“കാറ്റേ കാറ്റേ നീ...” കുമാരി വൈക്കം വിജയലക്ഷ്മിയുമായി ജി നിശീകാന്ത് നടത്തിയ അഭിമുഖം

സവിശേഷമായ ആലാപനശൈലിയിലൂടെ, ശബ്ദസൌകുമാര്യത്തിലൂടെ വെറും മൂന്നു ഗാനങ്ങൾ കൊണ്ട് മലയാള ഗാന പ്രേമികളുടെ ഹൃദയത്തിലെ കദളിവാഴപ്പൂക്കളിൽ പാട്ടിന്റെ തേൻ നിറച്ച, ആസ്വാദനത്തിന്റെ മരച്ചില്ലകളിൽ മൂളിപ്പാട്ടുപാടി വന്ന, വൈക്കം കായലിൽ ഓളങ്ങൾ തീർത്ത് മലയാളക്കരയാകെ നിറഞ്ഞ ആ ഇളംകാറ്റുമായി അൽപ്പനേരം....

ചോ: മലയാളം മൂവീസ് & മ്യൂസിക് ഡാറ്റാബേസെന്ന m3db.com ലേക്ക് കുമാരി വൈക്കം വിജയലക്ഷ്മിയെ സ്വാഗതം ചെയ്തുകൊള്ളുന്നു. എങ്ങനെയായിരുന്നു സംഗീതലോകത്തേക്കുള്ള പ്രവേശനം?

ഉ: 1981 ഒക്ടോബർ 7 വിജയദശമിനാളിൽ വൈക്കത്താണ് ഞാൻ ജനിച്ചത്. അച്ഛൻ മുരളീധരൻ, അമ്മ വിമല. ഞാൻ ഒറ്റമകളാണ്. അതിനുശേഷം ഞങ്ങൾ ചെന്നൈയിൽ ആയിരുന്നു. അച്ഛനു അവിടെ ഇലക്ട്രോണിക്സ് ഐറ്റത്തിന്റെ ബിസിനസ് നടത്തിയിരുന്നു. ഒന്നരവയസ്സുമുതലേ പാടുമായിരുന്നു. 5 ആം വയസ്സിൽ വൈക്കത്തുവന്നു സ്ഥിരതാമസമാക്കി. കാസറ്റു റെക്കോഡുകൾ കേട്ടുള്ള പഠനമായിരുന്നു ആദ്യം. ദാസേട്ടന്റേയും എം.എസ്. സുബ്ബലക്ഷ്മിയമ്മയുടേയും ബാലമുരളീകൃഷ്ണസാറിന്റേയും മറ്റും പാട്ടുകളായിരുന്നു. 6 ആം വയസ്സിൽ ദാസേട്ടനു ദക്ഷിണസമർപ്പിച്ചു. അതിനുശേഷം വൈക്കം ചാത്തങ്കുടി ദേവീക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. തുടർന്ന് 7ആം വയസ്സിലാണ് ഗുരുമുഖത്തുനിന്ന് സംഗീതം അഭ്യസിക്കാൻ തുടങ്ങിയത്. ആദ്യഗുരു അമ്പലപ്പുഴ തുളസിടീച്ചർ ആയിരുന്നു. ടീച്ചറാണ് താളമിട്ടുപാടാൻ പഠിപ്പിച്ചത്. തുടർന്ന് വൈക്കം സുമടീച്ചർ, വൈക്കം  പ്രസന്നടീച്ചർ തൃപ്പൂണിത്തുറ വിൻസന്റ് മാസ്റ്റർ എന്നിവർക്കു കീഴിൽ പഠിച്ചു. ഇപ്പോൾ ഞാൻ പഠിക്കുന്നത് മാവേലിക്കര പൊന്നമ്മാൾ ടീച്ചർ, മകൻ മാവേലിക്കര സുബ്രഹ്മണ്യൻ സാറ് , വയലിനിസ്റ്റ് ആയ നെടുമങ്ങാട് ശിവാനന്ദൻ സാറ് എന്നിവരുടെ അടുത്താണ്.

Nisi & Vaikam Vijayalakshmi

ചോ: അൽപ്പകാലം മുൻപുവരെ അറിയപ്പെട്ടിരുന്നത് ഗായത്രിവീണാവാദക അല്ലെങ്കിൽ വായ്പ്പാട്ടുകാരി എന്നീ നിലകളിലൊക്കെയായിരുന്നുവല്ലോ? പക്ഷേ വെറും ഒന്നോ രണ്ടോ സിനിമാപ്പാട്ടിൽ ഇത്രയും വർഷങ്ങൾകൊണ്ട് നേടിയതിനേക്കാൾ വളരെ പേരും പ്രശസ്തിയും വിജയലക്ഷ്മിക്ക് ലഭിച്ചു. അതിനെക്കുറിച്ചെന്താണ് അഭിപ്രായം? ഇതിലേതാണ് പ്രൊഫഷനായി കൊണ്ടു പോകാൻ ആഗ്രഹിക്കുന്നത്? അതോ മൂന്നും ഒരുമിച്ചുകൊണ്ടുപോകാനാണോ?

ഉ: ശരിയാണ്. രണ്ടുമൂന്നു സിനിമാപ്പാട്ടുകൊണ്ട് തന്നെ ഇതുവരെയില്ലാത്ത അംഗീകാരവും പേരും വന്നു. അതു സിനിമയുടെ ഒരു പ്രത്യേകതയായി കാണാം. 27വർഷമായി ഗായത്രിവീണയും വായ്പ്പാട്ടും അഭ്യസിക്കുകയും ചെയ്യുന്നുണ്ട്. എന്നെ ലോകം അറിഞ്ഞുതുടങ്ങിയത് അങ്ങനെയാണ്. സിനിമാപ്പാട്ടായാലും ശാസ്ത്രീയസംഗീതക്കച്ചേരിയായാലും ഗായത്രിവീണയായാലും ഒരുപോലെ അവയോടു നീതിപുലർത്തി തുടരാനാണ് ആഗ്രഹം. ഇനി മൂന്നും ഒരുമിച്ച് തന്നെ കൊണ്ടുപോകും.

ചോ: ഗായകർ ഗാനങ്ങൾ സ്റ്റുഡിയോയിൽ വച്ച് ആലപിക്കുമ്പോൾ വരികൾ എഴുതിയെടുത്ത് പാടാറാണു പതിവ്. ട്രാക്കുകേട്ടുപാടിയാലും വരികൾ നോക്കാതെ പാടാൻ കഴിയില്ല. വിജയലക്ഷ്മി എങ്ങനെയാണ് പാടുന്നത്. നേരത്തേ തന്നെ വരികൾ കാണാതെ പഠിക്കുമോ അതോ ട്രാക്ക് കേട്ടു അതേപോലെ അപ്പോൾ തന്നെ പാടുകയാണോ?

ഉ: ചിലപാട്ടുകൾ അപ്പോൾ തന്നെ സ്റ്റുഡിയോയിൽ കേട്ടുപാടുകയാണ് ചെയ്യുന്നത്. രണ്ടുമൂന്നാവർത്തി ശ്രദ്ധിച്ചുകേട്ട് അതേപോലെ പാടും. ചിലർ ഈമെയിലിൽ പാട്ട് അയച്ചുതരും. അച്ഛനത് സീഡിയിൽ പകർത്തിത്തരും. അതു പലവട്ടം കേട്ടു പഠിക്കും, എന്നിട്ട് പാടും.

ചോ: അടുത്തിടെ ഒന്നുരണ്ടു തമിഴ് സിനിമയ്ക്ക് വേണ്ടി പാടിയിരുന്നല്ലോ? അതെങ്ങനെയായിരുന്നു. സാധാരണ എത്രടേക്കുകൾ എടുക്കാറുണ്ട്? ഒരു ഗാനം ആലപിക്കാൻ എത്രസമയം എടുക്കും?

ഉ: തമിഴ് ഗാനങ്ങൾ സ്റ്റുഡിയോയിൽ എത്തിയശേഷം ഓരോ വരിയും കേട്ടു കാണാതെ പഠിച്ചു പാടുകയായിരുന്നു. അഞ്ചുവർഷത്തോളം ചെന്നൈയിൽ ആയിരുന്നത് തമിഴ് ഉച്ചാരണത്തിൽ വളരെയധികം സഹായിച്ചു. അധികം ടേക്കുകൾ എടുക്കേണ്ടതായി വരുന്നില്ല. ഒരു ഗാനം അരമണിക്കൂർ കൊണ്ട് തീർക്കും. ദൈവം സഹായിച്ച് അതിലധികം സമയം എടുക്കാറില്ല.

ചോ: പുതിയ ഗാനങ്ങൾ, സിനിമകൾ, പ്രോജക്ടുകൾ ഏതൊക്കെയാണ്?

ഉ: കാറ്റേ കാറ്റേ കൂടാതെ നടൻ എന്ന സിനിമയിൽ പാടിയിട്ടുണ്ട്. കേട്ടിരുന്നോ? അതിൽ ഞാൻ ഗായത്രിവീണയും വായിച്ചിരുന്നു.

ചോ: അതിന്റെ വീഡിയോ ഞാൻ കണ്ടിരുന്നു. മനോഹരമായ ഗാനമാണത്. അതുകൂടാതെ മറ്റു സിനിമകൾ അന്യഭാഷാഗാനങ്ങൾ ഏതൊക്കെയാണ്? ഇടയ്ക്കൊന്നിൽ പാടി അഭിനയിച്ചതായി കണ്ടു.

ഉ: ശരിയാണ്. ഏഴുദേശങ്ങൾക്കുമകലെ എന്ന സിനിമയിൽ പാടി അഭിനയിച്ചു. അതു റിലീസ് ആയിട്ടില്ല ഇതുവരെ, പാട്ടിറങ്ങിയിട്ടുണ്ട്. ഗുരുവായൂർ മുരളിസാറാണ് അതിന്റെ സംഗീതസംവിധായകൻ. തമിഴിൽ കുക്കു എന്ന സിനിമയിൽ പാടി. സന്തോഷ് നാരായണൻ സാറാണ് അതിന്റെ മ്യൂസിക്. പിന്നെ എന്നമോ എതോ എന്ന സിനിമയിൽ പാടി. ഡി. ഇമ്മാൻ സാറാണ് അതിന്റെ മ്യൂസിക്. കൂടാതെ കാറ്റേ കാറ്റേ എന്നതിന്റെ തമിഴ് പാടി. പിന്നെ ഗോപി സുന്ദർ സാറിന്റെ പോളിടെക്നിക്കിൽ പാടി. പാട്ട് റിലീസ് ആയിട്ടില്ല. രമേശ് നാരായൺ സാറിന്റെ സംഗീതത്തിൽ രുദ്ര എന്ന ചിത്രത്തിൽ പാടി. അതും റിലീസ് ആയിട്ടില്ല.

ചോ: സിനിമാധാരയിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു എന്നൊന്ന് വിവരിക്കുമോ? എം. ജയച്ചന്ദ്രൻ വിജയലക്ഷ്മിയുടെ ഗാനങ്ങൾ മുൻപ് കേട്ടിട്ടുണ്ടോ?

ഉ: എം. ജയച്ചന്ദ്രൻ സാറാണ് എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത്. ആർട്ട് ഓഫ് ലീവിങ്ങിന്റെ പരിപാടിയിൽ വച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. പണ്ടുതൊട്ടേ എനിക്കു സാറിന്റെ പാട്ടുകൾ വളരെ ഇഷ്ടമായിരുന്നു. ഒന്നു പരിചയപ്പെടാൻ എന്തുചെയ്യും എന്തു ചെയ്യും എന്നോർത്തപ്പോഴാണ് അവിടെവച്ചു കണ്ടുമുട്ടുന്നത് (ചിരിക്കുന്നു). അങ്ങനെയൊരുഭാഗ്യമുണ്ടായി. പിന്നെ ഐഡിയാ സ്റ്റാർ സിങ്ങറിന്റെ പരിപാടിയിൽ വച്ചു കാണാൻ കഴിഞ്ഞു. അതുപോലെ ആത്മീയയാത്ര എന്ന ചാനലിൽ ഞാൻ അമൃതവർഷിണി രാഗം ആലപിച്ചത് അദ്ദേഹത്തിനു ഇഷ്ടമായി. എം.എസ്. സുബ്ബലക്ഷ്മിയമ്മയുടെ ശബ്ദവുമായി സാമ്യമുള്ളതായി അദ്ദേഹത്തിനു തോന്നി. അപ്പോഴാണ് കമൽ സാറ് സെല്ലുലോയ്ഡ് എന്ന ചിത്രം ചെയ്യുന്നത്. പഴയകാലത്തെ ജെ.സി.ഡാനിയലിന്റെ ജീവിതമാണ് അതിൽ പറയുന്നത്. അതിലേക്ക് തുറന്നുപാടുന്ന ഒരു ഗായികയെ വേണം എന്നു കമൽ സാറു പറഞ്ഞപ്പോൾ എന്നെയാണ് ജയച്ചന്ദ്രൻ സാറിനു ഓർമ്മ വന്നത്; പഴയകാലഗായികമാരുടെ ശബ്ദവുമായി എന്റെ ശബ്ദത്തിനു സാമ്യം ഉണ്ടെന്ന് പറഞ്ഞ്. സാറാണ് ഒരു അത്ഭുതം സംഭവിക്കാൻ പോകുന്നു എന്ന് എന്നെ വിളിച്ചുപറഞ്ഞത്. ഞാൻ എന്താണെന്ന് തീരെ പ്രതീക്ഷിക്കുന്നില്ല. എന്താണെന്ന് ചോദിച്ചപ്പോൾ സാറ് ഒന്നു ചിന്തിച്ചു നോക്കാൻ പറഞ്ഞു. ഞാൻ കരുതിയത് സാറ് കുടുംബവുമായി ഞങ്ങളുടെ വീട്ടിൽ വരാനിരിക്കുകയാകും എന്നാണ്. ഇതാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. അതൊരു വഴിത്തിരിവായി.

ചോ: ആദ്യ റെക്കോഡിങ്ങിന്റെ അനുഭവം എങ്ങനെയായിരുന്നു?

ഉ: നല്ല സുഖമായിരുന്നു. സാറു പറഞ്ഞു വിജയലക്ഷ്മി എനിക്കുവേണ്ടി ഒരു പാട്ടുപാടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ എനിക്കു നിധികിട്ടിയപോലെയായി എന്ന്. പാലാരിവട്ടത്ത് മെഗാമീഡിയാ സ്റ്റുഡിയോയിൽ വച്ചായിരുന്നു അതിന്റെ രെക്കോഡിങ്ങ്. എനിക്ക് ആ സമയം തീരെ സുഖമില്ലായിരുന്നു. ചുമയും പനിയുമായി ആകെ വലഞ്ഞിരിക്കുകയായിരുന്നു. അതൊക്കെ അൽപ്പം ആശ്വാസമായപ്പോഴാണ് എന്നെ പാടാൻ വിളിച്ചത്. അവിടെ ചെന്നിട്ട് കേട്ടു പഠിച്ചു പാടുകയായിരുന്നു. ഐഡിയാ സ്റ്റാർ സിങ്ങറിലെ നിഖിലാണ് എന്നെ കാറ്റേ കാറ്റേ എന്ന ഗാനം പഠിപ്പിച്ചത്. പിന്നീട് സ്റ്റുഡിയോയിൽ വേഗം പാടാൻ കഴിഞ്ഞു.

ചോ: വിജയലക്ഷ്മിയുടെ പാട്ടിന്റെ എടുത്തുപറയത്തക്ക സവിശേഷതയായി എനിക്കു തോന്നിയിട്ടുള്ളത് ഗമകങ്ങളും ബൃഗയും കൂടുതലായി ഉപയോഗിച്ചുകൊണ്ടുള്ള അൻപതുകളിലെ സിനിമാ-നാടക ഗാനങ്ങളുടെ ശൈലി അനുവർത്തിക്കുന്ന സ്വാഭാവികമായ തുറന്നുള്ള ആലാപനമായിട്ടാണ്. അതിന് ആരെയെങ്കിലും മാതൃകയാക്കുകയോ കെ.പി.ഏ.സി സുലോചനയേപ്പോലെയുള്ളവരുടെ ശൈലി പിന്തുടരാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ടോ? ഉദാഹരണത്തിന് കാറ്റേ കാറ്റേ ആയാലും തുടർന്ന് പാടിയഗാനങ്ങളായാലും വരികളുടേയോ സംഗീതത്തിന്റേയോ സ്വഭാവത്തിനു ഉപരിയായി ആലാപനശൈലിയാണ് അതിനൊരു വൈവിദ്ധ്യം കൊടുക്കുന്നതായി എനിക്കു തോന്നിയിട്ടുള്ളത്. ഈ ആലാപനശൈലി എങ്ങനെ രൂപപ്പെടുത്തി?

ഉ: അങ്ങനെ ആരെയും അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. എന്റെ രീതിയിൽ തന്നെയാണ് ഞാൻ പാടുന്നത്. ക്ലാസിക്കൽ പാടുമ്പൊൾ അങ്ങനെയും ലൈറ്റ്മ്യൂസിക് അതിന്റെ രീതിയിലുമാണ് ഞാൻ ആലപിക്കുന്നത്. ഒരുപക്ഷേ എന്റെ ശബ്ദം പഴയകാല ഗാനങ്ങളുടെ രീതിക്ക് അനുസരിച്ചായിരിക്കാം. സുബ്ബലക്ഷ്മിയമ്മയുടേയും മറ്റും ഗാനങ്ങൾ കേട്ടാണ് ഞാൻ പഠിച്ചത്. ശാസ്ത്രീയസംഗീതമാണ് അടിസ്ഥാനം. അതുകൊണ്ടാകാം അങ്ങനെ തോന്നുന്നത്.

ചോ: ശാസ്ത്രീയം പാടുന്നവർക്കെല്ലാം ലളിതസംഗീതം വഴങ്ങണമെന്നില്ലല്ലോ! ശരിയല്ലേ?

ഉ: അച്ഛന്റെ നിർദ്ദേശപ്രകാരം ചെറുപ്പം മുതലേ രണ്ടും പരിശീലിക്കുമായിരുന്നു. ചിലർക്ക് പറ്റിയെന്നു വരില്ല. അതെന്താനെന്നറിയുമോ, പ്രൊനൌൺസിയേഷന്റെ വ്യത്യാസം കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഉദാഹരണം പറഞ്ഞാൽ “പ്രണമാമ്യഹം” (പാടുന്നു) എന്ന് ഇങ്ങനെ ലൈറ്റായി പാടുമ്പോൾ ശാസ്ത്രീയക്കാർ “പ്രണമാമ്യഹം” (ആ രീതിയിൽ പാടുന്നു) എന്നാണ് പാടുന്നത്. കുറ്റം പറയുവല്ലാ കേട്ടോ. ചിലർക്ക് ശാസ്ത്രീയതയിൽ നിന്ന് മാറി പാടാൻ കഴിയാറില്ല. ഞാൻ രണ്ടു രീതിയിലും പ്രാക്ടീസ് ചെയ്യാറുണ്ട്. “സംഗീതമേ” (പാടുന്നു) ഒക്കെ ഇങ്ങനെ പാടിയാൽ ക്ലാസിക്കലായി തന്നെ ഇരിക്കും. ഉച്ചാരണമാണ് നമ്മൾ പ്രധാനമായും പ്രാക്ടീസ് ചെയ്യേണ്ടത്. അച്ഛൻ അങ്ങനെയാണ് പഠിപ്പിച്ചത്. പക്ഷേ പൊന്നമ്മാൾ ടീച്ചറിന്റെ അടുത്തു പാടുമ്പോൾ ആ രീതിയിൽ പാടിയാൽ സമ്മതിക്കില്ല. പൂർണ്ണമായും ശാസ്ത്രീയ രീതിയിലെ പാടാൻ പറ്റൂ. പക്ഷേ പ്രോഗ്രാമുകൾക്കും മറ്റും പോകുമ്പോൾ ആ രീതിയിൽ പാടിയാൽ കേൾവിക്കാർക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല, അവർ സമ്മതിക്കത്തുമില്ല. അപ്പോൾ അവിടെ അൽപ്പം ലൈറ്റായി പാടാൻ ശ്രമിക്കും.

Viji & Fam

ചോ: എം. ജയച്ചന്ദ്രനെക്കൂടാതെ ഒറ്റയ്ക്കുപാടുന്ന പൂങ്കുയിലേ എന്ന ഗാനത്തിലൂടെ ഔസേപ്പച്ചൻ പിന്നെ ഗോപീ സുന്ദർ തുടങ്ങിയവരുടെയൊക്കെ സംഗീത സംവിധാനത്തിൽ ഗാനങ്ങൾ ആലപിച്ചിക്കാൻ അവസരം ലഭിച്ചല്ലോ. ഇവരുടെ ഗാനങ്ങൾ ആലപിക്കുമ്പോൾ അവരു പറയുന്ന രീതിയിലല്ലാതെ സ്വന്തമായി എന്തെങ്കിലും പാടിയിടാറുണ്ടോ? അവർ അംഗീകരിക്കാറുണ്ടോ?

ഉ: അങ്ങനെ ചെയ്യാറുണ്ട്. പാടുമ്പോൾ വേറൊരു രീതി മനസ്സിൽ തോന്നിയാൽ അങ്ങനെ പാടിയിടാറുണ്ട്. അവരുടെ അഭിപ്രായം ചോദിച്ചിട്ട് അനുവാദത്തോടെയാണ് അങ്ങനെ ചെയ്യുന്നത്. അല്ലാതെ പറ്റില്ലല്ലോ. രണ്ടുമൂന്നു രീതിയിൽ പാടിയിടാറുണ്ട്. അതിൽ നല്ലത് സെലക്ട് ചെയ്യും. അക്കാര്യത്തിൽ അവരെല്ലാം നല്ല പ്രോത്സാഹനമാണ് തരുന്നത്.

ചോ: അച്ഛനുമമ്മയുമാണല്ലോ പ്രോഗ്രാമുകൾക്ക് കൊണ്ടുപോകുന്നത്. അവർ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് മനസ്സിലാകും. മദ്രാസിലും മറ്റും പോകുമ്പോഴും അവർ കൂടെയുണ്ടാകുമല്ലോ, അല്ലേ?

ഉ: അതേ, അച്ഛനുമമ്മയുമാണ് ഈ നിലയിൽ എന്നെ എത്തിച്ചത്. എന്റെ എല്ലാ പരിപാടികൾക്കും അവരുണ്ടാകും. കുക്കുവിലെ ഗാനം റെക്കോഡ് ചെയ്തത് അവിടെ വത്സരപക്കത്തുള്ള സ്റ്റുഡിയോയിലായിരുന്നു. പണ്ടുമുതലേ മദ്രാസിൽ സ്ഥിരം പോകുമായിരുന്നു. കാറ്റേ കാറ്റേയുടെ തമിഴ് പതിപ്പിന്റെ റെക്കോഡിങ്ങ് അവിടെവച്ചായിരുന്നു. ജയച്ചന്ദ്രൻ സാറിന്റെ മ്യൂസിക് ലോഞ്ച് എന്ന സ്റ്റുഡിയോയിലായിരുന്നു അത് റെക്കോഡ് ചെയ്തത്.

ചോ: ആ ഗാനം ഒന്ന് പാടുമോ?

ഉ: “കാറ്റ്രേ കാറ്റ്രേ നീ മൂങ്കിൽ തുളൈകളിൽ
ഗീതം ഇസൈപ്പതെന്ന്, ഗീതം ഇസൈപ്പതെന്ന്
വേണീർ കാലങ്കളും വേണുഗാനങ്കളും
തോകൈ വിരിപ്പതെന്ന്, തോകൈ വിരിപ്പതെന്ന്
മേഗം മേഗം അതു പോഗും വഴികളിൽ
നെഞ്ചം ഇതൈപ്പതെന്ന്
പൂട്ടിവയ്ത്ത ഒരു പൂവിൻ കദവുകൾ
കാറ്റ്രിൽ തിറപ്പെതെന്ന്... കാറ്റ്രിൽ തിറപ്പെതെന്ന്....”

ചോ: ഇനി പേഴ്സണലായി ചോദിക്കട്ടേ, എങ്ങനെ കാണുന്നു ഈ ജീവിതം? ഇങ്ങനെ തുടരാൻ തന്നെയാണോ തീരുമാനം? ജീവിതത്തിലെ ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ, അങ്ങനെ എന്തെങ്കിലും?

ഉ: സംഗീതമേ ജീവിതം! സന്തോഷകരമായിട്ട് മുന്നോട്ടുപോകുന്നു. ആകുന്നിടത്തോളം സംഗീതവുമായി മുന്നോട്ടുപോകാനാണ് ആഗ്രഹം. വേറേ എന്തുപറയാൻ (ചിരിക്കുന്നു). ഇങ്ങനെ അങ്ങോട്ടു പോവുക എന്നേയുള്ളൂ. പിന്നെ കാഴ്ചയുടെ പ്രശ്നം ചിലപ്പോൾ തോന്നും. വെളിച്ചം മാത്രമേ അറിയാൻ കഴിയൂ. (അമ്മ : ജനിച്ചപ്പോഴേ മുതലേ ഇങ്ങനെയായിരുന്നു. നേർവിന്റെ കമ്പ്ലയിന്റായിരുന്നു കാരണം. ചികിത്സിച്ചിട്ടും ഭേദമായില്ല) ലാലു അലക്സ് സാറു ചോദിക്കുന്നതുപോലെയാണല്ലോ എന്നോടു ചോദിച്ചത് “പേഴ്സണലായിട്ടു ചോദിക്കുവാ” എന്ന് (അദ്ദേഹത്തെ അനുകരിച്ച് ചിരിക്കുന്നു).

ചോ: ഇപ്പോഴും പഠിക്കുന്നുണ്ടല്ലോ അല്ലേ? പൊന്നമ്മാൾ ടീച്ചറെക്കൂടാതെ മറ്റ് ആരെങ്കിലും? സംഗീത സംവിധാനത്തിൽ താൽ‌പ്പര്യമുണ്ടോ?

ഉ: എം. ജയച്ചന്ദ്രൻ സാറ് ഫോണിലൂടെ സംഗീതം പതിപ്പിക്കുന്നുണ്ട്. ആറേഴു കീർത്തനമായിട്ടുണ്ട്. ഇപ്പോൾ അങ്ങനേം ഒരു പരിപാടിയുണ്ട്. ജയച്ചന്ദ്രൻ സാറിന്റെ ശിഷ്യയായി ഞാൻ മാത്രമേ ഉള്ളൂ. വേറെയാരെയും പഠിപ്പിക്കുന്നില്ല. (അമ്മ : രണ്ടു വർണ്ണവും കൂറേ കീർത്തനങ്ങളും വിജി കമ്പോസ് ചെയ്തിട്ടുണ്ട്) അതേ, കമ്പോസ് ചെയ്യാറുണ്ട്. കമ്പോസ് ചെയ്യുന്നത് വലിയ ഇഷ്ടമാണ്.

ചോ: ഒരു പാട്ടുപാടാൻ വിളിച്ചാൽ വരുമോ? അതോ സിനിമയിൽ മാത്രമേ പാടുകയുള്ളൂ എന്നുണ്ടോ?

ഉ: അയ്യോ തീർച്ചയായും. വൈക്കം ഭാഷയിൽ പറഞ്ഞാൽ എപ്പോ വന്നെന്ന് ചോദിച്ചാൽ മതി! എപ്പോ വിളിച്ചാലും വരും.

ചോ: ഞാൻ ചെട്ടികുളങ്ങരയമ്മയെക്കുറിച്ച് ഒരു ഗാനസമാഹാരം ഇറക്കുന്നുണ്ട് ഈ മാസം. അതിൽ വിജയലക്ഷ്മിയെക്കൊണ്ട് ഒരു ഗാനം പാടിക്കണമെന്ന് ആഗ്രഹിക്കുന്നു. താൽപ്പര്യമുണ്ടോ? എങ്കിൽ എവിടെയാണ് സൌകര്യപ്രദമായ സ്റ്റുഡിയോ?

ഉ: എവിടെ വരണം? എവിടെയായാലും വരും. വൈക്കത്ത് സ്റ്റുഡിയോ ഉണ്ട്. ഗൌരി എന്നാണ് പേര്. അപ്പോൾ എന്റെ വീട്ടിലും വരാമല്ലോ. ഞാൻ ചെട്ടികുളങ്ങരയമ്മയുടെ ഒരു ഭക്തയുമാണ്. അവിടെ ധാരാളം കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നവരാത്രിക്കു പോയിരുന്നു. എന്നെ വിളിച്ചതിൽ താങ്ക്യൂ. എപ്പോഴാന്ന് വിളിച്ചറിയിച്ചാൽ മതി. എന്റെ ശ്രുതി ആറു കട്ടയാണ് കേട്ടോ. അവിടെ വരയേ ആയിട്ടുള്ളൂ. അധികം ടോപ്പിൽ പോകാൻ പ്രശ്നമുണ്ട്. കാറ്റേ കാറ്റേ ടോപ്പിലുണ്ടെങ്കിലും “സ” വരെ ആയതുകൊണ്ട് രക്ഷപ്പെട്ടു.

ചോ: അങ്ങനെ ചെയ്യാം. സാധകത്തിലൂടെ ഏതുഗാനവും പാടാൻ വിജയലക്ഷ്മിക്കു കഴിയട്ടേ. എന്തായാലും ഇത്രയും വർഷം അഭ്യസിച്ചതല്ലേ. അതിന്റെ പ്രയോജനം കിട്ടാതെ വരില്ല. എങ്കിലും കംഫർട്ടായ ശ്രുതിയാകുമ്പോൾ സ്ട്രെയിനില്ലാതെ പാടാൻ സാധിക്കും. ആറുകട്ടയെന്നു പറയുമ്പോൾ “A” ആണല്ലോ. അപ്പോൾ അതിനനുസരിച്ചോ അധികം ബുദ്ധിമുട്ടാകാതെ “B” യിലോ പാടാൻ കഴിയുന്ന പാട്ട് ചെയ്തു തരാം. ഏതായാലും വിജയലക്ഷ്മിയുടെ അഭിപ്രായം അറിഞ്ഞേ ഫൈനലൈസ് ചെയ്യൂ. അങ്ങനെ പോരേ?

ഉ: അതുമതി. വായ്പ്പാട്ടിനേ ആ പ്രശ്നമുള്ളൂ. അതു പ്രാക്ടീസ് ചെയ്തു ക്ലിയർ ആക്കുന്നുണ്ട്. പക്ഷേ ഗായത്രി വീണ ഏതു ശ്രുതിക്കും ഞാൻ വായിക്കാം. ഗാനമേളയ്ക്കു പോകുന്നതല്ലേ. ആ സിനിമാഗാനത്തിന്റെ ശ്രുതിക്കുതന്നെ വായിക്കാൻ കഴിയും.

ചോ: ഗായത്രി വീണയുടെ ഗുരുവാരായിരുന്നു? ഒറ്റക്കമ്പിവാദ്യമല്ലേ, സ്വരസ്ഥാനങ്ങൾ നിജപ്പെടുത്താൻ വളരെ സാധകം വേണ്ടിവരുന്ന ഒന്നാണെന്നാണ് എനിക്കു തോന്നുന്നത്.

ഉ: ദൈവം തന്നെ എന്റെ ഗുരു (ചിരിക്കുന്നു). ആരുടേയും സഹായമില്ലാതെ തന്നെ പഠിച്ചതാണ്. പ്രത്യേകം സ്വരസ്ഥാനങ്ങൾ ഒന്നും മുൻകൂട്ടി നിശ്ചയിക്കാൻ പറ്റില്ല. നമ്മൾ തന്നെ പ്രാക്ടീസിലൂടെ അതു കണ്ടെത്തണം. അങ്ങനെ ചെയ്തു ചെയ്തു പഠിച്ചു. വായ്പ്പാട്ട് കൂടെ അഭ്യസിക്കുന്നതിനാൽ മറ്റുള്ള കാര്യങ്ങളെല്ലാം എളുപ്പമായി. പിന്നെ അച്ഛന്റേയും അമ്മയുടേയും പ്രോത്സാഹനം സഹായം ഈശ്വരന്റെ അനുഗ്രഹം.

ചോ: ഇത്രയും നേരം ഈ അഭിമുഖത്തിനു സമയമനുവദിച്ചതിനു എന്റെ വ്യക്തിപരമായ പേരിലും എംത്രീഡിബി.കോമിന്റെ പേരിലും അതിലെ സംഗീതപ്രേമികളുടെ പേരിലും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. പ്രഗത്ഭമതികളായ കൂടുതൽ കൂടുതൽ സംഗീത സംവിധായകരുടെ കീഴിൽ ഗാനങ്ങൾ പാടാൻ സാധിക്കട്ടേ എന്നാശംസിക്കുന്നു. അങ്ങനെ മലയാള സംഗീതലോകത്തെ ഒരു പുതിയ നക്ഷത്രമായി, വ്യതിരിക്തമായ ആലാപന സുഭഗതയിലൂടെ മലയാള ഗാനാസ്വാദകരുടെ മനസ്സിൽ നിറഞ്ഞു നില്ക്കട്ടേ, അതിനു ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടേ എന്നും ഈ അവസരത്തിൽ പറഞ്ഞുകൊണ്ട് വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ അവസാനിപ്പിക്കുന്നു. എന്താ, അങ്ങനെയല്ലേ?

ഉ: തീർച്ചയായും. എന്റെയും നന്ദിയും കടപ്പാടും അറിയിക്കുന്നു. ഒത്തിരി ഒത്തിരി സന്തോഷം ഉണ്ട്. മുരുകന്റെ അമ്പലമല്ലേ ഇവിടെ, ഞാൻ ഒരു കാര്യം ചെയ്യാം രസികപ്രിയയിൽ “അരുൾസെയ്യവേണ്ടുമയ്യാ..” ഒന്നു പാടാം.. ആദ്യം ചേട്ടനൊന്നു പാടിക്കേ.. പാടാമോ പാടാമോ..ചേട്ടനൊന്നു പാടാമോ....കഷ്ടമുണ്ട്..കഷ്ടമുണ്ട്.... രണ്ടു വരി പാടൂ. അല്ലെങ്കിൽ ഞാൻ പാടിക്കഴിഞ്ഞു ചേട്ടനൊന്ന് പാടിക്കേൾപ്പിക്കണം.... (പാടുന്നു)
“അരുൾ സെയ്യ വേണ്ടുമയ്യാ, അരസേ മുരുഹയ്യാ നീ
അരുൾ സെയ്യ വേണ്ടും അയ്യാ........”

(ശേഷം ചിന്ത്യം...!!!!! :D)

എന്നമോ എതോ എന്ന തമിഴ് സിനിമയിൽ ഡി.ഇമ്മന്റെ സംഗീതത്തിൽ വിജയലക്ഷ്മിയുടെ മനോഹരമായ ഗാനം.

Vijayalakshmi's Contact#: 9447416128

Article Tags: 
Contributors: