രതിനിർവ്വേദം-സിനിമാറിവ്യൂ

1984 ല്‍ ഇറങ്ങിയ ‘മൈഡിയര്‍ കുട്ടിച്ചാത്ത‘നില്‍ അസി. ഡയറക്ടറായിട്ടാണ് ശ്രീ ടി.കെ രാജീവ് കുമാറിന്റെ (എഴുതപ്പെട്ട) സിനിമാ ജീവിതം തുടങ്ങുന്നത്. 1989ലെ ഒരു ഫെസ്റ്റിവല്‍ സീസണില്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളോട് മത്സരിച്ച് മികച്ച വിജയം നേടിയ ‘ചാണക്യന്‍’ എന്ന കമലാഹാസന്‍-ജയറാം-തിലകന്‍ സിനിമയോടെ സ്വതന്ത്ര സംവിധായകനായി. ആദ്യ ചിത്രത്തിനു കേരള ഫിലിം ക്രിട്ടിക്ക് അവാര്‍ഡ്. മലയാളത്തില്‍ ആദ്യമായി ‘അകേല ക്രെയിന്‍‘ ഉപയോഗിച്ചതും ‘ആവിഡ് എഡിറ്റിങ്ങ്‘ തുടങ്ങിയതും ഇദ്ദേഹത്തിന്റെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിലൂടെ. ആ ചിത്രത്തില്‍ നടി മഞ്ജുവാര്യര്‍ക്ക് നാഷണല്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ്(1999). മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് 2000ല്‍ രാജീവ് കുമാര്‍ ഒരുക്കിയ ‘ജലമര്‍മ്മര‘ത്തിനായിരുന്നു. ആ വര്‍ഷം തന്നെ മികച്ച പാരിസ്ഥിതിക വിഷയം കൈകാര്യം ചെയ്ത ചിത്രത്തിനുള്ള ദേശീയ ബഹുമതിയും അതിനു കിട്ടി. 2002 ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് മാത്രമല്ല, മികച്ച സൌണ്ട് റെക്കോര്‍ഡിങ്ങ്,മികച്ച കഥ, അഭിനയത്തിനു ജയറാമിനു സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എന്നിവ രാജീവ് കുമാര്‍ ഒരുക്കിയ ‘ശേഷം’ എന്ന സിനിമക്ക്. ഒരു സിനിമ ത്രൂ ഔട്ട് ‘സ്റ്റഡി കാമില്‍‘ ഷൂട്ട് ചെയ്തത് ഇദ്ദേഹത്തിന്റെ തന്നെ ‘ഇവര്‍’ എന്ന ജയറാം-ബിജുമേനോന്‍-ഭാവന ചിത്രത്തിലൂടെ. ഇങ്ങിനെ സാങ്കേതികമായ വിശേഷണങ്ങളും ബഹുമതികളും രാജീവ്കുമാറിന്റെ ചിത്രങ്ങള്‍ക്ക് ഒരുപാടുണ്ടെങ്കിലും രാജീവ്കുമാറിന്റെ കൊമേസ്യല്‍ സിനിമാ കരിയറില്‍ ശരാശരി വിജയ ചിത്രങ്ങള്‍ മാത്രമേയുള്ളൂ. അതുകൊണ്ട് തന്നെ മുഖ്യധാരയിലെ ജനപ്രിയ ചിത്രങ്ങളിലും പ്രേക്ഷകരുടെ ചുണ്ടുകളിലും ടി.കെ രാജീവ്കുമാറിന്റെ പേരും സിനിമകളും ഓടിയെത്താന്‍ വഴിയില്ല. ഏറ്റവും ഒടുവില്‍ ഏറെ പ്രേക്ഷക പ്രതീക്ഷ നല്‍കിയ ‘ഒരു നാള്‍ വരും’ എന്ന ചിത്രം ഒരിക്കലും വരാത്ത നല്ല സിനിമയുടെ ഓര്‍മ്മപ്പെടുത്തലായി മാറി എന്നുള്ളതാണ് സത്യം.

1978 ല്‍ ഇറങ്ങിയ ഭരതന്‍ - പത്മരാജന്റെ ‘രതി നിര്‍വ്വേദം’ എന്ന ചിത്രം റീമേക്ക് ചെയ്തുകൊണ്ടാണ് ഇപ്രാവശ്യം ടി കെ രാജീവ് കുമാറിന്റെ വരവ്. നീലത്താമര എന്ന പഴയ എംടി പൈങ്കിളി സിനിമയെ പുതിയ കുപ്പായമണിയിച്ച് വിപണിയിലിറക്കി ലാഭം കൊയ്തതിന്റെ അത്യാഗ്രഹം കൊണ്ടാണ് ജി സുരേഷ്കുമാര്‍ രതിച്ചേച്ചിയുടെ കഥയെ പുനരാവിഷ്കരിക്കുന്നത് എന്നത് വ്യക്തം. രതിനിര്‍വ്വേദത്തിനു രതിച്ചേച്ചിയുടേ ഉടലളവുകളുടേയും പപ്പുവിന്റെ ശാരീരികാര്‍ഷണത്തിന്റേയും മാത്രം പുനരാവിഷ്കരണം എന്ന പേരായിരിക്കും കൂടുതല്‍ ചേരുക. 78ല്‍ ഇറങ്ങിയ രതി നിര്‍വ്വേദം ക്രിയേറ്റിവിറ്റിയുടേയും സിനിമ എന്നൊരു മാധ്യമത്തോടുള്ള ആത്മാര്‍ത്ഥതയുടേയും ഫലമായുണ്ടായ നല്ലൊരു സിനിമാ സൃഷ്ടി എന്നതിനപ്പുറം മറ്റൊരു തലമില്ല എന്നതാണ് വാസ്തവം. സര്‍ഗ്ഗ പ്രതിഭകള്‍ ഏതു വിഷയം കൈകാര്യം ചെയ്യുമ്പോഴും അതില്‍ സര്‍ഗ്ഗാത്മകതയുടേ തെളിച്ചങ്ങള്‍ ഉണ്ടാവുന്നു. എന്നാല്‍ പുതിയ രതിനിര്‍വ്വേദം മലയാളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന സെക്സ് തരംഗമുയര്‍ത്തിയ ആവേശത്തിന്റെ ആരവങ്ങളാകുന്നു. ചിത്രത്തിന്റെ അന്ത്യത്തില്‍ രതിചേച്ചിയുടേ(ശ്വേത) മൂടിപ്പുതച്ച മൃതശരീരം ഇടവഴിയിലൂടേ കണ്ണീര്‍ യാത്രയോടെ കൊണ്ടു പോകുമ്പോള്‍ അശ്ലീലം കലര്‍ന്ന കൂക്കുവിളികളോടെ സ്ക്കൂള്‍ കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ തിയ്യറ്ററില്‍ ആരവമുയര്‍ത്തുന്നത് കണ്ട് സുരേഷ്കുമാറും നിര്‍മ്മാതാവായ ഭാര്യ മേനകയും വീട്ടീലിരുന്ന് ആനന്ദിക്കുന്നുണ്ടാകണം.

കഥാസംഗ്രഹം : 1978ലെ ഒരു മദ്ധ്യതിരുവിതാംകൂര്‍ ഗ്രാമത്തില്‍ അനിയത്തിയോടും ചെറിയമ്മയുടെ മക്കളോടുമൊപ്പം അവധിക്കാലം ചിലവഴിക്കുന്ന പപ്പു. അയല്‍ വാസിയായ രതിചേച്ചിയും അവരുടെ കുടൂംബവും . സ്ത്രീയും, പ്രേമവും, കാമവുമൊക്കെ എന്താണെന്നുള്ള അന്വേഷണത്തിന്റെ കൂതുഹലം നിറഞ്ഞ പ്രായത്തില്‍ ഗ്രാമത്തിലെ കുളക്കടവിലെ ഒളിഞ്ഞു നോട്ടവും, ലൈബ്രറിയില്‍ നിന്നും കിട്ടുന്ന ഇക്കിളി പുസ്തകങ്ങളിലും, സുഹൃത്ത് കൊച്ചുമണിയുടെ ഉപദേശങ്ങളിലുമായി പപ്പുവിന്റെ മനസ്സിലും സ്ത്രീയോടുള്ള അഭിനിവേശം വളരുന്നു. അവന്റെ ഫാന്റസികള്‍ ചെന്നെത്തുന്നത് അപ്പുറത്തെ രതിച്ചേച്ചിയിലാണ്. ചെറുപ്പം മുതലേ പപ്പുവിനോട് വാത്സല്യവും ചങ്ങാത്തവും ഉള്ള പപ്പുവിനേക്കാള്‍ മുതിര്‍ന്ന രതിചേച്ചിയൂടെ സ്വാതന്ത്ര്യത്തോടെയുള്ള പെരുമാറ്റവും അവരറിയാതെയുള്ള അവരുടെ ശരീര സ്പര്‍ശനങ്ങളും, പലപ്പോഴും അനാവൃതമാകുന്ന അവരുടെ ശരീരവും പപ്പുവില്‍ രതിചേച്ചിയോടുള്ള കാമ ഭാവനകളുണ്ടാക്കി. ഒരിക്കല്‍ കാവില്‍ വെച്ച് പപ്പു രതിചേച്ചിയെ കടന്നുപിടിക്കുന്നു. പപ്പുവിന്റെ സ്വഭാവമാറ്റത്തില്‍ ദ്വേഷ്യപ്പെട്ട രതിചേച്ചി അടുത്ത ദിവസങ്ങളില്‍ അവനോട് അകലം പാലിക്കുന്നുവെങ്കിലും അവനോടുള്ള സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് വീണ്ടും സൌഹൃദത്തിലാക്കുന്നു. , രതിചേച്ചിയെ ആരോ പെണ്ണൂകാണാന്‍ വന്നതും അടുത്തുതന്നെ വിവാഹിതയാകുമെന്നുള്ളതുമൊക്കെ രതിചേച്ചിയെ അതിഭയങ്കരമായ ഇഷ്ടപെട്ടു തുടങ്ങിയ പപ്പുവിനെ ഭ്രാന്തമായ അവസ്ഥയിലേക്കു നയിക്കുന്നു. പപ്പുവും സൌഹൃദവുമൊക്കെ പിരിയേണ്ടി വരുമെന്നതിനാലും പപ്പുവിനെ സമാധാനിപ്പിക്കാനും ഞാന്‍ ആരേയും വിവാഹം കഴിക്കുന്നില്ല എന്ന രതിചേച്ചിയുടെ പ്രസ്ഥാവം പപ്പുവിനെ ആഹ്ലാദചിത്തനാക്കുകയും രതിചേച്ചിയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് മുറുക്കെ ആലിംഗനം ചെയ്യുകയും ചെയ്യുന്നു. ഇവരുടേ സംസാരവും പ്രവൃത്തിയും കണ്ട രതിയുടെ അമ്മ ഇവരെ തമ്മില്‍ അകറ്റുന്നു, ഇരുവീട്ടൂകാരും പിണങ്ങുന്നു. ക്ലാസ്സോടെ പരീക്ഷ പാസ്സായ പപ്പു അകലെയുള്ള എഞ്ചിനീയറിങ്ങ് കോളേജിലേക്ക് അഡ്മിഷനു പോകാന്‍ തയ്യാറെടുക്കുന്നു. പോകുന്നതിന്റെ തലേദിവസം സന്ധ്യക്ക് കാവില്‍ വെച്ച് കാണണമെന്ന് പപ്പു രതിയെ നിര്‍ബന്ധിക്കുന്നു. കാവില്‍ സംഗമിച്ച അവര്‍ ശാരീരികമായി അടുക്കുന്നു. തിരികെ വീട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന രതിക്ക് സര്‍പ്പദംശനമേല്‍ക്കുന്നു. പിറ്റേ ദിവസം പട്ടണത്തിലേക്ക് പോകാന്‍ ചെറിയച്ഛനുമായി ബസ്സ്റ്റോപ്പിലേക്ക് എത്തുന്ന പപ്പുവിന്റെ മുന്നിലൂടെ വിഷചികിത്സ കിട്ടാതെ മരിച്ച രതിചേച്ചിയുടെ മൂടിപ്പുതച്ച ശവശരീരം ബന്ധുജനങ്ങളോടൊപ്പം വിലാപത്തോടെ കടന്നുപോകുന്നു.

പഴയ തിരക്കഥ മാറ്റങ്ങള്‍ കൂടാതെ അതേപോലെ തന്നെ ചിത്രീകരിച്ചിരിക്കുകയാണ് പുതിയ സിനിമയില്‍. 1978ലെ ഒരു മദ്ധ്യ തിരുവിതാംകൂര്‍ ഗ്രാമത്തിലെ കഥയായിട്ടാണ് ആവിഷ്കാരം. പഴയ കാലഘട്ടം പുനരാവിഷ്കരിക്കുന്നതില്‍ കലാസംവിധായകനും ഛായാഗ്രാഹകനും വിജയിച്ചിരിക്കുന്നു. പക്ഷെ, പഴയ സിനിമയുടെ ആത്മാവിനെ ആവാഹിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിരിക്കുന്നു. പഴയ രതിനിര്‍വ്വേദത്തില്‍ കൌമാരം കടന്ന പപ്പുവിന്റെ മാനസിക നിലയും ചിന്തകളുമൊക്കെ ഭംഗിയായി വരച്ചു ചേര്‍ത്തിട്ടുണ്ടായിരുന്നു. കുളിക്കടവിലെ ഒളിഞ്ഞു നോട്ടത്തിലും മുതിര്‍ന്ന കൂട്ടുകാരുടെ പ്രണയത്തെപറ്റിയുള്ള സംസാരിങ്ങളിലൂം വേലക്കാരന്‍ കൊച്ചുമണിയുടെ ഉപദേശങ്ങളിലുമൊക്കെയായി പപ്പുവില്‍ പ്രണയ-കാമ ചിന്തകള്‍ ഉണരുകയും അത് രതിചേച്ചിയിലേക്ക് സന്നിവേശിക്കുകയും ചെയ്യുന്നതൊക്കെ നല്ലൊരു ഒഴുക്കോടെ കൃത്യമായ വളര്‍ച്ചയോടേ ഭരതനും പത്മരാജനും ആവിഷ്കരിക്കാന്‍ പറ്റി, പക്ഷെ രതിനിര്‍വ്വേദം ടി.കെ രാജീവ് കുമാറിലെത്തുമ്പോള്‍ പഴയതില്‍ നിന്ന് പപ്പു കാഴ്ചക്ക് കുറച്ച് മുതിര്‍ന്നവനും, സിനിമയുടെ തുടക്കം മുതലേ രതിചേച്ചിയുടെ ഒളിഞ്ഞു നോട്ടക്കാരനുമാകുന്നു. സിനിമയുടെ പകുതിവരെ, പപ്പുവിന്റെ ഒളിഞ്ഞു നോട്ട കാഴ്ചകള്‍ മാത്രമേയുള്ളു. രതിചേച്ചിയായ ശ്വേതാമേനോന്റെ ശരീരകാഴ്ചകള്‍ (പ്രേക്ഷകനെ കാണിക്കാന്‍ വേണ്ടിമാത്രം) പപ്പുവിന്റെ ഒളിഞ്ഞുനോട്ടത്തിനുള്ള അവസരങ്ങള്‍ നിര്‍ലോഭം ഒരുക്കിക്കൊടുത്തിരിക്കുന്നു. രതിചേച്ചി, പലപ്പോഴും സാരിയുടെ മുന്താണി അഴിഞ്ഞു വീഴുന്ന, പലപ്പോഴും സാരിയില്ലാത്ത വേഷത്തില്‍ മുളകരക്കുന്ന, മേല്‍മുണ്ടില്ലാതെ ജോലിചെയ്യുന്ന, അരിയാട്ടുന്ന നഗ്നതാപ്രദര്‍ശനങ്ങള്‍ മാത്രമാകുന്നു. സിനിമയുടെ ആദ്യ പകുതി ഇങ്ങിനെ മുറിച്ചു വെച്ച, ഇണക്കങ്ങളില്ലാത്ത കഷണങ്ങളാണ്. പഴയ സിനിമയിലെ സീനുകള്‍ തമ്മിലുള്ള അടുക്കവും ഒഴുക്കും പുതിയ ചിത്രത്തിനു സൃഷ്ടിക്കാനായില്ല.

പഴയ ഒരു കലാസൃഷ്ടി പുനര്‍സൃഷ്ടിക്കുമ്പോള്‍ പഴയതിനോട് താരതമ്യം ചെയ്യുക സ്വാഭാവികം. ആ രീതിയില്‍ പുതിയ രതിനിര്‍വ്വേദത്തിന്റെ എല്ലാ അംശവും പ്രേക്ഷകനെ നിരാശപ്പെടുത്തുന്നു. രതിചേച്ചിയായെത്തുന്ന ജയഭാരതിയുടെ പ്രകടനത്തിനു മുന്നില്‍ ശ്വേതാമേനോന്റെ പ്രകടത്തിനു സ്വാഭാവികതയോടെ ചെയ്യാന്‍ പറ്റി എന്നതിലപ്പുറം രതിചേച്ചിയുടെ കുസൃതി തുളുമ്പുന്ന സ്വഭാവവും സംസാരശൈലിയും പപ്പുവിനോടുള്ള വാത്സല്യവും ഒന്നും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. തനിക്കു കിട്ടിയ രണ്ടാമത്തെ ചിത്രത്തിള്‍ പാകതകളില്ലാതെ അഭിനയിച്ചു എന്നതാണ് ശ്രീജിത്ത് അവതരിപ്പിക്കുന്ന പപ്പുവിന്റെ മേന്മ. ആദ്യ ചിത്രമായിരിന്നിട്ടും കൃഷ്ണചന്ദ്രന്‍ ഇതിലുമെത്രയോ ഭംഗിയായി പപ്പുവിനെ ഉള്‍കൊണ്ടിരിക്കുന്നു. പുതിയ ചിത്രത്തില്‍ പപ്പുവിന്റെ അമ്മയായി വരുന്ന ശോഭാമോഹനു എല്ലാ ചിത്രത്തിലുമെന്നപോലെ, ഉടയാത്ത സെറ്റുമുണ്ടും നേര്യതും അണിഞ്ഞു നിന്ന് എന്നത്തേയുമ്പോലെ തന്നെ ‘അഭിനയിക്കാന്‍’ കഴിഞ്ഞു. പുതിയ ചിത്രത്തില്‍ കെ.പി എ സി ലളിതയാണ സ്വാഭാവിക അഭിനയം കൊണ്ട് മുന്നിട്ടു നില്‍ക്കുന്നത്. മറ്റെല്ലാ കഥാപാത്രങ്ങളും സംവിധായകന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമേ ചെയ്യുന്നുള്ളു. പഴയതില്‍ ബഹദൂര്‍ അവതരിപ്പിച്ച കൊച്ചുമണി എന്ന വേലക്കാരന്‍ കഥാപാത്രത്തെ പുതിയതില്‍ വെട്ടിക്കളഞ്ഞ് പകരം കൊച്ചുമണിയെ വിത്തുകാളയുമായി ഊരുചുറ്റുന്ന മന്ത്രവാദി കഥാപാത്രമായി ഗിന്നസ് പക്രു അവതരിപ്പിക്കുന്നു. ചിത്രത്തിനൊട്ടൂം ചേര്‍ന്നുനില്‍ക്കാത്ത അതിനാടകീയമായ ദൃശ്യങ്ങളായി അതൊക്കെ മാറുന്നുമുണ്ട്. പഴയതില്‍ സോമന്‍ അഭിനയിച്ച പട്ടാളക്കാരനെ പുതിയതില്‍ അവതരിപ്പിക്കുന്ന ഷമ്മി തിലകല്‍ പലപ്പോഴും അമിതാഭിനയത്തിലേക്കും കോമാളി നിലവാരത്തിലേക്കും പോകുന്നുണ്ട് (പക്ഷെ, തിയ്യറ്ററില്‍ നല്ല കയ്യടി ഏറ്റുവാങ്ങുന്നുണ്ട്.)

1978ലെ മദ്ധ്യതിരുവിതാംകൂര്‍ ഗ്രാമമെന്നു തുടക്കത്തില്‍ എഴുതിക്കാണിക്കുകയും ചിത്രീകരത്തില്‍ അതിന്റെ പ്രാദേശിക പ്രത്യേകതകളുമൊക്കെ നന്നായി ആവിഷ്കരിക്കുന്നുണ്ടെങ്കിലും മൊത്തം കഥാപാത്രങ്ങളുടെ സംസാരം പക്ഷെ, അത്തരമൊരു പ്രാദേശികത്വം തോന്നിപ്പിക്കുന്നില്ല (കെ പി എസി യുടെ സംസാരശൈലി മാത്രമാണ് പലപ്പോഴും നീതിപുലര്‍ത്തുന്നത്) മുരുകന്‍ കാട്ടാക്കടയുടെ ഗാനരചനയില്‍ എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ഇമ്പമാര്‍ന്നതാണെങ്കിലും അവസാന രണ്ടു ഗാനരംഗങ്ങളുടെ ചിത്രീകരണം (അതിനുപയോഗിച്ച നൃത്തവും എഡിറ്റിങ്ങുമെല്ലാം) ചിത്രത്തിന്റെ മൊത്തം രീതിയില്‍ നിന്നും മാറിനില്‍ക്കുന്നുണ്ട്. (തന്റെ തന്നെ ‘തച്ചോളിവര്‍ഗ്ഗീസ് ചേകവരി‘ല്‍ ഉപയോഗിച്ച ‘ഷാഡോ ഡാന്‍സി‘ന്റെ ഹാങ്ങോവര്‍ രാജീവ്കുമാറീനെ ഇപ്പോഴും വിട്ടൂപോയിട്ടില്ല) മോഹന്‍ ദാസ് ഒരുക്കിയ കലാസംവിധാനം മികച്ചത് തന്നെ പഴയ കാലഘട്ടം അതേപോലെ ഒരുക്കുവാല്‍ കഴിഞ്ഞിരിക്കുന്നു (എങ്കിലും പപ്പു ലൈബ്രറിയില്‍ നിന്ന് പമ്മന്റെ വഷളന്‍ എന്ന പുസ്തകം വായിക്കാനെടുക്കുന്ന ദൃശ്യത്തില്‍ ആ പുസ്തകത്തിന്റെ ടൈറ്റില്‍ -കവര്‍- ഡിസൈന്‍ ഇക്കാലത്തെ മലയാളം കമ്പ്യൂട്ടര്‍ അക്ഷരങ്ങള്‍!!) കുക്കു പരമേശ്വരന്‍ ഒരുക്കിയ വസ്ത്രാലങ്കാരം കൊള്ളാം. പി വി ശങ്കറിന്റെ ചമയം പക്ഷെ 78 കാലത്തെ രീതിയിലേക്ക് തീരെ ഇണങ്ങുന്നില്ല എന്നു മാത്രമല്ല മണിയന്‍ പിള്ള രാജുവിന്റെയും ഗിന്നസ് പക്രവുന്റേയും ചമയങ്ങള്‍ക്ക് വല്ലാത്ത കൃത്രിമത്വം. മലയാളത്തില്‍ ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളില്‍ തികഞ്ഞ മേക്കപ്പും ഉലയാത്ത പുത്തന്‍ വസ്ത്രങ്ങളുമായി പ്രധാന കഥാപാത്രങ്ങളെ കാണുന്നത് പതിവു കാഴ്ചയാണല്ലോ, ഈ സിനിമയും അതില്‍ നിന്നു വ്യതിചലിക്കുന്നില്ല.

പഴയ രതി നിര്‍വ്വേദത്തില്‍ നല്ല സിനിമയുണ്ടായിരുന്നു. ആ സിനിമയുടെ പിന്നണിയിലുള്ളവര്‍ക്ക് പ്രതിഭയുണ്ടായിരുന്നു. ആ കലാസൃഷ്ടിയില്‍ ആത്മാര്‍ത്ഥയുണ്ടായിരുന്നു. പക്ഷെ ജി. സുരേഷ്കുമാറീന്റെ നേതൃത്വത്തില്‍ ടി കെ രാജീവ് കുമാര്‍ തുണിയഴിച്ചുകാണിച്ച പുതിയ രതിനിര്‍വ്വേദം സ്ത്രീ നഗ്നതയുടെ ഒളിഞ്ഞുനോട്ടത്തില്‍ അഭിരമിക്കുന്ന മലയാളി ആണ്‍സമൂഹത്തിനുള്ള ദൃശ്യവിരുന്നു മാത്രമായിപ്പോകുന്നു.

അണിയറപ്രവർത്തകരുടെ കൂടുതൽ വിവരങ്ങളും മറ്റു കൗതുകങ്ങളുമൊക്കെ അടങ്ങിയ  പുതിയ രതിനിർവ്വേദത്തിന്റെ ഡാറ്റാബേസ് പേജ് ഇവിടെ ലഭ്യമാണ്.

(വാല്‍ക്കഷണം : ഒരു പക്ഷെ പഴയ രതിനിര്‍വ്വേദം കാണാത്തവര്‍ക്ക് ഇത് ഒരു പുതിയ സിനിമ എന്ന രീതിയില്‍ കണ്ടാല്‍ ഭേദപ്പെട്ട സിനിമയായി തോന്നാം, കാരണം താരരാജാക്കന്മാര്‍ക്ക് വേണ്ടിയുള്ള ‘മലയാളം സംസാരിക്കുന്ന തെലുങ്കു സിനിമ’ കള്‍ക്കിടയില്‍ പുതിയ രതിനിര്‍വ്വേദം ഒരു ഭേദപ്പെട്ട സിനിമയെന്ന് പറയേണ്ടി വരും. കാരണം, കഥയും പശ്ചാത്തലവും അഭിനയവുമൊക്കെ മറ്റു കോപ്രായങ്ങളില്‍നിന്നും വളരെ ഭേദപ്പെട്ടതുതന്നെ.)

Contributors: