നത്തോലി ഒരു ചെറിയ മീനല്ല - സിനിമാ റിവ്യൂ

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ തിരനാടകമെഴുതി, വികെ പ്രകാശ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ ഇരട്ടവേഷത്തിൽ അഭിനയിച്ച ‘നത്തോലി ഒരു ചെറിയ മീനല്ല” പേരിലും ആഖ്യാനത്തിലും കൌതുകം പുലർത്തുന്നു. മലയാള സിനിമക്ക് ചിരപരിചിതമല്ലാത്ത കഥനരീതി, ഫഹദ് ഫാസിലിന്റെ അപാര പ്രകടനം എന്നിവ മാത്രം ബാക്കിവെച്ച് നത്തോലി ചെറിയതിൽ ചെറിയ മീനാകുന്നു.

ഗംഭീരവും പുതുമയുള്ളതുമാണ് ചിത്രത്തിന്റെ കഥാതന്തു. എഴുത്തുകാരനും അയാൾ സൃഷ്ടിച്ച കഥാപാത്രവും(ങ്ങളും) തനിക്കു മുന്നിൽ തന്റെ പേനത്തുമ്പിന്റെ ജീവിതത്തിൽ ജീവിച്ചു തീർക്കുന്നതും എഴുത്തുകാരൻ സൃഷ്ടിച്ചൊരു കഥാപാത്രം എഴുത്തുകാരന്റെ ഭാവനക്കും തീരുമാനങ്ങൾക്കുമപ്പുറം പോകുന്നതും ഒടുവിൽ എഴുത്തുകാരനും കഥാപാത്രവും നേർക്കു നേർ വരുന്നതുമൊക്കെ മലയാളസിനിമയിൽ ഇതുവരെയില്ലാത്ത പ്രമേയ ഭൂമികയാണ്. പക്ഷെ അത്തരമൊരു സാദ്ധ്യതയെ ആസ്വാദ്യകരമായൊരു മുഴുനീളസിനിമയാക്കുന്നതിൽ ‘നത്തോലി ഒരു ചെറിയ മീനല്ല’ തെല്ല് പരാജയപ്പെടുന്നു. ഗൌരവമാർന്നൊരു ട്രീറ്റ്മെന്റിനെ (ഒരുപക്ഷേ മലയാളിപ്രേക്ഷകൻ ഇഷ്ടപ്പെട്ടില്ലേക്കാമെന്ന മുൻ ധാരണയാൽ?) തികച്ചും ഫണ്ണി ട്രീറ്റ്മെന്റിലാണ് സംവിധായകൻ അവതരിപ്പിക്കുന്നത്.

കരീലക്കുളങ്ങര സ്വദേശി പ്രേം കൃഷ്ണൻ എറണാകുളം നഗരത്തിലെ പുഴയോരം അപ്പാർട്ട്മെന്റ്സിൽ കെയർ ടേക്കറായി ജോലി ചെയ്യുകയും ഇടവേളകളിൽ തിരക്കഥയെഴുതുകയും ചെയ്യുന്നു. വിശ്രമിക്കാൻ പോലും കഴിയാത്തത്ര ജോലിത്തിരക്ക്. അതിനിടയിൽ തന്റെ സ്വഭാവത്താൽ സംഭവിക്കുന്ന അബദ്ധങ്ങൾ. തന്നോട് ക്രൂരമായി പെരുമാറുന്ന ഫ്ലാറ്റിലെ അന്തേവാസികളെ മുൻ നിർത്തി പ്രേം തിരക്കഥ മാറ്റിയെഴുതുന്നു. കഠിനജോലികളാലും തന്നെ മർദ്ദിച്ചതിനാലും പ്രേമിനു കൂടുതൽ പക തോന്നിയത് ഫ്ലാറ്റിലെ പ്രഭാ തോമസിനോടാണ്. അവരോട് പകരം വീട്ടാൻ പ്രേം ‘നരേന്ദ്രൻ’ എന്നൊരു കഥാപാത്രത്തെ സൃഷ്ടിക്കുന്നു. തുടർന്ന് നരേന്ദ്രൻ പ്രഭയുടേയും ഫ്ലാറ്റിലെ മറ്റ് അന്തേവാസികളുടേയും ജീവിതത്തിൽ വില്ലനാകുന്നു. ഒടുവിൽ പ്രേമിന്റെ ഭാവനയിൽ നിയന്ത്രണാധീനനാകുന്നു നരേന്ദ്രൻ. നത്തോലിയുടെ കഥാസാരവും വിശദവിവരങ്ങളും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

ഫഹദ് ഫാസിൽ എന്ന നടനാണ് നത്തോലിയാകുന്നതും നത്തോലിയിലെ പ്രധാന ഹൈലറ്റ്സും. ഈ നടന്റെ അത്ഭുതാവഹമായ പ്രകടനമാണ് സിനിമയെ ആസ്വാദ്യകരമാക്കുന്ന ഒന്ന്. ശാന്തനായ പ്രേം കൃഷ്ണനും വില്ലനായ നരേന്ദ്രനും ഫഹദ് ഭംഗിയാക്കി. മുൻ ശുണ്ഠിക്കാരിയായ പ്രഭയായി കമാലിനി മുഖർജിയും അഭിനയ ജീവിതത്തിൽ മികച്ചൊരേയൊരു വേഷം കിട്ടിയ മുകുന്ദനും (സെക്യൂരിറ്റി വാസു) ചിത്രത്തിൽ നല്ല പ്രകടനം കാഴ്ചവെച്ചു. ദ്രോണർ /ആനക്കാരൻ വേഷത്തിൽ വന്ന പി ബാലചന്ദ്രൻ, സത്താർ, ഐശ്വര്യ, കൃഷ്ണപ്രഭ എന്നിവരൊന്നും മോശമാക്കിയില്ല.അനു എലിസബത്ത് ജോസിന്റെ വരികൾക്ക് അഭിജിത് സംഗീതം പകർന്നതിൽ ഉണ്ണിമേനോൻ പാടിയ “ചെമ്പനീർ ചുണ്ടിൽ ഞാൻ’ എന്ന ഗാനം മികച്ചു നിൽക്കുന്നു. അരുൺ ജെയിംസിന്റെ ഛായാഗ്രഹണം സുന്ദര ദൃശ്യങ്ങൾ തരുന്നുണ്ടെങ്കിലും ഡിജിറ്റൽ ഫോർമാറ്റിൽ ചെയ്ത (?) ഛായ പലയിടത്തും അതിന്റെ ന്യൂനത കാണിക്കുന്നുണ്ട്. തുടക്കത്തിലെ മനോഹരമായ ടൈറ്റിത്സും ചിത്രത്തിന്റെ ആമുഖമായിക്കൊടുത്ത പുരാണ ദൃശ്യവും കൊള്ളാം.

ന്യൂ ജനറേഷൻ സിനിമ (അങ്ങിനെയൊന്നുണ്ടെങ്കിൽ) എന്നു വിളിക്കാവുന്ന സിനിമയാണ് നത്തോലി എന്നു പറയാം. ആദ്യന്തപ്പൊരുത്തമുള്ള കഥപറച്ചിൽ രീതിയിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ നത്തോലി പുതിയ കാലത്തെ പുതിയ സിനിമകളുടെ ആഖ്യാനശൈലിയിലും ദൃശ്യചാരുതയിലുമാണ് കഥ പറയുന്നത്. ഈ വക ആകർഷണീയ ഘടകങ്ങളുണ്ടെങ്കിലും ശങ്കർ രാമകൃഷ്ണൻ നരേറ്റീവ്’ ശൈലിയിൽ തന്നെയാണ് ഈ കഥയും പറയുന്നത്. (ശങ്കർ എഴുതിയ കേരളകഫേയിലെ ഐലന്റ് എക്സ്പ്രസ്സും, ഉറുമിയും തിരക്കഥകൾ ഓർക്കുക) നായക കഥാപാത്രത്തിന്റെ ഭൂതവും വർത്തമാനവുമൊക്കെ നായകന്റെ ശബ്ദത്താൽ മുഖരിതമാകുന്ന ആഖ്യാനശൈലിയാണ് ശങ്കർ രാമകൃഷ്ണനു പഥ്യമെന്നു തോന്നുന്നു. നത്തോലിയും മറിച്ചല്ല. 1980ലെ മഞ്ഞിൽ വിരിഞ്ഞ പൂക്കളും പ്രഭയും നരേന്ദ്രനുമടക്കം മലയാളിയുടെ പല പല ഗൃഹാതുരമായ കനവുകളെ കോർത്തിണക്കിയാണ് തിരക്കഥ ചമച്ചിരിക്കുന്നത്. പക്ഷേ പ്രേക്ഷകനെ കൂടെയിരുത്തുന്ന, കഥയ്ക്കൊപ്പം സഞ്ചരിപ്പിക്കുന്ന മാജിക്കൊന്നും ശങ്കറിന്റെ തിരക്കഥക്കില്ലെന്നു മാത്രമല്ല പലയിടത്തും പാളുകയും ചെയ്തു. ക്ലൈമാക്സിനോടടുക്കവേയുള്ള ഭാഗങ്ങൾ അതിനു ഉദാഹരണങ്ങളാണ്. എഴുത്തുകാരനും കഥാപാത്രങ്ങളും നേർക്കുനേർ വരുന്ന സന്ദർഭങ്ങൾ/കഥാസന്ദർഭങ്ങളിൽ എഴുത്തുകാരൻ കഥാപാത്രങ്ങളാവുന്നതും നോവലുകളിലും ചെറുകഥകളിലും ചിരപരിചിതമെങ്കിലും മലയാള സിനിമയിൽ അത്ര പരിചിതമല്ലെന്നു തോന്നുന്നു. അത്തരം ശൈലിക്ക് അപാര സാദ്ധ്യതയുമുണ്ടായിരുന്നു. പക്ഷെ തിരക്കഥയുടെ ബലഹീനതയും വി കെ പ്രകാശിന്റെ ഫണ്ണി ട്രീറ്റ്മെന്റും ഈ സാദ്ധ്യതയുടെ ഗൌരവവും സിനിമയുടേ ആസ്വാദ്യതയും കുറയ്ക്കുന്നു. ഫഹദ് ഫാസിലിന്റെ അഭിനയവും പുതുമയുള്ള ആഖ്യാനത്തിന്റെ കൌതുകവും സിനിമയെ അവസാനം വരെ കാണാൻ പ്രേരിപ്പിക്കും.

ഫഹദ്   ഫാസിലിന്റെ സൂപ്പർ ഹിറ്റുകൾ, വികെ പ്രകാശിന്റെ ബ്യൂട്ടിഫുൾ,ട്രിവാൻഡ്രം ലോഡ്ജ് എന്നീ സിനിമകളുടെ ഓർമ്മകൾ ഇവയുമായി ഈ സിനിമ കാണാനെത്തിയാൽ നിരാശപ്പെടും. മലയാള സിനിമയിൽ പരിചിതമല്ലാത്ത കൌതുകകരമായൊരു ശൈലി ഈ സിനിമ തരുന്നുവെന്നു മാത്രം.

Contributors: