ഹരികൃഷ്ണനിലൂടെ താണ്ടുന്ന കാതങ്ങൾ

 ഹരികൃഷ്ണന്റെ ഒരു ചെറിയ തുണ്ട് എന്റേലുമുണ്ട്, ഹരികൃഷ്ണന്റെ മറ്റു ചിലതൊക്കെ നിങ്ങളിലുമൊക്കെയുണ്ട്. മൊത്തത്തിൽ ഹരികൃഷ്ണന്മാർ ഒരുപാടുണ്ട്. എന്നാൽ ഹരികൃഷ്ണൻ ഒരു കഥാപാത്രമാണ്. നാരായണി ഒടുവിൽ പറഞ്ഞപോലെ വൃത്തിരാക്ഷസൻ. അതിനും അപ്പുറം തന്റെ ട്രാക്കിൽ മാത്രം ഓടുന്നവൻ. തൊട്ടടുത്ത ട്രാക്കിൽ ഓടുന്നവരെ പോയിട്ട് ആ ട്രാക്കുകൾ പോലും കാണാത്തവൻ. ഹരികൃഷ്ണൻ പ്രകൃതിപോലും ആദ്യമായി കാണുന്നത് ഉൾനാടിലൂടെ വഴിതെറ്റി ഒരു പാലം കടക്കുന്ന നേരം പിന്നിൽ ഗോപാലന്മാഷും നാരായണിയും ഒരു നീർച്ചാൽ നോക്കി രസിക്കുന്നിടത്ത് അവർ മാറിയ ശേഷം അവിടെപോയി നിന്ന് നോക്കിയപ്പോഴാണ്. ആദ്യമായി പ്രകൃതികാണുന്നവന്റെ നോട്ടം ഒരു നിമിഷം അവന്റെ കണ്ണിലും വിരിയുന്നു. ആദ്യമായി ഒരു കുഞ്ഞിന്റെ മുഖം കണ്ടപ്പോഴും അതുപോലൊന്നു വന്നു പോകുന്നുണ്ട്. പക്ഷെ തൊട്ടടുത്ത സീനിൽ ഒരാൾ കക്ഷം തുടച്ചുകൊണ്ടു വരുന്നതു കാണുമ്പോൾ, ഹരി കൃഷ്ണൻ തന്നിലേയ്ക്ക് വലിയുന്നു.

ഹരികൃഷ്ണൻ സ്വന്തം മാനറിസങ്ങളുടെ പ്രസ്ഥാനമാണ്. വിളമ്പാത്ത ആഹാരം ഒരിക്കലും ഹരികൃഷ്ണന്റേതല്ല, എന്നാൽ അവന്റെ ടെബിളിൽ എത്തിക്കഴിഞ്ഞാൽ അത് അവന്റേത് മാത്രമാണ്. ആ പാത്രങ്ങൾ അവൻ അവന്റേതായി മുന്നിലേയ്ക്ക് ഒന്നുകൂടി ഒതുക്കും, അവന്റെ കഴിക്കലിന്റെ ഫ്രെയിമിലേയ്ക്ക് അതിനെ അറെഞ്ച് ചെയ്തു വയ്ക്കും. വീട്ടിലായാലും ഓഫീസിൽ ആയാലും കസേരയിലിരിക്കുമ്പോൾ മേശയും കസേരയും തമ്മിലുള്ള അനുപാതം അവന്റെ ഉള്ളിൽ ഫിക്സ്ഡ് ആണ്. ആ അനുപാതത്തിനനുസരിച്ച് അവരണ്ടും പിടിച്ചിട്ടു എന്നുറപ്പുവരുത്തും. യാത്രയ്ക്കുള്ള പെട്ടി ഒരുക്കുമ്പോൾ യാത്രചെയ്യുന്ന ദിവസങ്ങൾ വിരലിൽ എണ്ണി മടക്കി  ഉറപ്പുവരുത്തും ഓരോ ദിവസത്തേയ്ക്കും ഓരോ സോപ്പ് കൃത്യമായി ബാഗിൽ വയ്ക്കുന്നു എന്ന്. പുലർച്ചേ 5.50 നോ മറ്റോ കൃത്യാമായി ടോയ്ലറ്റിൽ പോയിരിക്കണം. അപരിചിതമായ ഇരിപ്പിടങ്ങളിൽ ടിഷ്യൂ പേപ്പർ വിരിച്ചിരിക്കണം. തന്റെ ജീവിതം, തന്റെ സീറ്റ്, തന്റെ ക്ലോസറ്റ് സീറ്റ്, എന്നിങ്ങനെ എന്തിലും താൻ‌മാത്രമുള്ള ഹരികൃഷ്ണൻ. ആ ഹരികൃഷ്ണനാണ് ഓഫീസ് പൊളിറ്റിക്സിൽ പെട്ട്  ഒരു ഹർത്താൽ തലേന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ട്രെയിനിൽ യാത്ര പുറപ്പെടുന്നത്. കൊല്ലത്തിനോടടുക്കുമ്പോൾ ഒരു ഫോൺ കോളിൽ പതറിവീണുപോകുന്ന സഹയാത്രികൻ ഗോപാലൻ മാഷിനും അതു കണ്ടിട്ട് ഒന്നും ചെയ്യാതെ ഇരിക്കുന്ന ഹരികൃഷ്ണനും ഇടയിലേയ്ക്ക് ലാന്റ് ചെയ്യുകയാണ് മൂന്നാം കഥാപാത്രം നാരായണി. ജീവിതപാളത്തിൽ അൺസർട്ടൈനിറ്റി കെട്ടിയുയർത്തുന്ന അപരിചിതത്ത്വം നിറഞ്ഞ സ്റ്റേഷനുകളിൽ ഒന്നിൽ ഇറങ്ങേണ്ടി വരുന്ന മൂന്നുപേർ. അനിൽ രാധാകൃഷ്ണമേനോൻ  എഴുതി സംവിധാനം ചെയ്ത നോർത്ത് 24 കാതം എന്ന ചിത്രം ഇവിടെ സ്റ്റേഷൻ വിടുകയാണ്, പിന്നെ ഹർത്താൽ അടച്ചിട്ട കേരളത്തിന്റെ ജീവിതത്തിലേയ്ക്ക്.

ഈ ചിത്രം തുടക്കത്തിൽ നായക്നെ അയാളുടെ മാനറിസങ്ങളിലൂടെ അവതരിപ്പിച്ച് ഉറപ്പിക്കുക എന്ന പതിവു സിനിമാ സങ്കൽ‌പ്പത്തിലൂടെയാണ് തുടങ്ങുന്നത്. ആദ്യത്തെ 45 മിനുട്ടിൽ ഒരു ട്വിസ്റ്റ് എന്ന പതിവു സങ്കേതത്തെ പിൻ‌പറ്റിയാണ് അവർ കൊല്ലത്തിനടുത്ത് പരവൂർ എന്ന് സ്റ്റേഷനിൽ എന്തു ചെയ്യണമെന്നറിയാതെ കാത്തിരിക്കുന്നതും. ആ ട്വിസ്റ്റിൽ എന്താണ് സംഭവിച്ചത് എന്ന് രണ്ടാമത് വന്ന ഒരു കോളിലൂടെ ഹരികൃഷ്ണനും അയാളുടെ പ്രവർത്തികളിലൂടെ പ്രേക്ഷകനും മനസിലാക്കുന്നു. അതുകൊണ്ട് കഥയിൽ പിന്നെ സസ്പെൻസുകൾ ഒന്നുമില്ല. പ്രതീക്ഷിക്കുന്ന ക്ലൈമാക്സിലൂടെയുള്ള പോക്കുമാത്രം. ആ പോക്കാണ് ഈ സിനിമയുടെ നല്ല പോക്ക്. മൂന്നുപേരിലൂടെ മാത്രം നീളുന്നയാത്ര. ഇടയ്ക്കിടെ വന്നു ചേരുന്ന ചിലർ. ചിലർ കഥയിൽ അവരുടെ മാർക്കും ഇട്ടുതന്നെ പോകുന്നു. ആ മാർക്കുകളിൽ ചിലതാണ്, ഗുജറത്തിപ്പെണ്ണിനെ കെട്ടി, വാനിൽ യാത്രചെയ്തു ജീവിക്കുന്ന വ്യോംകേഷ് (തമിഴ് കമ്പോസർ ഗംഗൈ അമരന്റെ മകൻ, പ്രെംജി അമരൻ), ഗൾഫിൽ നിന്നും കുട്ടിയെ കാണാൻ വന്ന് ഹർത്താൽ യാത്രയിൽ ഇവർക്കൊപ്പം ചേരുന്ന ചെമ്പൻ വിനോദ് ജോസിന്റെ കഥാപാത്രം, ഒരു എസ് ഐ, ഷാപ്പുകാരൻ അങ്ങിനെ അങ്ങിനെ..

പക്ഷെ കഥയിലുടനീളമുള്ള യാത്രയിൽ മൂന്നുപേർ മാത്രമാണ് നമുക്ക് മുന്നിൽ. കുറേകാലത്തിനുശേഷം നെടുമുടിവേണു എന്ന നടൻ ശ്രദ്ധേയമായി. അദ്ദേഹത്തിനു ചെയ്യാൻ ഒരു റോൾ ഉണ്ടായി. ക്ലൈമാക്സിനു തൊട്ടുമുൻപു വരെ ഒരു പതിവു നെടുമുടി വേണുവിലൂടെയുള്ള യാത്ര. ഇവർക്കൊപ്പം വീടിനു മുന്നിൽ ഓട്ടോയിൽ വന്നിറങ്ങും വരെ എന്നു പറയാം. അവിടുന്ന് ഊടുവഴികളിലൂടെ നമ്മൾ ഗോപാലൻ മാഷിനു മുന്നിൽ നടക്കുകയാണ്. അദ്ദേഹത്തിന്റെ വരവു കണ്ടുകൊണ്ട്. ചിലത് തിരിച്ചറിഞ്ഞിട്ടും മനസിലായിട്ടും മനസ് സമ്മതിച്ചുകൊടുക്കാതെ വരുമ്പോൾ വാക്കുകൾ കൈവിട്ട് വാചാലമാകുന്ന അവസ്ഥ. യഥാർത്ഥ ജീവിതത്തിൽ ഈ കൈവിട്ടുപോകൽ നടക്കാം നടക്കാതേയും ഇരിക്കാം, നാടകീയമാവാം. പക്ഷെ ഇവിടെ നടക്കുന്നു. അതിൽ അതിശയിക്കാതിരിക്കാൻ കാരണം ഗോപാലൻ മാഷ് ഇപ്പോഴും ഭൂതകാലത്തിൽ അഭിരമിക്കുന്നവനാണ്. ഗോപാലന്മാഷിന്റെ ഭാര്യയെ നമ്മൾ കാണിക്കാതിരിക്കുന്നിടത്ത് ഒരു സംവിധായകനെ നമ്മൾ കാണുന്നു. ഭാര്യയുടെ പോയിന്റ് ഓഫ് വ്യൂവിൽ ആ രംഗങ്ങൾ മുഴുവൻ കാണുന്നിടത്ത് ആ സംവിധായകന്റെ പ്രതിഭയും. അവർക്കു മുന്നിൽ കൈ പിന്നിലേയ്ക്ക് കെട്ടി ഒന്നു വളഞ്ഞ് തൊട്ടടുത്ത് ആരെയോ നോക്കുന്ന ഗോപാലൻ മാഷ് എന്ന് നെടുമുടി വേണുവിൽ നമ്മൾ ഒരു നടനെ കാണുന്നു. അവിടെ നിന്നുകൊണ്ട് ചെരുപ്പിട്ട കാലുകളിൽ നിന്ന് അവ ഊരി താഴെയ്ക്ക് ഇടുന്നിടത്ത് നമ്മൾ നല്ല സിനിമാ നീക്കങ്ങൾ കാണുന്നു. പഴയ പെട്ടി തുറക്കുന്നിടത്ത് അതിന്റെ ഒരു അറയിൽ ഇരിക്കുന്ന പഴയ ടോർച്ച് ലൈറ്റിന്റെ റിഫ്ലക്റ്റർ മൌണ്ടിൽ നമ്മൾ ഒരു ആർട്ട് ഡയറക്ടറെ കാണുന്നു. നാരായണിയായി മാറിയ സ്വാതി റെഡ്ഡി  സിനിമയുടെ 99 ശതമാനം സീനിലും ഒരേവേഷത്തിൽ തന്നെ വരുന്നുണ്ട്. സിനിമയിലുടനീളം ഒരു വേഷത്തിൽ അഭിനയിക്കുമ്പോൾ ആ കോസ്റ്റ്യൂം ബോറാകാതിരിക്കൽ എന്നത് (കഥ ഡിമാന്റ് ചെയ്യാത്തതുകൊണ്ട്) ഒരു ആവശ്യമാണ്. മെറൂൺ ടീ ഷർട്ടും ഒരു ത്രീ ഫോർത്തും അതിനു ചാർത്തിക്കൊടുത്ത നീക്കത്തിനു പിന്നിലെ കോസ്റ്റ്യൂമറെ നമ്മൾ കാണുന്നു. കണ്ടു കണ്ട് നമ്മൾ ഓരോ സീനിലും കൂടുതൽ കൂടുതൽ ആ വേഷത്തെ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. ഇതൊക്കെ കാട്ടി തരാൻ ഇത്ര വെട്ടം മതി എന്നു തീരുമാനിച്ച സിനിമാട്ടോഗ്രാഫറെ നമ്മൾ ചിത്രത്തിൽ ഒരുപാടിടത്ത് കാണുന്നുണ്ട്..

നാരായണിയിലേയ്ക്ക് പോകുമ്പോൾ അവൾക്ക് സ്വന്തമായി ലക്ഷ്യങ്ങൾ ഒന്നുമില്ലാത്ത ഒരു അവസ്ഥ നമുക്ക് ഫീൽ ചെയ്യും. പക്ഷെ നാരായണി അവളെ ചിത്രത്തിൽ ഒരിടത്തും നമുക്ക് കാട്ടി തരുന്നില്ല എന്നതാണ് സത്യം. ഈ ഒരു ദിവസത്തെ കഥയ്ക്കും അപ്പുറം നാരായണിയ്ക്ക് ഇതിൽ ഒന്നും ചെയ്യാനില്ല. ഇതുവരെ നാരായണി എന്തു ചെയ്തോ അതിനൊന്നും ഈ സംഭവങ്ങളിൽ പ്രസക്തിയും ഇല്ല. ഇന്റർവെല്ലിൽ നാരയണിയിൽ നിർത്തുകയും തുടങ്ങുമ്പോൾ നാരായണി ഒന്നും സംഭവിക്കാതെ ഇരുന്നു പൊടി തുടയ്ക്കുന്നതും അതിനിടയിൽ ഗോപാലൻ മാഷ് എടുത്ത് പൊക്കുന്ന ഒരു വടിയും അതിൽ വേണ്ടതൊക്കെ പറയാതെ നിർത്തുന്നതും മനോഹരം. അതിലുറപ്പുവരുത്താം, നാരായണിയുടെ ജീവിതത്തിനുമാത്രമായി ചിത്രത്തിൽ പ്രസക്തിയില്ല. ഹരികൃഷ്ണനും അയാളൂടെ അവസ്ഥകളേയുള്ളു. ജീവിതമുള്ളത് ഗോപാലൻ മാഷിനു മാത്രം.

മലയാളി പെൺകുട്ടികൾക്ക് അഭിനയ രീതിയുടെ മറ്റൊരു പാഠവും നിവർത്തിയിട്ടാണ് അന്യഭാഷാ നടിയായ സ്വാതി റെഡ്ഡി ഈ ചിത്രത്തിൽ കടന്നു പോകുന്നത്. അത്രയ്ക്ക് ഒറിജിനൽ ആയിരുന്നു രീതി. ചിത്രത്തിലുടനീളം നാരായണി അഭിനയിച്ചത് മേക്ക് അപ്പ് പോലും ഇല്ലാതെയാണെന്നു തോന്നി പോകും.

മൂന്നാളിലൂടെ വിരിയുന്നെങ്കിലും കാഴ്ചക്കാരൻ ഹരികൃഷ്ണൻ എന്ന ഓ സി ഡി  (Obsessive-compulsive disorder) ക്യാരക്ടറിനെ ചേർന്നാണ് അധികവും യാത്ര ചെയ്യുക. അങ്ങിനെയാണൂ ആ കഥാപാത്രത്തെ മെനഞ്ഞിരിക്കുന്നത്. “ഇവനെന്താ ഇങ്ങിനെ..?” എന്ന തോന്നലിന്റെ മുറുക്കത്തിൽ നമുക്ക് തോന്നുന്ന ഒരു അടുപ്പം, അതാകണം ആ ചേരലിന്റെ രസതന്ത്രം. ഈ ഒരു സിറ്റുവേഷൻ ഹരികൃഷ്ണൻ എങ്ങിനെ ഹാൻഡിൽ ചെയ്യും എന്ന് കാഴ്ചക്കാരെക്കൊണ്ട് മുൻ‌കൂട്ടി ചിന്തിപ്പിക്കുന്ന രീതി അറിയാതെ ഉടലെടുക്കുന്നു. ചിത്രത്തിലെ ഒരുപാടു സീനുകളിലൂടെയും മാനറിസങ്ങളുടെ തുണ്ടുകളിലൂടേയും ഏച്ചു കെട്ടലിലൂടേയും ഒരു ക്യാരക്ടർ ഉണ്ടാക്കപ്പെടുന്നു. ഫഹദ് ഫാസിൽ എന്ന നടൻ ഹരികൃഷ്ണനെ വളരെ തന്മയത്വത്തോടെയും ഒതുക്കത്തോടെയുമാണ് ഉൾക്കൊണ്ടിട്ടുള്ളത്. ഹരികൃഷ്ണനെ ഉള്ളിലിട്ട് പഠിച്ച് എഴുതിയ പരീക്ഷയുടെ റിസൾട്ടാണ് ഫഹദിനു ഈ ചിത്രം. ഫഹദ് ഹരികൃഷ്ണൻ ആവുകയായിരുന്നില്ല, ഹരികൃഷ്ണനെ തന്നിലേയ്ക്ക് എടുത്ത്, അയാൾക്കുവേണ്ടി ഫഹദ് മാറി നിന്നതുപോലെ.. അതുകൊണ്ടുതന്നെ മലയാള സിനിമയിൽ ഹരികൃഷ്ണൻ തന്റെ ചതുരക്കണ്ണടവച്ച് നിലനിൽക്കും ചില കാര്യങ്ങൾക്ക് ഒരു റെഫറൻസുപോലെ.

ഈ സിനിമയിൽ പോരായ്മകൾ ഇല്ലേ? ഉണ്ട് ചിലയിടങ്ങളിൽ അതൊക്കെ പുറത്തേയ്ക്കും വരുന്നുണ്ട്. പക്ഷെ സിനിമ മൊത്തത്തിൽ തന്ന അനുഭവത്തിന്റെ സന്തോഷത്തിൽ ഞാനതൊക്കെ മറക്കുന്നു, സൌകര്യപൂർവ്വം.

സംവിധായകനിൽ തുടങ്ങി ഈ ചിത്രത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കൊക്കെയും അഭിനന്ദനങ്ങൾ. ഓൺലൈനിൽ സിനിമയ്ക്ക് മാർക്കിടൽ എന്നൊരു ചടങ്ങുണ്ട്. അതെനിക്കറിയില്ല, മാത്രമല്ല, ഞാൻ ഈ എഴുതിയത് നിരൂപണമല്ല, എന്റേതായ രീതിയിൽ ഒരു ആസ്വാദനം മാത്രം. അതുകൊണ്ട് മാർക്കിടലിനു പകരം, ഒരു സാധാരണ പ്രേക്ഷൻ എന്ന നിലയിൽ ഞാൻ “റെക്കമന്റ്“ ചെയ്യുന്നു, ഈ സിനിമ.

കുമാർ എൻ എം.


ചിത്രത്തിന്റെ എം ത്രി ഡി ബി പേജ് ഇവിടെ കാണാം.

Contributors: 

പിന്മൊഴികൾ

മികച്ച നിരൂപണം, കുമാര്‍ സര്‍.... അഭിനന്ദനങ്ങള്‍. ഒരു പുതുമുഖ സംവിധായകന്‍റെ എക്കാലത്തെയും മികച്ച എന്ട്രികളിലൊന്നായി തന്നെ ഈ ചലച്ചിത്രത്തെ ഞാന്‍ വിലയിരുത്തുന്നു....

vysakh

നല്ല നിരൂപണം കുമാർ.
മീഡിയാസിലും മറ്റും മികച്ച റിപ്പോർട്ട് തന്നെ സിനിമയെ കുറിച്ച്.സംവിധായകനും അണിയറ പ്രവർത്തകർക്കും
അഭിമാനിക്കാം.നിരൂപണത്തിന് നന്ദി കുമാർ