916 (നയൻ വൺ സിക്സ്) - സിനിമാ റിവ്യൂ

916 movie Review

കഥ പറയുമ്പോൾ, മാണിക്യക്കല്ല് എന്നീ രണ്ടു ജനപ്രിയ സിനിമകൾ സംവിധാനം ചെയ്ത എം മോഹനന്റെ പുതിയ ചിത്രമാണ് 916. മുൻ രണ്ടു ചിത്രങ്ങളിലും പ്രധാനഘടകമായിരുന്ന ഫാമിലി ഡ്രാമ തന്നെയാണ് ഈ മൂന്നാം ചിത്രത്തിന്റേയും അടിസ്ഥാനം. കുടുംബം, അച്ഛൻ, അമ്മ, മകൾ, സ്നേഹം, നന്മ, സദാചാരം എന്നീ സത്യനന്തിക്കാടൻ ചേരുവകൾ തന്നെയാണ് എം മോഹനന്റേയും തുറുപ്പ് ചീട്ട്. ദോഷം പറയരുതല്ലോ, ശരാശരി മലയാളി പ്രേക്ഷകന്റെ മനസ്സറിയാവുന്ന സംവിധായകനെന്ന പോലെ ഈ സംവിധായകനിൽ നിന്നും തങ്ങൾ പ്രതീക്ഷിക്കുന്നതും ഇതു തന്നെയാണെന്ന് തെളിയിക്കുന്നതായി ‘സംവിധാനം എം മോഹനൻ” എന്ന ക്രെഡിറ്റ് ലൈൻ കാണുമ്പോഴും പടം തീരുമ്പോഴും പ്രേക്ഷകൻ ഉയർത്തിയ കയ്യടികൾ!!

ഭാര്യയുമായി വിവാഹ ബന്ധം വേർപ്പെടുത്തിയ ആദർശവാനായ സർക്കാർ ഡോക്ടർ ഹരികൃഷ്ണന്റെ(അനൂപ് മേനോൻ) മകളുമൊത്തുള്ള സൌഹൃദപരമായ ബന്ധത്തിന്റേയും സദാചാരപുഷ്കിലമായ ജീവിതത്തിന്റേയും; മകൾ കാരണം  അതു നേരിടുന്ന തിരിച്ചടികളുമാണ് പ്രധാന പ്രമേയം. (നായകൻ അനൂപ് മേനോനാകുമ്പോൾ മിനിമം ആദർശവാനും സദാചാരിയും മേമ്പൊടിക്ക് ഫിലോസഫിയും വിളമ്പുന്നവനുമാകണല്ലോ നായകൻ!, ഇതിലും പതിവു തെറ്റിച്ചില്ല)

സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

മലയാ‍ള സിനിമ തുടങ്ങിയ കാലം മുതലേ ഉള്ളതാണെന്നു തോന്നുന്നു അച്ഛൻ-മകൾ പ്രേമം, ചേട്ടൻ-അനിയത്തി പ്രേമം, ഇരുവരും സുഹൃത്തുക്കളെപ്പോലെ പെരുമാറൽ, ഒടുക്കം ഒരാളുടെ സ്നേഹവും വാത്സല്യവും തെറ്റിദ്ധരിച്ച് വെറുക്കുക, അമിത സ്നേഹത്തിന്റെ പേരിൽ തിരസ്കരിക്കപ്പെട്ട് ഉള്ള് നീറിക്കഴിയുക. അഭിനയിക്കുന്ന താരങ്ങൾ മാറുന്നതല്ലാതെ പറയുന്ന വിഷയത്തിനും കാ‍ണിക്കുന്ന ദൃശ്യങ്ങൾക്കും ട്വിസ്റ്റുകൾക്കും ഒരിക്കലുമില്ല വിത്യാസം. 916 എന്ന എം മോഹനൻ സിനിമയും ഇതുതന്നെ പറയുന്നു. കുട്ടി വളരും മുൻപേ വേർപിരിഞ്ഞു പോയ അമ്മ, ഭാര്യയുടേ മനസ്സ് അറിയാതെ തെറ്റിദ്ധരിച്ചുപോയ ഭർത്താവ്, മകളെ ജീവിനു തുല്യം സ്നേഹിക്കുന്ന ആദർശവാനായ അച്ഛനു, മകളിൽ നിന്നുള്ള തിരിച്ചടി ഒടുവിൽ എല്ലാം കലങ്ങിത്തെളിയൽ, ശുഭാന്ത്യം. ഇതിൽ നിന്നു ഒരിഞ്ചു പോലും മാറുന്നില്ല ഈ 916 എന്ന സിനിമയും. ഇടയിൽ പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മകളുമായി സൌഹൃദത്തിലാവുന്ന ചെറുപ്പക്കാരൻ, അവരുമായുള്ള റൊമാൻസ് സീനുകൾ ( സിനിമ ‘ഈ കാലഘട്ടത്തിലേത്’ എന്നു തോന്നിപ്പിക്കാനാകും മൊബൈൽ ഫോണും ഇന്റർനെറ്റ് കഫേയും ചാറ്റിങ്ങും , ഷോപ്പിങ്ങ് മാൾ പരിസരവുമൊക്കെ. അതും കൂടി ഇല്ലായിരുന്നു എങ്കിൽ മിനിമം 25 വർഷങ്ങൾക്ക് മുൻപുള്ള സിനിമയാണെന്നു തോന്നിച്ചേനെ) പ്രേക്ഷകർ കയ്യൊഴിഞ്ഞു തുടങ്ങിയ, പരാജയത്തിന്റെ കയ്പുനീർ രുചിച്ചു തുടങ്ങിയ സത്യൻ അന്തിക്കാടിനു ശേഷം ഇനിയാര് എന്നുള്ള ചോദ്യത്തിനു എം മോഹനൻ എന്നുത്തരം പറയാൻ ഇദ്ദേഹത്തിന്റെ ഈ സിനിമയടക്കം മൂന്നു സിനിമകളും കണ്ടാൽ മാത്രം മതി.

‘ഓർഡിനറി‘ സിനിമയിലൂടെ സ്വതന്ത്രക്യാമറാമാനായ ഫൈസൽ അലിയാണ് ചിത്രത്തിന്റെ ക്യാമറാമാൻ. ഓർഡിനറിയിൽ കാണിച്ചു തന്ന സൌന്ദര്യമൊന്നും 916ലില്ല. രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങും അജയ് മങ്ങാടിന്റെ കലാസംവിധാനവും ചിത്രത്തിനു ചേരുന്നു.റഫീക് അഹമ്മദിന്റെ വരികൾക്ക്  സംഗീതം പകർന്ന എം ജയചന്ദ്രന്റെ ഗാനങ്ങൾക്ക് ആകർഷകത്വമൊന്നുമില്ല. നൃത്തച്ചുവടുകളും മോശം.

അനൂപ് മേനോൻ തന്റെ സ്ഥിരം മാനറിസങ്ങളാലും വേഷങ്ങളാലും (കണ്ണടയും കുർത്ത/ജുബ്ബ) പതിവിൻ പടി. ഇതേ വേഷങ്ങൾ കെട്ടിയാടാനാണ് അനൂപ് മേനോന്റെ വിധിയെങ്കിൽ തിരക്കഥാരചനയിലും ഗാനരചനയിലും ശ്രദ്ധിക്കുന്നതാകും ഉത്തമം. മീര എന്ന പ്രധാന വേഷം ചെയ്ത പുതുമുഖ നായിക മാളവിക മേനോൻ (മുൻപ് ചില ചെറിയ ബാലനടി വേഷങ്ങൾ ചെയ്തിട്ടുണ്ട്) വലിയൊരു കഥാപാത്രത്തെ മോശമാക്കാതെ ചെയ്തു. നായകന്റെ കൂട്ടുകാരനായി വന്ന മുകേഷിനു സ്ഥിരം വേഷം തന്നെ. യുവനടൻ ആസിഫ് അലി പ്രധാനമൊരു കഥാപാത്രത്തെ ചെയ്തുവെങ്കിലും കഥയുടേ ഭാഗമാണെന്ന തോന്നലുണ്ടാക്കുവാനോ പ്രേക്ഷകനിൽ ഇഷ്ടം പകർത്താനോ ഈ നടനു കഴിഞ്ഞില്ല.

916 എന്ന സിനിമ യാതൊരു തിളക്കവുമില്ലാത്ത വെറുമൊരു മെലോഡ്രാമയാണ്. കുടുംബം, സ്നേഹം, നന്മ എന്നീ പ്രമേയങ്ങളിൽ ഇപ്പോഴും മുങ്ങാംകുഴിയിട്ട് രസിക്കുന്ന ചില പ്രേക്ഷകർക്കെങ്കിലും ഒരുപക്ഷേ ഇഷ്ടമായേക്കാം. പ്രമേയപരമായും സാങ്കേതികപരമായും പുതുതായൊന്നും പറയാനില്ലാത്ത, തിളക്കമൊട്ടുമില്ലാത്ത വെറുമൊരു കരിക്കട്ടക്ക് ‘916‘ എന്ന പേരു നൽകിയതാണ് ഏറെ വൈരുദ്ധ്യം.

Contributors: 

പിന്മൊഴികൾ