ലിസമ്മയുടെ വീട് - സിനിമാ റിവ്യൂ

Lisammayude veedu movie

ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി ലാൽജോസ് സംവിധാനം ചെയ്ത് 2006ൽ റിലീസായ സിനിമയായിരുന്നു ‘അച്ഛനുറങ്ങാത്ത വീട്”. കേരളത്തെ പിടിച്ചു കുലുക്കിയതും മാധ്യമങ്ങളിൽ ഏറെ വാർത്തയാവുകയും ചെയ്ത ഒരു സംഭവത്തിന്റെ ചുവടു പിടിച്ചായിരുന്നു ആ സിനിമ. “സൂര്യനെല്ലി സംഭവത്തിലെ കോടതി വിധിയിൽ കോടതിയോടും ദൈവത്തോടുമുള്ള എന്റെ എതിർപ്പ്’ ആയിരുന്നു ആ സിനിമ എന്നാണ് ‘അച്ഛനുറങ്ങാത്ത വീടി‘നെക്കുറിച്ച് ലാൽ ജോസ് തന്നെ അക്കാലത്ത് അഭിപ്രായപ്പെട്ടത്. ആ ചിത്രത്തിലെ ‘സാമുവൽ ദിവാകരൻ. എന്ന കഥാപാത്രം  2005ലെ മികച്ച സഹനടനുള്ള അവാർഡ് സലീം കുമാറിനു നേടിക്കൊടുക്കുകയും ചെയ്തു. ആ ചിത്രത്തിന്റെ രണ്ടാം ഭാഗമായി തിരക്കഥാകൃത്ത് ബാബു ജനാർദ്ദൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘ലിസമ്മയുടെ വീട്’. രണ്ടാം ഭാഗത്തിൽ വിവാദമായ ഐസ് ക്രീം കേസിലെ പെൺകുട്ടി മാധ്യമങ്ങൾക്കു മുൻപിൽ നടത്തിയ വെളിപ്പെടുത്തലുകളും അനുബന്ധ സംഭവങ്ങളും വിഷയമാകുന്നു.

കേസിന്റെ വിധിക്കും ജയിൽ വാസത്തിനും ശേഷമുള്ള ലിസമ്മയുടെ ജീവിതമാണ് ഈ സിനിമയിൽ പ്രതിപാദിക്കുന്നത്. ആദ്യചിത്രമായ ‘അച്ഛനുറങ്ങാത്ത വീട്’ ന്യൂസ്  ചാനലുകളിലെ വാർത്താപരിപാടികളൂടെ വെറും പകർപ്പ് ആയിരുന്നു. സാമുവൽ എന്ന അച്ഛന്റെ വികാരങ്ങളും സങ്കടങ്ങളും കുറേയൊക്കെ  പ്രേക്ഷകനെ നൊമ്പരപ്പെടുത്തി എന്നതിനപ്പുറം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടേ ഭാഗത്ത് നിന്നുള്ള വീക്ഷണങ്ങളൊന്നും ആ സിനിമയിലുണ്ടായിരുന്നില്ല. ടി വി ചാനലുകളിൽ വന്നിരുന്ന റിപ്പോർട്ടുകൾ എന്നതിനപ്പുറം സിനിമ എന്ന മാധ്യമത്തിലൂടെ സമകാലിക കേരള സമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു ദുരന്തത്തെ ചിത്രീകരിക്കാനും സാധിച്ചിരുന്നില്ല. രണ്ടാം ഭാഗമായ ലിസമ്മയുടെ വീടാകട്ടെ അത്രപോലും വരുന്നില്ല എന്നതാണ് സങ്കടകരമായ കാര്യം. വിവാദമായേക്കാവുന്ന ഒരു വിഷയത്തെ ചേർത്തുപിടിച്ച് പ്രേക്ഷകരുടേ അനുഭാവവും അതുമൂലും കിട്ടാവുന്ന സാമ്പത്തിക വിജയവുമായിരിക്കണം ഈ സിനിമയുടെ അണിയറപ്രവർത്തകരുടെ ഉദ്ദേശം. ഈയൊരു സാമൂഹ്യദുരന്തത്തിന്റെ ഏതെങ്കിലും തരത്തിലുള്ള ഇടങ്ങളിലേക്കോ ‘ഇര’യാക്കപ്പെടുന്ന പെൺകുട്ടികളുടെ ഭാഗത്ത് നിന്ന് നോക്കിക്കാണാനോ ഒന്നും ഇതിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ബാബു ജനാർദ്ദൻ മിനക്കെട്ടിട്ടില്ല. സാമൂഹ്യ പ്രതിബദ്ധത എന്ന നാട്യത്തിൽ അച്ഛനുറങ്ങാത്ത വീട് നൽകിയ മാധ്യമ ശ്രദ്ധയും സമീപകാലത്തും ആവർത്തിക്കപ്പെടുന്ന സ്ത്രീ പീഡന പരമ്പരകളും എല്ലാം ചേർത്ത് വിറ്റഴിക്കാൻ നടത്തിയ വെറുമൊരു മെലോഡ്രാമ മാത്രമാകുന്നു ‘ലിസമ്മയുടെ വീട്’

(ഒരിക്കൽ കാമുകനാൽ ചതിക്കപ്പെട്ടും പിന്നീട് പീഡനത്തിനിരയാവുകയും ചെയ്ത ലിസമ്മയുടെ വർഷങ്ങൾക്ക് ശേഷമുള്ള ജീവിതം കേരള രാഷ്ട്രീയത്തിൽ വിവാ‍ദമായ ഒരു സ്ത്രീ പീഡനകേസിന്റെ പശ്ചാത്തലത്തിൽ പറയുന്നു. കഥാസാരത്തിനും മറ്റു വിശദവിവരങ്ങൾക്കും ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക )

പഴയ സൂര്യനെല്ലി കേസ്, ഐസ് ക്രീം കേസിലെ റജീനയുടെ വിവാദമായ വെളിപ്പെടുത്തലുകൾ, വടക്കൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ സ്വാധീനം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിവാദമായ വി എസ് സീറ്റ് വിവാദം, വി എസ് പക്ഷം ഔദ്യോഗിക പക്ഷം എന്നീ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ തൊട്ടുതലോടിക്കൊണ്ടാണ് ലിസമ്മയുടെ ദുരിതപൂർണ്ണമായ ജീവിതം പറയുന്നത്. എന്നാൽ ലിസമ്മയുടെ ജീവിതത്തിലേക്കോ രാഷ്ട്രീയ പ്രശ്നങ്ങളിലേക്കോ ഇറങ്ങിച്ചെല്ലാനും പ്രേക്ഷകന്റെ മനസ്സിനെ തൊടാനുമൊന്നും ബാബുജനാർദ്ദന്റെ എഴുത്തിനും സംവിധാനത്തിനും സാധിക്കുന്നില്ലെന്നു മാത്രമല്ല, കാപട്യം നിറഞ്ഞ സാമൂഹ്യപ്രതിബദ്ധത പലപ്പോഴും വെളിവാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ലിസമ്മയുടെ തുടർ ജീവിതത്തിൽ നിന്നു തുടങ്ങി കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ അഭ്യന്തര പ്രശ്നങ്ങളിലേക്കും തുടർന്ന് ലിസമ്മയുടേ വിവാഹത്തിലേക്കും പിന്നീട് വിവാദ വെളിപ്പെടുത്തലുകളിലേക്കും ലിസമ്മയുടെ മകന്റെ സ്ക്കൂൾ ഫൈനൽ കാലത്തേക്കും  അവിടുന്നു അവൻ യുവാവാകുന്ന കാലത്തേക്കുമൊക്കെ ഏതാണ്ട് ഒരു ഇരുപതു ഇരുപത്തഞ്ചു വർഷത്തെ സംഭവങ്ങൾ പറയുന്നുണ്ട് തിരക്കഥാകൃത്ത്. സിനിമയിൽ നടക്കുന്ന സംഭവങ്ങൾ പരിശോധിച്ചാൽ ലിസമ്മയുടെ ജീവിതം ഈ കാ‍ലത്താണൊ ഇനി വരാനിരിക്കുന്ന കാലത്താണോ സംഭവിക്കുന്നത് എന്ന് പ്രേക്ഷകനു സംശയമുണ്ടാകും. സിനിമയുടെ മധ്യത്തിൽ ലിസമ്മയുടെ വിവാഹശേഷം പൊടുന്നനെ അപ്രത്യക്ഷമാകുന്ന സാമുവൽ, സഹോദരി ട്രീസ എന്നീ കഥാപാത്രങ്ങൾ. ലിസമ്മയുടെ വിവാദപ്രസ്ഥാവന കൊണ്ട് രാജി വെയ്ക്കേണ്ടിവരുന്ന മന്ത്രിയും അതിനെത്തുടർന്നുള്ള രാഷ്ട്രീയ പ്രശ്നങ്ങളുമൊന്നും സിനിമയിൽ ചിത്രീകരിക്കപ്പെടാതിരുന്നത് ഇതൊക്കെ തിരക്കഥാകൃത്തിന്റേയും സംവിധായകന്റേയും പ്രതിഭാദാരിദ്രമോ എളുപ്പവഴിയോ ആണ്. ഇതോടൊപ്പം തന്നെ ‘ബോബി ചെമ്മണ്ണുറിന്റെ ചെമ്മണ്ണുർ ജ്വല്ലറിയും ചെമ്മണ്ണൂർ ഇന്റർനാഷ്ണൽ ഡെപ്പോസിറ്റ് സ്ക്കീമുമൊക്കെ ബ്രാൻഡ് ചെയ്യിക്കാനുള്ള ശ്രമങ്ങൾ, സിനിമയിലെ ഒരു കഥാപാത്രം ചെമ്മണ്ണൂർ ഇന്റർനാഷ്ണലിലെ എക്സിക്യൂട്ടീവായതും ആ കഥാപാത്രത്തെക്കൊണ്ട് ചെമ്മണ്ണൂരിന്റെ പാരമ്പര്യ മഹിമ പ്രഘോഷിക്കുന്നതുമായ സീനുകൾ അതൊക്കെ പ്രേക്ഷകനു കല്ലുകടിയാകുന്നുണ്ട്.

വെള്ളം ചേർത്ത തിരക്കഥപോലെത്തന്നെയാണ് ബാബുജനാർദ്ദന്റെ സംവിധാനവും അതിനുമില്ല എടുത്തുപറയാവുന്ന സവിശേഷത. സിനിമയുടെ മറ്റു ഘടകങ്ങളും പരിതാപകരമായ അവസ്ഥയിൽത്തന്നെയാണ്. ജയചന്ദ്രന്റെ ചമയം അരുൺ മനോഹറിന്റെ വസ്ത്രാലങ്കാരം എന്നിവയൊക്കെ ദയനീയം എന്നേ പറയാനുള്ളൂ. പ്രാരാബ്ദവും കഷ്ടപ്പാടുമുള്ള, ജീവിക്കാൻ ടെലിഫോൺ ബൂത്തിൽ ജോലിക്കു പോകുന്ന ലിസമ്മ വീട്ടിൽ നിൽക്കുമ്പോഴും പുറത്തുപോകുമ്പോഴുമൊക്കെ ബ്യൂട്ടീപാർലറിൽ നിന്നും വരുന്ന പ്രതീതിയാണ്. ഏറെ പ്രായം ചെന്ന ലിസമ്മയുടെ മേക്കപ്പ് കണ്ടാൽ പ്രൊഫഷണൽ നാടകക്കാരു വരെ നാണിച്ചു പോകും. മുഖത്ത് ഒട്ടിച്ചു വച്ച മാസ്കും നരച്ച വിഗ്ഗും എന്നാൽ ഒരു കേടുപാടും സംഭവിക്കാത്ത കൈകളും ശരീരവും. ക്ഷീണിച്ച ശാരീരികാവസ്ഥ പ്രതിഫലിക്കാൻ മീരാ ജാസ്മിൻ നടത്തുന്ന ശ്രമങ്ങളും ചിരി വരുത്തും. സിനു സിദ്ധാർത്ഥിന്റെ ഛായാഗ്രഹണത്തിനു ഹാൻഡ് ഹെൽഡ് ഷോട്ടുകൾ ഏറേ ഉപയോഗിച്ചിട്ടുണ്ട് എന്നല്ലാതെ പ്രത്യേകതയൊന്നുമില്ല. സോബിൻ കെ സോമന്റെ ചിത്രസംയോജനമാണ് സിനിമ ഇഴച്ചിലാകാതെ അല്പമെങ്കിലും ആശ്വാസമേകുന്നത്. വിനു തോമാസിന്റെ സംഗീതത്തിൽ വിദ്യാധരൻ മാഷും, നജീമും ഭാഗ്യലക്ഷ്മിയും ആലപിക്കുന്ന ഗാനങ്ങൾ സന്ദർഭങ്ങൾക്കനുസരിച്ച് ഭാഗികമായി ഉപയോഗിച്ചിരിക്കുന്നത്.

അഭിനയത്തിൽ ആരുമൊന്നും മികച്ചതായി തോന്നിയില്ല. മോശമായില്ല എന്നൊരു ആശ്വാസം മാത്രമേയുള്ളു. ലിസമ്മയാകുന്ന മീരാ ജാസ്മിൻ താനിതുവരെ അഭിനയിച്ച ഇതേ പകർപ്പ് വേഷങ്ങളുടെ (വിനോദയാത്രയിലെ അതേ കഥാപാത്രം തന്നെ) തുടർച്ച തന്നെയാണ്. സാമുവലായി വന്ന സലീം കുമാരിനു മുൻ ചിത്രത്തെപ്പോലെ അഭിനയിക്കാൻ മാത്രമൊന്നുമില്ല. നായകനായ രാഹുൽ മാധവ് ഇതുവരെ ചെയ്തതിൽ ഭേദമാണ് ഇതിലെ ശിവൻ കുട്ടി. പ്രേക്ഷകരുടേ മനസ്സിലേക്ക്  കഥാപാത്രങ്ങൾ ചെന്നെത്താഞ്ഞത് അഭിനേതാക്കളുടെ കഴിവു കേടു കൊണ്ടല്ല, അവർക്കഭിനയിക്കാനുള്ള തട്ടകമൊരുക്കാൻ തിരക്കഥാകൃത്തിനും സംവിധായകനും സാധിക്കാതെ പോയതുകൊണ്ടാണ്.

സ്വർണ്ണ ബ്രാൻഡായ ചെമ്മണ്ണൂരിന്റെ പരസ്യത്തിനു വേണ്ടിയും എണ്ണത്തിൽ മറ്റൊരു ചിത്രവും കൂടി സംവിധാനം ചെയ്യാനുമുള്ള സംവിധായകന്റെ ശ്രമമാണ് ‘ലിസമ്മയുടെ വീട്‘ എന്ന് ചുരുക്കിപ്പറയാം. അല്ലാതെ സ്ത്രീ പീഡകർക്കെതിരെയോ പീഡനത്തിനിരയായവർക്കൊപ്പമോ അതുമല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള സാമൂഹ്യ-രാഷ്ട്രീയ വിമർശനമോ ഒന്നും തന്നെ ഈ സിനിമയില്ല. സാമൂഹ്യ പ്രസക്തിയുള്ളൊരു വിഷയം പശ്ചാത്തലമായി എന്നതുകൊണ്ട് മാത്രം അതൊരു സിനിമയാവില്ലല്ലോ!

Contributors: