ശ്രേയയും വാകയും പിന്നെ ആധുനികതയും

പാവം ശ്രേയ ഘോഷാല്‍!  കേരളമാകെ വാകമരങ്ങളാല്‍ തിങ്ങിനിറഞ്ഞിരിക്കുകയാണെന്നും മലയാളികളായ കമിതാക്കള്‍  വാകമരം ചുറ്റി, വാകപ്പൂ പരസ്പരം എറിഞ്ഞ് പ്രണയിച്ചു നടക്കുകയാണെന്നും ഈ വംഗസുന്ദരി വിചാരിക്കുന്നുണ്ടാകും.  കാരണം മറ്റൊന്നല്ല -- ശ്രേയ പാടി സൂപ്പർഹിറ്റാക്കിയ മലയാള പ്രണയഗാനങ്ങളില്‍ മിക്കതിലും ‘വാക’ എന്ന മരം കടന്നുവരുന്നു.

മലയാള പ്രണയഗാനങ്ങളില്‍ വാകയുടെ സ്ഥാനം “വാകപ്പൂമരം ചൂടും വാരിളം പൂങ്കുലയ്ക്കുള്ളില്‍ വാടകയ്ക്കൊരു മുറിയെടുത്ത വടക്കന്തെന്നലിന്റെ” കാലം (1976) മുതൽക്കേ  അരക്കിട്ടുറപ്പിച്ചതാണ്. എന്നാലും ചുരുങ്ങിയ കാലയളവില്‍ത്തന്നെ ഇത്രയേറെ വാകയെ ഒരു ഗായികയില്‍ അടിച്ചേൽപ്പിച്ചതില്‍ കൌതുകം കാണാതെ വയ്യ. വാകയുടെ കാര്യം അവിടെ നിൽക്കട്ടെ. വെറും മുപ്പതോളം പാട്ടുകളേ പാടിയിട്ടുള്ളൂവെങ്കിലും ശ്രേയ ഘോഷാല്‍ എന്ന ഗായിക മലയാളഗാനങ്ങളിലെ ഭാവുകത്വത്തില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ചില കാര്യങ്ങള്‍ പറയാതെ വയ്യ.

മലയാള സിനിമാസംഗീതത്തിന്  അന്യഭാഷാഗായികമാര്‍ പുത്തരിയല്ല. നമ്മുടെ ആദ്യകാല നായികമാരുടെ ചുണ്ടനക്കലിനു പിന്നണി പാടിയിരുന്നത് സുശീല, ജാനകി, വാണിജയറാം, മാധുരി എന്നീ മലയാളികളല്ലാത്ത അതുല്യ ഗായികമാരായിരുന്നു.   ഇതില്‍ ജാനകിയുടെയും  മാധുരിയുടെയും മലയാള ഉച്ചാരണം ഒരു മലയാളിയുടെതല്ല എന്ന് തിരിച്ചറിയാനാവാത്ത  വിധം കുറ്റമറ്റതായിരുന്നു.    ജാനകിയാവട്ടെ മലയാളികൾക്ക്  സ്വതസിദ്ധമായ ചില ഉച്ചാരണവൈകല്യങ്ങളെക്കൂടി സൂക്ഷ്മതയോടെ  തന്റെ ഗാനങ്ങളില്‍ സന്നിവേശിപ്പിച്ച് മലയാളത്തനിമയുടെ റാണിയായി വിലസി.   കുട്ടികാലം മുതലേ ജാനകിയുടെ പാട്ടുകള്‍ റേഡിയോയില്‍ കേട്ട് വളർന്ന എനിക്ക്  അവര്‍ ഒരു തെലുങ്കത്തിയാണെന്ന സത്യം വളരെ കാലത്തിനു ശേഷം (ഏഴോ എട്ടോ ക്ലാസില്‍ പഠിക്കുമ്പോള്‍) മാത്രമാണ് അറിയാന്‍ കഴിഞ്ഞത്.  അന്ന്‍ ഒരു ഞെട്ടലോടെ, അവിശ്വസനീയതയോടെ ആ സത്യവുമായി  പൊരുത്തപ്പെടാന്‍ ശ്രമിച്ചത് ഇന്നും ഞാന്‍ ഓർക്കുന്നു.  സുശീലയുടെയും വാണിജയറാമിന്റെെയും മലയാള ഉച്ചാരണം പലപ്പോഴും അവരുടെ അന്യഭാഷാപൈതൃകത്തെ വിളിച്ചറിയിക്കുന്നതായിരുന്നു.  മലയാളികളായ ചിത്രയുടെയും സുജാതയുടെയും വരവിനു ശേഷമാണ് പിന്നണിഗായികമാരിലുണ്ടായിരുന്ന അന്യഭാഷാ ആധിപത്യം നിലച്ചത്.

എന്നാല്‍ ശ്രേയയുടെ മലയാളത്തിലേക്കുള്ള വരവ് മുമ്പിലുണ്ടായ അന്യഭാഷാഗായികമാരുടെ വരവില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.  സുശീല, ജാനകി, വാണിജയറാം, മാധുരി എന്നിവര്‍ മലയാളികളെ പോലെ അടിസ്ഥാനപരമായി  തെന്നിന്ത്യക്കാരും ദ്രാവിഡമാതൃഭാഷാ പാരമ്പര്യം പേറുന്നവരുമാണ്.  എന്നാല്‍ ബംഗാളി മാതൃഭാഷയായുള്ള , ഉത്തരേന്ത്യയില്‍ ജനിച്ച് ഹിന്ദി ഗാനങ്ങള്‍ പാടി വളർന്ന ഒരു ഗായിക ദ്രാവിഡഭാഷകളുടെ അതിർവരമ്പുകള്‍ മറികടന്ന് തെന്നിന്ത്യന്‍ സംഗീതലോകത്ത്‌ കാലുറപ്പിക്കുന്നത് പ്രതിഭയുടെയും അശ്രാന്തപരിശ്രമത്തിന്റെയും മകുടോദാഹരണമാണ്.  അതും മലയാളം പോലെ , മലയാളികളെ പോലെ,  ഉച്ചാരണത്തില്‍ കണിശത ആവശ്യപ്പെടുന്ന ഒരു ഭൂമികയില്‍ സ്വീകാര്യത  നേടിയെടുക്കുക എന്നത് ചില്ലറ കാര്യമല്ല.  സംസ്കൃത അക്ഷരങ്ങളേയും ദ്രാവിഡ അക്ഷരങ്ങളേയും സമന്വയിപ്പിച്ച്കൊണ്ടുള്ള മലയാളത്തിന്റെ അക്ഷരമാലയും അനുനാസികാതിപ്രസരം ഉള്ള വാക്കുകളും മലയാളികളല്ലാത്ത ഏതൊരു ഇന്ത്യക്കാരനും ഒരു വെല്ലുവിളി തന്നെയാണ്.   ഉത്തരേന്ത്യന്‍ ഗായകര്‍ മലയാളത്തില്‍ ഇതിനു മുൻപും പാടിയിട്ടുണ്ട്.   ലത മങ്കേഷ്കര്‍, മന്നാഡെ, തലത് മുഹമ്മദ്‌,  ആശ ബോസ്ലെ,  ഹേമലത   എന്നിവരൊക്കെ "ഒറ്റപാട്ട് വിസ്മയം"  (One Song Wonder) എന്ന പോലെ അതിഥിയായി വന്ന്‌ ഒരു പാട്ടുമാത്രം പാടി വിടപറഞ്ഞവരാണ്.  എന്നാല്‍ ശ്രേയയാവട്ടെ മുപ്പതിലധികം ഗാനങ്ങള്‍ പാടി രണ്ട് കേരള സംസ്ഥാനപുരസ്കാരങ്ങളും നേടി  ഇവിടം തന്റെ തട്ടകമാക്കിയിരിക്കുന്നു.  പുറത്ത് നിന്ന് വന്ന ഗായിക എന്ന നിലക്ക് ശ്രേയ  ഉച്ചാരണത്തിലും വ്യക്തതയിലും പ്രത്യേകം ശ്രദ്ധയോടെ പാടുമ്പോള്‍ അവരുടെ മലയാളമൊഴികള്‍  അനുവാചകർക്ക്  കൂടുതല്‍ ആസ്വാദ്യമായി അനുഭവപ്പെടുന്നു.  "നമ്മുടെ മലയാളമല്ലേ, ഇത്രയൊക്കെ മതി" എന്ന മലയാളിഗായകർക്ക്  വന്നുപോകാവുന്ന ലാഘവത്വം അവരുടെ ഉച്ചാരണത്തില്‍ കണ്ടുപിടിക്കാനാവില്ല.

മലയാളസംഗീതചരിത്രം  ശ്രേയ ഘോഷാല്‍ എന്ന ഗായികയെ അടയാളപ്പെടുത്താന്‍ പോകുന്നത് അവര്‍ ആലാപനശൈലിയില്‍ കൊണ്ടുവന്ന ആധുനികതയാല്‍  തന്നെയായിരിക്കും.  ശ്രേയയുടെ ആദ്യ മലയാളഗാനം തന്നെ പാശ്ചാത്യ ക്ലാസ്സിക്കല്‍ സംഗീതത്തിലധിഷ്ടിതമായ "വിട പറയുകയാണോ ചിരിയുടെ വെൺപ്രാവുകള്‍"   എന്ന വ്യത്യസ്തമായ ഗാനമായിരുന്നു.  ഭാരതീയസംഗീതത്തില്‍ അധിഷ്ടിതമായ ഗാനങ്ങള്‍ പാടുമ്പോള്‍ പോലും ശ്രേയയുടെ ഗമകങ്ങള്‍ ശുദ്ധ കർണ്ണാടകമോ ഹിന്ദുസ്ഥാനിയോ എന്ന് തരംതിരിക്കാന്‍ ആവാത്ത വിധത്തില്‍ ഒരു സാർവലൗകികത കൈവരിക്കുന്നതായി കാണാം.   ഉദാഹരണമായി  തെന്നിന്ത്യന്‍ രാഗമായ വസന്തയില്‍ ചിട്ടപ്പെടുത്തിയ "കണ്ണോരം ചിങ്കാരം" എന്ന ഗാനം കേട്ട് നോക്കൂ.    ശബ്ദക്രമീകരണത്തില്‍  (Voice Modulation)  കാണിക്കുന്ന വൈദഗ്ധ്യമാണ് ശ്രേയയുടെ ആലാപനത്തിന്റെ  സവിശേഷത.  അക്ഷരങ്ങളെ  സന്ദർഭത്തിനനുസരിച്ച് ഉച്ചത കൂട്ടിയും കുറച്ചും പാടുന്ന പ്രക്രിയയാണിത്.  പാരമ്പര്യത്തിന്റെ  ഭാരം പേറുന്ന ഒരു മലയാളി ഗായികയുടെ വിമുഖതകള്‍ ഇല്ലാതെ ശ്രേയ മലയാളപദങ്ങളെ  ആട്ടിയും  കൊഞ്ചിച്ചും തികച്ചും ആധുനികമായ ഒരു ഭാവുകത്വം സൃഷ്ടിക്കുന്നത് പല ഗാനങ്ങളിലും കാണാം.  "നാട്ടുമാവിലൊരു മൈന"  എന്ന അധികമൊന്നും ശ്രദ്ധിക്കപ്പെടാതെ പോയ ഗാനം ഇതിനൊരു ഉത്തമോദാഹരണമാണ്‌. ഗ്രാമ്യവും പരമ്പരാഗതവുമായ ചുറ്റുപാടുകള്‍ വിട്ട് കൂടുതല്‍ ആധുനികവും യാഥാർത്ഥവുമായ  കഥകളിലേക്ക് ചേക്കേറുകയാണ് ഇന്നത്തെ മലയാള സിനിമ.  അതിനാല്‍ തന്നെ ആധുനികതയിലേക്കുള്ള  ഒരു പരിണാമം ഇന്നത്തെ സിനിമാഗാനങ്ങളിലും ആവശ്യമാണ്‌.

ഇങ്ങനെയൊക്കെ ആണെങ്കിലും പരിമിതികള്‍ ഇല്ലാത്ത ഗായികയാണ് ശ്രേയ ഘോഷാല്‍ എന്ന് പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഒരു "എനുണ്ടോടീ അമ്പിളി ചന്തം" പാടാന്‍ കേരളത്തിന്റെ നാടന്‍ ശീലുകളെ ഹൃദയത്തോട് ചേർത്തു വച്ച സിതാരയെപ്പോലെയുള്ള ഒരു ഗായിക തന്നെ വേണ്ടി വരും. ശ്രേയ സ്റ്റേജ് ഷോകളില്‍ അവരുടേതല്ലാത്ത  പാട്ടുകള്‍ പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. ജാനകിയുടെ "മൌനമേ നിറയും മൌനമേ", "തളിരിട്ട കിനാക്കള്‍ തന്‍" , ചിത്രയുടെ "മഞ്ഞള്‍ പ്രസാദവും", "മയങ്ങി പോയി ഞാന്‍" എന്നിവയൊക്കെ ശ്രേയ പാടിയാല്‍ എങ്ങിനെ ഇരിക്കുമെന്ന് വെറുതെ സങ്കൽപ്പിച്ച് പോകുന്നു. അവരുടെ പരിമിതികള്‍ സൂക്ഷ്മമായി തിരിച്ചറിയാന്‍ ഇത്തരം ഒരു പരീക്ഷണം കൊണ്ടു മാത്രമേ കഴിയുകയുള്ളൂ.

Contributors: