3 കിംങ്ങ്സ് -സിനിമാറിവ്യു

നിരവധി വര്‍ഷങ്ങള്‍ പരസ്യകലാരംഗത്തും പിന്നീട് സിനിമാ രംഗത്തും പ്രവര്‍ത്തിച്ച വി കെ പ്രകാശ് എന്ന സംവിധായകനു വിശേഷണങ്ങള്‍ ഒരു പാടുണ്ട്. മലയാള സിനിമയില്‍ സാങ്കേതികത്തികവും പുതുമകളും കൊണ്ടു വന്ന ഡയറക്ടര്‍ എന്നൊരു ക്രെഡിറ്റും വി കെ പ്രകാശ് എന്ന വി കെ പിക്കു കൊടുക്കാം. മാത്രമല്ല, സിനിമാരംഗത്തേക്ക് വന്നതിനു ശേഷം അദ്ദേഹം ചെയ്ത സിനിമകള്‍ ഒട്ടുമിക്കതിനും പിന്നീട് ചരിത്രത്തിലേക്ക് കുറിച്ചു വെക്കാവുന്ന പ്രത്യേകതകളുമുണ്ട്. ‘പുനരധിവാസം’ എന്ന തന്റെ മലയാള ചിത്രം സൌത്ത് ഇന്ത്യയിലെ ആദ്യത്തെ ഡോള്‍ബി ഡീജിറ്റല്‍ സിനിമയാണേന്ന് വികെപി അവകാശപ്പെടുന്നു. സൌത്ത് ഇന്ത്യയിലെ ആ‍ദ്യത്തെ ‘ഫുള്‍ ഗ്രേഡഡ് ഡി ഐ’ സിനിമയാണ് ‘പോലീസ്’, മലയാളത്തിലെ ആദ്യത്തെ മുഴുവന്‍ ഡിജിറ്റല്‍ മൂവി യാണ് ‘മൂന്നാംതൊരാള്‍’, മാത്രമല്ല, സാങ്കേതികത്തികവുള്ള ‘453 ക്യാമറ’ ആദ്യമായി മലയാളത്തിലവതരിപ്പിച്ചത് ‘മുല്ലവള്ളിയും തേന്മാവും‘ എന്ന ചിത്രത്തിലൂറ്റെ വി കെ പിയാണ്‍. താര ചിത്രങ്ങള്‍ മൂന്നും നാലും കോടിയും അതിനപ്പുറവും ബഡ്ജറ്റാകുന്ന സമയത്താണ് കുഞ്ചാക്കോ ബോബനേയും ജയസൂര്യയേയും നായകന്മാരാക്കി വെറും 86 ലക്ഷത്തിനു ‘ഗുലുമാല്‍’ എന്നൊരു ചിത്രം ഒരുക്കിയത്. ഇത്തരം സാങ്കേതിക വിശേഷണങ്ങളും പ്രത്യേകതകളും ക്രെഡിറ്റുകളുമൊക്കെ നില്‍ക്കുമ്പോള്‍ തന്നെ വി കെ പ്രകാശ് എന്നൊരു സംവിധായകന്റെ ഇതുവരെയുള്ള സിനിമാചരിത്രത്തില്‍ പ്രേക്ഷകരും സിനിമാ പ്രേമികളും ഓര്‍ത്തു വെക്കാവുന്ന എത്ര ചിത്രങ്ങളുണ്ടായിരിക്കും? ഒരു പുനരധിവാസമോ, ഫ്രീക്കിചക്ക്രയോ അല്ലാതെ? സാങ്കേതികത്തികവുകൊണ്ടു മാത്രം ഒരു സിനിമയുണ്ടാവില്ലെന്ന മിനിമ വിഞ്ജാനം വി കെ പിക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമൊന്നുമില്ല. പക്ഷെ, വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ചിത്രങ്ങളിത്ര ചെയ്തിട്ടും വി കെ പിക്ക് അഭിനന്ദാര്‍ഹമായ ഒരു സ്ക്രിപ്റ്റിനെപോലും സംവിധാനിക്കാന്‍ സാധിച്ചിട്ടീല്ല.

കെ എന്‍ എം ഫിലിംസിന്റെ ബാനറില്‍ അബ്ദുള്‍ നാസറുംജീവനും നിര്‍മ്മിച്ച് വൈ. വി രാജേഷ് തിരക്കഥയെഴുതി വി കെ പി സംവിധാനം ചെയ്ത ത്രീ കിങ്ങ്സ് എന്ന കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ഇന്ദ്രജിത്ത് ചിത്രം ഒരു സിനിമയോ സീരിയലോ, അനിമേഷന്‍ ചിത്രമോ, കോമഡി സ്ക്റ്റിറ്റോ ഒന്നുമല്ല. മറിച്ച് എന്താണെന്ന് ഒരു പിടുത്തവുമില്ല. എത്ര മോശം കഥയോ തിരക്കഥയോ ആയാലും വി കെ പിയുടെ സിനിമ ഇഷ്ടപ്പെടുന്ന ഒരുപാട് വി കെ പി ഫാന്‍സ് ഇവിടെയുണ്ട് എന്നതാണ് സത്യം. കാരണം അത്തരം ആളുകള്‍ക്ക് വേണ്ടി വി കെ പി എന്തെങ്കിലുമൊക്കെ എവിടെയെങ്കിലുമൊക്കെ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു. സാങ്കേതികതയുടെ പുതുമ ആ‍യാല്‍ പോലും. പക്ഷെ ‘ത്രീ കിങ്ങ്സ്’ എന്ന പുതിയ സിനിമയില്‍ ‘സിനിമ‘ പോയിട്ട് സിനിമയുടെ ‘സി’ പോലുമില്ല. സ്റ്റേജിലെ കോമഡി സ്കിറ്റ് കാണുന്ന ലാഘവത്തില്‍ ഈ സിനിമ കണ്ടാല്‍ പോലും; ലോജിക്കോ കോമണ്‍സെന്‍സോ വീട്ടില്‍ വെച്ച് പോയി കണ്ടാല്‍ പോലും, നിമിഷ നേരത്തേക്കെങ്കിലും പ്രേക്ഷകനു ഏതെങ്കിലുമൊരു രസം / ആനന്ദം / അഭിപ്രായം / തൃപ്തി ഈ സിനിമ തരുന്നില്ല.

പ്ലോട്ട് : വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിപ്പു സുല്‍ത്താന്റെ ആക്രമണകാലത്ത് സാമൂതിരിപ്പടയാളികള്‍ ഘോരവനത്തിലെ ഒരു ഗുഹയിയില്‍ ഒളിപ്പിച്ചുവെച്ച കൃഷ്ണപുരം കൊട്ടാരത്തിലെ തങ്കവിഗ്രഹം വീണ്ടെടുക്കാന്‍ കൊട്ടാരത്തിലെ പുതു തലമുറയിലെ മൂന്ന് ചെറുപ്പക്കാര്‍ നടത്തുന്ന ശ്രമങ്ങളാണ് മുഖ്യപ്രമേയം.

ത്രീ കിങ്ങ്സിന്റെ കഥാസാരവും കൂടൂതല്‍ വിവരങ്ങളും എം 3 ഡി ബിയുടെ ഈ പേജില്‍ ലഭിക്കും

പൂര്‍ണ്ണമായ തിരക്കഥയും ആവശ്യത്തിനു മാത്രം ബഡ്ജറ്റും കഥാപാത്രങ്ങള്‍ക്കു വേണ്ട താരങ്ങളേയും മാത്രം ഉള്‍പ്പെടുത്തി കൃത്യമായ പ്ലാനിങ്ങോടെയാണ് തന്റെ ചിത്രങ്ങള്‍ ഒരുക്കുന്നത് എന്ന് വി കെ പ്രകാശ് തന്റെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അതൊക്കെയും ശരിതന്നെയാവാം, എങ്കിലും ‘ജേര്‍ണി ഓഫ് കോമഡി’ എന്ന് അദ്ദേഹം തന്നെ ഓമനപ്പേരിട്ട് വിളിച്ച ഈ ത്രീ കിങ്ങ്സിന്റെ തിരക്കഥ (അങ്ങിനെയൊന്നുണ്ടെങ്കില്‍) ഒരാവര്‍ത്തിയെങ്കിലും വായിച്ചിരുന്നെങ്കില്‍, ഈ ട്രാഷിനു വേണ്ടി തന്റെ ബുദ്ധിയും, അദ്ധ്വാനവും സാങ്കേതിക ജ്ഞാനവും ചിലവഴിക്കാന്‍ അദ്ദേഹം തുനിഞ്ഞിറങ്ങില്ലായിരുന്നു. സാമാന്യയുക്തിയില്‍ നിന്നും തെല്ലകലം പാലിക്കുന്നതാണ് അദ്ദേഹത്തിന്റെ പല ചിത്രങ്ങളും എങ്കിലും അതിലൊരു കാഴ്ചാ സുഖമോ, വിനോദമോ ഉണ്ടായിരുന്നു. പക്ഷേ, മലയാളത്തിലെ മൂന്നു പ്രമുഖ യുവ നടന്മാരേയും മൂന്നു യുവ നടികളേയും അത്യാവശ്യം കോമഡി നടന്മാരേയും കയ്യില്‍ കിട്ടിയിട്ട് പ്രേക്ഷകനു എല്ലാം മറന്നു ചിരിക്കാനുള്ള വക പോലും തരാനായില്ല എന്നത് വല്ലാത്തൊരു ഗതികേടാണ്. വി കെ പിയും ഈ സിനിമയുടേ അണിയറപ്രവര്‍ത്തകരും പ്രീ- പ്രൊമോയില്‍ പറയുന്ന പോലെ യുക്തിയും സാമാന്യ ബോധവും മാറ്റിവെച്ച് വെറുമൊരു എന്റര്‍ ടെയ്നര്‍ എന്നൊരു കാഴ്ചപ്പാടില്‍ പോലും ഈ സിനിമ കാണാനിരിക്കുമ്പോള്‍ ചാനലുകളില്‍ സമയം കൊല്ലിയാകുന്ന കോമഡി സ്കിറ്റിന്റെ നിലവാരമെങ്കിലും അദ്ദേഹവും സംഘവും പ്രേക്ഷകനു കൊടുക്കണമായിരുന്നു. തിയ്യറ്റര്‍ പരിസരം മലീമസമായേക്കാവുന്ന പ്രേക്ഷകന്റെ ഓക്കാനത്തിനു കാരണമാകാനേ ഈ സിനിമ ഉപകരിക്കൂ എന്നു പറഞ്ഞാല്‍ ശ്രീ വി കെ പ്രകാശ് മുഷിയരുത്. ഛര്‍ദ്ദില്‍ ദേഹത്തായാല്‍ കഴുകിക്കളഞ്ഞാലെങ്കിലും പോകും, കണ്ണിനും തലച്ചോറിനും ത്രീ കിങ്ങ്സ് നല്‍കിയ ദുര്‍ഗന്ധം എത്ര നാള്‍ കഴിഞ്ഞാലായിരിക്കും ഒന്നു കുറഞ്ഞു കിട്ടുക?

പ്രശംസനീയമായ ക്യാമറമാന്‍ വേണു ക്യാമറയും, ‘ട്രാഫിക്‘ എന്ന ത്രില്ലിങ്ങ് മൂവിയുടെ എഡിറ്റര്‍ മഹേഷ് നാരായണനും, ഷിബു ചക്രവര്‍ത്തിയെന്ന പഴയ ഹിറ്റ് ഗാനരചയിതാവും ഔസേപ്പച്ചന്‍ എന്ന ദേശീയ ബഹുമതി കിട്ടിയ സംഗീത സംവിധായകനും ഈ സിനിമയുടെ പിന്നണികളിലുണ്ടായിരിന്നിട്ടും ഈ ചിത്രം ശരാശരിയുടെ ഏഴയലത്തുപോലും എത്തുന്നില്ല.

വാല്‍ക്കഷണം : ഹരിശങ്കര്‍ എന്ന വിവാദനായ ആല്‍ബം ഡയറക്ടര്‍/ ഗാനരചയിതാവ്/ സംഗീത സംവിധായകന്റെ, മലയാളികള്‍ക്കിടയില്‍ ഏറെ (കു) പ്രശസ്തവും, വിവാദവും പരിഹാസ്യവുമായ ‘സില്‍ സില’ എന്ന മ്യൂസിക് ആല്‍ബത്തെ ഔസേപ്പച്ചന്‍ ഇതില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. അതിനുപോലും സില്‍ സിലയുടെ നിലവാരം കൊണ്ടുവരാന്‍ കഴിഞ്ഞില്ല. സത്യം പറയട്ടേ, ഈ സിനിമ കാണുന്നതിനേക്കാളും ഏറെ നല്ലത് സില്‍ സില എന്ന ആല്‍ബം എത്ര പ്രാവശ്യം വേണമെങ്കിലും കാണുന്നതാണ്, കാരണം സില്‍ സിലക്ക് ഒരു മിനിമം നിലവാരമെങ്കിലുമുണ്ട്

Contributors: