ആമേൻ - സിനിമാറിവ്യൂ

സിനിമയുടെ ഭാഷ കൈവശമുള്ളൊരു സംവിധായകനാണ് ലിജോ ജോസ് പല്ലിശ്ശേരി എന്ന് തന്റെ മുൻ ചിത്രങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. നായകൻ എന്ന ആദ്യ ചിത്രവും സിറ്റി ഓഫ് ഗോഡ് എന്ന രണ്ടാം ചിത്രവും മലയാള കൊമേഴ്സ്യൽ സിനിമകളിലെ വേറിട്ട സിനിമാ ഭാഷയുംനടത്തവുമായിരുന്നു. തികച്ചും കൊമേഴ്സ്യലെങ്കിലും നാളിതുവരെ പറഞ്ഞു പോന്നിരുന്ന കഥപറച്ചിലും ആഖ്യാന രീതികളിലും നിന്നു വേറിട്ടുള്ളതായിരുന്നു ലിജോ ജോസിന്റെ പാത. എന്നാൽ പ്രേക്ഷക നിരാസത്തിലും സാമ്പത്തിക പരാജയത്തിലും മനം മാറാതെ തന്റെ മൂന്നാം ചിത്രത്തിലും തന്റെ നിലപാടുകൾക്ക് ചേർന്ന സിനിമതന്നെ ചെയ്തു എന്നതാണ് ലിജോ ജോസിലെ സംവിധായക ധീരത.

“ആമേൻ” വളരെ പഴമയുള്ളൊരു പ്രമേയം തന്നെയാണ്. കായലോരത്തെ പള്ളിയും അവിടത്തെ  ഇരുകര നിവാസികളുടെ  ബാൻഡ് മേള (പെരുന്നാൾ) ജയിച്ചവർക്ക് പെണ്ണിനെ വിവാഹം കഴിക്കലുമെന്ന ക്ലീഷേമുറ്റിയ കഥാതന്തുവിൽ തന്നെയാണ് ആമേനിന്റെ പ്രമേയ ഭൂമിക. പക്ഷെ, പള്ളിയും കായലും വിശ്വാസവും മിത്തും പ്രണയവും നിലാവും സംഗീതവും ഓർമ്മകളും നാട്ടുഭാഷയുമൊക്കെ ചേരുന്നൊരു കഥപറച്ചിലും ആഖ്യാന പുതുമയും ദൃശ്യചാരുതയുമാണ് ആമേനെ വ്യത്യസ്ഥമാക്കുന്നത്. പെർഫെക്റ്റ് കാസ്റ്റിങ്ങ്, അഭിനേതാക്കളുടെ (ഇന്ദ്രജിതും ഫഹദുമൊഴികെ വേറെ ആരുണ്ട് പോപ്പുലർ താരങ്ങൾ?!) റിയലിസ്റ്റിക്ക് പെർഫോർമൻസ്, സുന്ദരമായ പോസ്റ്റ് പ്രൊഡക്ഷൻ വർക്ക്സ്, ഊറിച്ചിരിപ്പിക്കുന്ന(ഓർക്കുക, മിമിക്രി സ്റ്റേജിലെ കൌണ്ടർ ഡയലോഗുകളല്ല) ഹാസ്യ നിമിഷങ്ങൾ, ക്യാമറാ ഫ്രെയിമുകളിലെ അത്ഭുതപ്പെടുത്തലുകൾ അങ്ങിനെ വിസ്മയിക്കാൻ ഒരുപാടുണ്ട് ആമേനിൽ.

കുമരങ്കരി എന്ന കായലോര ഗ്രാമത്തെ പള്ളിയും വിശ്വാസികളും അവരുടെ ജീവിതവും വർഷത്തിൽ നടക്കുന്ന ബാൻഡ് മേള മത്സരവുമാണ് പശ്ചാത്തലം. പള്ളിയിലെ കൊച്ചു കപ്യാരായ സോളമനും അവൻ പ്രേമിക്കുന്ന ശോശന്നയെന്ന ധനാഢ്യപുത്രിയും അവരുടെ പ്രണയനദിയിലെ തടസ്സങ്ങളും ഒപ്പം ചേരുന്നു.  കഥാ‍സാരത്തിനും മറ്റു വിശദാംശങ്ങൾക്കും ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

ലിജോ ജോസിന്റെ രണ്ടാം ചിത്രമായ സിറ്റി ഓഫ് ഗോഡ്  ലക്ഷണമൊത്ത നോണ്‍ ലീനിയർ, ഹൈപ്പർ ലിങ്ക്  എന്നീ വിശേഷണങ്ങൾക്ക് ഉദാഹരണമാക്കാം. മലയാളി, നാളിതുവരെ അത്ര പരിചിതമല്ലാത്തൊരു ആഖ്യാന രീതിയും താരപൊലിമകളെ ഉയർത്തിവെക്കാതെ കഥാപാത്രമായി ചേർത്തുവെക്കാനും സിറ്റി ഓഫ് ഗോഡിനു കഴിഞ്ഞു. അധോലോകങ്ങളുടെ കഥപറഞ്ഞ ആക്ഷൻ ചിത്രങ്ങളായിരുന്നു മുൻപ് ചെയ്ത രണ്ടു സിനിമകളെങ്കിലും കോമഡി ട്രാക്കിലാണ് തന്റെ മൂന്നാം ചിത്രമായ ആമേൻ ലിജോ ജോസ് ഒരുക്കിയിരിക്കുന്നു. കഥ പരിചിതമെങ്കിലും സാങ്കേതികമികവിനാലും അഭിനേതാക്കളുടെ പ്രകടനത്താലും ചിത്രത്തിനു മേൽകൈ നേടാൻ കഴിഞ്ഞു

അഭിനന്ദ് രാമാനുജം ഒരുക്കിയ ക്യാമറാ ദൃശ്യങ്ങളാണ് ആമേനിന്റെ പ്രധാന ഹൈലറ്റ്സ്. കാഴ്ചക്കാരെ വശീകരിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്നു. രാത്രികാല ദൃശ്യങ്ങളൂടെ ഭംഗിയും കുമരങ്കര കായൽ ഗ്രാമത്തിന്റെ വൈഡ് ഷോട്ടുകളും കായൽ‌പ്പരപ്പുമൊക്കെ പ്രേക്ഷകനു മികച്ചൊരു അനുഭൂതി പകരുന്നുണ്ട്. എം ബാവയൊരുക്കിയ കലാസംവിധാനം മികച്ചതായി. ബാവയും കൂട്ടരും ഒരുക്കിയ ‘കുമരങ്കരിയിലെ പള്ളി‘ അവിശ്വസനീയമായൊരു കാഴ്ചയാണ്. പ്രണയത്തിനും പ്രണയഗാനങ്ങൾക്കും പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങളും ഗാന സന്ദർഭങ്ങളും കൊള്ളാം.

ഫഹദ് എന്ന നടന്റെ ഓരോ പ്രകടനവും താരമെന്നതോ നടനെന്നതോ തോന്നിപ്പിക്കാതെ കഥാപാത്രമായി മാറാനുള്ള കഴിവ് പ്രേക്ഷകനിൽ ഇഷ്ടമനുഭവപ്പെടുത്തുന്നുണ്ട്. ഫഹദ്, ഇന്ദ്രജിത്, കലാഭവൻ മണി(മണിയുടെ മേക്കപ്പ് ഇത്തിരി കല്ലുകടി ഉണ്ടാക്കുന്നു) രചന, സ്വാതി, ജോയ് മാത്യു , സുനിൽ സുഖദ, മഖരന്ദ് ദേശ്പാണ്ഡേ തുടങ്ങിയവരും പേരറിയാത്ത പല അഭിനേതാക്കളും (അവരിൽ പലരും പുതുമുഖങ്ങളും, അത്ര പരിചിതരുമല്ലാത്തവരുമാണ്) ചിത്രത്തിന്റെ ചാരുതക്ക് ഭാഗഭാക്കായിട്ടുണ്ട്.

ഏറെ നന്നായ ആദ്യ പകുതിയേക്കാൾ രണ്ടാം പകുതിയിൽ ഇടക്ക് സംവിധായകന്റെ നിയന്ത്രണമഴിഞ്ഞുപോകുന്നുണ്ട് എന്നുകൂടി പറയട്ടെ. രണ്ടാം പകുതിയിൽ തമാശക്കു വേണ്ടി സൃഷ്ടിച്ച ഷാപ്പുകാരിയുടേയും മകന്റേയും ‘വിലക്കുറഞ്ഞ’ തമാശകൾ മുഴച്ചുനിൽക്കുന്ന ഏച്ചുകെട്ടലുകളായി. എന്നിരിക്കലും, കഴിഞ്ഞ കുറേ നാളുകൾക്കുള്ളിൽ പുറത്തിറങ്ങിയ (കൊമേഴ്സ്യൽ) മലയാള സിനിമകളിൽ എന്തുകൊണ്ടും കൊള്ളാമെന്നു പറയാൻ ആമേനു കഴിഞ്ഞു. പ്രമേയത്തിന്റെ പുതുമയില്ലായ്മ ഒരു പോരായ്മയായി പറയാമെങ്കിലും സിനിമ കാണുന്ന പ്രേക്ഷകനു വിസ്മയകരമായൊരു ദൃശ്യഭാഷ പകരുന്നതിലും പ്രേക്ഷകനെ കഥാപാത്രങ്ങൾക്കും കഥാസന്ദർഭങ്ങൽക്കുമൊപ്പം കൂടെ നടത്തുന്നതിലും സിനിമ വിജയിച്ചു. സംവിധായകന്റെ സാന്നിദ്ധ്യമറിയിക്കുന്ന നിരവധി സന്ദർഭങ്ങളുമുണ്ട്.

Relates to: 
Contributors: 

പിന്മൊഴികൾ