ജോണീ അപ്പൻ വരുന്നുണ്ടെടാ..!

ഫേസ്ബുക്കിൽ വി എം ദേവദാസ് കൊളുത്തിവിട്ട ഈ തീപ്പൊരിയാണ് മികച്ച അഭിനയമുഹൂർത്തങ്ങൾ,പ്രിയപ്പെട്ട സീനുകൾ വീഡിയോ-ടെക്സ്റ്റ് സപ്പോർട്ടോടെ ഡോക്കുമെന്റ് ചെയ്യാൻ പ്രേരകമാവുന്നത്. മികച്ച സീനുകൾ എന്ന സീരിസിൽ നിന്ന് എന്ന് ഒരു ടെമ്പ്‌‌ളേറ്റ് തുടങ്ങുന്നു.

അക്കരെ എന്ന ചിത്രത്തിൽ നിന്ന് ഭരത് ഗോപിയുടെ ഒരു രംഗം..ഗൾഫിൽ നിന്നെത്തിയ ജോണിയെ (നെടുമുടി വേണൂ)വിനേക്കാണാൻ ഗോപിയും ഭാര്യയുമെത്തുന്നുതാണ് പശ്ചാത്തലം. ഗൾഫിൽപ്പോകാൻ ചില സർട്ടിഫിക്കറ്റുകളൊക്കെ തയ്യാറാക്കിക്കൊടുത്ത തഹസീൽദാർ ഗോപിയോട് ജോണിക്ക് ബഹുമാനമുണ്ട്, ആ ബഹുമാനം മുതലെടുത്ത് ഗൾഫിലേക്ക് പോകാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ എന്നറിയാനാണ് ഭാര്യ പത്മാവതിയുടെ നിർബന്ധപ്രകാരം അവർ ജോണിയെക്കാണാൻ വീട്ടിലെത്തുന്നത്. ജോണിയുടെ അപ്പൻ പണ്ടത്തെ ചകിരിക്കാരൻ വർഗ്ഗീസ് മാപ്പിള അല്ലേ എന്ന് പരിഹസിച്ചിരുന്ന പത്മാവതിയും തഹസീൽദാറും ജോണിയുടെ വീട്ടിലെത്തുമ്പോൾ കാണുന്നത്  വെസ്റ്റേൺ മ്യൂസിക്ക് ആസ്വദിച്ചിരിക്കുന്ന ജോണിയുടെ അപ്പനേയാണ്..വേലക്കാരി പെണ്ണിനെ മുകളിലേക്കയച്ച് ജോണിയെ വിളിച്ച് കൊണ്ട് വരാൻ അപ്പൻ പറയുന്നു. തുടർന്നുള്ള രംഗമാണ് ശ്രദ്ധിക്കേണ്ടത്..തെറിച്ച വേലക്കാരിപ്പെണ്ണൂം ജോണിയും തമ്മിലുള്ള പിടിവലിയും ബഹളവുമൊക്കെ കേൾക്കുന്ന ഗോപിയും ഭാര്യ പത്മാവതിയും ജോണിയുടെ അപ്പനുമൊക്കെ ഇരുന്ന് ചൂളുകയാണ്…ആ രംഗത്തിനറുതിവരുത്താൻ അപ്പൻ കോണിപ്പടി കയറുന്നു..ജോണിയോടുള്ള വിധേയത്വവും സൗഹൃദവും കാരണം ജോണിക്ക് സംഭവിക്കാവുന്ന അപമാനത്തിൽ നിന്ന് രക്ഷിച്ചെടുക്കണം, അപ്പൻ കയറിവരുന്നുണ്ടെന്ന് അപ്പനറിയാതെ ജോണിയെ അറിയിക്കുകയും വേണം എന്ന വലിയ ധർമ്മസങ്കടത്തിലകപ്പെടുന്ന തഹസീൽദാർ ഗോപി മുകളിലത്തെ നിലയിലേക്ക് നോക്കി രണ്ടും കൽപ്പിച്ച്  “ജോണീ  അപ്പൻ വരുന്നുണ്ടെടാ“ എന്ന് പറയുന്ന രംഗവും തുടർന്നുള്ള ജാള്യതയോടെയുള്ള ഇരിപ്പും ആ ശരീരഭാഷയും ഏത് സിനിമാപ്രേമികളെ ആണ് അദ്ദേഹത്തിന്റെ ആരാധകരാക്കാതിരിക്കുക..? സീൻ കാണുക.