ലോക് പാൽ - സിനിമാ റിവ്യൂ

Lokpal movie review

പഴയകാല സംവിധായകരിൽ ഇന്നും പ്രേക്ഷകപ്രീതി ലഭിക്കുകയും സൂപ്പർ ഹിറ്റുകളൊരുക്കുകയും ചെയ്യുന്ന ഒരേയൊരു സംവിധായകനേയുള്ളു,. ജോഷി. കാലമിത്ര കഴിഞ്ഞിട്ടും, പ്രേം നസീർ യുഗം മുതൽ സംവിധാനിച്ച് തുടങ്ങിയിട്ടും ജോഷിയിന്നും ഹിറ്റ് ചാർട്ടിൽ ഒന്നാമൻ തന്നെ. മലയാളസിനിമയിലേക്ക് സി.ബി.ഐ-യേയും കുറ്റാന്വേഷണപരമ്പരകളേയും രാഷ്ട്രീയത്തിന്റേയും അധികാരത്തിന്റേയും അണിയറക്കഥകളേയും കൊണ്ടുവന്ന ജനപ്രിയ തിരക്കഥാകൃത്താണ് എസ് എൻ സ്വാമി. ഈ രണ്ടു പേരും സൂപ്പർ സ്റ്റാർ എന്ന് വിശേഷിക്കപ്പെടുന്ന മോഹൻലാലും ഒത്തുചേർന്നാൽ ഈ “ന്യൂ ജനറേഷൻ കാലത്തും” എന്തൊക്കെയോ സംഭവിച്ചേക്കുമെന്ന് പ്രതീക്ഷിച്ചത് പ്രേക്ഷകരായിരുന്നു. പക്ഷേ, ‘പാണ്ടൻ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല’ എന്നാണ് ‘ലോക് പാൽ’ കണ്ടിറങ്ങിയാൽ പ്രേക്ഷകരെ ഓർമ്മപ്പെടുത്തുന്നത്.

ഇന്റർനെറ്റും കമ്പ്യൂട്ടറും സാധാരണക്കാരനു  ചിരപരിചിതമാകാതിരുന്ന / ഇത്രത്തോളം ദൈനം ദിന ജീവിതത്തിൽ ഇടപഴകാതിരുന്ന ഒരു കാലത്തായിരുന്നു ഈ സിനിമയെങ്കിൽ ഒരു പക്ഷേ വാണിജ്യ വിജയം നേടുമായിരിക്കാം ‘ലോകപാൽ’. തമിഴ് സിനിമയിൽ സംവിധായകൻ ശങ്കർ പക്ഷേ, തൊണ്ണൂറുകളുടെ ഒടുക്കത്തിലും രണ്ടായിരമാണ്ടിന്റെ ആദ്യ കാലങ്ങളിലും ഈ വിഷയത്തെ അന്നത്തെ സൂപ്പർ ഹിറ്റുകളാക്കിയിട്ടുണ്ട്. ജന്റിൽമാൻ, അന്യൻ, പിന്നെ കന്തസ്വാമി എന്നീ തമിഴ് ചിത്രങ്ങളുടെ പ്ലോട്ട് തന്നെയാണ് ജോഷിയുടെ ‘ലോക് പാലും’. അഴിമതിക്കെതിരെ പോരാടുന്ന ഒറ്റയാൾ പട്ടാളം. ഇന്റർനെറ്റും വെബ് സൈറ്റും ഉപയോഗിച്ച് ജനങ്ങളുടെ പരാതി കേട്ട് തെറ്റായ മാർഗ്ഗത്തിലൂടെ ശരിയായ ലക്ഷ്യത്തിലേക്കെത്തുന്ന നായകൻ. (ജയരാജിന്റെ ‘ഫോർ ദി പ്യൂപ്പിൾ” നാല് യുവ നായകന്മാരായിരുന്നു)

കഥാസാരവും മറ്റു വിശദവിവരങ്ങൾ അറിയുവാനും ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

കാര്യം പഴയ തിരക്കഥാ പുലിയാണെങ്കിലും കഴിഞ്ഞ ഒരുപാട് വർഷങ്ങളായി എസ് എൻ സ്വാമിയുടെ ശൌര്യം സിനിമയിൽ ഒട്ടും ഫലിക്കുന്നില്ല എന്നതാണ് സത്യം. പഴയതും പുതിയതും നവാഗതരുമായ സംവിധായകർക്കൊപ്പം തിരക്കഥയെഴുതിയിട്ടും സ്വാമിയുടെ കഥകൾക്ക് ചെമ്പിന്റെ തിളക്കം പോലുമുണ്ടായില്ല. പുതിയ സംവിധായകർ വന്നിട്ടും സിനിമയുടെ രീതികൾ മാറിയിട്ടും പുതിയകാലത്തിനൊപ്പവും ജോഷിക്ക് സഞ്ചരിക്കാനാവുന്നുണ്ടെന്ന് സിനിമകളുടെ വിജയങ്ങൾ സൂചിപ്പിക്കുന്നു. പക്ഷേ, പുതിയ കാലഘട്ടത്തിന്റേയും നവ സാങ്കേതിക വിദ്യകളുടേയും കഥ പറഞ്ഞപ്പോൾ ഇരുവർക്കും കാലിടറി

അഴിമതിക്കാരിൽ നിന്നു പണം കൈക്കലാക്കാനുള്ള ഓരോ ഓപ്പറേഷനിലും നന്ദഗോപാൽ വേഷം മാറുന്നത് എന്തിനാണെന്നു മനസ്സിലായില്ല. ചുമ്മാ ഒരു ത്രില്ലിനായിരിക്കണം. അല്ലെങ്കിൽ വേഷം മാറിയാൽ ആളെ മനസ്സിലാക്കുവാൻ രണ്ടാമതൊരു നോട്ടം കൂടി നോക്കേണ്ടിവരുന്ന അവസ്ഥയിലാക്കണം. ഏതു വേഷത്തിലായാലും മോഹൻലാലിനും മുഖത്തിനും ഒരു മാറ്റവും വരുന്നില്ല. ചിത്രത്തിൽ അവസാനഭാഗത്ത് മോഹൻലാൽ വൃദ്ധനായി വേഷം മാറി കോടതിയിലേക്ക് വരുന്നുണ്ട്. തിയ്യറ്ററിലെ കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ മനസ്സിലായി അത് മോഹൻലാലാണെന്ന്, പക്ഷെ കേസന്വേഷിക്കുന്ന, നന്ദഗോപനെ വ്യക്തിപരമായി പരിചയമുള്ള, നന്ദഗോപനെ ദിവസവും കാണുന്ന, ഈ കേസിലെ പ്രതി നന്ദഗോപൻ തന്നെയാണെന്ന് സംശയിക്കുന്ന ആ അന്വേഷണ ഉദ്യോഗസ്ഥനു മാത്രം ഇത് നന്ദഗോപാൽ/മോഹൻലാൽ ആണെന്ന് മനസ്സിലായില്ല!!! പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചില തമാശകളുണ്ട്. നന്ദഗോപാലിനെ-ലോക്പാലിനെ കുടുക്കാൻ എസ്. പിയോടും മന്ത്രിയോടും ഇൻസ്പെക്ടർ ദാസ് പറഞ്ഞുകൊടുക്കുന്ന ബുദ്ധിയാണ് അതിലൊന്ന്. ഇങ്ങിനെയൊക്കെ മണ്ടത്തരം എഴുന്നെള്ളിക്കാൻ എസ് എൻ സ്വാമിയെക്കഴിഞ്ഞേ മലയാളത്തിൽ മറ്റാരുമുള്ളൂ. ഇതിനിടയിൽ കാവ്യാമാധവൻ ഡോ. ഗീതയാണ്, ക്രസന്റ് ഹോസ്പിറ്റലിലാണ് ജോലി എന്നൊക്കെ പറഞ്ഞു വരുന്നുണ്ട്. നന്ദഗോപാലിന്റെ പെണ്ണായിരുന്നു ( കാമുകിയായിരുന്നോ ഭാര്യയായിരുന്നോ  എന്നല്ല എന്റെ പെണ്ണ് എന്നേ നന്ദഗോപാലും പറയുന്നുള്ളൂ ) ഗീതയെന്നും എന്തിനോ വേണ്ടി അവരെ ഉപേക്ഷിച്ചെന്നും പറയുന്നുണ്ട്. അവർ പിരിഞ്ഞതിന്റെ കാരണവും പിരിയുന്നതിനു മുൻപ് എന്തായിരുന്നു എന്നും സാക്ഷാൽ സ്വാമിക്കു മാത്രമറിയാം. മീരാനന്ദന്റെ ജെയ്ൻ ടി വി ജേർണലിസ്റ്റാണെന്നാണ് വെപ്പ്, ഒരു പോലീസ് ഓഫീസർ ട്രാഫിക്കിൽ കൈക്കൂലി വാങ്ങുന്നത് ജെയ്ൻ തന്റെ മൊബൈലിൽ ഷൂട്ട് ചെയ്ത് തന്റെ ചാനലിൽ ടെലികാസ്റ്റ് ചെയ്ത് ആഫീസറെ സസ്പെൻഷനിലാക്കിക്കളഞ്ഞു. അടുത്തദിവസം പകൽ അതേ സബ് ഇൻസ്പെക്ടറും ഗുണ്ടകളും പരസ്യമായി ജെയിനിനേയും കേരളം അറിയുന്ന ഗാന്ധിയൻ സത്യാന്വേഷി മുകുന്ദൻ മേനോനേയും തല്ലിച്ചതച്ചതും കാലൊടിച്ചതും പക്ഷെ, തന്റെ സ്വന്തം ചാനലിലോ മറ്റു പത്രങ്ങളിലോ വരുന്നില്ല. ജെയ്ൻ അതിനൊട്ടു ശ്രമിക്കുന്നുമില്ല. നന്ദഗോപാൽ മാത്രമേ ഇതറിയുന്നുള്ളൂ. ‘ധർമ്മ സംസ്ഥാപനാർത്ഥം‘ തുടങ്ങിയ ലോക്പാൽ എന്ന വെബ് സൈറ്റിനെക്കുറിച്ചോ അതിന്റെ സാങ്കേതികതയെക്കുറിച്ചോ എസ് പി-ക്കോ സംസ്ഥാനത്തെ പോലീസ് സേനക്കോ യാതൊരു അറിവും ധാരണയുമില്ല. സൈബർ സെൽ പോലുമില്ലാത്ത സംസ്ഥാനവും പോലീസ് സേനയും അസ്സൽ തമാശയാണ്. ഇങ്ങിനെ എണ്ണിയാലൊടുങ്ങാത്ത പാതിവെന്ത സീനുകളും സംഭവങ്ങളും തൊണ്ടതൊടാതെ വിഴുങ്ങേണ്ട കാര്യങ്ങളും സിനിമയിലേറെയുണ്ട്.

മോഹൻലാലിനു ആടിത്തിമിർക്കാനല്ല വേഷം മാറിമാറി അണിയാനുള്ള കഥാപാത്രമാണ് ലോക് പാലിലേത്. വേഷം മാറുന്നതിനപ്പുറം ലാൽ ഒന്നും ചെയ്തിട്ടുമില്ല. വിരലിലെണ്ണാവുന്ന സീനുകളിൽ വന്ന കാവ്യാമാധവന്റെ ഡോ. ഗീത, നായകനൊരു നായികയിരിക്കട്ടെ എന്നമട്ടിൽ സൃഷ്ടിച്ചതാവണം. എസ് പി വിനയനായി മനോജ് കെ ജയനും, വിദ്യാസാഗറായി ഷമ്മിതിലകനും തങ്ങളുടെ ഭാഗം ഭംഗിയാക്കി. എ എസ് പി ദാസ് ആയി തമിഴിലെ തമ്പി രാമയ്യ എന്ന നടനെ ഇത്ര ചെറിയൊരു വേഷത്തിലെത്തിച്ചത് എന്തിനാണാവോ (മൈന എന്ന ചിത്രത്തിലെ പ്രകടനത്തിനു സഹനടനുള്ള ദേശീയ അവാർഡിനർഹനായിരുന്നു തമ്പി രാമയ്യ) അദ്ദേഹത്തിനു ശബ്ദം കൊടുത്ത മണികണ്ഠൻ പട്ടാമ്പിയുടെ ഡബ്ബിങ്ങ് അഭിനന്ദാർഹം. സിനിമയിൽ പല പ്രാദേശിക ഭാഷകൾ സംസാരിക്കുന്ന കഥാപാത്രങ്ങൾ വേണമെന്നാണ് ഇപ്പോഴത്തെ ട്രെൻഡ്. അതുകൊണ്ട് ഷമ്മിതിലകൻ തിരോന്തരവും സായ് കുമാർ തൃശ്ശൂർ സ്ലാങ്ങും സംസാരിക്കുന്നുണ്ട്. രണ്ട് പാട്ടുകളുണ്ട് ചിത്രത്തിൽ, കേൾക്കാനും കാണാനും യാതൊരു ഇമ്പവുമില്ല.

ചിരപരിചിതമായ കഥാതന്തു, ബലഹീനമായ തിരക്കഥ, ചടുലമല്ലാത്ത ആഖ്യാനം, അപൂർണ്ണമായ ക്ലൈമാക്സ് എന്നിവയാൽ ഒരു ത്രില്ലർ ചിത്രം രീതിയിൽ ശോഭിക്കുവാൻ ‘ലോക് പാലി’നായില്ല. വേണ്ടത്ര വിശദീകരണമില്ലാത്ത രംഗങ്ങളും കഥാപാത്ര ബന്ധങ്ങളും, സാങ്കേതിക വിദ്യയെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയാഞ്ഞതും, നായകന്റെ ഫ്ലാഷ് ബാക്ക് വിശദീകരണങ്ങളും  സിനിമയെ തളർത്തുന്നുണ്ട്. സമകാലികമായ അഴിമതി വിഷയങ്ങളേയും ‘ലോക് പാൽ’ ബില്ലിനേയും മോഹൻലാൽ എന്ന താരത്തെ മുൻ നിർത്തി വിറ്റഴിക്കാൻ ശ്രമിച്ച ഒരു ശ്രമമെന്നേ ലോകപാലിനെ വിലയിരുത്തേണ്ടതുള്ളു. അതിനപ്പുറം ഒരു എന്റർടെയ്നർ പോലുമാകുന്നില്ല.

Contributors: