ബാങ്കോക്ക് സമ്മർ-സിനിമാറിവ്യു

വജ്രം എന്ന മമ്മൂട്ടീ ചിത്രത്തിലൂടേയാണ് തൃശ്ശൂര്‍ സ്വദേശികളായ പ്രമോദ് പപ്പന്‍ എന്നീ സഹോദരന്മാര്‍ മലയാള സിനിമയില്‍ സ്വതന്ത്രരാവുന്നത്. മുന്‍പ് ‘ലെന്‍ സ് മാന്‍‘ എന്ന ബ്രാന്‍ഡ് നെയിമില്‍ കേരളത്തില്‍ ആസിഡ് വാഷ് എന്ന സ്റ്റൈലില്‍ വ്യത്യസ്ഥ ഷര്‍ട്ടുകള്‍ വ്യാപാരം ചെയ്ത് പിന്നീട് മലയാള സിനിമകളിലെ നായകന്മാരെ സ്റ്റൈല്‍ ഷര്‍ട്ടുകള്‍ അണിയിപ്പിച്ചുമാണ് ‘ലെന്‍സ്മാന്‍‘ സഹോദരന്മാരായ പ്രമോദ് - പപ്പന്റെ രംഗപ്രവേശം. വജ്രം എന്ന സിനിമക്കു ശേഷം മമ്മൂട്ടി നയന്താര എന്നിവരഭിനയിച്ച ‘തസ്കര വീരന്‍’, റഹ്മാനും കലാഭവന്‍ മണിയും നായകന്മാരായ ‘എബ്രഹാം ലിങ്കന്‍’, ഇനിയും നിര്‍മ്മാണം പൂര്‍ത്തിയാകാത്ത റഹ്മാന്‍, മംത മോഹന്‍ ദാസ് എന്നിവരഭിനയിച്ച ‘മുസാഫിര്‍’, തമിഴ് മാദക സുന്ദരി നമിതയെ മലയാളത്തിലഭിനയിപ്പിച്ച ബാല, കലാഭവന്‍ മണി എന്നിവര്‍ മുഖ്യവേഷത്തില്‍ വന്ന ‘ബ്ല്ലാക് സ്റ്റാലിയന്‍’ എന്നിവക്കു ശേഷം പൂര്‍ണ്ണമായും ബാംങ്കോക്കില്‍ ചിത്രീകരിച്ച മലയാള ചിത്രവുമായാണ് പ്രമോദ് പപ്പന്മാരുടെ വരവ്. (മലയാളത്തില്‍ ആദ്യമായി എച്ച് ഡി ക്യാമറാ സിനിമാ നിര്‍മ്മാണം കൊണ്ടു വന്നത് ഇവര്‍ തന്നെയാണൊ എന്നുറപ്പില്ല, പക്ഷെ പ്രമോദ് പപ്പന്മാരുടെ മിക്ക സിനിമകളും എച്ച് ഡി ക്യാമറയില്‍ തന്നെയാണ്. ഈ സിനിമയും)

മലയാളികള്‍ക്ക് തീരെ പരിചയമില്ലാത്ത പുതുമുഖങ്ങളും പരസ്യ മോഡലുകളും അണിനിരന്ന ‘ബാങ്കോക്ക് സമ്മറി’ന്റെ സംവിധാനവും ഇരുവരും ചേര്‍ന്ന് നിര്‍വ്വഹിച്ചിരിക്കുന്നു. ബാങ്കോക്ക് നഗരത്തിന്റെ വര്‍ണ്ണാഭമായ ദൃശ്യങ്ങള്‍ തലങ്ങും വിലങ്ങും ഒട്ടിച്ചു ചേര്‍ത്ത് കാണിക്കുക എന്നതില്‍ കവിഞ്ഞ് സിനിമ പൂര്‍ണ്ണമായും പ്രേക്ഷകനു അനുഭവവേദ്യമാക്കുന്നതില്‍ സംവിധായകനും എഴുത്തുകാരനും അഭിനേതാക്കളും മറ്റു സാങ്കേതികപ്രവര്‍ത്തകരും പുറകിലായി. അതുകൊണ്ടു തന്നെ നല്ലൊരു ആക്ഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചു ചെല്ലുന്ന പ്രേക്ഷകനു ബാങ്കോക്ക് സമ്മര്‍ ഒരു ദുരന്തം സമ്മാനിക്കും.

പ്ലോട്ട് : ബാങ്കോക്ക് നഗരത്തില്‍ ജീവിക്കുന്ന യുവ മലയാളി മാധവന്‍ (ഉണ്ണി മുകുന്ദന്‍) തന്റെ സുഹൃത്തിന്റെ സഹോദരി ഗംഗയെ (റിച്ച) മാഫിയാ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍, ഒപ്പം ഈ സഹോദരനെത്തേടി നാട്ടില്‍ നിന്നും അനുജന്‍ ശ്രീഹരി (രാഹുല്‍) ബാങ്കോക്കിലെത്തുന്നു. പിന്നീട് ഈ പെണ്‍കുട്ടിക്കുവേണ്ടി ഇരു സഹോദരരും ബാങ്കോക്ക് മാഫിയാ സംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍.

ബാങ്കോക്ക് സമ്മറിന്റെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാന്‍ എം3ഡിബിയുടേ ഈ പേജിലേക്ക് ക്ലിക്ക് ചെയ്യുക

ഒരു ആക്ഷന്‍ ത്രില്ലര്‍ എന്റര്‍ടെയ്ന്മെന്റിനു വേണ്ട എല്ലാ ചേരുവകളും ചേര്‍ക്കാവുന്ന ഭേദപ്പെട്ടൊരു കഥാസാരം തന്നെയായിരുന്നു ഈ സിനിമയുടേത്. വര്‍ണ്ണാഭമായ ബാങ്കോക്ക് നഗരവും, ഡിസ്കോത്തെ തെരുവുകളും കഫെറ്റീരിയകളും സുന്ദരമായ വീഥികളും രാത്രി ദൃശ്യങ്ങളും മാഫിയാ സംഘങ്ങളും അവരുടെ ഏറ്റുമുട്ടലുകളുമൊക്കെ നല്ലൊരു ആക്ഷന്‍ ത്രില്ലറിന്റെ വിജയത്തിനു സഹായകമാകുന്ന പശ്ചാത്തലം തന്നെയാണ്. ഈ പശ്ച്ചാത്തലത്തിനു മീതെ യുക്തിസഹമായി കൂട്ടിയിണക്കിയ ഒരു കഥയും തിരനാടകവും അതിനെ ഭഭ്രമായി അണിയിച്ചൊരുക്കുവാന്‍ പോന്ന സംവിധായക പ്രതിഭയും ഉണ്ടായിരുന്നെങ്കില്‍ ഇതൊരു പുതുമയുള്ള എന്റര്‍ടെയ്നര്‍ ആകുമായിരുന്നു. പക്ഷെ ‘പാത്രമറിഞ്ഞേ വിളമ്പാവൂ” എന്ന് പഴമക്കാര്‍ പറയും പോലെ ജനപ്രിയ സിനിമകളുടെ ലാവണ്യരീതികളില്‍ പോലും വൈദഗ്ദ്യമില്ലാത്തവരുടെ കയ്യില്‍ ഈ സിനിമ മൃതാവസ്ഥയിലാകുന്നു.

വിശ്വസനീയ സന്ദര്‍ഭങ്ങളേയും കഥാപാത്രങ്ങളേയും സൃഷ്ടിക്കുന്നതിലും അവക്ക് മികച്ച സംഭാഷണമൊരുക്കുന്നതിലും തിരക്കഥാകൃത്ത് (രാജേഷ് ജയരാമന്‍) അമ്പേ പരാജയപ്പെടുന്നു. എച്ച് ഡി ക്യാമറയില്‍ മോഹന്‍ പുതുശ്ശേരി പകര്‍ത്തിയ ബാങ്കോക്ക് ദൃശ്യങ്ങള്‍ പലതും ജീവനില്ലാത്ത ദൃശ്യഖണ്ഡങ്ങള്‍ മാത്രമാണ് അവയെ ഒട്ടിച്ചു ചേര്‍ക്കേണ്ട ജോലിമാത്രമേ എഡിറ്റര്‍ രഞ്ജിത്ത് ടച്ച് റിവറിനുമുള്ളു. ക്യാമറയില്‍ നഗര-കടല്‍ തീര ദൃശ്യങ്ങള്‍ സുന്ദരമെങ്കിലും പലപ്പോഴും സ്വാഭാവിക വെളിച്ചത്തിലെടുത്തിരിക്കുന്നതെന്ന് തോന്നിക്കുന്ന മറ്റു പല ദൃശ്യങ്ങളും വെളിച്ച വിന്യാസത്താല്‍ വളരെ മോശമാണ്. പശ്ച്ചാത്തല ഭംഗി എന്നതിനപ്പുറം ഛായാഗ്രഹണത്തിന്റെ വൈദഗ്ദ്യം എങ്ങുമില്ല. സിനിമയുടെ സസ്പെന്‍സ് വെളിവാക്കപ്പെടുന്ന സീനില്‍ തിരക്കഥാകൃത്ത് ഒരുക്കിയ തിരക്കഥയും വിശദാംശങ്ങളും സീനിന്റെ ആവിഷ്കാരവും വളരെ ദുര്‍ബലവും മോശവുമാണ്.

അഭിനേതാക്കളില്‍ മാധവന്‍ എന്ന മുഖ്യവേഷത്തിലഭിനയിച്ച ഉണ്ണി മുകുന്ദന്‍ ആദ്യപകുതിയില്‍ തെറ്റില്ലാതെ അഭിനയിച്ചിരിക്കുന്നു (ഇനിയും പ്രകടനം ആവശ്യപ്പെടുന്നുവെങ്കിലും) ബാക്കി എല്ലാ കഥാപാത്രങ്ങളും സംവിധായകന്റെ നിര്‍ദ്ദേശത്തെ അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. ശ്രീഹരിയായി വരുന്ന രാഹുല്‍ (വാടാമല്ലി ഫെയിം) നിര്‍വ്വികാര മുഖം കൊണ്ട് ഏതു ഭാവമാണ് കാണിക്കാനുദ്ദേശികുന്നത് എന്ന് വ്യക്തമല്ല. ‘ചിത്രം‘ ‘ധ്രുവം’ എന്നീ പഴയ ചിത്രങ്ങളില്‍ ഗാനങ്ങളെഴുതിയ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയുടേ മൂന്നു ഗാനങ്ങള്‍ ഈ ചിത്രത്തിലുണ്ട് അവക്ക് ഔസെപ്പച്ചന്‍ സംഗീതം നല്‍കിയിരിക്കുന്നു. ടൈറ്റില്‍ ഗാനം “കളിപറയും..” മികച്ചതായി അനുഭവപ്പെട്ടു.

സിനിമയെ കലാപരമായി കോര്‍ത്തിണക്കുക എന്നതിലുപരി സാമ്പത്തികമായി എങ്ങിനെ ലാഭകരമാക്കാം എന്നത് പ്രമോദ് പപ്പനെ ആരും പഠിപ്പിക്കേണ്ടതില്ല എന്നു തോന്നുന്നു. ബാങ്കോക്ക് സമ്മറിനു മുന്‍പെടുത്ത ബ്ലാക്ക് സ്റ്റാലിയര്‍ കേരളത്തിലെ തിയ്യറ്ററുകളില്‍ നിറഞ്ഞോടിയില്ലെങ്കിലും റിലീസിനു മുന്‍പേ ലാഭം കൊയ്ത ചിത്രമാണ്. മലയാളം കൂടാതെ മറ്റു മൂന്നു സൌത്തിന്ത്യന്‍ ഭാഷകളിലേക്ക് വിറ്റുപോയ സിനിമ ജനങ്ങള്‍ കണ്ടില്ലെങ്കിലെന്ത്? ആദ്യ ചിത്രമായ വജ്രം മുതല്‍ പ്രമോദ് പപ്പന്മാരുടെ സിനിമകളില്‍ പരസ്യങ്ങള്‍ ചേര്‍ക്കുന്ന വാണിജ്യ തന്ത്രം കാണാം. വജ്രത്തിലെ നായകന്‍ നില്‍ക്കുമ്പോഴും നടക്കുമ്പോഴും സംഘട്ടനത്തില്‍ ഏര്‍പ്പെടുമ്പോള്‍ പോലും നായകനു പിന്നില്‍ കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറിയുടേ വലിയ ഫ്ലെക്സ് ബോര്‍ഡുകള്‍ കാണാം, തസ്കരവീരനില്‍ ഒരു പ്രമുഖ ടോര്‍ച്ച് കമ്പനിയുടെ ബ്രാന്‍ഡ് നെയിം പോസ്റ്റര്‍ മുതലേ കാണാം. ഈ തന്ത്രം തന്റെ എല്ലാ ചിത്രങ്ങളിലും വിദഗ്ദമായി ചേര്‍ത്തിട്ടൂണ്ട്, ഈ സിനിമയിലും ഒരു പ്രമുഖ റിസ്റ്റ് വാച്ച കമ്പനിയുടേ പരസ്യങ്ങളും പലപ്പോഴായി ചേര്‍ത്തിട്ടൂണ്ട് (അത് പക്ഷെ പോസ്റ്റ് പ്രൊഡക്ഷനില്‍ ഒട്ടിച്ചു ചേര്‍ത്തത് ആരും അറിയില്ലെന്നു കരുതിയോ പ്രമോദ് പപ്പാ?) മാത്രമല്ല ചിത്രത്തിന്റെ ചെറിയെ പോസ്റ്റര്‍ മുതല്‍ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ വരെ ഈ വാണിജ്യ തന്ത്രം പയറ്റിയിട്ടുണ്ട്

പ്രമോദ് പപ്പന്‍, സംവിധായകര്‍ എന്നതിലുപരി നല്ലൊരു സിനിമാ ബിസിനസ്സുകാര്‍ എന്ന പേരിനോടായിരിക്കും കൂടുതല്‍ കടപ്പെട്ടിരിക്കുക. വാണിജ്യ സിനിമക്ക് അതും ആവശ്യമെങ്കിലും ക്രെഡിറ്റായി വെക്കുന്ന പേരിനോട് അല്പമെങ്കിലും നീതി പുലര്‍ത്തുന്നതു നന്നായിരിക്കില്ലേ?. അടുത്ത സിനിമക്ക് മുന്‍പെങ്കിലും പ്രമോദ് പപ്പന്മാര്‍ അത് ആലോചിക്കണം അല്ലെങ്കില്‍ മലയാള സിനിമാ ചരിത്രത്തില്‍ സംവിധായക സഹോദരര്‍ എന്നായിരിക്കില്ല, മറിച്ച് സിനിമ തൂക്കി വിറ്റു ജീവിച്ച രണ്ട് സഹോദരര്‍ എന്നായിരിക്കും സിനിമാ ചരിത്രം നിങ്ങളെ അടയാളപ്പെടുത്തുക

Contributors: