്ടും ബിജിബാലിന് അഭിനന്ദനങ്ങൾ.

ഇനി  ഛായാഗ്രഹണം. സിനിമ ഡിജിറ്റൽ ആയപ്പോൾ പലപ്പോഴും ഉപയോഗിച്ച് കാണുന്നവന്റെ കണ്ണിന്റെ ഫ്യൂസ് അടിപ്പിച്ചു കളയാൻ ഉപയോഗിക്കുന്ന ഒരു സംഗതിയാണ് - DI & കളറിംഗ്. ഇത് സ്ഥിരം ആയി ചെയ്യുന്ന തമിഴന്മാരുടെ പേര് ഒന്നും തന്നെ സാധുവിന് ഓർമ ഇല്ല. ഇത്തവണ ഓർക്കാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടുതാനും! തെങ്ങിൻ തോപ്പിനിടയിൽ രാഘവൻ വൈകിട്ട് ഒറ്റയ്ക്ക് നടക്കുന്ന ഒരു സീൻ ഉണ്ട്, അതിന്റെ കളറിംഗ് ചെയ്ത ആ മിടുക്കന് ഒരു കൈയ്യടി. ഈ സീനിൽ രാഘവൻ എന്തോ ഒന്ന് കാലു കൊണ്ട് തട്ടി കളയുന്ന ശബ്ദം നമുക്ക് കേൾക്കാം, ദൂര​ദൃശ്യവും കാണാം, എന്തായിരുന്നു അതെന്നു സിനിമയുടെ ഒടുക്കം മനസ്സിലാവുകയും ചെയ്യും, ഇവിടെ ആണ് വേണു മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു സംവിധായകൻ ആവുന്നത്.  

വേണുവിലേക്ക് വരും മുൻപ് കൊച്ചിയിൽ നിർത്തി ഉണ്ണിയെ രണ്ടു പറയാം. സിനിമയുടെ ആദ്യ സീനിൽ പറഞ്ഞതിന് സിനിമയുടെ ബാക്കി ഉള്ളതിനോട് എന്താണ് ബന്ധം എന്ന ഒരു സംശയം ആർക്ക് തോന്നിയാലും അവരെ കുറ്റം പറയാൻ പറ്റില്ല. വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും ആരും തന്നെ - അമേരിക്കയിൽ നിന്ന് വരുന്ന പയ്യന്  ഒഴിച്ചാൽ -  കൃത്യമായി രൂപപെടുന്നുമില്ല. 'എഴുത്ത് നടക്കുന്നില്ല' എന്ന സിനിമയിലെ പ്രധാന സംഗതി പറയാൻ വീണ്ടും വീണ്ടും രാഘവൻ & മുറി എന്ന സിറ്റുവേഷന്റെ അപ്പുറത്തേക്ക് കടക്കാനും ഉണ്ണിക്കു കഴിയാതെ പോയി. ഇതൊക്കെ കൊണ്ട് ഉണ്ണിക്കു അഭിനന്ദനം ഇല്ല.  ദുർബലം എന്ന് ഈ തിരക്കഥയെ സാധു വിളിക്കില്ല എന്നാലും ആരോഗ്യം ഉള്ള കൊച്ച് അല്ലതാനും. ഈ ആരോഗ്യം ഇല്ലാത്ത കൊച്ചിനെ വെച്ച് വേണു എങ്ങനെ കപ്പ്‌ അടിക്കുന്നു എന്ന് നോക്കാം.  

  1. ഒരു മരണവും ഒന്നോർത്താൽ വെറുതെ അല്ല! ലോകമഹായുദ്ധത്തിന്റെ ശതാബ്ദിയിൽ ഗാസയിലെ കുട്ടികളെ കുറിച്ച് നമുക്ക് പറയാം.  മനുഷത്വം മാറ്റി നിർത്തി പ്രാകൃതനിയമം ഓർത്താൽ ഒരു മരണം പലപ്പോഴും പലരുടെയും ആഹാരം ആയി മാറുന്നുണ്ട്. വിശന്നാലും, വഴി മുടക്കിയാലും മൃഗങ്ങൾ കൊന്നിരുന്നു, കൊല്ലുന്നു. അതാണ്‌ ഈ സിനിമ പറയുന്നതും. ഇനി ഒന്നാം സീനിലേക്ക്‌ വരാം, ചത്ത ഒരു ഗൌളിയെ ഉറുമ്പുകൾ എടുത്തു കൊണ്ട് പോവുന്ന ദൃശ്യം. ക്യാമറ ചലിക്കുന്നില്ല, പേരുകൾ എഴുതി കാണിക്കുന്നു, എഴുതി കാണിച്ചു കഴിയുമ്പോൾ ഉറുമ്പുകൾ തന്റെ 'ഭക്ഷണത്തിനെ' നമ്മുടെ മുൻപിൽനിന്ന് എടുത്തു മാറ്റുകയും ചെയ്തു! ക്യാമറ അനങ്ങിയില്ല, ഇടപെടാൻ - ചത്തതെങ്കിലും, ഉറുമ്പുകളെ പായിച്ചു ഗൌളിയെ എടുത്തു കുഴിച്ചിടാൻ - ആരെയും സംവിധായകൻ അനുവദിച്ചും ഇല്ല! ഇവിടെ സാധു മനസ്സിൽ കൈ അടിച്ചു. വേണു, താങ്ക് യു.
  2. ഇരട്ട കൊലപാതകങ്ങൾ ചെയ്തതിനാണ് രാഘവൻ ജയിലിൽ കിടക്കുന്നത്. പിന്നീടു ഒരു സീനിൽ ഈ രണ്ടു സ്ത്രീകളുടെ ചിത്രങ്ങൾ ഒന്നിന് മുകളിൽ ഒന്നായി മാറ്റി മാറ്റി വക്കുന്നുണ്ട് രാഘവൻ. രണ്ടാളും തനിക്കു ഒരു പോലെ ആയിരുന്നു എന്ന് വേണമെങ്കിൽ കാണുന്നവന് വായിച്ചു എടുക്കാം. അങ്ങനെ വായിക്കാൻ കഴിഞ്ഞാൽ, അതിനൊപ്പം ബാർ സീനും ചേർത്തു വായിച്ചാൽ എന്തിനായിരുന്നു ആ കൊലപാതകങ്ങൾ എന്നുള്ളതും വ്യക്തം.
  3. ജയിലിൽ ഇരുട്ടും വെളിച്ചവും തമ്മിലുള്ള വ്യത്യാസത്തെ പറ്റി അഞ്ജലിയോടു പറയുന്നുണ്ട് രാഘവൻ. തിരികെ മുറിയിൽ എത്തി തന്റെ ടേബിൾ ലാമ്പ് കൈകൾ കൊണ്ട് പൊത്തുന്ന അഞ്ജലിയെ  കണ്ടപ്പോൾ, ആ ദൃശ്യം അങ്ങേയറ്റം സാധാരണമായി കാഴ്ചയിൽ തോന്നിയെങ്കിലും അതിന്റെ സൌന്ദര്യത്തെ നിഷേധിക്കാൻ കഴിഞ്ഞില്ല.
  4. മുൻവിധികളോടെ സിനിമ കാണാൻ പാടില്ല. എങ്കിലും, ഇനി ഏതാവും അടുത്ത ദൃശ്യം എന്ന് ഓടിക്കേറി ചിന്തിച്ചു പോവുമ്പോൾ ചിലപ്പോൾ മണ്ടത്തരം പറ്റും. ജയിൽ വിട്ടു ഇറങ്ങുന്ന രാഘവൻ. തന്റെ പാത്രങ്ങൾ അടുക്കിവെയ്ക്കുന്ന ദൃശ്യം വളരെ ഇഷ്ടപ്പെട്ടു. അടുത്ത സീനിൽ അഞ്ജലി രാഘവനെ കാറിൽ 'അടയ്ക്കുന്നത്' കണ്ടപ്പോൾ സത്യത്തിൽ ആദ്യം കരുതിയത്‌ സംവിധാകന് പറ്റിയ മണ്ടതരമായിട്ടാണ്. പക്ഷെ, ഉടനെ തന്നെ ac​ ഇടുകയാണ്​, ജനാലകൾ താഴ്ത്തണ്ട എന്നു പറഞ്ഞ് അഞ്ജലി ചിരിച്ചപ്പോൾ സംവിധായകൻ പറയാൻ വെച്ചത് വ്യക്തമായി​. ഒടുവിൽ രാഘവൻ തന്റെ മുറി അടുക്കുന്നിടത്ത് അല്ല, മറിച്ച് അയാൾ ജനാലയിലൂടെ പുറത്തേക്കു - ഇരുമ്പ് അഴികളുടെ ഇടയിലൂടെ- നോക്കുന്നിടത്ത് ആണ് ആ സീൻ തീരുന്നതും. മികച്ചത് എന്ന് മാത്രം പറയാം.
  5. രണ്ടാം കാഴ്ച്ചയിൽ എങ്കിലും തെങ്ങിൻതോപ്പിൽ നടക്കുന്ന രാഘവൻ എന്തോ ഒന്ന് കാല് കൊണ്ട് തട്ടുന്നതും, ഒടുക്കം തന്റെ തീർന്ന പേസ്റ്റിന്റെ കവർ കളയുന്നതും ശ്രദ്ധിക്കുക. കാബേജ് അരിയുന്ന പോലെ സീനുകൾ വെട്ടി കൂട്ടി ഇട്ടിട്ടിരിക്കുന്നത് കണ്ടു തൃപ്തി അടയുന്ന ഈ കാലത്ത് ഇത്തരം സംവിധായകന്റെ കൈയൊപ്പ്‌ ഉള്ള ദൃശ്യങ്ങൾ സുഖമുള്ള ചെറുമഴ തന്നെയാണ്.

ഏറ്റവും ഒടുവിൽ  സാധു മരണത്തിനെ തൊട്ടുമുൻപിൽ കണ്ടത് തിരുവനന്തപുരത്ത് വെച്ചാണ്. കലാഭവനിൽ 'മംഗ്ലീഷ്' എന്ന രൂപത്തിൽ! Salaam  Bappu എന്നെഴുതി Bappu ഒന്ന് കറങ്ങി ബാppu ആയപ്പോൾ ഒരു രസവും തോന്നി. രണ്ടാഴ്ച കഴിഞ്ഞ് ഇംഗ്ലീഷ് വിംഗ്ലീഷ് കണ്ടപ്പോൾ മംഗ്ലിഷിൽ ആകെ രസിച്ച പേരെഴുതി കാണിക്കൽ സ്വല്പം ദൂരം ഓടി കേരളത്തിൽ വന്നതാണ് എന്നും മനസ്സിലായി. പറഞ്ഞു വന്നത് ഇതൊന്നും അല്ല, മംഗ്ലീഷ് കണ്ടപ്പോൾ മമ്മൂട്ടി സ്ക്രീനിൽനിന്ന് ഇറങ്ങി വന്നു തൊഴിച്ചു, പക്ഷെ മുന്നറിയിപ്പ് കണ്ടപ്പോൾ സാധുവിന്റെ ഒക്കെ നാട്ടിൽ പറയുന്ന ഒരു ഡയലോഗ് ഓർമ വന്നു, "പണി അറിയാവുന്നവനാ, പിന്നെ പൈസയോടു കുറച്ചു ആർത്തിയുണ്ട്, അതിപ്പോ എന്നാ ചെയ്യാനാ'!