സെൻസർ ബോർഡ് ചിറകരിഞ്ഞ ശലഭം - പാപ്പിലിയോ ബുദ്ധ രണ്ടാം കാഴ്ച

സെൻസർ ചെയ്ത് തീയേറ്ററിലെത്തിയ പാപ്പിലിയോ ബുദ്ധ കണ്ടു. ഡിവിഡി പ്രൊജക്ട് ചെയ്ത ആദ്യ കാഴ്ചയിൽ പലരംഗങ്ങൾക്കും തെളിമ ഇല്ലായിരുന്നു. നല്ല ക്വാളിറ്റിയിൽ സിനിമ കാണാൻ ഈ രണ്ടാം കാഴ്ച ഉപകരിച്ചു. ശബ്ദത്തിലും ദൃശ്യത്തിലും സാങ്കേതികമായ മികവ് പാപ്പിലിയോ ബുദ്ധയ്ക്കുണ്ടെന്ന് ഇപ്പോൾ മനസ്സിലായി.

ആദ്യ കാഴ്ചയ്ക്കു ശേഷം സിനിമയെക്കുറിച്ചെഴുതിയത് ഇവിടെ വായിക്കാം. ഒപ്പം രണ്ടാം കാഴ്ച നൽകുന്ന ചില പുനർവിചാരങ്ങൾക്കൂടി. വളരെ മൃഗീയമായ ഒരു ബലാത്സംഗരംഗമുള്ള ഈ ചിത്രത്തിന്റെ ഈ രണ്ട് കാഴ്ചകൾ ഡൽഹി കൂട്ടമാനഭംഗം നടക്കുന്നതിന് കൃത്യം മൂന്നുമാസം മുൻപും മൂന്നു മാസത്തിനു ശേഷവുമായിരുന്നു എന്നത് യാദൃച്ഛികം മാത്രം.

വിമർശനങ്ങൾക്കൊപ്പം ഗാന്ധി എന്ന പേര് ഉച്ചരിക്കുന്നിടത്തൊക്കെ നിശ്ശബ്ദത. ചെരുപ്പുമാലയും ഗാന്ധിയുടെ കോലവും ആ കോലം കത്തുന്നതും ബുദ്ധപ്രതിമ മറിഞ്ഞു വീഴുന്നതും പഴയ ഇറേസർ വച്ച് തുടച്ചു നീക്കി. യസമാനൻ അയ്യൻകാളി അപ്പോഴും മിഴിവോടെ നിന്ന് കത്തുന്നു. രതിരംഗങ്ങളും നഗ്നതയും വെട്ടിമായിട്ടില്ല. മായിച്ചിട്ടില്ല. അക്കാര്യത്തിൽ സെൻസർ ബോർഡ് അല്പം പുരോഗമനം നേടി.

ഭരണകൂടം എങ്ങനെ പാർശ്വവത്കരിക്കപ്പെട്ടവരുടെ മേൽ അധികാരം ഉപയോഗിക്കുന്നു, സമൂഹത്തിലെ സ്ത്രീയുടെ അവസ്ഥ (ഏത് ജാതിയിൽപ്പെട്ടതായാലും!) ജാതീയ വേർതിരിവുകളുടെ നെറികേടുകൾ, ജാതി സംബന്ധിച്ച പൊതുബോധവും പൊതുബോധത്തിന്റെ അബോധ തലങ്ങളും ഈ ചിത്രം തുറന്നു കാട്ടുന്നു. ഇത്രയും കാലം നിശ്ശബ്ദരായിരുന്നവരുടെ ശബ്ദം ലൗഡായി കേൾക്കുന്നത് സിനിമ മുന്നോട്ട് വയ്ക്കുന്ന പുരോഗമനം. കേരളത്തിൽ അരങ്ങേറിയ പല ആദിവാസി ഭൂസമരങ്ങളെയും അവരുടെ പക്ഷത്തുനിന്ന് നോക്കിക്കാണുന്ന ഈ ബുദ്ധ ശലഭം പൊതുബോധത്തിനെ പലതരത്തിൽ കൊട്ടുന്ന ചിത്രമാണ്.

എന്നാലും പൊതുവെ സ്വത്വവാദം, അതേതായാലും യോജിക്കാൻ ബുദ്ധിമുട്ടുണ്ട്. കാരണം പ്രതിരോധത്തിനുള്ള ആയുധമായി സാഹചര്യം അതാവശ്യപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഉള്ളിൽ കടന്നുവരുന്ന വെറുപ്പിന്റെ രാഷ്ട്രീയം ജാതി മതിലുകൾ എക്കാലത്തും ഉയർന്നു നിൽക്കാൻ മാത്രമേ ഉപകരിക്കൂ.

ബുദ്ധന്റെ ചിത്രം പേറുന്ന ഓട്ടോയിലെ വനിതാ ഡ്രൈവറെ ചെ ഗെവരയുടെയും ശിവന്റെയും ഗാന്ധിയുടെയും 'ആരാധകർ' ചേർന്ന് പീഡിപ്പിക്കുന്ന രംഗം കണ്ടിരിക്കാൻ കഴിയുന്നതിനുമപ്പുറമുള്ള വയലൻസാണ്. എല്ലാ പ്രത്യയശാസ്ത്രങ്ങളും സ്ത്രീയുടെ ശത്രുവാണെന്ന ധ്വനി അവിടെയുണ്ട്. സ്ത്രീ ദളിത് ആണെങ്കിൽ അവൾക്ക് പിന്നീട് നീതി കിട്ടുന്നതും പ്രയാസമാണെന്ന് ചിത്രം പറയുന്നു. പീഡിപ്പിക്കപ്പെട്ട സ്ത്രീ ഇവിടെ ചാരിത്രഭംഗത്തിന്റെ ഭാരം ചുമക്കുന്നില്ല. അവളുടെ പ്രതിഷേധങ്ങൾക്ക് ശക്തി കൂടുക മാത്രമാണ് ചെയ്യുന്നത്.

സെൻസർ ബോർഡ് ഗാന്ധിയെയും ബുദ്ധനെയും ദൈവമാക്കുന്നു. സിനിമ അംബേദ്കറിനെയും അയ്യൻകാളിയെയും ബുദ്ധനെയും ദൈവമാക്കുന്നു. ഇവരെല്ലാം മനുഷ്യരായിരുന്നു എന്ന് എല്ലാവരും തിരിച്ചറിഞ്ഞിരുന്നെങ്കിൽ വെട്ടുകളും വിവാദങ്ങളും ഒഴിഞ്ഞ് പൂർണരൂപത്തിൽ സിനിമ കണ്ട് ഒട്ടേറെ ചർച്ചകൾക്ക് സാധ്യതയുണ്ടായിരുന്നു. കാരണം ഇതിലെ രാഷ്ട്രീയം, യോജിപ്പുകളും വിയോജിപ്പുകളും ഉറക്കെപ്പറഞ്ഞ് പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതു തന്നെ.

സെൻസർ ബോർഡ് ഇവിടെ പ്രേക്ഷകന് നീതി നിഷേധിക്കുന്നുണ്ടെങ്കിലും അത് സഹിച്ചും കണ്ടിരിക്കേണ്ട സിനിമയാണ് പാപ്പിലിയോ ബുദ്ധ.