സൗണ്ട് തോമ - സിനിമാ റിവ്യൂ

ബെന്നി പി നായരമ്പലം, ദിലീപ്, വൈശാഖ് എന്നിവർ ഒത്തു ചേരുമ്പോൾ ഉണ്ടാവുന്ന സിനിമയെന്തോ അതുതന്നെയാണ് സൗണ്ട് തോമ. അതിലപ്പുറം പേരിനു പോലുമില്ല പുതുമയും വിശേഷവും. ഭാവപ്രകടനങ്ങൾക്ക് താൻ പ്രാപ്തനല്ലെന്ന് തിരിച്ചറിഞ്ഞിട്ടാണോ എന്തോ വേഷപ്പകർച്ചക്കാണ് പലപ്പോഴും പ്രാധാന്യം കൊടുക്കുന്നതെന്ന് ദിലീപിന്റെ സിനിമകൾ കണ്ടാലറിയാം. വേഷങ്ങളുടെ(രൂപങ്ങളുടെ) വൈവിധ്യം കൊണ്ട് സൂപ്പർ ഹിറ്റുകൾ സമ്മാനിക്കുകയും ഒന്നാം നിരയിൽ എന്നും സജ്ജീവമായും ഈ നടൻ നിൽക്കുന്നു. (വേഷ-രൂപ പകർച്ചകളില്ലാത്ത ചിത്രങ്ങളിലെ പ്രകടനം കണ്ടാൽ ഇത് മനസ്സിലാകും) കുഞ്ഞിക്കൂനനേയും, ചാന്തുപൊട്ടിനേയും സൃഷ്ടിച്ച ബെന്നി പി നായരമ്പലമാണ് മുറിച്ചുണ്ടനായ തോമയേയും സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം ശാരീരിക പ്രത്യേകതയുള്ളവർ ഭൂരിഭാഗം അതില്ലാത്ത ആളുകൾക്കിടയിൽ ജീവിക്കുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങളും അതിലൂടെ സംഭവിക്കുന്ന തമാശകളുമാണ് ബെന്നിയുടെ തൂലിക എന്നും ശ്രദ്ധിച്ചിട്ടുള്ളത്. അല്ലാതെ സമൂഹത്തിൽ ഇത്തരം ആളുകൾ അനുഭവിക്കുന്ന വേർതിരിവിന്റേയോ പരിഹാസത്തിന്റേയോ നല്ലൊരു ശതമാനം പേർ അത്തരം പരിമിതികളെ അത്ഭുതകരമായി അതിജീവിക്കുന്നതോ ഒന്നും ബെന്നിയിലെ കച്ചവട എഴുത്തുകാരൻ ഒരിക്കലും കണ്ടിട്ടില്ല.(നായകനോട് പ്രേക്ഷക സഹാനുഭൂതി ഉണ്ടാക്കാവുന്ന വിലകുറഞ്ഞ ചില സെന്റിമെന്റൽ സീനുകളല്ലാതെ). സൗണ്ട് തോമയും മറ്റൊന്നല്ല. ദിലീപെന്ന മിമിക്രി കലാകാരനും സിനിമാ ബിസിനസ്സുകാരനും കൂടിയാകുമ്പോൾ സൌണ്ട് തോമയിൽ ചിരിയല്ലാതെ മറ്റെന്താണ് പ്രേക്ഷകർ പ്രതീക്കേണ്ടത്. ദോഷം പറയരുതല്ലോ, തോമയുടെ പ്രകടനങ്ങൾക്ക് മിമിക്രിയുടെ ഓവർകോട്ടുണ്ടെങ്കിലും ദിലീപ് തോമയെ ഭേദപ്പെട്ടതായി ചെയ്തു.

മുൻപ് ചെയ്ത മൂന്നു ചിത്രങ്ങളും സൂപ്പർ ഹിറ്റാക്കിയതാണ് വൈശാഖിന്റെ വിജയം. കഥയെന്തുമാകട്ടെ, ട്രീറ്റുമെന്റുകൾക്ക് പുതുമില്ലാത്തതുമാകട്ടെ, എന്റർടെയ്നർ മാത്രം പ്രതീക്ഷിച്ചെത്തുന്ന സാധാരണ പ്രേക്ഷകനു ആഹ്ലാദിക്കാനും കയ്യടിക്കാനുമുള്ള വകകൾ നല്ല രീതിയിൽ വിളമ്പാൻ വൈശാഖിനറിയാം.അതുകൊണ്ടുതന്നെ വൈശാഖിന്റെ നാലാമത്തെ തുടർ വിജയമാകും സൗണ്ട് തോമ. കഥയെ രസകരമായി ചിത്രീകരിക്കുവാൻ അറിയുന്ന കഴിവേറെയുള്ള കൊമേഴ്സ്യൽ സംവിധായകൻ തന്നെയാണ് വൈശാഖ്. അതുകൊണ്ട് തന്നെ മെച്ചപ്പെട്ട തിരക്കഥകൾ കയ്യിലെത്തിയാൽ അതിനെ നല്ല ദൃശ്യപരിചരണത്തിലേക്കു കൊണ്ടുവരാൻ വൈശാഖിനു കഴിയും. അങ്ങിനെയുള്ളൊരു സംവിധായകൻ സാമ്പത്തിക വിജയങ്ങളെ മുന്നിൽ കണ്ടു മാത്രം സൂപ്പർ ഹിറ്റുകൾ പടച്ചു വിടുന്നത് ഇൻഡസ്ട്രിയിൽ പിടിച്ചു നിൽക്കാനുള്ള, വിലയുറപ്പിക്കാനുള്ള തന്ത്രങ്ങളാകാനേ തരമുള്ളു.

പല ചിത്രങ്ങളിലും ഏറെപ്പറഞ്ഞ പ്രമേയം തന്നെയാണ് തോമയിലും. നിഷ്കളങ്കരായ ഗ്രാമീണർ. സിനിമയുടെ പാതി മുക്കാലോളം നായികയുടെ പുറകിൽ പ്രേമാഭ്യർത്ഥനയുമായി നടക്കുന്ന നായകൻ. ശാരീരിക വൈകല്യമുള്ള നായകന്റെ അബദ്ധങ്ങൾ, ദ്വയാർത്ഥ തമാശകൾ. നായകനെ തെറ്റിദ്ധരിക്കുന്ന ഗ്രാമീണർ. ഒടുക്കം നായകന്റെ നന്മ തിരിച്ചറിയുന്ന ഗ്രാമീണർ അവനെ വിശുദ്ധനാക്കുകയും അതുവരെ പ്രണയം തോന്നാത്ത നായിക ‘എന്നെ കല്യാണം കഴിച്ചോളൂ” എന്ന് മട്ടിൽ കലഹം മറന്ന് പ്രണയിക്കുകയും ചെയ്യുന്ന എക്കാലത്തേയും ദിലീപ് സിനിമകൾ തന്നെയാണ് സൗണ്ട് തോമയും.

ഷാജിയുടെ ക്യാമറയും, ഗോപി സുന്ദർ ടീമിന്റെ സംഗീതവും ജോസഫ് നെല്ലിക്കലിന്റെ കലാസംവിധാനവും ചിത്രത്തിനു ഗുണം ചെയ്തിട്ടുണ്ട്. എന്നാൽ ഗോപി സുന്ദറിന്റെ പശ്ചാത്തലമാകട്ടെ ശബ്ദകോലാഹലം നിറഞ്ഞതാണ്. നിശ്ശബ്ദമായൊരു സെക്കന്റ് പോലുമില്ല സിനിമയിൽ. (കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതവും ദിലീപിന്റെ മുറിച്ചുണ്ടൻ സംസാരവും ചേരുമ്പോൾ ഒന്നും വ്യക്തമാകുന്നില്ല!) ദിലീപിന്റെ തോമക്കു പുറമേ സായ് കുമാറീന്റെ പ്ലാപ്പറമ്പിൽ പൌലോയാണ് തൊട്ടു പുറകിൽ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നത്. നായികയുടെ റേഡിയോ ജോക്കിയും (സൈക്കിൾ ഉരുട്ടി കവലയിലൂടെ നടക്കുന്നതിനെയാണ് ഈ സിനിമയിൽ റേഡിയോ ജോക്കി എന്നു പറയുന്നത്!!) മുകേഷിന്റെ മത്തായിയും (മമ്മദായി മതം മാറിയ മത്തായി മുകേഷ്, മീൻ വിൽക്കുമ്പോഴും കവലയിലൂടെ നടക്കുമ്പോഴും വീട്ടിലിരിക്കുമ്പോഴും അടുക്കളയിൽ ചായ കുടിക്കുമ്പോഴും തലയിലെ നിസ്കാരത്തൊപ്പി മാറ്റുന്നതേയില്ല. പ്രേക്ഷകരെങ്ങാനും മമ്മദ് കൃസ്ത്യാനിയോ ഹിന്ദുവോ ആണെന്ന് തെറ്റിദ്ധരിച്ചെങ്കിലോ എന്നു കരുതിയാകണം!!!) സുരാജിന്റെ ഉരുപ്പടിയും കൊച്ചുപ്രേമന്റെ മെമ്പറുമൊക്കെ ഏറ്റവും നന്നായി ബോറഡിപ്പിക്കുക എന്ന കാര്യത്തിൽ മത്സരമാണ്.

മായാമോഹിനി, മല്ലുസിങ്ങ് തുടങ്ങിയ ചിത്രങ്ങൾ ഹിറ്റാക്കിക്കൊടുത്ത പ്രേക്ഷകനു വേണ്ടിയാണ് ഈ തോമ. അതുകൊണ്ട് തന്നെ അവർക്കാവശ്യമുള്ള വിഭവങ്ങൾ നന്നായി അരച്ചു ചേർത്തിട്ടുണ്ട്. അതൊക്കെ വീണ്ടും വീണ്ടും വിളമ്പിക്കഴിക്കണമെന്നുള്ളവർക്ക് കാണാം. ഇഷ്ടപ്പെടാതെ തരമില്ല.

സിനിമയുടെ വിശദാംശങ്ങൾക്കും കഥാസാരത്തിനും ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.
 

Contributors: