സമ്മിലൂനീ....സമ്മിലൂനീ....(അന്നയും റസൂലും - ഗാനാസ്വാദനം)

[അന്നയും റസൂലും എന്ന ചിത്രത്തിലെ ഗാനങ്ങളെക്കുറിച്ചുള്ള എന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നു]മലയാള സിനിമാ ഗാനങ്ങളെക്കുറിച്ച് തുടർച്ചയായി പ്രതികൂലമായ ആസ്വാദനം തയ്യാറാക്കുന്നതിലെ ബുദ്ധിമുട്ടുകൾ കരുതിയാണ് എന്റെ ഈ കുറിപ്പുകൾ താല്ക്കാലികമായി നിർത്തിവച്ചിരുന്നത്. ഒരു നിരൂപണത്തിനോ ആസ്വാദനത്തിനോ വിധേയമാകാനുള്ള ഗുണങ്ങളൊന്നും മിക്ക ഗാനങ്ങൾക്കും ഇല്ലായിരുന്നു താനും. കോട്ടങ്ങൾ പറയാൻ മാത്രം ഒരു നിരൂപണത്തിന്റെ ആവശ്യവും ഇല്ലെന്നു തോന്നി. എന്നാൽ ചില ഗാനങ്ങൾ കഴിഞ്ഞവർഷവും ഇവയ്ക്കിടയിൽ പ്രകാശം ചൊരിഞ്ഞു നിന്നു എന്നതും എടുത്തു പറയേണ്ടതാണ്. എങ്കിലും ആവർത്തിച്ചുള്ള കേൾവിക്ക് അർഹമായ ഗാനങ്ങൾ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. മിക്കതിന്റേയും സംഗീതവും സാഹിത്യവും ആലാപനവുമൊക്കെ ശരാശരിക്കു താഴെയായിരുന്നു. പ്രഗത്ഭരായവരുടെ പോലും ഗാനങ്ങൾ ആരും കേൾക്കാതെ പോയി എന്നത് ഇന്ന് ഗാനങ്ങൾക്ക് എന്താണു സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു സമഗ്ര നിരീക്ഷണത്തിനു വിധേയമാക്കേണ്ടതാണ് എന്ന മുന്നറിയിപ്പാണു നൽകുന്നത്. എങ്കിലും 2013 ന്റെ തുടക്കം അത്രമോശമായിരുന്നില്ല. പുതുമകൾ നിറഞ്ഞ ഗാനങ്ങൾ ശുഭപ്രതീക്ഷ നൽകുന്നു.


ഒരു ഗാനത്തെ ആകർഷകമാക്കുന്നതിലും പ്രചാരത്തിലെത്തിക്കുന്നതിലും അതിന്റെ ദൃശ്യങ്ങൾക്കും അൽപ്പം പങ്കുണ്ടെന്ന് തെളിയിക്കുന്നതാണ് ‘അന്നയും റസൂലും’ എന്ന ചിത്രത്തിലെ ഗാനങ്ങൾ. എങ്കിലും തനതായ സ്വഭാവ വിശേഷങ്ങൾ കൊണ്ട് അതിന്റെ മാറ്റു കുറയുന്നുമില്ല. ആവർത്തന വിരസമായ പുതുതലമുറ ഗാനങ്ങളിൽ നിന്നും ഒരു ആശ്വാസം കണ്ടെത്തുകയാണ് പഴയ ഗാനങ്ങൾ മനോഹരമായി റീമിക്സ് ചെയ്ത് അതിലേക്കുള്ള മടങ്ങിപ്പോക്കോടെ മലയാള ഗാനാസ്വാദകർ. ഒരു പരിധി വരെ അവരെ കുറ്റം പറയാനും സാധിക്കില്ല. തലയും വാലുമില്ലാത്ത, പൊടിപ്പും തൊങ്ങലും മാത്രം തിരികിക്കയറ്റി, ആദ്യന്ത ബന്ധമില്ലാതെ, ചില ആവർത്തന വിരസങ്ങാളായ ബിംബങ്ങൾ മാത്രം സ്പോട്ട് ചെയ്ത്, സംഗീതത്തിന്റെ പച്ചപ്പിലോ ആലാപനശബ്ദത്തിന്റെ പുതുമയിലോ മാത്രം പിടിച്ചു നിൽക്കുന്ന കുമിൾഗാനങ്ങൾ ഇടതടവില്ലാത്ത കർണ്ണശൂലങ്ങളാകുമ്പോൾ അൽപ്പം ആശ്വാസത്തിനു വേണ്ടി ശ്രോതാക്കൾ പിന്നോട്ടു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. പ്രത്യേകിച്ച് ആശയഭദ്രതയൊന്നുമില്ലെങ്കിലും സംഗീതത്തിന്റെയും ആലാപന വൈവിദ്ധ്യത്തിന്റെ ചാരുതയിലും വ്യത്യസ്തയോടെ പുതുമ (അതോ പഴമ?) യോടെ വന്ന സെല്ലുലോയ്ഡിലെ ‘കാറ്റേ കാറ്റേ’ എന്ന ഗാനത്തിന്റെ ജനപ്രിയതയും ഇതാണ് തെളിയിക്കുന്നത്.


‘റഫീക് തിരുവള്ളൂർ’ എഴുതി ‘കെ ‘സംഗീതം നൽകി ‘ഷഹബാസ് അമൻ’ ആലപിച്ച ‘സമ്മിലൂനി’യിൽ നിന്നും തുടങ്ങാം. സമ്മിലൂനി….സമ്മിലൂനി… എന്നെ പുതപ്പണിയിക്കൂ… (എനിക്കഭയം തരൂ) എന്ന വിലാപത്തിലൂടെയാണ് ഗാനം മുന്നേറുന്നത്. ആശ്രയം അർത്ഥിക്കുന്നവന്റെ നിലവിളിയാണ് പുതപ്പായി ചേർത്തു പുൽകാൻ പറയുന്നതിലൂടെ പുറത്തു വരുന്നത്. പ്രവാചകന്റെ വാക്കിന്റെ ശക്തിയും അർത്ഥഗാംഭീര്യവും അനുപമമായ ആലാപന സുഭഗതയിലൂടെ ഷഹബാസ് പൂർണ്ണതയിലെത്തിച്ചിരിക്കുന്നു എന്നു വേണം പറയാൻ. വലിച്ചു വാരി എഴുതാതെ ആശയത്തിന്റെ ആത്മാവിനെ അടുത്തറിഞ്ഞുള്ള രചന ആ ഗാനത്തെ മനോഹരമാക്കുന്നു. ‘പ്രണയത്തിന്റെ മഹാത്ഭുതകഥകൾ പറഞ്ഞു തന്ന പണ്ഡിതന്മാരാരും പറഞ്ഞു തന്നിരുന്നില്ല, മരണമാണ് പ്രണയമെന്ന്’ എന്നും ‘രാത്രിയിലും പകലിലും ആപത്തുകളുടെ തിരമാലകളുയരുന്ന മഹാസമുദ്രമാണ് പ്രണയമെന്നും’ ഒക്കെ അതിവൈകാരികവും യാഥാർത്ഥ്യവുമായ വിശ്വാസങ്ങളുടെ സൂക്ഷ്മമായ പരിച്ഛേദമാണ് ആ വരികളിൽ നിന്നു ശ്രോതാവിന്റെ ഹൃദയത്തിലേക്കൊഴുകുന്നത്. അവസാനം ‘അല്ലയോ സുന്ദരീ, അക്കരെ നിന്റെ നിക്കാഹ് നടക്കുമ്പോൾ ഇക്കരെ നമ്മുടെ അനനശ്വര പ്രേമത്തിന്റെ മരണമാണ് (മൃതദേഹം) നടക്കുന്നത്’ എന്ന ചിന്താസ്പർശിയായ രോദനത്തിലൂടെ ഗാനം അവസാനിക്കുമ്പോൾ ശ്രോതാവിലും അതൊരു വേദനയായി ആ വിധുരവിലാപം പിന്തുടരുന്നു. അനേകം പശ്ചാത്തല ഉപകരണങ്ങളുടേയോ കാതടിപ്പിക്കുന്ന അവയുടെ ദുഃഖാലാപത്തിന്റേയോ അകമ്പടിയൊന്നും വേണ്ടാ ഒരു ശോകഗാനത്തെ അനുവാചകന്റെ ഹൃദയത്തിലേക്ക് സന്നിവേശിപ്പിക്കാൻ, മറിച്ച് ശക്തമായ ആശയമുള്ള ഭദ്രമായ വരികളും സംഗീതത്തിലെ ലാളിത്യവും ആലാപനത്തിലെ വൈകാരികതയും മാത്രം മതി എന്ന് ഈ ഗാനം നമ്മേ ഓർമ്മിപ്പിക്കുന്നു. 2013 ലെ ആദ്യം കേട്ട ഈ ഗാനം എന്നെ നിരാശപ്പെടുത്തിയില്ല. 2012 നെ അപേക്ഷിച്ച് നല്ലൊരു തുടക്കമാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്. പുതുമകളും പഴമകളുടെ പുനരാവിഷ്കാരവും വ്യത്യസ്ത പരീക്ഷണങ്ങളും ചേർന്ന് ഈ വർഷത്തെ ഗാനങ്ങൾ സ്ഥിരം ശൈലികളിൽ നിന്നും വഴിമാറി ഒരു പുതിയ തുടക്കത്തിനു തുടക്കം കുറിക്കാനുള്ള എല്ലാ ലക്ഷണങ്ങളും മലയാള സിനിമാ സംഗീതലോകത്ത് കാണുന്നുണ്ട്. അങ്ങനെ ആയിത്തീരട്ടേ എന്ന് നമുക്കാശിക്കാം. മെഹ്ബൂബെന്ന പഴയ ഗായകന്റെ സംഗീതത്തിൽ പിറന്ന, അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ മേപ്പള്ളി ബാലൻ അൻപതുകളിലെന്നോ രചിച്ച കായലിനരികേ എന്ന ഗാനത്തിന്റെ മാധുരം ഇപ്പോഴും കോട്ടവും തട്ടാതെ നിൽക്കുന്നു. അതിലെ ആശയങ്ങൾ അറുപതു വർഷങ്ങൾക്കു ശേഷം ഇന്നും പ്രസക്തമായി നിൽക്കുന്നവ തന്നെ. ഒരു പക്ഷേ ആരും അറിയപ്പെടാതെ പോകുമായിരുന്ന ഒരു എഴുത്തുകാരനെ പതിറ്റാണ്ടുകളിപ്പുറം നമ്മൾ ഓർക്കാൻ കൂടി ഈ ഗാനം സഹായകമായി. അതു തിരഞ്ഞെടുത്തവർക്ക് അഭിനന്ദനങ്ങൾ. കൊച്ചിയുടെ ഒരു സമഗ്ര വീക്ഷണം ഈ ഗാനത്തിലൂടെ നമുക്ക് കിട്ടുന്നു. എല്ലാം വിൽപ്പനച്ചരക്കാകുമ്പോൾ ഉള്ളവർ ലാഭം കൊയ്യുന്നു, ഇല്ലാത്തവന്റെ വയറ് വിശന്നിട്ടു തന്നെ, എവിടെ ചെന്നാലും ഇന്നും നോ വേക്കൻസി..!!! എത്ര ഭദ്രമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. അവസാനം തവളയെ പോലും കയറ്റി അയയ്ക്കുന്നു എന്നു വരെ പറഞ്ഞു വച്ചിരിക്കുന്നു അദ്ദേഹം. ചുരുട്ടു കുറ്റികൾ പുകച്ചു നിൽക്കുന്നു എന്ന് കപ്പലുകളെ വിശേഷിപ്പിച്ചത് അതിമനോഹരമായിട്ടുണ്ട്.  


“ചുവന്ന പട്ടുറുമാലും കെട്ടി ക്ലേലൈൻ…


വെള്ളിയരഞ്ഞാൺ അണിഞ്ഞു നില്ക്കും വീ ആന്റ് ലൈൻ …


പരുന്തുപാറും പടം പതിച്ചൊരു പ്രസിഡന്റ് ലൈൻ…”


എന്നിങ്ങനെ ഓരോ കപ്പലുകളേയും മനോഹരമായി വിശേഷണങ്ങൾ കൊണ്ട് മൂടുന്നുണ്ട് അദ്ദേഹം. നിത്യമായി മിഴികളിൽ വന്നു പതിക്കുന്ന ചിത്രങ്ങളെ ഇത്രയും മനോഹരമായി വരച്ചെടുക്കാൻ പ്രത്യേക കഴിവുതന്നെ വേണം. മാത്രമല്ല, ആ വരികൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്നൊരു തൊഴിൽ രഹിതന്റെ വിശപ്പിന്റെ വിളി, പാട്ട് പോകുന്നതിനൊപ്പം നമ്മളിലേക്ക് എത്തിക്കാനും സാധിക്കുന്നുണ്ട്. എടുത്തു പറയേണ്ടത് ഈ ഗാനം റീമിക്സ് ചെയ്തപ്പോൾ ചില പഴയ റീമിക്സുകളെപ്പോലെ അരോചകമായില്ല എന്നതാണ്. കെ യുടെ ഓർക്കസ്ട്രേഷൻ ഗാനത്തിന്റെ ആത്മാവ് പോകാതെ നില നിർത്തിയിരിക്കുന്നു. ഗിറ്റാർ സ്കോറിലൂടെ തുടിപ്പുകളായി തുടങ്ങുന്ന ഗാനം അധികം ശബ്ദകോലാഹലങ്ങളൊന്നുമില്ലാതെ കോർഡ്സിലും ഗിറ്റാർ ബായ്ക്കിങ്ങിലും മാത്രം ഒതുങ്ങി നിന്ന് ഗാനത്തെ സപ്പോർട്ട് ചെയ്തു നീങ്ങുന്നത് മനോഹരമായി അനുഭവപ്പെട്ടു. പശ്ചാത്തല സംഗീതം ഭദ്രമായിരുന്നു. ഇത് ഇനി വരാനിരിക്കുന്ന റീമിക്സ് ഗാനങ്ങൾക്കുള്ള ഒരു റഫറൻസ് കൂടിയാണ്. വരും കാലങ്ങൾ നമുക്ക് മനോഹരങ്ങളായ, കേൾക്കപ്പെടാത്ത ഗാനങ്ങൾ പുതിയ ഭാവത്തോടെ ആസ്വാദ്യതയോടെ കേൾക്കാനാകുമെന്ന് പ്രതീക്ഷിക്കാം.


ഒരു കവിതയോടു സാമ്യമുള്ള വരികളെ ഗാനമാക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ പ്രകടമാകുന്നുണ്ടെങ്കിലും വഴിവക്കിൽ എന്ന ഗാനം ശരാശരിയിൽ നിർത്താം. ഇതിനും മിതമായ പശ്ചാത്തലം മാത്രം. ഫീൽ കൂട്ടാനുള്ള ശ്രമത്തിനിടയിൽ അക്ഷരങ്ങളുടെ ഉച്ചാരണം വലിഞ്ഞു നീളുന്നുണ്ട് പുതിയ ഗായകനായ ആനന്ദ് അരവിന്ദാക്ഷനു്. എങ്ങും ‘വേ’ളിച്ചമായി.. ‘പൂ’ഴകളായി എന്നൊക്കെ കേൾവിക്കു തോന്നിക്കുന്നു. ഇത്തരം ഒരു വെസ്റ്റേൺ സംഗീതം തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ലിറിക്സ് അതിനനുസരിച്ച് വരേണ്ടിയിരുന്നു. സംഗീതത്തിനു യോജ്യമായ വരികളല്ലാ എന്നാണ് എന്റെ അഭിപ്രായം. ശ്വേത മോഹന്റെ ആലാപനം തരക്കേടില്ല. അമ്മയെ പോലെ പാട്ടുകളിൽ അനാവശ്യ ഫീൽ കൊടുക്കാൻ ശ്രമിക്കാതെ അതിന്റെ അർത്ഥം മനസ്സിലാക്കി സ്വാഭാവികമായി ആലപിക്കുന്നതാകും നല്ലത്. കവിയായ അൻവർ അലിയുടെ ഈ രചനയിൽ ഒരു ഗാനത്തിനു വേണ്ട ഗുണങ്ങളൊന്നും പ്രകടമായി കാണുന്നില്ല. ‘ഒരു നാൾ നാം ആരോരും അറിയാതെ ഒന്നായ് ഒരു പക്ഷിച്ചിറകായ് നാം അണഞ്ഞൂ’ എന്നൊക്കെയുള്ള വികലമായ വരികളുമുണ്ട്. തണുമഞ്ഞും തുടുമണ്ണും മിന്നൽ ചുള്ളിയും പക്ഷിച്ചിറകും ഒക്കെ ശ്രോതാവിനെ സന്ദേഹിപ്പിച്ചു കൊല്ലുന്ന ബിംബങ്ങളായി അവശേഷിക്കുന്നു. 


അടുത്ത ഗാനവും അദ്ദേഹമെഴുതിയതു തന്നെ. ആരുനിന്റെ നാവികൻ യാനമേ എന്ന ഗാനം അതുവരെ ഉണ്ടായിരുന്ന പശ്ചാത്തല നിശ്ശബ്ദതയെ ഭഞ്ജിച്ച് വളരെ റിച്ചായി ഒരുക്കിയിരിക്കുന്നു. ആനന്ദിന്റെ ആലാപനത്തിൽ ഒരു നിലവിളിയുടെ ഫീലാണുണ്ടായിരുന്നത്. അൽപ്പം കൂടി മസിലു കുറച്ചു പാടാമായിരുന്നു. രചനയ്ക്കു അത്ര മെച്ചം കണ്ടില്ല. വഴികാട്ടുന്ന നക്ഷത്രങ്ങളില്ലാ, മാടിവിളിക്കുന്ന തുറമുഖമില്ല, വെളിച്ചമില്ല, നിലാവില്ല, ഒരു മീനേപ്പോലും കാണാനില്ല എന്നൊക്കെയുള്ള സ്വാഭാവിക കൽപ്പനകൾ മാത്രമേ ഇതിൽ കാണുന്നുള്ളൂ. ജീവിതത്തെ കരകാണാതെ കടലിൽ അലയുന്ന യാനവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു എന്നതു മാത്രം എടുത്തു പറയാം. 1973 ൽ ഇറങ്ങിയ ചുഴി എന്ന ചിത്രത്തിൽ പി ഏ കാസിം എഴുതി ബാബുരാജ് സംഗീതം നൽകി മെഹബൂബ് ആലപിച്ച ‘കണ്ട് രണ്ട് കണ്ണ് കതകിൻ മറവിൽ നിന്ന്’ എന്ന ഗാനവും റീമിക്സ് ചെയ്ത് ഗാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാട്ടിൻപുറത്തെ പ്രണയം തുടിക്കുന്ന വരികളാണ് അത്. അന്ന് ബാബുരാജ് ആയിരുന്നു ആ ഗാനത്തിനു സംഗീതം പകർന്നത്. ഹാർമോണിയമൊക്കെ വളരെ സമർത്ഥമായി ഉപയോഗിച്ച് വളരെ മനോഹരമായി അദ്ദേഹം ചെയ്തിരുന്നു. ഈ ഗാനം റീമിക്സ് ചെയ്തപ്പോൾ അതിനോട് നീതിപുലർത്തിയിട്ടുണ്ടെന്നു കരുതാം.


നായികയായ ആൻഡ്രിയ ജർമ്മിയ തന്നെ ആലപിച്ച ഗാനമാണ് ‘കണ്ടോ കണ്ടോ കിനാവിലിന്നൊരാളെ’ എന്ന മെലഡി. അഭിനയിക്കാൻ മാത്രമല്ല നന്നായി ആലപിക്കാനും അറിയാമെന്ന് തെളിയിച്ചു ആൻഡ്രിയ. രമ്യ നമ്പീശന്റെയും മംതയുടേയും കൂടെ ഒരാൾ കൂടി. ഭാവസാന്ദ്രമായിത്തന്നെ ആലപിച്ചിരിക്കുന്നു. സംഗീതവും വേറിട്ടു നിൽക്കുന്നു. വരികൾ അൻവറിന്റെ ഇതിലെ മറ്റുഗാനങ്ങളേക്കാൾ മികച്ചു നിൽക്കുന്നു, പതിവു കൽപ്പനകളാണെങ്കിലും. പശ്ചാത്തല സംഗീതവും നന്നായിട്ടുണ്ട്.


ഒരു ചലച്ചിത്രത്തിൽ ആറു ഗാനങ്ങളുണ്ടെങ്കിൽ ആറും ഹിറ്റാകണമെന്നില്ല. അങ്ങനെ സംഭവിക്കരുതെന്നുമില്ല. രണ്ടുമൂന്നു നല്ല ഗാനങ്ങളുണ്ടെങ്കിൽ തന്നെ അതൊരു നല്ല ലക്ഷണമാണ്. അങ്ങനെവച്ചു നോക്കുമ്പോൾ അന്ന്യും റസൂലും എന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ നല്ല നിലവാരം പുലർത്തുന്നു. എടുത്തു പറയേണ്ട ഒരു പ്രധാന കാര്യം പാട്ടുകൾ ശ്രോതാവുമായി സംവദിക്കുന്നു എന്നതാണ്. എപ്പോൾ ആ ഗുണം നഷ്ടപ്പെടുന്നോ അപ്പോൾ ഗാനങ്ങൾ കേൾവിക്കാരിൽ നിന്നും അകന്നു പോകും. ഒരു പാട്ടിനെ അനുഭവവേദ്യവും ആസ്വാദ്യവുമാക്കുന്നത് അത് നമ്മുടെ അനുഭവങ്ങളിലൂടെയും നിത്യവും കാണുന്ന കാഴ്ചകളിലൂടെയും കടന്നു പോകുമ്പോഴാണ്. അവിടെയാണ് എഴുത്തിന്റെ ശക്തി പ്രകടമാകേണ്ടത്. നിത്യജീവിതത്തിലെ അനുഭവങ്ങളെ, അത് പ്രണയമാണെങ്കിലും വിരഹമാണെങ്കിലും സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ഹൃദയത്തിൽ നിന്നു കോറിയിടപ്പെടുന്ന സത്യസന്ധമായ ഭാവനകളുടെ നേർരേഖകളാണെങ്കിൽ അത് ആസ്വാദകർക്ക് ഇഷ്ടപ്പെടാതെ പോകാനാകില്ല. സംഗീതത്തിന്റെ ഒരു ചെറിയ തൂവൽസ്പർശം മാത്രം മതിയാകും ആ ഗാനങ്ങൾ ഹൃദയത്തിലേക്ക് അറിയാതെ കടന്നു വരാൻ. അത്തരത്തിലുള്ള എഴുത്തു ശൈലിയാണ് ഇവിടെ ഉയർന്നു വരേണ്ടത്. സംഗീതം അടിച്ചേൽപ്പിച്ച പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് എഴുതുമ്പോൾ കഴിവതും ആ സന്ദർഭത്തോടും ആശയത്തോടും നീതിപുലർത്തുന്നതിനോടൊപ്പം ഗാനസാഹിത്യം എന്ന ഉദാത്തമായ ലളിതസാഹിത്യനോടും നീതിപുലർത്താൻ ശ്രമിച്ചാൽ ഇവിടെ നല്ല നല്ല ഗാനങ്ങൾ ഉണ്ടാകുമെന്ന് കാര്യത്തിൽ സംശയമില്ല. അത്തരം മികച്ച സൃഷ്ടികൾ ഉണ്ടാകട്ടേ എന്ന് ആഗ്രഹിച്ചുകൊണ്ട് ഈ വർഷത്തെ എന്റെ ആദ്യ ഗാന നിരൂപണം നിങ്ങളുടെ വായനയ്ക്കും നിരീക്ഷണങ്ങൾക്കുമായി സസന്തോഷം സമർപ്പിച്ചു കൊള്ളുന്നു. 


ഏവർക്കും ഹൃദയപൂർവ്വം പുതുവർഷാശംസകൾ…. 


സ്നേഹപൂർവ്വം


N J

Article Tags: 
Contributors: