മലയാളസിനിമയുടെ സാമ്പ്രദായിക രീതികളില്‍ നിന്നെല്ലാം മാറി നില്ക്കു ന്ന തികച്ചും വ്യത്യസ്തമായ സിനിമ..

ഞാന്‍ സ്റ്റീവ് ലോപ്പസ്..

ഇതെന്തു സിനിമ.. ഇങ്ങനെയൊക്കെയാണോ സിനിമ.. ഇത് പോലെയാണോ സിനിമ എടുക്കണ്ടേ.. ഇങ്ങനെ പല ചിന്തകളും തോന്നും.. ഒരു പക്ഷെ പച്ചയായ ജീവിതം അത് പോലെ പകർത്തി വെക്കുമ്പോള്‍ പ്രേക്ഷകന് അങ്ങനെയേ തോന്നൂ.. മലയാളസിനിമയുടെ സാമ്പ്രദായിക രീതികളില്‍ നിന്നെല്ലാം മാറി നില്ക്കുന്ന തികച്ചും വ്യത്യസ്തമായ സിനിമ.. അതാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്.. 
മലയാളത്തില്‍ അപൂർവ്വമായി മാത്രം സംഭവിക്കുന്ന, വ്യക്തമായ കാഴ്ച്ചപ്പാടുള്ള ഒരു സിനിമ..

അലസനായ ഒരു വിദ്യാർത്ഥിയായ സ്റ്റീവില്‍ നിന്നും സ്റ്റീവ് ലോപ്പസ് എന്ന വ്യക്തിയായി അവന്‍ മാറുന്നതാണ് ചിത്രത്തിലൂടെ നമുക്ക് കാണാന്‍ പറ്റുന്നത്.. ഒരു പ്രത്യേക സാഹചര്യത്തില്‍ അവന്റെ പക്വതയുള്ള പെരുമാറ്റവും അതില്‍ നിന്നും അവന്‍ ചെന്ന് പെടുന്ന പ്രശ്നങ്ങളും ഒക്കെ ഇടയില്‍ വരുന്നു.. സ്റ്റീവിന്റെ നിലപാടുകളിലുള്ള മാറ്റങ്ങളും അവന്റെ വ്യക്തിത്വ രൂപീകരണവും ഒക്കെയാണ് ചിത്രം പറയുന്നത്.. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന് സിനിമയ്ക്ക് പേരിട്ടതിന്റെ കാരണവും മറ്റൊന്നല്ല എന്നും നമുക്ക് മനസിലാകും..

തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങള്‍.. അതിഭാവുകത്വം ഒട്ടും തോന്നാത്ത പച്ചയായ ജീവിതസന്ദർഭങ്ങള്‍.. പ്രധാന കഥാപാത്രമായ സ്റ്റീവിന്റെ ആത്മസംഘർഷകങ്ങളിലൂടെ ഒപ്പം നമ്മളും സഞ്ചരിക്കുന്നു.. എന്നാല്‍ സ്റ്റീവില്‍ മാത്രം ഒതുങ്ങി നില്ക്കുനന്ന ഒരു കഥയല്ല.. അയാളിലൂടെ മറ്റു പലരുടെയും കൂടെ ജീവിതം കാണിക്കാനാണ് സംവിധായകന്‍ ശ്രമിച്ചിട്ടുള്ളത്..

പുതുമുഖങ്ങളായ ഫർഹാന്‍ ഫാസില്‍ , അഹാന തുടങ്ങിയവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.. മോശമാക്കാതെ തന്നെ അവര്‍ ആ വേഷങ്ങള്‍ ചെയ്തു.. ചെറിയ വേഷങ്ങള്‍ ചെയ്ത മറ്റു അഭിനേതാക്കളാണ് ശരിക്കും ഞെട്ടിച്ചത്.. സ്റ്റീവിന്റെ അച്ഛന്റെയും, ചെറിയച്ചന്റെയും വേഷങ്ങള്‍ ചെയ്ത നടന്മാര്‍, പിന്നെ വിനായകന്‍.. ഇവരുടെയൊക്കെ പ്രകടനം അത്രക്കും സ്വാഭാവികം ആയിരുന്നു..

സംവിധായകന്റെ സിനിമ തന്നെയാണ് ഞാന്‍ ഞാന്‍ സ്റ്റീവ് ലോപ്പസ്.. ഒരു രാജീവ്‌ രവി ടച്ച് നിറഞ്ഞു നില്ക്കുന്ന ചിത്രം.. മലയാളത്തിലെ ഏറ്റവും പ്രതീക്ഷ നല്കുന്ന സംവിധയകന്മാരുടെ നിരയിലേക്ക് ഒരാൾ കൂടി.. പപ്പുവിന്റെ ചായാഗ്രഹണം ചിത്രത്തിന്റെ സ്വാഭാവികമായ ഒഴുക്കിനെ വളരെയധികം സഹായിച്ചു.. തലസ്ഥാന നഗരിയെ വളരെ ഭംഗിയായി തന്നെ ഒപ്പിയെടുത്തു ആ ക്യാമറ..

സിനിമയ്ക്ക് വേണ്ട മസാലകള്‍ ഒന്നും ചേർക്കാത്ത പച്ചയായ ജീവിതം കാണിച്ചു തരുന്ന ഒരു സിനിമ.. ചിലപ്പോള്‍ ഈ സിനിമ വിരസമായി തോന്നാം.. ജീവിതവും അതുപോലെയൊക്കെ തന്നല്ലേ.. ചിലപ്പോളൊക്കെ വിരസമല്ലേ.. 

എല്ലാര്‍ക്കും ഇഷ്ടപെടുന്ന ഒരു സിനിമയല്ല.. വ്യത്യസ്തത ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്ക്‌ ധൈര്യപൂര്‍വ്വം കാണാം ഞാന്‍ സ്റ്റീവ് ലോപ്പസ്..

പിന്മൊഴികൾ