സലാം കാശ്മീര്‍ - ചതിച്ചാശാനേ... ജോഷി ചതിച്ചാശാനേ...!

Salam Kashmir-malayalam movie-m3db

ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യക്ക് ചോറും കറിയും വെച്ചൊരുക്കി വീടുമുഴുവന്‍ അടിച്ചുവാരി മകളെ കുളിപ്പിച്ചൊരുക്കി സ്ക്കൂളിലേക്കയക്കുന്ന എല്ലാം തികഞ്ഞ 'വീട്ടച്ഛ'നായ ശ്രീകുമാരനോട് നാട്ടിലെ എല്ലാ വീട്ടമ്മമാര്‍ക്കും ആരാധനയാണ്‌, ശ്രീകുമാരന്റെ ഭാര്യ സുജ(മിയ)യോട് അസൂയയാണ്‌. അതി ഗംഭീര കറികളൊരുക്കുന്ന ശ്രീകുമാരന്റെ പാചകത്തിനു ആരാധകരേറെയാണ്‌. അങ്ങിനെയിരിക്കെയാണ്‌ പണ്ടു സുജയോട് ഇഷ്ടം പ്രകടിപ്പിക്കുകയും വിവാഹം കഴിക്കാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്ത ടോമി ഈപ്പന്‍ ദേവസ്സി (സുരേഷ് ഗോപി) വീണ്ടും സുജയെ ഫോണ്‍ ചെയ്യുവാനും ബാങ്കില്‍ ചെന്ന് കാണുവാനും തുടങ്ങുന്നത്. എന്തിനേറെ പറയുന്നു സംശയവും വഴക്കും വക്കാണവും കാരണം ശ്രീകുമാറിന്റെ കുടൂംബം തകര്‍ന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒറ്റദിവസം കൊണ്ട് ജോലി രാജിവെച്ച് കുട്ടിയും പെട്ടിയുമെടുത്ത് സുജ അവളുടെ വീട്ടില്‍ പോയി. ഒരു ജോലിയും കൂലിയുമില്ലാതിരുന്ന ശ്രീകുമാര്‍ ജോലി തെണ്ടി ഒടുക്കം ഒരു ബാര്‍ ഹോട്ടലിലെ സെക്യൂരിറ്റി ജോലി തരപ്പെടുത്തു. ആ പഞ്ചനക്ഷത്ര ബാര്‍ മറ്റാരുടേതുമല്ല അത് ടോമി ഈപ്പന്‍ ദേവസ്സി എന്ന കാഞ്ഞിരപ്പള്ളി അച്ചായന്റേതായിരുന്നു. ശ്രീകുമാറിന്റെ തകര്‍ന്ന ജീവിതത്തിനു ആശ്വാസം പറയാനെത്തിയ റോയിച്ചായനോടു (ലാലു അലക്സ്) അപ്രതീക്ഷിതമായി അവിടേക്കു കടന്നു വന്ന ടോമി ഈപ്പന്‍ അതിഭയങ്കരമായൊരു രഹസ്യം വെളിപ്പെടുത്തി. വീട്ടിച്ഛനായ ശ്രീകുമാരന്‍ ആരാണെന്ന ആര്‍ക്കുമറിയാത്ത ആ രഹസ്യം വെളിപ്പെടുത്തി

(അതെന്താണറിയാന്‍ സിനിമ തന്നെ കാണണമെന്നൊന്നുമില്ല, കഴിഞ്ഞ ആറുമാസമായി കേരളത്തിന്റെ തെരുവുകളിലും ഓണ്‍ലൈനിലും ഫ്ലക്സായും പോസ്റ്ററായും പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകള്‍ നോക്കിയാല്‍ മതി)

വേര്‍പിരിഞ്ഞ ഇരട്ട എഴുത്തുകാരിലൊരാളായ സേതുവാണ്‌ ഈ പാതകം എഴുതിവെച്ചിരിക്കുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന പട്ടാളവും വെടി പുകയുമൊക്കെ ഇടവേളക്ക് ശേഷമാണ്‌. അതും ക്ലൈമാക്സിനോടനുബന്ധിച്ച് മാത്രം. ഇന്ത്യന്‍ മിലിറ്ററിയുടെ സൈബര്‍ സെല്‍ വിങ്ങും അതിന്റെ പ്രവര്‍ത്തനവുമൊക്കെ മുട്ടന്‍ കോമഡിയാണ്‌. ഇന്ത്യയിലെ ഭീകരരൊക്കെ ഫേസ് ബുക്ക് വഴി ഭയങ്കര രഹസ്യങ്ങളടങ്ങിയ മെസേജുകള്‍ കൈമാറുന്നതും അവരുടെ അക്കൗണ്ടുകളും വെബ് സൈറ്റുമൊക്കെ ഹാക്ക് ചെയ്ത് സന്ദേശങ്ങള്‍ ഇന്ത്യന്‍ മിലിറ്ററി സൈബര്‍ സെല്‍ പിടിച്ചടക്കുന്നതുമൊക്കെ കണ്ടാല്‍ സിനിമ കോമഡിയാണോന്നു തോന്നിപ്പോകാം. പക്ഷെ സംഗതി മുട്ടന്‍ സീരിയസാണ്‌. ആദ്യ പകുതിയില്‍ ഒരുപാട് കോമഡി സീനുകളൊക്കെ സച്ചി എഴുതിവെച്ചിട്ടുണ്ട്. ഒരിറ്റു കണ്ണീരു പൊടിയാതെ അതൊന്നും നമുക്ക് കണ്ട് തീര്‍ക്കാനാവില്ല.!

പട്ടാള പശ്ചാത്തലവും നായകന്റെ മിലിറ്ററി വേഷവും പിന്നെ 'സര്‍ഫ് കൊണ്ടെഴുതിയ പോലത്തെ ടൈറ്റിലും' അതിനു കീഴെ 'ജോഷി' എന്നൊരു പേരും ഉണ്ടെങ്കില്‍ സംഗതി സൂപ്പര്‍ഹിറ്റ് പടമാണെന്ന് കരുതിയെങ്കില്‍ തെറ്റി. 'അങ്ങിനെയുള്ള വിചാരമൊന്നും വേണ്ട പ്രേക്ഷകരേ....' എന്നൊരുഗ്രന്‍ താക്കീതാണ്‌ ജോഷിയുടെ 'സലാം കാശ്മീര്‍'.
-----------------------------------------------------

സിനിമയുടെ വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Contributors: