എന്റെ മകനെ കുറിച്ച് ഞാൻ...

പൈതൃകം എന്ന ചിത്രത്തിലെ ഒരു രംഗം. ജന്മസിദ്ധമായി തനിക്കു ലഭിച്ച ബ്രാഹ്മണ്യത്തെ തള്ളി പറഞ്ഞ സോമദത്തൻ, തന്റെ അച്ഛൻ വിളിച്ചത് പ്രകാരം എത്തുകയാണ്. തന്റെ വിശ്വാസത്തെ മുറുകെ പിടിക്കുന്ന സോമദത്തൻ, തന്റെ അച്ഛൻ പുലർത്തി പോരുന്ന വിശ്വാസങ്ങളും ആചാരങ്ങളും തെറ്റാണ് എന്ന് വാദിക്കുകയാണ്, അത് താൻ തർക്കിച്ച് തോൽപ്പിക്കുകയും ചെയ്യും എന്ന വാശിയിലാണ്. ആ വാശിയിൽ നിൽക്കുന്ന മകനെ ഒട്ടും അനിഷ്ടം കാണിക്കാതെ, അല്പം പോലും വികാരത്തിനടിമപ്പെടാതെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കയാണ് നരേന്ദ്രപ്രസാദിന്റെ ദേവദത്തൻ നന്പൂതിരി എന്നാ കഥാപാത്രം. മകൻ ശബ്ദമുയർത്തുന്പോൾ, വാക്കുകൾക്ക് കാഠിന്യം നൽകിയും, പിന്നീട് അനുനയത്തിന്റെ ഭാഷയിൽ ശബ്ദം പരമാവധി താഴ്‌ത്തിയുമുള്ള സംഭാഷണങ്ങൾ. ഒടുവിൽ മകൻ, തന്റെ പേരക്കിടാവിനെ  എങ്ങനെ വളർത്തണം എന്ന വാശി തുറന്നു പറയുന്പോൾ, 'എന്റെ മകനെ കുറിച്ച് ഞാൻ അങ്ങനെ വാശിപിടിച്ചില്ലല്ലോ' എന്ന ദുഃഖം പൂണ്ട ഒരു മറുപടിയിൽ മകന് ഉത്തരം മുട്ടുകയാണ്. ഈ രംഗത്തിലുടനീളം നരേന്ദ്രപ്രസാദ് എന്ന നടന്റെ നടന വൈഭവം പ്രകടമാണ്. സംഭാഷണങ്ങൾ ആയാലും, ശരീരഭാഷയിലായാലും അഭിനയത്തെ സീരിയസായി സമീപിക്കുന്നവർക്ക് മാർഗ്ഗദർശിയാക്കാൻ കഴിയുന്ന ഒരു നടനും രംഗവും.

Relates to: