പുതിയ തീരങ്ങൾ - സിനിമാ റിവ്യൂ

ശരാശരി മലയാളിയുടെ ജീവിത പ്രാരാബ്ദങ്ങളും സ്വപ്നങ്ങളും പ്രണയങ്ങളും കൊച്ചു കൊച്ചു കുസൃതികളുമൊക്കെ നാട്ടു പച്ചയുടെ പശ്ചാത്തലത്തിൽ നർമ്മ മധുരമായ മുഹൂർത്തങ്ങൾ കൊണ്ട് കോറിയിട്ടവയായിരുന്നു സത്യൻ അന്തിക്കാടിന്റെ പഴയ കാല സിനിമകൾ. ഇന്നും ഓൺലൈനിലും പുറത്തും ഗൃഹാതുരതയോടെ മലയാള സിനിമാ പ്രേക്ഷകർ പലപ്പോഴും പങ്കുവെയ്ക്കുന്ന സിനിമാ മുഹൂർത്തങ്ങളും സത്യന്റെ പഴയ സിനിമകളാണ്. മലയാളിയുടെ ജീവിത ഭാഷണങ്ങളിൽ പലപ്പോഴും സന്ദർഭങ്ങളെ വ്യക്തമാക്കുന്ന സംഭാഷണങ്ങൾ പോലും ആ സിനിമകളിൽ നിന്നു തന്നെയാണ്. ‘പവനായി ശവമായി’, ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’, ‘പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്”,‘ഞാൻ പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ല’ ഇങ്ങിനെ പോകുന്നു. ദാസനും വിജയനും, തങ്കമണിയും, തട്ടാനും, വെളിച്ചപ്പാടും, ഹാജ്യാരുമൊക്കെ മലയാളി ജീവിതത്തിന്റെ സിൽ വർ സ്ക്രീൻ കാരിക്കേച്ചറുകളായിരുന്നു. കാലം മാറവേ, സിനിമയും മാറി, ശരിക്കും പറഞ്ഞാൽ സത്യൻ അന്തിക്കാടും മാറി.പക്ഷെ, “മണ്ണിലിറങ്ങിയ കഥാപാത്രങ്ങളുള്ള ഗ്രാമീണ നന്മ” എന്ന ബ്രാൻഡു മാത്രം ബാക്കിയായി.‘സുരക്ഷിതവിജയം’ നേടുന്ന പാതിവെന്ത പിന്തിരിപ്പൻ സിനിമകൾ,  പ്രചരിച്ചു പോയ ആ ബ്രാൻഡിന്റെ പുറത്ത് നിർമ്മിച്ച് വിൽക്കുന്ന അസ്സലൊരു ബ്രാൻഡ് മുതലാളി മാത്രമായി സത്യൻ അന്തിക്കാട്. ബ്രാൻഡിന്റെ പഴയ ക്വാളിറ്റിയും ഈടുമൊക്കെ ഇപ്പോഴുമുണ്ടാവുമെന്ന് വിശ്വസിക്കുന്ന  ഒരു കൂട്ടം ഉപഭോക്താക്കൾ ഇപ്പോഴുമുണ്ടെന്ന് ഒരു പക്ഷെ സത്യൻ അന്തിക്കാട് വിശ്വസിക്കുന്നുണ്ടാവണം.

നീണ്ട ഇടവേളക്കു ശേഷം ഇത്തവണ മറ്റൊരു തിരക്കഥാകൃത്താണ് (ബെന്നി പി നായരമ്പലം) സത്യനു വേണ്ടി തിരക്കഥയെഴുതുന്നത്. അഭിനയിക്കുന്നവരിൽ പലരും സത്യന്റെ സ്ഥിരം സിനിമാ അഭിനേതാക്കളല്ല. സൂപ്പറോ അല്ലാത്തതോ ആയ നായക നടനുമില്ല. മാത്രമല്ല ഇതൊരു ന്യൂ ജനറേഷൻ മൂവി കൂടിയാണെന്ന് സംവിധായകൻ സിനിമക്കു മുൻപിറങ്ങിയ പ്രൊമോഷനിലും പറഞ്ഞിരിക്കുന്നു. ഇതൊക്കെത്തന്നെ സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ആകർഷക ഘടകങ്ങൾ തന്നെയാണ്. മാത്രമല്ല, കഴിഞ്ഞ കുറച്ചു നാളുകളായി ഇറങ്ങിയ സിനിമകളൊക്കെത്തന്നെ സത്യൻ അന്തിക്കാടിനോടുള്ള പ്രേക്ഷകന്റെ പ്രിയം കുറക്കുന്നതും സത്യൻ അന്തിക്കാട് ഇനി മറ്റാരുടേയെങ്കിലും തിരക്കഥ സിനിമയാക്കണം എന്ന അഭിപ്രായം ഉണ്ടാക്കുന്നവയുമായിരുന്നു. അത്തരമൊരു പശ്ചാത്തലത്തിൽ ബെന്നി പി നായരമ്പലവും സത്യൻ അന്തിക്കാടും പുതിയ താരങ്ങളും കൂടി ചേരുന്ന ‘പുതിയ തീരങ്ങൾക്ക്” പുതുമയുണ്ടാകേണ്ടതും സത്യനിലെ പഴയ സംവിധായകനെ കാണിച്ചു തരേണ്ടതുമാണ്. പ്രേക്ഷകന്റെ നിർഭാഗ്യവശാൽ ഇതൊന്നും ഇവിടെ സംഭവിക്കുന്നില്ല എന്നു മാത്രമല്ല. സത്യൻ അന്തിക്കാടിനോടും അദ്ദേഹത്തിന്റെ സിനിമകളോടുമുള്ള സകല പ്രതീക്ഷകളും പ്രിയവും ഇതോടെ അസ്തമിക്കുന്നു എന്നു കൂടി പറയേണ്ടിവരുന്നു.

വാത്സല്യനിധിയായ അച്ഛനേയും കടലമ്മ എടുക്കുന്നതോടെ അനാഥയായ ‘താമര’ എന്ന കൌമാരം കടന്ന പെൺകുട്ടി കടലിനോട് മല്ലിട്ട് ജീവിക്കുന്നതും അവളെ സ്നേഹിക്കുന്ന കടപ്പുറത്തിന്റേയും അവളുടെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് കെ പി എന്നു പേരുള്ള അച്ഛന്റെ പ്രായമുള്ളൊരാൾ കടന്നു വരുന്നതും തുടർന്ന് അവളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളും  കെ പി എന്നയാളുടെ ദുരൂഹത നിറഞ്ഞ ജീവിതവുമൊക്കെയാണ് ‘പുതിയ തീരങ്ങളുടെ’ മുഖപ്രമേയം.

സിനിമയുടെ കഥാസാരവും മറ്റു വിശദവിവരങ്ങളും വായിക്കുവാൻ “പുതിയ തീരങ്ങളു“ടെ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

അനാഥ, കൌമാരം കഴിഞ്ഞ സുന്ദരിപെൺകുട്ടി, അച്ഛന്റെ അമിത സ്നേഹം വാത്സല്യം, അച്ഛന്റെ അപകടമരണത്തോടെ കടപ്പുറത്ത് ഒറ്റക്കായിപ്പോകുന്ന പെൺകുട്ടി, ചിലപ്പോഴൊക്കെ ‘അനാഥപ്പെണ്ണ്’ എന്ന വിളി കേൾക്കേണ്ടീവരുന്ന അവളുടെ സങ്കടം ഇങ്ങിനെ അതിവൈകാരികത നിറഞ്ഞ സ്ഥിരം സന്ദർഭങ്ങൾ, കടപ്പുറ ചിത്രങ്ങളിൽ സ്ഥിരം കാണുന്ന കഥാപാത്രങ്ങൾ, സത്യൻ അന്തിക്കാട് സിനിമകളിൽ മിക്കപ്പോഴും ആവർത്തിക്കുന്ന മിശ്ര വിവാഹ ദമ്പതികളും പ്രശ്നങ്ങളും, ഗ്രാമീണ നന്മ, ഉപദേശി, കുടുംബവും ബന്ധങ്ങളും അച്ഛൻ മക്കൾ ബന്ധങ്ങൾ എന്നിവയെപ്പറ്റിയുള്ള ഉപദേശങ്ങൾ ഇതൊക്കെ ‘പുതിയ തീരങ്ങൾ’ എന്ന സിനിമയിലും ആവർത്തിക്കുന്നുണ്ട്. താമര എന്ന നായികയോട് പ്രേക്ഷകനു സഹാനുഭൂതിയോ വാത്സല്യമോ തോന്നാൻ മാത്രമുള്ള സന്ദർഭങ്ങളൊന്നും തിരക്കഥാകൃത്ത് ഒരുക്കുന്നില്ല. താമരയുടെ അനാഥ ജീവിതത്തിലേക്ക് കടന്നു വരുന്ന ‘കെ പി’(നെടുമുടി വേണു) എന്ന കഥാപാത്രത്തിന്റെ ദുരൂഹതയിലാണ് സിനിമ പിന്നീട് മുന്നോട്ട് പോകുന്നത്. ഒടുക്കം കെ പിയുടെ ദുരൂഹത വെളിവാകുന്ന സന്ദർഭമാകട്ടെ അവിശ്വസനീയവും ലോജിക്കില്ലാത്തതും സിനിമയുടെ കഥാന്ത്യത്തിനു മനപൂർവ്വം കൂട്ടിചേർത്തതെന്ന പോലെയുമായി. ബെന്നിയുടെ തിരക്കഥ ബലഹീനമാണെങ്കിൽ സത്യന്റെ സംവിധാനവും വേണുവിന്റെ ക്യാമറയും മികച്ചൊരു മേക്കിങ്ങ് ഫീലും പ്രേക്ഷകനിലുണ്ടാക്കുന്നില്ല. വേണുവിന്റെ ദൃശ്യങ്ങൾക്ക് എടുത്തു പറയാവുന്ന യാതൊരു പ്രത്യേകതയും ചിത്രത്തില്ല. ‘മീൻ പിടിക്കുന്ന പെൺകുട്ടി’ എന്ന രീതിയിൽ പത്രത്തിലെ സണ്ഡേ സപ്ലിമെന്റിൽ വലിയൊരു സചിത്ര ലേഖനം നായികക്കുറിച്ച് വരുന്നുണ്ട്. എന്നാൽ നായിക വലയുണക്കുന്നതും മീൻ പിടുത്തത്തിനു ശേഷം കടപ്പുറത്തുകൂടെ നടക്കുന്നതുമല്ലാതെ മീൻ പിടിക്കുന്നതോ കടലിനോട് ‘മല്ലിട്ട് ജീവിക്കുന്ന‘തോ ഒന്നും ചിത്രത്തിലൊരിടത്തും കാണിക്കുന്നുമില്ല. പ്രേക്ഷകനിലേക്ക്  വൈകാരികമായി പകരേണ്ട പല ഭാഗങ്ങളും സംവിധായകന്റെ പാളിച്ചകൊണ്ടോ (ബോധപൂർവ്വമെന്നു കരുതുന്നില്ല) മറ്റോ ദുർബലമായിപോകുന്നുണ്ട് പലപ്പോഴും (നായികയുടെ അച്ഛൻ മരണപ്പെട്ടത് കടപ്പുറം അറിയുന്നതും ക്ലൈമാക്സിലെ രംഗങ്ങളും ഉദാഹരണങ്ങൾ) പല സീനുകളും ദൃശ്യവിശദീകരണങ്ങളില്ലാതെ ചില സംഭാഷണങ്ങളാൽ ഒതുക്കിക്കളഞ്ഞിരിക്കുന്നു.

അഭിനയത്തിൽ ‘കെ പി‘ ആയി അഭിനയിച്ച നെടുമുടി വേണു അസ്സലായി. നമിതാപ്രമോദിന്റെ ആദ്യ നായികാ പ്രകടനം കുഴപ്പമില്ല എന്നേ പറയാനാവൂ. എടുത്തുപറയാവുന്ന അഭിനയ മൂഹൂർത്തമൊന്നും കാഴ്ചവെച്ചിട്ടില്ല എങ്കിലും ആദ്യ നായിക വേഷം തീരെ മോശമാക്കിയില്ല. നായകൻ എന്നു പറയാവുന്ന നിവിൻ പോളിയുടേ മോഹനനും പ്രത്യേകതയോ വലിയ പ്രകടനമോ ഇല്ല. എങ്കിലും ഒരു ‘സിനിമാ നായകൻ’ എന്ന സിനിമാറ്റിക്ക് രൂപഭാവങ്ങളില്ലാതെ നാടൻ കഥാപാത്രമാകാൻ രൂപം കൊണ്ട് സാധിച്ചിട്ടൂണ്ട്. ഇന്നസെന്റിന്റെ ഫാദർ വേഷം സ്ഥിരം തന്നെ. നെടുമുടി വേണു കഴിഞ്ഞാൽ എടൂത്തു പറയേണ്ട പ്രകടനം കാഴ്ചവെച്ചത് കേരള കഫേയിലെ ബ്രിഡ്ജ് എന്ന ചെറുസിനിമയിൽ വേലക്കാരിയുടെ വേഷം അഭിനയിച്ച് സിനിമയിൽ സജ്ജീവമായ അഭിനേത്രിയാണ് (പേരു അറിയില്ല) അവരുടെ ഫിലോമിനാമ്മായി എന്ന കഥാപാത്രമാണ് പ്രേക്ഷകനെ ഏറെ രസിപ്പിച്ചതും കയ്യടി വാങ്ങിയതും. ചെമ്പിൽ അശോകന്റെ ഉണിക്കണ്ടൻ, ധർമ്മജൻ ബോൾഗാട്ടിയുടെ ശാർങധരൻ എന്നിവരും വളരെ നന്നായി. സിദ്ധാർത്ഥ്, വിനോദ് കോവൂർ, മല്ലിക എന്നിവരൊന്നും മോശമാക്കിയിട്ടില്ല.

കഴിഞ്ഞ കുറേ വർഷങ്ങളായി സത്യൻ അന്തിക്കാടിന്റെ സിനിമയിലെ സ്ഥിരം സംഗീത സാന്നിദ്ധ്യമായ ഇളയരാജ തന്നെയാണ് പുതിയ തീരത്തിന്റെയും സംഗീത സംവിധാനം. പക്ഷേ, ഇളയ രാജയുടെ സംഗീതത്തിനു പ്രേക്ഷകനെ തൃപ്തിപ്പെടുത്താനും മൂളി നടക്കാനുമുള്ള പാട്ടുകളൊരുക്കാനും സാധിച്ചിട്ടില്ല (കടൽ-കടപ്പുറം സിനിമകളെന്ന് കേൾക്കുമ്പോൾ ഓർമ്മയിൽ വരുന്ന ചെമ്മീൻ, അമരം എന്നീ സിനിമകളുടെ വിജയത്തിന് അതിലെ പാട്ടുകളുടെ സാന്നിദ്ധ്യം എത്രത്തോളമുണ്ടായിരുന്നു എന്ന് വായനക്കാർക്ക് ഊഹിക്കാം. ഇന്നും ഓർത്തിരിക്കുന്നതും മൂളി നടക്കുന്നതുമാണ് അതിലെ പാട്ടുകൾ) പാണ്ഡ്യന്റെ ചമയവും എസ് ബി സതീശന്റെ വസ്ത്രാലങ്കാരവും ബൃന്ദയുടെ നൃത്തച്ചുവടുകളും നന്നായിട്ടുണ്ട്.

പ്ലസ് പോയന്റ്സ് :-

* സിനിമയുടേ ആദ്യപകുതിയിൽ ധർമ്മജൻ ബോൾഗാട്ടിയും, സിദ്ധാർത്ഥയും, ഫിലോമിനമ്മായി ആയി അഭിനയിച്ച നടിയും ഒരുക്കുന്ന നർമ്മ മുഹൂർത്തങ്ങൾ.
* അധികം കണ്ടു പരിചിതരല്ലാത്ത അഭിനേതാക്കളുടെ സാന്നിദ്ധ്യവും സ്വാഭാവികമായ പ്രകടനവും
* കുഴപ്പമില്ലാത്ത ആദ്യപകുതി.
* ഹാസ്യം, ന്യൂ ജനറേഷൻ സിനിമ, വിപ്ലവം, പൊളിച്ചെഴുത്ത് എന്ന ലേബലിൽ കുത്തിത്തിരുകുന്ന ദ്വയാർത്ഥപ്രയോഗങ്ങൾ, തെറി, അവിഹിതം, മദ്യപാനരംഗങ്ങൾ എന്നിവയില്ലാത്തത്.

 

വാൽക്കഷ്ണം:-  സിനിമയുടെ ടൈറ്റിൽ സീനിൽ കൌതുകകരമായ ഒരു സംഗതിയുണ്ട്. രാത്രിയിൽ ദൃശ്യമാകുന്ന കടലും കടപ്പുറവും വഞ്ചിയും വലയുമൊക്കെയുള്ള ഫ്രെയിമിൽ കെട്ടിയിട്ട വലയിലെ ചരടിൽ കോർത്തിണക്കിയ പോലെയും തീരത്തെഴുതിയ അക്ഷരങ്ങൾ തിര വന്നു മായ്ച്ചു കളയുന്നപോലെയും അങ്ങിനെ ചലിക്കുന്ന അക്ഷരങ്ങളായാണ് ടൈറ്റിൽ ഗ്രാഫിക്സ്. ഒടുവിൽ സംവിധാനം സത്യൻ അന്തിക്കാട് എന്ന് എഴുതിക്കാണിക്കുന്നത്  ഇളകുന്ന വെള്ളത്തിനു മീതെ അക്ഷരങ്ങൾ വഞ്ചിയെന്നപോലെ വെള്ളത്തിലിളകുന്ന ഗ്രാഫിക്സിലാണ്. സത്യൻ അന്തിക്കാട് എന്ന അക്ഷരങ്ങൾ പാതി മുങ്ങിയും പൊങ്ങിയും പിന്നേയും മുങ്ങി...അക്ഷരങ്ങൾ ഇങ്ങിനെ വെള്ളത്തിൽ....ഉള്ളിലൊരു ചിരി വന്നുപോയി!! കഴിഞ്ഞ കുറേ നാളായി സത്യൻ അന്തിക്കാടെന്ന സംവിധായകന്റെ അവസ്ഥയും മറ്റൊന്നല്ല. പാതി മുങ്ങിയ വഞ്ചിയെപ്പോലെ. ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ ബോധ്യമായി പാതി മുങ്ങിയ ഈ വഞ്ചിയ്ക്ക് ഇനിയൊരു രക്ഷ സാദ്ധ്യമല്ല തന്നെ. വെള്ളം കയറി അതിങ്ങനെ മുങ്ങി മുങ്ങി അപ്രത്യക്ഷമാകും.

Contributors: 

പിന്മൊഴികൾ

ബ്രിഡ്ജില്‍ വേലക്കാരി തള്ള ആയി അഭിനയിച്ച അഭിനേത്രിയുടെ പേര് മോളി... കണ്ണമാലി കടപ്പുറത്ത് നിന്നാണ് സത്യന്‍ അന്തിക്കാട്‌ അവരെ കണ്ടെത്തിയത്... പണ്ടത്തെ ചവിട്ടുനാടകം കലാകാരി ആണ്... മോളി ആന്‍റി റോക്ക്സ് !!!

വെള്ളം കയറി അതിങ്ങനെ മുങ്ങി മുങ്ങി അപ്രത്യക്ഷമാകും.....

ജി. നിശീകാന്ത്

ഒരു സ്ഥിരം സത്യന്‍ അന്തിക്കാട് ചിത്രം. പ്രത്യേകിച്ച് പുതുമകള്‍ ഒന്നുമില്ല. ആകെ ഒരു സമാധാനം മലയാള സിനിമയില്‍ സജീവമായി ഇപ്പോള്‍ കണ്ടുവരുന്ന 'അവിഹിതം' ഇതില്‍ ഇല്ല എന്നതാണ്. :-)