ട്രിവാൻഡ്രം ലോഡ്ജ് - സിനിമാ റിവ്യൂ

Trivandrum Lodge

അവിവാഹിതനായ ഒരു ശരാശരി മലയാളി യുവാവിന് സ്ത്രീകളെക്കുറിച്ചുള്ള അരാജക ഭാവനകളുടെ ദൃശ്യ സംഭാഷണ സങ്കലനമാണ്  വികെ പ്രകാശ് സംവിധാനവും പുതിയ പത്മരാജനാകാൻ കച്ചകെട്ടിയിറങ്ങിയ അനൂപ് മേനോനും നടൻ ജയസൂര്യയും ചേർന്നൊരുക്കിയ “ട്രിവാണ്ട്രം ലോഡ്ജ് “ എന്ന് ചുരുക്കിപ്പറയാം.

സ്ത്രീ വെറും ഭോഗ ശരീരമെന്നു കരുതുന്ന ഒരുപാട് അന്തേവാസികളുടെ താമസസ്ഥലമായ ഒരു ലോഡ്ജാണ് കഥാപരിസരം. സമ്പന്നനായ ഈ ലോഡ്ജ് ഉടമ രവിശങ്കറാകട്ടെ(അനൂപ് മേനോൻ) അന്തരിച്ച ഭാര്യയുടെ  ‘ഈ ലോഡ്ജ് ഇതേപോലെ നിലർത്തണം’ എന്ന ആഗ്രഹത്തിനു വാക്കു കൊടൂത്തതുകൊണ്ട് ലൈംഗികദാഹികളായ പുരുഷന്മാരെ മാത്രം താമസിപ്പിച്ച് ലോഡ്ജ് നില നിർത്തുകയാണത്രേ. അന്തേവാസികളിൽ മിക്കവരും സ്ത്രീയെന്ന ‘മിത്തിനു’ ചുറ്റും വട്ടമിട്ടു പറക്കുന്നവരാണ്. ആഗ്രഹം തീർക്കുന്നവരും തീർക്കാനിരിക്കുന്നവരും., അവസരം ലഭിക്കാത്തവരുമായി നിരവധി പേർ. ഇതിൽ അബ്ദു (ജയസൂര്യ) ഒരു പേടിത്തൊണ്ടനും സെക്സ് മാനിയാക്കുമാണ്. അവനു അവസരങ്ങൾ ലഭിക്കുന്നില്ല, ലഭിച്ചാലും ഉപയോഗപ്പെടൂത്താൻ പറ്റുന്നില്ല. സെക്സ് കഥകൾ നിറഞ്ഞ കൊച്ചുപുസ്തകങ്ങളാണവന്റെ ലൈംഗിക വിശപ്പ് തീർക്കുന്നത്..അന്തേവാസികൾ ഇങ്ങിനെയെങ്കിൽ ലോഡ്ജിനു പുറത്തുള്ള കഥാപാത്രങ്ങളിലും ഈ കാര്യത്തിൽ മാറ്റമൊന്നുമില്ല.വിവാഹമോചനത്തോടെ കൊച്ചിയിലെത്തി താമസം തേടുന്ന നായികക്ക് മോഹം രണ്ടാണ്. ഒന്ന് കൊച്ചിയെ പശ്ച്ചാത്തലമാക്കി നോവലെഴുതണം, മറ്റൊന്ന് ‘ഒരുത്തന്റെ’ ഒപ്പം ശയിക്കുക, പലരേയും പ്രലോഭിപ്പിക്കുക അങ്ങിനെ അതിന്റെ സുഖം അനുഭവിക്കുക. നായികയെ സഹായിക്കുന്ന കൂട്ടുകരി സെറീന(ദേവി അജിത്)യാകട്ടെ നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ഒരു ടെക്കിയേയോ, ഡോക്ടറേയോ വിവാഹം കഴിക്കാൻ അവസരമുണ്ടായിട്ടും അതൊന്നും സ്വീകരിക്കാതെ കിടപ്പറയിൽ, കരിമ്പിൻ കാട്ടിൽ ഇറങ്ങുന്ന ആനയുടെ ശൌര്യം പ്രകടിപ്പിക്കുന്ന മണ്ടനും പണക്കാരനുമായ ഭർത്താവുമൊത്ത് സുഖ ജീവിതം നയിക്കുന്നവളത്രേ! ഇതിനിടയിൽ വരുന്ന സ്ത്രീ കഥാപാത്രമാകട്ടെ കന്യകയെന്ന (തെസ്നി ഖാൻ) ഒരു തെരുവു വേശ്യയും

സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക

സോഫ്റ്റ് പോൺ കഥയെ സാങ്കേതികമായി അണിയിച്ചൊരുക്കി സുന്ദരിയാക്കിത്തന്നിരിക്കുന്നു ഈ സിനിമ. സാങ്കേതികമായ ഘടകങ്ങളൊക്കെ മികച്ചതായതുകൊണ്ട് ഈ സിനിമ കൂടുതൽ ആകർഷവും എന്റർടെയ്നറുമാണ്. ഒരു ശരാശരി പ്രേക്ഷകനു വേണ്ട എല്ലാത്തരത്തിലുമുള്ള ആനന്ദവും സംതൃപ്തിയും ഈ സിനിമ തരുന്നുമുണ്ട്. മികച്ച ഛായാഗ്രഹണം, എഡിറ്റിങ്ങ്, പശ്ചാത്തല സംഗീതം, പാട്ടുകൾ അങ്ങിനെ ദൃശ്യ-ശ്രാവ്യ സുഖം കൊണ്ട്  അതി ലൈംഗിക ഭാവനകളടങ്ങിയ സ്ക്രിപ്റ്റിനെ മേൽത്തരം കാഴ്ചയാക്കുന്നുമുണ്ട്. ചിത്രത്തിന്റെ ആദ്യ പകുതി കോമഡിയെന്ന ഭാവേന കുത്തിനിറച്ച അശ്ലീലപ്രയോഗങ്ങളാണ്. (തിയ്യറ്ററിൽ കിട്ടുന്ന കയ്യടികൾക്കായി പലതും മനപ്പൂർവ്വം തിരുകിയതാണെന്ന് സാമാന്യബോധമുള്ളവർക്ക് മനസ്സിലാവുന്നുമുണ്ട്)  കുട്ടികളേ ഉപയോഗിച്ചുള്ള പ്രണയ രംഗങ്ങളെല്ലാം കല്ലു കടിച്ചു. ഇത്തിരിപ്പോന്ന കുട്ടിയുടെ വായിൽ വലിയവരുടെ ഡയലോഗ് തിരുകുന്ന ഏർപ്പാട് അനൂപ് മേനോനെങ്കിലും ചെയ്യരുത്  ( സ്ക്കൂൾ സ്റ്റുഡന്റായ കാമുകന്റെ പ്രണയാഭ്യർത്ഥനയെ നിഷ്കരുണം തള്ളിക്കളഞ്ഞ് പോകുന്ന കാമുകിയായ സ്ക്കൂൾ വിദ്യാർത്ഥിനിയെ നോക്കി കാമുകൻ “ ഇല്ല ഇതുകൊണ്ടൊന്നും ഞാനൊരു ദേവദാസ് ആകാൻ പോകുന്നില്ല. ഞാനിനിയും ശ്രമിക്കും”. പോരേ ഡയലോഗ്?!!)

തിരക്കഥാകൃത്ത് അനൂപ് മേനോൻ നടനെന്ന നിലയിൽ ഈ ചിത്രത്തിൽ നല്ല നിലവാരം പുലർത്തുന്നുണ്ട്. അനൂപിന്റെ സംഭാഷണശൈലിയെല്ലാം തികച്ചും സ്വാഭാവികമാർന്നതാണ്. ജയസൂര്യയുടെ അബ്ദു ജയസൂര്യക്ക് കരിയറിൽ ലഭിച്ച നല്ല കഥാപാത്രമെന്നു പറയാം, ശരീര ഭാഷയിലും പെരുമാറ്റത്തിലും ജയസൂര്യ നല്ല മികവു പുലർത്തി. ഹണി റോസ് ഭേദമെന്നേ പറയാനാവു. ഹണിയുടെ പരിമിതി മറികടക്കുന്നത് വിമ്മി മറിയം ജോർജ്ജിന്റെ ഡബ്ബിങ്ങാണ്. ആ ശബ്ദമാണ് ‘ധ്വനി’ എന്ന കഥാപാത്രത്തിന്റെ ജീവൻ. പി. ബാലചന്ദ്രന്റെ കോരസാർ, സൈജു കുറുപ്പിന്റെ ഷിബു വെള്ളായണി, തെസ്നി ഖാന്റെ കന്യക തുടങ്ങിയവരൊക്കെ നല്ല പ്രകടനമായിരുന്നു. ചെറിയ വേഷങ്ങളിൽ വന്ന ഇന്ദ്രൻസ്, നന്ദുലാൽ, ജോജോ മാള, ദേവി അജിത്, അങ്ങിനെ ആരും മോശമാക്കിയുമില്ല. കാസ്റ്റിങ്ങും അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തെ ലൈവായി നിർത്തുന്നുണ്ട്.

പ്രദീപ് നായരുടെ ക്യാമറ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയന്റാണ്. വൈകാരികവും കഥാപാത്രങ്ങളൂടെ അടുപ്പമാർന്ന രംഗങ്ങളും ഉള്ള സിനിമക്ക് കൂടൂതലായും ക്ലോസ് അപ്, മീഡിയം ക്ലോസ് അപ് ഷോട്ടുകളിലൂടെയുള്ള ട്രീറ്റ് മെന്റ്, രാത്രി ദൃശ്യങ്ങൾ എന്നിവയൊക്കെയും ചിത്രത്തെ മനോഹരമാക്കിയിട്ടുണ്ട്. രമേഷ് നാരായണന്റെ എഡിറ്റിങ്ങും കൊള്ളാം. ബാവയുടേ കലാസംവിധാനം വളരെ ഗംഭീരമാണ്. ലോഡ്ജ് വളരെ കൃത്യമായും പഴക്കംനിറഞ്ഞതുമായി നിർമ്മിച്ചിട്ടുണ്ട്. ബിജി ബാലിന്റെ പശ്ച്ചാത്തല സംഗീതവും എം ജയചന്ദ്രന്റെ സംഗീതവും ചിത്രത്തിനു മോടി കൂട്ടുന്നു. സാങ്കേതികമായി ഇങ്ങിനെയൊക്കെ ഉയർന്നു നിൽക്കുന്നുവെങ്കിലും സിനിമക്ക് എടുത്ത് പറയാൻ വലിയ കഥയോ വഴിമാറിയൊഴുകുന്ന കഥാഗതിയോ ഒന്നുമില്ല. നായകൻ രവി ശങ്കറിന്റെ വിശുദ്ധമായ പ്രണയവും ഭാര്യയുടെ മരണത്തിനു ശേഷമുള്ള തികച്ചും സംശുദ്ധമായ സ്വകാര്യ ജീവിതവും അനാവരണം ചെയ്യാൻ സിനിമയിലെ സ്ത്രീകഥാപാത്രങ്ങളൊക്കെത്തന്നെ പ്രത്യേക ലൈംഗിക ഭാവനകൾ പേറുന്നവരാണെന്നും ആരുടെ കൂടെ കിടക്കാനും തയ്യാറാണെന്നുമൊക്കെ എഴുത്തിത്തള്ളിയതാണ് ആദ്യ പകുതി. മേമ്പൊടിക്കായി അല്പം നന്മയും ശുഭപര്യവസാനവും.

തിരക്കഥാകൃത്തിന്റെ കാഴ്ചപ്പാട് അറിയണമെങ്കിൽ നായിക അവതരിപ്പിക്കുന്ന സീനിൽ നായികയുടെ കൊച്ചിയിലേക്കുള്ള വരവ് വ്യക്തമാക്കുന്നുണ്ട്. വിവാഹമോചനത്തോടെ / ഭർത്താവിനെ പിരിഞ്ഞതോടെ താൻ സ്വാതന്ത്ര്യം അനുഭവിക്കുന്നുവെന്നും, ഇനി എനിക്ക് ഏതെങ്കിലുമൊരു (തറ)ആണിന്റെ കൂടെ കിടക്കണമെന്നും പലരേയുമിങ്ങനെ സെഡ്യൂസ് ചെയ്ത് ആനന്ദിക്കണമെന്നുമൊക്കെ. രവിശങ്കറിന്റെ സ്വകാര്യജീവിതമറിയാൻ (രവിശങ്കറിനെ ഒന്ന് വളക്കാനുമെന്ന് സീനിൽ) അയാളെ സ്വകാര്യമായി കാണുകയും ഒരുമിച്ച് മദ്യപിക്കുകയും (‘ധ്വനീ, ഞാനിപ്പോ നാലു ഡ്രിങ്ക് കഴിച്ചിട്ടുണ്ട്’ എന്ന് രവിശങ്കർ) രണ്ടു ഡ്രിങ്കിനു ശേഷം രവിശങ്കറിനെ തൊട്ടുരുമ്മി ‘ കാഷ്വലായി ഒരു സ്മൂച്ചിൽ തുടങ്ങി രണ്ട് ശരീരം ചേരുന്ന അങ്ങേയറ്റംവരെ പൊയ്ക്കൂടേ?” എന്ന് ധ്വനി ചോദിക്കുന്നുണ്ട്. അതിനു രവിശങ്കറിന്റെ ഫിലോസഫി കലർന്ന മറുപടിയാണ് രസകരം. ഡ്രിങ്കിന്റെ പുറത്തായാലും ഇല്ലെങ്കിലും നിന്നെ എടുത്ത് എന്റെ കിടക്കയിലേക്കിടാൻ എനിക്കും സാ‍ധിക്കും. പക്ഷെ അങ്ങിനെ ചെയ്യാനാണ് എനിക്ക് ബുദ്ധിമുട്ട് (ഭാര്യ മരിച്ചതിനു ശേഷവും അവളുടെ ഓർമ്മകളുമായി ജീവിക്കുകയാണ് നായകൻ) ഭാര്യയുടെ ഓർമ്മകളാന്റെ ജീവൻ. സമൂഹമിതിനെ impotent, ഷണ്ഡത്വം എന്നൊക്കെ വിളിക്കും. പക്ഷെ ഞാനതിനെ വിളിക്കുന്നത് ‘പ്രണയം’ എന്നാണ്. ഈ സീനുകളിൽ വിവാഹമോചിതയായ നായികയുടെ അടങ്ങാത്ത ലൈംഗിക ദാഹവും നായകനായ രവിശങ്കറെ (വിഭാര്യനെങ്കിലും) ജീവിതത്തിലൊരു സ്ത്രീയെന്ന മഹത്വത്തിലേത്തിക്കുകയും ചെയ്യുന്ന അനൂപ് മേനോന്റെ ‘ടിപ്പിക്കൽ മലയാളി അവിവാഹിതന്റെ’ സ്ഥിരം സ്ത്രീ വിരുദ്ധ കാഴ്ചപ്പാടിനെ കാണിച്ചു തരുന്നു. അനൂപ് മേനോന്റെ നായികമാരോരൊന്നും (സ്ത്രീ കഥാപാത്രങ്ങൾ ഓരോന്നും എന്നും പറയാം) ഇങ്ങിനെയൊക്കെത്തന്നെയാണ്, പണത്തിനും ജാരൻ തരുന്ന സുഖത്തിനും വേണ്ടി ശരീരം തളർന്ന നായകനെ വിഷം കൊടുത്തു കൊല്ലുന്ന ബ്യൂട്ടിഫുള്ളിലെ നായിക. ഭർത്താവിന്റെ തെറ്റിനു പൂർണ്ണ മാപ്പു നൽകുകയും, അതേസമയം ഭാര്യയുടെ തെറ്റിനു അവൾ ആജീവനാന്തം ദുരന്തം അനുഭവിക്കുകയും ചെയ്യുന്ന കോക്ക്ടെയിലിലെ നായികമാർ. എക്സിട്രാ. എക്സിട്രാ..

എന്തു തന്നെയായായാലും മലയാളിയുടെ പൊതു താല്പര്യവും ഇഷ്ടവും ഇഷ്ടക്കേടും അനൂപ് മേനോനും വി കെ പ്രകാശിനും നന്നായറിയാം. അതിനെ കൃത്യമായി മാർക്കറ്റ് ചെയ്ത് വിജയം കണ്ടെത്താനാണ് ഈ സിനിമ. അത് കൃത്യമായി ഫലപ്രാപ്തിയിലെത്തുന്നുണ്ട്. ഒരു മലയാളി സ്ത്രീയെ ഏതൊരു ഞരമ്പുരോഗി പുരുഷനും പറയുന്ന തെറി നിറഞ്ഞ സംഭാഷണങ്ങളും നോക്കിക്കാണുന്ന ദൃശ്യങ്ങളുമുള്ള, ഈ സിനിമയുടെ പ്രേക്ഷകരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് ഏറെ വൈരുദ്ധ്യം. നായികയുടെ ഇഷ്ടഭാഗം ‘കുണ്ടി’ എന്ന് പറയുമ്പോഴും തിരിച്ച് ‘എനിക്കിഷ്ടപ്പെട്ടത് നിന്റെ പല്ലിലെ.....കമ്പി” എന്നു പറയുമ്പോഴും കയ്യടിക്കാനും പൊട്ടിച്ചിരിക്കാനും ഈ പ്രേക്ഷകവിഭാഗവും തിയ്യറ്ററിൽ കൂടെത്തന്നെയുണ്ടായിരുന്നു എന്നിടത്താണ് ഈ സിനിമയുടെ പിന്നണിക്കാർ വിജയം കാണുന്നത്. “സമകാലിക ജീവിതം ഒരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിക്കുന്നു” എന്ന വ്യാജേന സമൂഹത്തിന്റെ ചില പൊതു ബോധവും, സ്ത്രീ ശരീരവും നഗ്നതയും, കൃത്യമായ ചേരുവയിൽ തയ്യാറാക്കി അതിലേക്ക് പുരോഗമനമെന്നും ന്യൂജനറേഷൻ സിനിമയെന്നു തോന്നിക്കാനും, മദ്യപാനം, അവിഹിതം, പരസ്ത്രീ-പുരുഷ ഗമനങ്ങളും, ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തെറികളും മേമ്പൊടിയായി കരുതിയ സിനിമാ കോക് ടെയിലാണ് “ട്രിവാണ്ട്രം ലോഡ്ജ്”

വെറുമൊരു എന്റർടെയ്നർ എന്ന നിലയിൽ ഒറ്റക്കിരുന്ന് കാണാനും ആസ്വദിക്കാനും ട്രിവാണ്ട്രം ലോഡ്ജ് തീർച്ചയായും ചേരും. (ഭാര്യയേയും കുട്ടികളേയും കൊണ്ടു പോകേണ്ടവർക്ക് അങ്ങിനേയും ആവാം, പക്ഷെ ഒരു ഗ്യാരണ്ടിയും പറയാനില്ല) പകലിലും ഇരുളിലും ഇരുമുഖമായി ജീവിക്കുന്ന പല മലയാളി പുരുഷന്മാർക്കും തിയ്യറ്ററിലെ ഇരുളിൽ ഏറെ തൃപ്തി തരികയും ചെയ്യും.പക്ഷെ എന്തൊക്കെ നല്ലതെന്ന് പറഞ്ഞാലും സിനിമ കണ്ടിറങ്ങുമ്പോൾ മുകളിൽ വിവരിച്ച അലോസരങ്ങളെ കണ്ടില്ല എന്നു നടിക്കാനാവില്ല.വാൽക്കഷ്ണം : യുവത്വം കഴിയാറായി നിൽക്കുന്ന അനൂപ് മേനോൻ ഇനിയെങ്കിലും വിവാഹിതനാകണമെന്നും അദ്ദേഹത്തെ വിവാഹം കഴിപ്പിക്കാൻ സിനിമാ രംഗവും അദ്ദേഹത്തിന്റെ ആരാധകരും മുൻ കൈ എടുക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. അതിനു താല്പര്യമില്ലായെങ്കിൽ ഇതുമാതിരി തിരക്കഥകളെഴുതാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കണം. അല്ലെങ്കിൽ ‘പെണ്ണെന്നാൽ ആരുടെ കൂടെയെങ്കിലും കിടക്കാൻ കഴപ്പു മൂത്തു നടക്കുകയാണെന്ന’ വിവരക്കേടുകൾ എഴുതി ഇനിയും തിരക്കഥകളൊരുക്കും. പ്ലീസ്, ഇനിയും സഹിക്കാൻ കഴിയാഞ്ഞിട്ടാണ്.

Contributors: 

പിന്മൊഴികൾ

thankal e paranjirikkunna kuzhappangal athra vallya kuzhappangal aano suhruthe.......ella sthree kalum engane aanu ennu scriptil evidayenkilum paranjittundo?????ethu dhwani enna upper class budhijeeviyude katha yanu....thangalku parichayamulla sthreekalil ninnu different aanu athu ennathu kondu script writer valiya thettu cheythu ennu parayunnathu sheriyano???.....pinne soft porn enna prayogam...athippol thangalude kazhchapadinu anusarichirikkum....sexual feeling ne patti pachayayi paranju ennu karuthi ethine soft porn ennu vilikamo??pinne ethu entertainer aanu...cinema ennu parayunnathe athalle entertainment...entertainment...entertainment....(sry...ethinte avakasham vere aarko aanu)

അനോണി സുഹൃത്തേ, ഈ പറഞ്ഞിരിക്കുന്ന കുഴപ്പങ്ങൾ വലിയ കുഴപ്പങ്ങൾ തന്നെയാണല്ലോ. അതാണല്ലോ റിവ്യൂവിൽ അത് ചൂണ്ടിക്കാട്ടിയത്. ഇതു ധ്വനി എന്ന ബുദ്ധിജീവിയുടെ കഥ അല്ല (ഈ സിനിമയിലെ ധ്വനി ഒരു ബുദ്ധിജീവിയേ അല്ല!) എനിക്കു പരിചയമുള്ള സ്ത്രീകളിൽ നിന്നും ധ്വനി വ്യത്യസ്ഥയാണെന്നു എങ്ങിനെ താങ്കൾ തീരുമാനിക്കുന്നു? എനിക്ക് പരിചയമുള്ള സ്ത്രീകളെ താങ്കൾക്ക് അറിയാമോ? സ്ക്രിപ്റ്റ് റൈറ്റർ ചെയ്തത് തെറ്റാണോ ശരിയാണോ എന്നല്ല; അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ശരിയല്ല എന്നാണ് ഇവിടെ വിവക്ഷ.
സോഫ്റ്റ് പോൺ എന്ന് പ്രയോഗിക്കുന്നത് മനുഷ്യരുടെ മൃദുലവികാരങ്ങളെ ചൂഷണം ചെയ്യുന്ന, അത്തരം വികാരങ്ങളെ മാത്രം പ്രതിപാദിക്കുന്ന സിനിമകളെന്നാണ്. (സെക്സ് സിനിമ എന്നല്ല) ഇനി സെക്സ് എന്ന വികാരത്തെ ചൂഷണം ചെയ്യുന്ന സിനിമകളെയാണ് സെക്സ് പോൺ എന്ന് പറയുന്നത്.
സെക്സ്വൽ ഫീലിങ്ങിനെപ്പറ്റി പച്ചയായി പറയുന്നത്കൊണ്ടു മാത്രമല്ല ഇതിനെ സോഫ്റ്റ് പോൺ എന്നു വിളിക്കുന്നത്. ആ വികാരത്തെ സിനിമയുടെ സാമ്പത്തിക വിജയത്തിനു വേണ്ടി മാത്രം കൌശലത്തോടെ ഉപയോഗിച്ചു എന്നതുകൊണ്ടാണ്.
സിനിമ എന്നു പറയുന്നത് താങ്കൾക്ക് എന്റർടെയ്നർ ആയിരിക്കാം. പക്ഷെ എല്ലാവർക്കും അങ്ങിനെ ആയിരിക്കണം എന്ന് നിർബന്ധം പുലർത്തരുത്. എന്നെ സംബന്ധിച്ച് അത് ഒരു മാധ്യമമാണ്. ഒരു മീഡിയം. കൊമേഴ്സ്യൽ സിനിമകളെ എന്റർടെയ്നർ എന്നൊരു പരിമിതിയിലും കാണാറുണ്ട് ആസ്വദിക്കാറുണ്ട് വിലയിരുത്താറുണ്ട്. എങ്കിൽ പോലും എന്റർടെയ്നറുകളൂടെ മറ പറ്റി സാമൂഹ്യവിരുദ്ധമായ/സ്ത്രീ വിരുദ്ധമായ/ തള്ളിക്കളയേണ്ടുന്ന സന്ദേശവും കാഴ്ചപ്പാടുമുള്ള സിനിമകളെ അതിപ്പോ കൊമേഴ്സ്യൽ ആയാലും അല്ലെങ്കിലും ഈ രീതിയിൽ തന്നെ വിലയിരുത്തും വിമർശിക്കും. അനുകൂലിക്കാം വിമർശിക്കാം. :)

suhruthe e cinemayil sthree viruthamayi enthanu ullathu ennu theere manasilakunnilla....pinne samuhya virutham ennu parayunnathum manasilakunnilla...pinne theerchayayum thangal review ezhuthanam...thangal anukoolicho prethikoolicho review ezhuthendathu ente koode avashyam aanu...karanam cinema ye patti onnu discuss cheyanum different angleil kananum aarum ellatha enikku ethu valare oru help aanu......so njan thangal ezhuthunnathine athu enthu thanne ayalum anukoolikkunnu......

ഈ സിനിമയിലെ സ്ത്രീ വിരുദ്ധമായ പരാമർശങ്ങളും രംഗവും എന്താണെന്ന് റിവ്യൂവിൽ പറഞ്ഞിട്ടുണ്ട്. അത് വീണ്ടൂം വായിക്കുക.
സാമൂഹ്യവിരുദ്ധമായ സിനിമകൾ എന്ന് മുൻ കമന്റിൽ പറഞ്ഞത് അത്തരത്തിലുള്ള സിനിമകളേ എന്നാണ്. ഈ സിനിമയിൽ ഉണ്ട് / കാണിച്ചു തരാം എന്ന അർത്ഥത്തിലല്ല. ഇത്തരത്തിലുള്ള പരാമർശങ്ങളും കാഴ്ചപ്പാടുകളും വരുന്ന സിനിമകൾ വിമർശനങ്ങളും വിയോജിപ്പുകളും അർഹിക്കുന്നു എന്നാണ് വ്യക്തമാക്കിയത്.
ഞാൻ എന്റെ കാഴ്ചപ്പാടിലാണ് ആസ്വാദനക്കുറിപ്പുകൾ എഴുതുന്നത്. അതിൽ എന്റെ കാഴ്ചപ്പാടിന്റേയും സിനിമാ വിദ്യാഭ്യാസത്തിന്റേയും കുറവുകളുണ്ടാവാം. എന്തായാലും താങ്കൾക്ക് ഡിസ്കസ് ചെയ്യാനും ഡിഫ്രണ്ട് ആംഗിളിൽ സിനിമയെ മനസ്സിലാക്കാനും മാത്രമായി ഞാൻ ഇനിയും എഴുതിക്കൊണ്ടിരിക്കില്ല. സിനിമകളെക്കുറീച്ചുള്ള കാഴ്ചപ്പാടുകൾ, വിലയിരുത്തലുകൾ ഓൺലൈൻ സമൂഹത്തിൽ പങ്കുവെയ്ക്കാനാണ് ഞാൻ എഴുതുന്നത്. അത് താങ്കളിലേക്ക് മാത്രം ചുരുക്കാൻ സാധിക്കില്ലല്ലോ. ഈ സൈറ്റിലെ റിവ്യൂവോ മറ്റു ഓൺലൈൻ ഇടങ്ങളിലെ റിവ്യൂവിലോ താങ്കൾക്ക് ഡിസ്കസ് ചെയ്യാനും പല ആംഗിളിൽ കാണാനും അവസരമുണ്ടാകും. പരിശ്രമിക്കുക. എല്ലാവിധ ആശംസകളും.
nanz

എന്തായാലും ഒരു കാര്യം മനസ്സിലായി - അനൂപ്‌ മേനോന് സ്ത്രീ ശരീരത്തിലെ ഏത് ഭാഗമാണ് ഇഷ്ടം എന്ന് :-)

Now, coming to the most important point. As a reviewer one must not review an art product through the lens of his/her moral values or any values. He/She should be only judging the subject of the movie and the characters, the treatment and how well the movie was made based on that subject. He/She should leave the experience to the viewer and not to color their perceptions.

If a reviewer is going to play the moral police then he is in the wrong profession.

ഞാന്‍ ഈ സിനിമ ഇന്നലെ ഈ സിനിമ കണ്ടു. റിവ്യൂ വായിച്ചിരുന്നതുകൊണ്ട് എനിക്ക് ഈ പടം എന്താണെന്ന് ഊഹിക്കാന്‍ കഴിയുമായിരുന്നു. അനൂപ്‌ മേനോന്‍ എന്ന നടനെയും തിരക്കഥാ കൃ ത്തിനെയും ഞാന്‍ ഇഷ്ടപെടാന്‍ തുടങ്ങിയത് ബ്യൂട്ടിഫുള്‍ എന്ന സിനിമക്ക് ശേഷമാണ്. നല്ല കഥകള്‍ വൃത്തിയായി എഴുതാന്‍ അറിയാവുന്ന അനുപ് മേനോന്‍റെ ഈ സിനിമയും വളരെ മനോഹരം എന്നാണ് എന്റെ അഭിപ്രായം. ഈ സിനിമ ഒരു പ്രത്യേക ചുറ്റു വട്ടങ്ങളിലേക്ക് ഒതുങ്ങി നിന്ന് പറയുന്ന കഥയാണല്ലോ. അതുകൊണ്ട് ഇതില്‍ പ്രത്യക്ഷപ്പെടുന്നവര്‍ എല്ലാം ഈ സമൂഹത്തിന്റെ മുഴുവന്‍ പ്രതിനിധികള്‍ അല്ല.. അടക്കിവെച്ച ലൈംഗികതയും തുറന്നു പറയുന്ന ലൈംഗികതയും പിന്നെ വിശുദ്ധ പ്രണയവും.. വിവിധ കാലങ്ങളിലെ മനുഷ്യമനസ്സിന്റെ പ്രണയ കാമനകളെ തഴുകി തലോടി പോകുന്ന ഈ സിനിമ ഒറ്റ വാക്കില്‍ സുന്ദരമാണ്... ലൈംഗിക തുറന്നു പറച്ചിലുകളെ വെളിച്ചത്തില്‍ എതിര്‍ക്കുകയും ഇരുളില്‍ അതിനോട് ചേരുകയും ചെയ്യുന്ന മലയാളി മനസ്സ് ഈ സിനിമയെ വിമര്‍ശിച്ചാല്‍ അത്ഭുതപ്പെടാനില്ല.. കാരണം എന്നും മലയാളികള്‍ അങ്ങനെയാണ്...