മൈ ബോസ് - സിനിമാ റിവ്യൂ

my boss-m3db

ഡിറ്റക്ടീവ് എന്ന ആദ്യചിത്രത്തിലൂടെ തന്റെ കഴിവു തെളിയിച്ച സംവിധായകനാണ് ജീത്തു ജോസഫ്. കച്ചവടസിനിമയുടെ തന്ത്രം അറിയാവുന്ന മാസ്സ് എന്റർടെയ്നർ ഒരുക്കുന്ന ജിത്തു ജോസഫ് ഡിറ്റക്ടീവും പിന്നീട് മമ്മീ & മി എന്ന ചിത്രത്തിലും വിജയങ്ങളൊരുക്കി. ജീത്തുജോസഫിന്റെ മൂന്നാം ചിത്രമാണ് ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിനു വേണ്ടി ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമ്മിച്ച് ദിലീപ് മമതാ മോഹന്ദാസ് എന്നിവർ മുഖ്യവേഷത്തിലഭിനയിച്ച “മൈ ബോസ്”.

ഈ ചിത്രവും സാധാരണ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല. കർക്കശക്കാരിയായ ബോസിന്റേയും അസിസ്റ്റന്റിന്റേയും ഈഗോ ക്ലാഷ്,  കോമഡി ട്രീറ്റ്മെന്റിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. മമതയുടെ നല്ല പ്രകടനവും ദിലീപിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതും ഇവരൊരുക്കുന്ന നർമ്മ മുഹൂർത്തങ്ങളും തിയ്യറ്ററിലെ പ്രേക്ഷകനെ തികച്ചും രസിപ്പിക്കുന്നുണ്ട്. അവിശ്വസനീയമായ കഥയാണെങ്കിലും പ്രേക്ഷകനും മറ്റൊന്നും ആലോചിക്കാനിടകൊടുക്കാതെ നർമ്മ സംഭാഷണങ്ങളെ ഇടമുറിയാതെ പറയിപ്പിച്ചുകൊണ്ടുമാണ് സിനിമ മുന്നോട്ട് പോകുന്നത്.

മുംബൈയിലെ ഐ.ടി കമ്പനിയില്‍ ജോലി ചെയ്യുന്ന യൂറോപ്യന്‍ ഭ്രമക്കാരനായ മനു വർമ്മ(ദിലീപ്)യുടേയും അയാളുടെ ബോസിന്റെ(മംമത)യും ഈഗോ പ്രശ്നങ്ങളുടെ കഥയാണ്  കോമഡി രൂപത്തിൽ മൈ ബോസ് പറയുന്നത്.

സിനിമയുടെ വിശദവിവരങ്ങളും കഥാസാരവും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

പ്രിയദർശൻ - മോഹൻലാൽ കാലഘട്ടത്തിൽ പറഞ്ഞിരുന്ന അവിശ്വസനീയമായ ‘വ്യാജ കല്യാണ കഥാതന്തു‘വാണ് ഈ സിനിമയുടേയും. പ്രിയദർശനും, രാജസേനനും ബാലു കിരിയത്തുമൊക്കെ ഒരുപാട് പറഞ്ഞതും മുകേഷ്, ജയറാം എന്നിവരുമൊക്കെ നിരവധി തവണ അവതരിപ്പിച്ചതുമായ കഥാപാത്രവുമൊക്കെയാണെങ്കിലും ബോസ് - അസിസ്റ്റന്റ് ഈഗോയും പുതുമയുള്ള ചുറ്റുപാടിലുമൊക്കെയായി ഈ കഥയെ രസകരമായും ഒട്ടൂം തന്നെ ബോറഡിപ്പിക്കാതെയുമൊക്കെ അവതരിപ്പിക്കാൻ ജിത്തു ജോസഫിനു കഴിഞ്ഞു. മമതാ മോഹന്ദാസ് അവതരിപ്പിക്കുന്ന പ്രിയ എസ് നായർ എന്ന കഥാപാത്രത്തെ ഒട്ടൊക്കെ വ്യക്തമായി അവതരിപ്പിക്കാനും ആ കഥാപാത്രത്തിന്റെ സ്വഭാവം അവസാനം വരെ നിലനിർത്താനുമൊക്കെ സാധിച്ചിട്ടുണ്ട്. (നഗരത്തിൽ ഇംഗ്ലീഷിൽ മൊഴിയുന്ന നായിക നാട്ടിൻ പുറത്തെത്തുമ്പോൾ വള്ളുവനാടൻ ഭാഷയിൽ സംസാരിക്കുന്ന മണ്ടത്തരമൊക്കെ ഒഴിവാക്കാനുള്ള വകതിരിവു ജിത്തു ജോസഫിനുണ്ട്). സിനിമ പക്ഷെ കൂടുതലും ദൃശ്യഭാഷയിലെന്നതിലുപരി സംഭാഷണങ്ങളിലൂടെയാണ് ഒരുക്കിയിരിക്കുന്നത്. സീരിയലോ കോമഡി സ്കിറ്റോ പോലെ ഓരോ ഡയലോഗിനും കൌണ്ടർ ഡയലോഗ് കൊടുത്ത് ഒരു സെക്കന്റ് പോലും നിശ്ശബ്ദതക്കിട നൽകാതെ സംഭാഷണമൊരുക്കിയിരിക്കുന്നത് പോരായ്മ തന്നെയാണ്. സിനിമ എന്നത് നാടകമോ കഥാപ്രസംഗമോ അല്ലല്ലോ. ദിലീപും കലാഭവൻ ഷാജോണു തമ്മിലുള്ള സംഭാഷണ രംഗങ്ങളൊക്കെ പ്രൊഫഷണൽ നാടക വാചക കസർത്തുകളെ ഓർമ്മിപ്പിക്കും.

അനിൽ നായരുടെ ക്യാമറ കുട്ടനാടിന്റെ ഭംഗി പകർന്നു തരുന്നുണ്ട്. സാബു റാമിന്റെ കലാസംവിധാനവും കൊള്ളാം (കൊച്ചിയിലെ ബോൾഗാട്ടി പാലസാണ് നായകന്റെ വീടായി അണിയിച്ചൊരുക്കിയിരിക്കുന്നത്) പക്ഷെ മുംബൈയിലെ ഐ.ടി കമ്പനിയൊക്കെ ഒരുക്കിയിരിക്കുന്നത് കൃത്യമായും സ്റ്റുഡിയോ ഫ്ലോറിനെ മനസ്സിലാക്കുംവിധം പരിതാപകരമായ അവസ്ഥയിലാണ്. വി സാജന്റെ എഡിറ്റിങ്ങും സിജോ ജോണിന്റെ സംഗീതവും ചിത്രത്തിനു ചേരുന്നുണ്ട്. ഈസ്റ്റ് കോസ്റ്റ് വിജയൻ എഴുതി എം ജയചന്ദ്രൻ ഈണമിട്ട ഈസ്റ്റ് കോസ്റ്റിന്റെ പഴയ ആൽബത്തിലെ “ എന്തിനെന്നറിയില്ല...” എന്ന ഗാനം ഈ സിനിമയിൽ തിരുകിയിട്ടുണ്ട്. ആ ഗാനം അത്യാവശ്യം പ്രേക്ഷകരെ ബോറഡിപ്പിക്കുന്നുമുണ്ട്. എം ജയചന്ദ്രൻ ഒരുക്കിയ പശ്ചാത്തല സംഗീതം അസഹ്യമെന്നു പറയാതെ വയ്യ. വൈകാരികസന്ദർഭങ്ങളിലൊക്കെ കടുകട്ടി മ്യൂസിക്കും ആ....ആ....ആ യുമൊക്കെ ഇപ്പോഴും ആവർത്തിക്കുമ്പോൾ സഹതപിക്കാതെ വയ്യ! (ക്ലൈമാക്സിനുമുൻപ് ദിലീപ് സായ്കുമാർ മമത് എന്നിവർ ചേരുന്ന ഒരു രംഗമുണ്ട്. മകന്റെ നാടകം അച്ഛൻ തിരിച്ചറിയുന്നതും പ്രതികരിക്കുന്നതും അച്ഛനും മകനും തമ്മിലുള്ള വൈകാരിക പ്രകടനവുമാണ് സന്ദർഭം. ആ സമയത്ത്  ഒരല്പം നിശബ്ദതയുണ്ടായിരുന്നെങ്കിൽ എന്ന് പ്രേക്ഷകൻ ആത്മാർത്ഥമായും ആഗ്രഹിച്ചു പോകും. അത്ര ബഹളമാണ് പശ്ചാത്തല സംഗീതം)

ബോസ്സായി എത്തുന്ന മമതയാണ് ചിത്രത്തിന്റെ പ്ലസ് പോയന്റ്. ഒരു താരചിത്രമായിട്ടു പോലും മമതയുടെ പ്രകടനം എടുത്തുപറയത്തക്കതായി. ദിലീപിനു തന്റെ സ്ഥിരം മാനറിസങ്ങളിൽനിന്നും മാറാൻ ഒരിക്കലും കഴിയില്ല എന്നുതന്നെ തെളിയിക്കുന്നു. മിമിക്രിയുടെ പ്രേതത്തെ തന്റെ ശരീരത്തിൽ നിന്നും ഇനിയും ഒഴിപ്പിച്ചില്ലെങ്കിൽ ഈ നടൻ തന്റെ ആയുസ്സു മുഴുവൻ ഇതുപോലുള്ള വേഷങ്ങൾ കെട്ടിയാടേണ്ടിവരും. ദിലീപിന്റെ അച്ഛനായെത്തിയ സായ് കുമാർ, അമ്മയായ സീത കലാഭവൻ ഷാജോണിന്റെ അലിയാർ എന്നിവരൊക്കെ തിളങ്ങിയ കഥാപാത്രങ്ങളാണ്.

ഏച്ചുകെട്ടിയ ചില കോമഡി രംഗങ്ങളും മുഴച്ചു നിൽക്കുന്ന ചില യുക്തിഭംഗങ്ങളും സിനിമയിലുണ്ട്. എങ്കിലും മാസ് പ്രേക്ഷകനെ ലക്ഷ്യവെച്ചുള്ള ഈ എന്റർടെയ്നർ പ്രേക്ഷകനെ നിരാശപ്പെടൂത്തുന്നില്ല. ഇടക്കിടെ പൊട്ടിച്ചിരിച്ചു പോകുന്ന സന്ദർഭങ്ങളും അതിമാനുഷനല്ലാത്ത നായകനും, പ്രാധാന്യമേറെയുള്ള നായികയും കൊണ്ട് ഈ സിനിമ പ്രേക്ഷകന്റെ മനം നിറക്കുന്നു. നേരം പോക്കിനും ചിരിച്ചാഹ്ലാദിക്കാനും  ഈ സിനിമ കാണാം. ആ നിലയിൽ നിരാശപ്പെടുത്തില്ല.


വാൽക്കഷ്ണം 1 : 2009ൽ ഇറങ്ങിയ അമേരിക്കൻ കോമഡിചിത്രമായ ‘ദി പ്രൊപോസൽ’ എന്ന ചിത്രമാണ് ‘മൈ ബോസി’ന്റെ പ്രമേയമെന്ന് ചില ഓൺലൈൻ വാർത്തകൾ പറയുന്നു. ദി പ്രൊപോസൽ കണ്ടിട്ടില്ലാത്തതുകൊണ്ട് സാമ്യമോ കോപ്പിയോ പ്രചോദനമോ എന്ന് പറയാനാവില്ല.

വാൽക്കഷ്ണം 2 : ഈ സിനിമ കാണുമ്പോൾ (പ്രത്യേകിച്ച് രണ്ടാം പകുതി) മനസ്സിൽ ഓർമ്മ വന്നത് പ്രിയദർശൻ മോഹൻലാൽ ടീമിന്റെ എക്കാലത്തേയും ഹിറ്റ് ആയ ‘ചിത്രം’ എന്ന സിനിമയാണ്. തികച്ചും അവിശ്വസനീയമായ ഒരു വിഷയത്തെ സിനിമയാക്കിയിട്ടും പ്രേക്ഷകനു വളരെ രസിച്ചത് കഥ പറയാനും അവതരിപ്പിക്കാനുമുള്ള പ്രിയന്റെ മിടുക്കും മോഹൻലാലടക്കമുള്ള അഭിനേതാക്കളുടെ അപാരമായ പ്രകടനവുമാണ്.മോഹൻലാൽ നെടുമുടി രഞ്ജിനി സീനുകളൊക്കെ തിരക്കഥയും നിർദ്ദേശങ്ങളുമുള്ള ഒരു സിനിമാദൃശ്യമായിട്ടല്ല, പകരം നമുക്ക് മുന്നിൽ നേരിട്ട് നടക്കുന്ന സംഭവങ്ങൾ പോലെ തികച്ചും ലൈവ് ലി എന്ന മട്ടിലായിരുന്നു പ്രേക്ഷകൻ ആസ്വദിച്ചത്. അതുകൊണ്ടു തന്നെ “മൈ ബോസ്” കാണുമ്പോൾ ‘ചിത്രം’ ഒരു നൊസ്റ്റാൾജിയയായും മോഹൻലാലിന്റെ നല്ല കാലഘട്ടവും പ്രായവും കഴിഞ്ഞുപോയല്ലോയെന്ന നിരാശയും ഒപ്പം വരും. [മോഹൻലാലിന്റെ അനായാസതയും സ്വാഭാവികതയും പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള പ്രിയദർശന്റെ മിടുക്കും അറിയണമെങ്കിൽ ജിത്തു ജോസഫിന്റെ “മൈ ബോസ്’ സിനിമയും ദിലീപിന്റെ പ്രകടനവും കാണണമെന്നർത്ഥം ;) ]

Relates to: 
Contributors: 

പിന്മൊഴികൾ

This is a shameless ripp off of the movie 'The Proposal ' .The director who also happens to be the script writter should at least accept that this is just copy + paste stuff.

അതേ ഇത് ‘ദി പ്രൊപോസൽ’ ന്റെ തനിക്കോപ്പി തന്നെ. പ്രിയദർശന്റെ കോപ്പികൾ കണ്ട് ആസ്വദിച്ച നമ്മൾക്ക് ഇനി മിണ്ടാണ്ടിരിക്കാനേ നിവൃത്തിയുള്ളു.

In the film Dirty picture Vidya balan says a film is "entertainment, entertainment & entertainment". അങ്ങിനെ വച്ച് നോക്കുമ്പോള്‍ ഈയിടെ ഇറങ്ങിയ പല പടങ്ങള്‍ കാണുമ്പോള്‍ അതിനെക്കാള്‍ എന്ടര്റെറെയിനിംഗ് ആണ് ഈ ചിത്രം, ബോറടി ഇല്ല അശ്ലീല സംഭാഷണം ഇല്ല, കുടുംബമായി ഇരുന്നു കാണാം, പകുതി വെട്ടം പകുതി ചിത്രം എന്നു വേണമെങ്കില്‍ പറയാം , പക്ഷെ അതുകൊണ്ടൊന്നും ഈ സിനിമ നല്ലതല്ലെന്ന് പറയാന്‍ പറ്റുന്നില്ല , സിനിമ തുടക്കം മുതല്‍ ഒടുക്കം വരെ ബോറല്ല , ദിലീപും മംദയും വളരെ നന്നായി

ithupolulla chithrangal english cinemakalude pakarppanu ennathu valia thettano? . athu kondu aa padam moshamakanam ennillallo

PLEASE STOP THE STUPID COMMENTS ABOUT COPYING. ACTUALLY COCKTAIL MALAYALAM MOVIE WAS THE COPY-PASTE OF AN ENGLISH MOVIE, THAT IS WHAT WE DON'T NEED. BUT NOW IN THIS MOVIE HE JUST TAKEN THE THREAD FROM THE PROPOSAL MOVIE. NO BODY APPRECIATING THE WAY HE EXECUTED THE MOVIE WITH SOME QUALITY JOKES (ESPEACIALY NO DOUBLE MEANING COMEDY) SO PLEASE GO AND ENJOY WITH YOUR FAMILY.