സോൾട്ട് & പെപ്പർ -സിനിമാറിവ്യു

ലുക് സാം സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച് ശ്യാം പുഷ്കരനും ദിലീഷ് നായര്‍ തിരക്കഥയൊരുക്കി ആഷിക് അബു സംവിധാനം ചെയ്ത് ലാല്‍, ആസിഫ് അലി, ശ്വേത, മൈഥിലി, ബാബുരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന “സോള്‍ട്ട് & പെപ്പര്‍” എന്ന സിനിമ ചുരുക്കി പറഞ്ഞാല്‍ നല്ലൊരു ഫണ്ണി എന്റെര്‍ടെയ്നര്‍ ആണ്.

“ഡാഡി കൂള്‍ “ എന്ന ചിത്രത്തിലൂടേ, സിനിമ കഥ പറച്ചില്‍ മാത്രമാകാതെ ഇങ്ങിനേയും ചിത്രീകരിക്കാം എന്നൊരു രീതി ആഷിക് അബു ആദ്യ സിനിമയില്‍ കൊണ്ടു വരുന്നുണ്ട്. സുഖകരമായ കളര്‍ സ്കീമും, വ്യത്യസ്ഥ കാമറാ ഫ്രെയിമുകളും ടെക്നിക്കല്‍ പെര്‍ഫക്ഷനുമൊക്കെ ഡാഡി കൂളിനെ സ്റ്റൈലിഷ് ആക്കിയിരുന്നെങ്കിലും പ്രേക്ഷകനു മുന്നില്‍ കഥ എന്നു പറയാന്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. ആദ്യചിത്രത്തിലെ പോലെ സ്റ്റൈലിഷ് ട്രീറ്റുമെന്റുകള്‍ തുടരുന്നതൊടൊപ്പം ഭേദപ്പെട്ടൊരു കഥയും അവതരണരീതിയും ആഷിക് “സോള്‍ട്ട് & പെപ്പറില്‍” പ്രേക്ഷകനു കൊടുക്കുന്നുണ്ട്. ലളിതമായൊരു കഥാതന്തു ചുരുക്കം കഥാപാത്രങ്ങളിലൂടെ അധികം വളച്ചുകെട്ടില്ലാതെ എന്നാല്‍ പ്രേക്ഷകനെ അധികം ബോറടിപ്പിക്കാതെ അവതരിപ്പിക്കാന്‍ ഈ സിനിമയിലൂടേ ആഷിക് അബുവിനായി.

സത്യത്തില്‍ ‘ഭക്ഷണം’ ആണ് ഈ സിനിമയുടെ മുഖ്യ കഥാപാത്രം, സിനിമയുടെ ടൈറ്റില്‍ മുതല്‍ സിനിമയുടെ പകുതിയലധികവും ഭക്ഷണവും അതിനോട് ബന്ധപ്പെട്ട സന്ദര്‍ഭങ്ങളുമാണ്. കഥാപാത്രങ്ങള്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ കണ്ടു മുട്ടുന്നതോ ബന്ധങ്ങള്‍ ഉണ്ടാവുന്നതുപോലുമോ ഭക്ഷണം മൂലമാണ്. മലയാളിയുടെ രുചിശീലങ്ങളെ ഒരു സിനിമയുടെ പ്രധാന തന്തുവാക്കുന്ന മറ്റൊരു സിനിമ മലയാള സിനിമയിലുണ്ടോ എന്നോര്‍മ്മയില്ല. എന്തായാലും ഈ അടുത്ത കാലത്ത് കണ്ടതായി ഓര്‍ക്കുന്നില്ല.

പ്ലോട്ട് : വിവാഹപ്രായം കഴിഞ്ഞ രണ്ടു പേര്‍ അറിയാതെ പരിചയപ്പെടേണ്ടിവരികയും ഭക്ഷണം എന്ന സമാന താല്പര്യം അവരെ തമ്മില്‍കാണാതെ സൌഹൃദത്തിലേക്കും പിന്നെ പ്രണയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

പാരലല്‍ ട്രാക്കുകളോ അവിശ്വസനീയമായ ട്വിസ്റ്റുകളോ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളോ സംഘട്ടനങ്ങളോ ഹീറോയിസമോ അങ്ങിനെ യാതൊന്നുമില്ലാതെ കഥയെ അതി ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. പ്രണയവും, സൌഹൃദവും ബന്ധങ്ങളുമെല്ലാം നേര്‍ചിത്രങ്ങളായി വരച്ചു ചേര്‍ക്കപ്പെട്ട ഈ “ഭക്ഷണ ചിത്ര“ത്തിന്റെ തിരക്കഥ ശ്യാം പുഷ്കരന്‍, ദിലീഷ്‌ നായര്‍ എന്നിവരുടേതാണ്. ഭക്ഷണപ്രിയനായ ഏതൊരു പ്രേക്ഷകനേയും ഇഷ്ടപ്പെടുത്താന്‍ തക്കരീതിയില്‍ തിരക്കഥയും സംഭാഷണവുമൊരുക്കാന്‍ ഇവര്‍ക്കായിട്ടുണ്ട്. ഷൈജു ഖാലിദിന്റെ ക്യാമറ സുഖമുള്ളൊരു അനുഭവമാകുന്നു. ഓരോ കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ നല്‍കിയ സമീറാ സനീഷിന്റെ വസ്ത്രാലങ്കാരം എടുത്തു പറയേണ്ടതാണ്. ബിജിബാലിന്റെ സംഗീതം, സുരേഷ് കൊല്ലത്തിന്റെ കലാസംവിധാനം എന്നിവയെല്ലാം ചിത്രത്തിനെ മികച്ചൊരു ദൃശ്യ-ശ്രാവ്യ വിരുന്നാക്കുന്നതില്‍ ഏറെ സഹായിച്ചിട്ടൂണ്ട്. പ്രേക്ഷകനെ സിനിമ കാണിക്കാന്‍ പ്രേരിപ്പിക്കുന്ന സുന്ദരങ്ങളായ പോസ്റ്ററുകളായിരുന്നു ചിത്രത്തിന്റെ പ്രൊമോഷന്‍ ഡിസൈന്‍ ടീം (പപ്പായ മീഡിയ) ഒരുക്കിയത്. റഫീക് അഹമ്മദും, സന്തോഷ് വര്‍മ്മയും എഴുതിയ വരികള്‍ക്ക് ബിജിബാലിന്റെ സംഗീതം പ്രേക്ഷനെ തൃപ്തിപ്പെടുത്തുന്നതു തന്നെയാണ്. (സിനിമയുടെ അവസാനം ‘അവിയല്‍’ ബാന്റിന്റെ ആനക്കള്ളന്‍ എന്നൊരു ഗാനദൃശ്യം കൂടിയുണ്ട്)

പ്രത്യേകതകളായി തോന്നിയത് :-
പ്രധാന കഥാപാത്രങ്ങളായി താരതമ്യേന ചെറിയ താരങ്ങള്‍. അവരുടെ ആത്മാര്‍ത്ഥമായ പെര്‍ഫോര്‍മന്‍സ്. മറ്റു കഥാപാത്രങ്ങളായി പുതുമുഖങ്ങളും, സിനിമയില്‍ അത്ര പരിചയമില്ലാത്തവരും. അതൊകൊണ്ട് സിനിമക്കിണങ്ങുന്ന കഥാപാത്രങ്ങളെ മാത്രമായി കണ്ട് സിനിമ ആസ്വദിക്കാനാവുന്നുണ്ട്. (ലാല്‍, ബാബുരാജ്, ശ്വേത, ആസിഫ് അലി എന്നിവര്‍ മികച്ചു നിന്നു)

ബാബുരാജ് എന്ന ‘എന്നും ഇടി കൊള്ളൂന്ന വില്ലന്റെ’ അപാരമായ പെര്‍ഫോര്‍മന്‍സ്. ഇതുവരെ ചെയ്തതില്‍ നിന്ന് തികച്ചും വ്യത്യസ്ഥവും വിരുദ്ധവുമായ കഥാപാത്രം, നിഷ്കളങ്കനും പാവത്താനുമായ പാചകക്കാരന്‍ ബാബു, സിനിമയുടെ ഒരുപാടിടങ്ങളില്‍ പ്രേക്ഷകരുടെ കയ്യടി നേടി.

വില്ലന്റെ സഹചാരിണിയാവുന്ന (ദുഷ്ട) സ്ത്രീ കഥാപാത്രം വല്ലപ്പോഴും മദ്യം കഴിക്കുന്നത് മലയാള സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നായിക മദ്യപിക്കുന്നത് /ബിയര്‍ കഴിക്കുന്നത് മലയാള സിനിമയില്‍ ദര്‍ശിച്ചിട്ടില്ല.(ഓര്‍മ്മയിലില്ല) ഇതിലെ നഗരത്തില്‍ താമസിക്കുന്ന നായികമാരും മറ്റൊരു സ്ത്രീ കഥാപാത്രവും ബിയര്‍ കഴിച്ചിരിക്കുന്ന അല്പം സുദീര്‍ഘമായൊരു സീന്‍ ഉണ്ട്. (അതൊട്ടും മോശവുമായിട്ടില്ല)

ലളിതമായ കഥ, അമാനുഷികമല്ലെന്നു മാത്രമല്ല, രസകരവും സ്വഭാവികവുമായ സംഭാഷണങ്ങള്‍ക്കും കഥാ സന്ദര്‍ഭങ്ങള്‍ക്കും ജീവിതവുമായി നല്ല ബന്ധമുണ്ട്. കണ്ടു മറന്ന സന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും കയറി വരുന്നില്ല എന്ന ആശ്വാസവും.

എന്റര്‍ടെയ്നര്‍ വേണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഈ സിനിമ നല്ലൊരു സദ്യയാണ്. പഴയ ഗാനങ്ങളും മലയാളിയുടെ രുചിശീലങ്ങളും ഇന്നുമൊരു ഗൃഹാതുരതയായി കൊണ്ടു നടക്കുന്ന ഏതൊരു മലയാളിയുടേയും മുന്‍പിലേക്ക് ആഷിക്ക് അബുവും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥരായ സഹ പ്രവര്‍ത്തകരും കൂടി കൃത്യമായ രുചിയിലും പാകത്തിലും ഒരുക്കിത്തന്ന നല്ലൊരു കാഴ്ച - ശ്രാവ്യ വിരുന്നാണ് സോള്‍ട്ട് & പെപ്പര്‍.

Contributors: