ആദാമിന്റെ മകൻ -സിനിമാറിവ്യൂ

പതിവു മലയാള സിനിമകളുടെ രീതികളില്‍ നിന്ന് തികച്ചും പുതുമയുള്ളതും ഹൃദ്യവും ജീവിതത്തെ സ്പര്‍ശിക്കുന്നതുമായ ഒരു നല്ല സിനിമ എന്ന് ആദാമിന്റെ മകന്‍ അബുവിനെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കാം.

അലന്‍സ് മീഡിയയുടെ ബാനറില്‍ സലീം അഹമ്മദും അഷറഫ് ബേദിയും നിര്‍മ്മിച്ച ആദാമിന്റെ മകന്‍ അബുവിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍മ്മാതാക്കളിലൊരാളായ സലീം അഹമ്മദ് തന്നെ. സലീം കുമാറാണ് മുഖ്യകഥാപാത്രമായ അബുവെന്ന വൃദ്ധനെ അവതരിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ നാല് ദേശീയ ബഹുമതികളും നാല് സംസ്ഥാന ബഹുമതികളും ചിത്രം കരസ്ഥമാക്കി.

Plot: ജീവിതം കഷ്ടതകളും പ്രാരാബ്ദവും നിറഞ്ഞതെങ്കിലും പരിശുദ്ധ ഹജ്ജിനു പോകാന്‍ വേണ്ടി ഓരോ നാണയത്തുട്ടൂം നിധിപോലെ കാത്തു സൂക്ഷിക്കുന്ന ദരിദ്രനായ അത്തര്‍ വില്‍പ്പനക്കാരന്‍ അബുവിന്റേയും ഭാര്യ ഐഷുമ്മയുടേയും വാര്‍ദ്ധക്യകാല ജീവിതവും പരിശുദ്ധ ഹജ്ജിനു പോകാനുള്ള പരിശ്രമങ്ങളുമാണ് മുഖ്യപ്രമേയം. ഒപ്പം പുതിയ കാലത്തിനോട് പൊരുത്തപ്പെട്ടു പോകാനാവാതെ മനസ്സില്‍ നന്മ സൂക്ഷിക്കുന്ന അബുവിനോട് സ്നേഹവും കാരുണ്യവും കൊടുക്കുന്ന ശുദ്ധ ഗ്രാമീണരുടെ നേര്‍ ജീവിത ചിത്രവും.

സിനിമയുടെ കഥാസാരം വായിക്കണമെന്നുള്ളവര്‍ക്ക് എം3ഡിബിയുടെ ഈ പേജില്‍ പോകാം

ജീവിത പ്രാരാബ്ദങ്ങള്‍ അനുഭവിക്കുന്ന അബു എന്ന വൃദ്ധനെ സലീംകുമാര്‍ എന്ന നടന്‍ മനോഹരമാക്കി എന്നൊക്കെ പറയുന്നത് തീര്‍ത്തും ക്ലീഷേയാണ്. സലീംകുമാറിന്റെ അബു അഭിനയിക്കുകയാണോ ജീവിക്കുകയാണോ ക്യാമറക്കുമുന്നില്‍ പെരുമാറുകയാണോ എന്നൊക്കെ സന്ദേഹിക്കുമാറ് അത്യുജ്ജലമാക്കിയിരിക്കുന്നു. (‘അവാര്‍ഡ് കൊടുക്കാന്‍ മാത്രം സലീംകുമാര്‍ ഇതില്‍ അഭിനയിച്ചിട്ടുണ്ടോ‘ എന്ന് ഈ സിനിമ കണ്ടതിനു ശേഷം ഏതെങ്കിലും പ്രേക്ഷകന്‍ സംശയിച്ചാല്‍, തീര്‍ച്ചയായും അത് സലീം കുമാറിനുള്ള ബഹുമതി തന്നെയാണ്. കാരണം, അഭിനയം എന്നത് എടുത്തുകാണിക്കാന്‍ പോലുമുള്ള ഇടം കൊടൂക്കാതെ, അബു തിരശ്ശീലയില്‍ സ്വഭാവികമായി തന്റെ ജീവിതം ജീവിച്ചു തീര്‍ക്കുകയാണ്. ഓവര്‍ എക്സ്പ്രെഷന്‍ കൊണ്ടും തൊണ്ടയലറിക്കൊണ്ടുമൊക്കെ കോമാളി കഥാപാത്രങ്ങളെ ചെയ്തിരുന്ന ഒരു നടനാണ് ഇത് സാധിച്ചത് എന്നുള്ളിടത്താണ് അത്ഭുതം) അബുവിന്റെ ഓരോ മാനസിക തലവും പെരുമാറ്റവും വേദനയുമൊക്കെ കാണുമ്പോള്‍ സലീം കുമാര്‍ എന്നൊരു നടനെ നമ്മള്‍ തികച്ചും മറന്നു പോകുന്നു. അബു മാത്രമല്ല ഈ സിനിമയില്‍ അഭിനയിച്ച ഏതൊരു വ്യക്തിയും തികച്ചും സ്വാഭാവികമായിത്തന്നെ കഥാപാത്രങ്ങളെ ചെയ്തിരിക്കുന്നു. സറിനാ വഹാബിന്റെ അഭിനയവും പ്രത്യേകം എടുത്ത് പറയണം (ഗദ്ദാമയിലെ പ്രകടനത്തിനു കാവ്യാ മാധവനു നല്ല നടിക്കുള്ള അവാര്‍ഡ് കൊടുത്തെങ്കില്‍ ഈ ചിത്രത്തിലെ അഭിനയത്തിനു സറീനാ വഹാബിനു ഒമ്പത് അവാര്‍ഡ് കൊടുത്താല്‍ പോലും തെറ്റില്ല) കലാഭവന്‍ മണി, സുരാജ് വെഞ്ഞാറമൂട്, മുകേഷ്, നെടുമുടി വേണു, കലിംഗ ശശി എന്നിവരൊക്കെ അഭിനയത്തില്‍ നന്നായി മികച്ചു നിന്നു. ടി. എന്‍. ഗോപകുമാറിന്റെ അവസാന സമയത്തെ പ്രകടനത്തില്‍ മാത്രമാണ് അല്പം നാടകീയത കാണപ്പെട്ടത്.

ആദാമിന്റെ മകന്‍ അബുവിനെ മികച്ച സിനിമയാക്കുന്നതില്‍ ഏറേ സഹായിച്ചിരിക്കുന്നത് മധു അമ്പാട്ടിന്റെ ക്യാമറ തന്നെയാണ്. വളരെ ഒതുക്കത്തോടെ ചുരുങ്ങിയ സംഭാഷണങ്ങലോടെ മിതത്വം പാലിച്ചിരിക്കുന്ന സീനുകളും തുടര്‍ച്ചയുമൊക്കെ പ്രേക്ഷകനിലേക്ക് ഏറ്റവും കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് ക്യാമറയൊരുക്കിയ ദൃശ്യങ്ങള്‍ക്കൊണ്ടാണ്‍. അബുവിന്റെ ജീവിതവും ഓരോ അവസ്ഥയില്‍ അബു അനുഭവിക്കുന്ന മാനസിക തലവുമൊക്കെ പ്രേക്ഷകനിലേക്ക് കൊണ്ടുവരാന്‍ മധു അമ്പാട്ടിനായിട്ടുണ്ട്. ഒപ്പം സിനിമയില്‍ ഒരു മിസ്റ്ററി പോലെയുള്ള ഉസ്താദിന്റെ അവതരണത്തിനുമൊക്കെ സിലൌട്ട് (silhouette) സങ്കേതം ഉപയോഗിച്ചിരിക്കുന്നത് നന്നായിട്ടൂണ്ട്. ചിത്രത്തിന്റെ പൂര്‍ണ്ണതക്ക് വേണ്ടി അളന്നു മുറിച്ചതെന്ന പോലെയാണ് മധു അമ്പാട്ടിന്റെ ഷോട്ടൂകള്‍. ഐസക് തോമാസ് കൊട്ടുകാപ്പിള്ളിയുടെ പശ്ച്ചാത്തല സംഗീതവും ചിത്രത്തിന്റെ വിജയത്തിനു പിന്നിലുണ്ട്. മാത്രമല്ല മധു അമ്പാട്ടിന്റെ ഫ്രെയിമുകള്‍ക്കൊപ്പം ഐസക് തോമാസിന്റെ ശബ്ദങ്ങളും ചേരുമ്പോള്‍ പ്രേക്ഷകനു കിട്ടുന്ന ഭാവതലം മനോഹരംതന്നെയണ്. വിശാലമായി പച്ചപ്പന്തല്‍ വിരിച്ചു നില്‍ക്കുന്ന പ്ലാവിനോട് ചേര്‍ന്ന് കലാസംവിധായകന്‍ ജ്യോതിഷ് ഒരുക്കിയ അബുവിന്റെ വീടും വീടിനോട് ചേര്‍ന്ന് ഒരുക്കിയ പ്രോപ്പര്‍ട്ടികളും അനുബന്ധ ഘടകങ്ങളുമൊക്കെ തികച്ചും സ്വാഭാവികതയൊരുക്കിയിട്ടുണ്ട് (എങ്കിലും അതി സമീപ ദൃശ്യങ്ങളില്‍ ചിലയിടത്തൊക്കെ സെറ്റാണെന്നു മനസ്സിലാക്കന്‍ പറ്റുന്നു എന്ന ചെറിയ ന്യൂനതയുമുണ്ട്) റസാഖ് തിരൂര്‍ ഒരുക്കിയ വസ്ത്രാലങ്കാരവും മികച്ചതു തന്നെ. സിനിമയില്‍ പലപ്പോഴും കലാസംവിധായകനും വസ്ത്രാലങ്കക്കാരനും ക്യാമാറാമാനും കൂടിച്ചേരുമ്പോള്‍ അതിമനോഹരമായ പെയിന്റിംഗുകള്‍ പോലെ ഉജ്ജ്വല ഫ്രെയിമുകള്‍ പ്രേക്ഷകനു കിട്ടൂന്നുണ്ട്.

മലയാളാ സിനിമയിലെ പതിവു ക്ലീഷേകള്‍ക്കുള്ള ഒരു പാട് സന്ദര്‍ഭങ്ങള്‍ ഈ സിനിമയിലുണ്ടെങ്കിലും സംവിധായകന്‍ കൂടിയായ തിരക്കഥാകൃത്തിന്റെ പാടവം അത്തരം സംഭവങ്ങളെ കയ്യടക്കം കൊണ്ട് മനോഹരമാക്കി. കടും വര്‍ണ്ണത്തില്‍ ചാലിച്ച സെന്റിമെന്റല്‍ സീക്വസുകളും, ചര്‍വ്വിതചര്‍ണ്ണചെയ്യപ്പെട്ട സംഭാഷണങ്ങളുമൊക്കെ പടിക്ക് പുറത്തു നിര്‍ത്തിത്തന്നെയാണ് അബുവിന്റെ ജീവിതം തിരക്കഥയാക്കപ്പെട്ടിരിക്കുന്നത്. മികച്ച തിരക്കഥക്ക് സലീം അഹമ്മദ് സംസ്ഥാന പുരസ്കാരം നേടിയെങ്കില്‍ അത് വെറുതെയല്ല തന്നെ.

മട്ടന്നൂര്‍ സ്വദേശിയായ സലീം അഹമ്മദിനു തന്റെ ജീവിതപരിസരത്തുനിന്നാണത്രെ ഈ അബുവിനെ ലഭിക്കുന്നത്. തന്റെ ഓര്‍മ്മകളില്‍ എപ്പോഴും കടന്നു വരുന്ന, യുനാനിഗുളികകളും അത്തറും നിറച്ച മാറാപ്പേന്തി നാട്ടുവഴികളിലുടേ യാത്രചെയ്യുന്ന അബുവിനെ എട്ട് വര്‍ഷം മുന്‍പാണ് ഒരു സിനിമയാക്കാന്‍ സലീം ശ്രമം തുടങ്ങുന്നത്. സുഹൃത്തായ അഷറഫ് ബേദിയുടെ സഹകരണവും സിനിമക്ക് വഴി തുറക്കാന്‍ കാരണമായി. ബിരുദ പഠനത്തിനു ശേഷം ടൂറിസം ഡിപ്ലോമയും പൂര്‍ത്തീകരിച്ച സലീം, സിനിമാ മോഹങ്ങളെ താലോലിച്ച് കൊണ്ട് തന്നെ പല ജോലികളും ചെയ്തെങ്കിലും ജി.എസ്. വിജയന്റെ സാഫല്യം എന്ന ചിത്രത്തില്‍ തിരക്കഥാ പങ്കാളി ആയിട്ടാണ് തുടങ്ങുന്നത്. പിന്നീട് ജയരാജ് ചിത്രങ്ങളായ താലോലം, ശാന്തം, കരുണം എന്നീ സിനിമകളിലും ശ്യാമപ്രസാദിന്റെ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ആദ്യ ചിത്രത്തിലും അണിയറപ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ട് തന്റെ സിനിമാ ജീവിതം ആരംഭിച്ചു.

ആദ്യചിത്രത്തിലൂടേ നിര്‍മ്മാതാവ്, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, വിതരണം എന്നീ സമസ്തമേഖലകളിലും കൈവച്ചാണ് സലീം അഹമ്മദ് പ്രവേശിച്ചിരിക്കുന്നത്. ആദ്യ സ്വതന്ത്ര സംരംഭം വെറുതെയായില്ല, ഒരു സംവിധായകന്റെ ആദ്യചിത്രത്തിനു ഇത്രയും പുരസ്കാരങ്ങള്‍ ഒരുമിച്ച് കിട്ടുന്നത് ഒരു പക്ഷെ മലയാളത്തില്‍ വിരളമായിരിക്കും. പുരസ്കാരങ്ങളേക്കാളുപരി, ഏതു ആസ്വാദനനിലവാരത്തിലുമുള്ള പ്രേക്ഷകനെ സംതൃപ്തിപ്പെടൂത്താനും സാധിച്ചിട്ടുണ്ട്. എന്തായാലും ആദാമിന്റെ മകന്‍ അബു നിലവിലെ ചില പൊതുധാരണകളെ തകിടം മറിച്ചിട്ടുണ്ട് എന്ന്‍ പറയാതെ വയ്യ. (അവാര്‍ഡ് പ്രഖ്യാപനത്തോടേ ആദ്യം ഞെട്ടിയത് പ്രഗത്ഭരെന്നു സ്വയം കരുതുന്ന/നടീക്കുന്നവരുടേ ആത്മബോധമായിരുന്നു. ഈ സിനിമ കാണുന്നതോടേ ഞെട്ടലുകള്‍ പൂര്‍ണ്ണമാവുകയും ചെയ്യും) അതിന്റെ മുഴുവന്‍ ക്രെഡിറ്റും സംവിധായകന്‍ സലീം അഹമ്മദിനു തന്നെയാണ്. മുഖ്യാധാ‍രാ സിനിമകളുടെ വെളിമ്പറമ്പുകളില്‍ കോമാളികളെന്നു അണിയറക്കാരും പ്രേക്ഷകനും കരുതിയിരുന്ന ചില അഭിനേതാക്കളെ അഭിനയത്തിന്റെ കേന്ദ്രകഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുക എന്ന ദൈത്യം ഒരു പുതു സംവിധായകന്‍ തന്റെ ആദ്യചിത്രത്തിലുടെ പ്രാവര്‍ത്തികമാക്കി എന്നു മാത്രമല്ല, തന്റെ ദൈത്യം ശരിയായിരുന്നു എന്ന് വിജയിപ്പിച്ച് കാണിക്കുക കൂടീ ചെയ്തു. സുരാജ് വെഞ്ഞാറമൂടും, കലാഭവന്‍ മണിയും, ജാഫര്‍ ഇടുക്കിയുമൊക്കെ സിനിമക്ക് പ്രേക്ഷകനെ കൂട്ടാനുള്ള ടോണിക്കുകളല്ല എന്നുള്ളത് ഈ സിനിമ കാട്ടിത്തരുന്നുണ്ട്. കൂടാതെ, കച്ചവട സിനിമയിലെ പ്രശസ്ഥ താരങ്ങളെ എങ്ങിനെ ഫലപ്രദമായി ഇത്തരം സിനിമകളില്‍ ഉപയോഗിക്കാമെന്നതിനും ഇതൊരു ഉദാഹരണമാണ്.

എഴുത്തിലും അഭിനയത്തിലും സാങ്കേതികത്വത്തിലുമെന്നല്ല ഓരോ അംശത്തിലും പൂര്‍ണ്ണത അവകാശപ്പെടാവുന്ന അതിമനോഹരമായ ഈ ചിത്രം, മലയാളത്തില്‍ നല്ല സിനിമകളില്ല, പുതുമകളില്ല, എന്നു അലറിക്കരയുന്നവര്‍ക്ക് ഒരു ചുട്ട മറുപടിയാണ് അബുവിന്റെ ഈ വാര്‍ദ്ധക്യകാല ജീവിതം. അതും ക്ലീഷേകളുടെ കടും വര്‍ണ്ണങ്ങളില്ലാതെ, ചര്‍ദ്ദിക്കാന്‍ തോന്നുന്ന തമാശകളില്ലാതെ, സദാചാര - ഉപദേശ പ്രസംഗങ്ങളില്ലാതെ തികച്ചും ശാന്തമായൊഴുകുന്ന നദി പോലൊരു ചിത്രം. കൂടാതെ, തിരക്കഥയിലും അഭിനയത്തിലും സാങ്കേതികതയിലുമൊക്കെ എങ്ങിനെ മിതത്വം പാലിക്കാമെന്ന് മുഖ്യധാരയിലെ പതിവു ഹിറ്റ് മേക്കേര്‍സിനു ഒരു പാഠവുമാണ് . ഈ സിനിമ നിങ്ങള്‍ കണ്ടില്ലെങ്കില്‍...മലയാളത്തിലെ നല്ലൊരു സിനിമ നിങ്ങള്‍ക്ക് നഷ്ടപ്പെടുമെന്ന് മാത്രമല്ല, മലയാള സിനിമയെ നാഴികക്ക് നാല്‍പ്പതുവട്ടം കുറ്റം പറയുന്നവരുടെ വാചാടോപങ്ങള്‍ക്ക് ചെവി തരാന്‍ ഏതാനും വിഡ്ഢികള്‍ വരുമായിരിക്കും പക്ഷെ, ഒരു നല്ല പ്രേക്ഷകന്‍ പേരിനു പോലും ഉണ്ടായിരിക്കില്ല എന്നോര്‍ക്കുന്നതു നന്ന്.

വാല്‍ക്കഷണം : കുറച്ച് നാള്‍ മുന്‍പ് വരെ മലയാളം ഓണ്‍ലൈന്‍ സ്പേസിലെ സകല സിനിമാ നിരൂപണ-ആസ്വാദനകുറിപ്പുകളില്‍ ഉണ്ടായിരുന്ന സ്ഥിരം വാചകമായ “സലീം കുമാറും സുരാജ് വെഞ്ഞാറമൂടും ഈ സിനിമയിലുണ്ട് ജാഗ്രത!” എന്ന സംഭാഷണത്തെ ഒന്നു തിരിച്ചിടട്ടെ... സലീം കുമാറും സുരാജ് വെഞ്ഞാറമൂടും ഈ സിനിമയില്‍ ഇല്ല. അങ്ങിനെ രണ്ടു പേരെ ഈ സിനിമയില്‍ ചൂണ്ടിക്കാണിക്കാന്‍ നിങ്ങള്‍ക്കാവില്ല. :) :)