തിലകൻ അന്തരിച്ചു

മലയാളസിനിമയുടെ പെരുന്തച്ചനായി പ്രേക്ഷകമനസിൽ പ്രതിഷ്ഠനേടിയ നടൻ തിലകൻ (77) ഓർമ്മയായി. ഇന്ന് (24 സെപ്റ്റംബർ,2012) പുലർച്ചേ 3.30 നു ഹൃദയാഘാതത്തെ തുടർന്നായിരുന്നു ആ വിളക്ക് കെട്ടത്.

പി ജെ ആന്റണിയുടെ ഏക സംവിധാനസംരഭമായിരുന്ന പെരിയാർ(1973) എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും ആദ്യം പുറത്തുവന്ന ചിത്രം ഗന്ധർവ്വക്ഷേത്രമാണ്(1972). ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു റോളായിരുന്നു ഗന്ധർവ്വക്ഷേത്രത്തിൽ അദ്ദേഹത്തിനു ലഭിച്ചത്.

പിന്നീട് 1979ഓടെയാണ് സിനിമയിൽ സജീവമായത്. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത "ഉൾക്കടൽ" എന്ന ചലച്ചിത്രത്തിലൂടെയാണ് ആ യാത്രയുടെ തുടക്കം കുറിച്ചത്.

മലയാളിയുടെ ഓർമ്മകളിൽ ഒരു നടൻ എന്നതിലുപരി തിലകൻ ബാക്കി വച്ചുപോകുന്നത് ഒരിക്കലും മറയാത്ത ഒരുപാടു ശക്തമായ കഥാപാത്രങ്ങളെയാണ്. എടുത്തു പറഞ്ഞാൽ ഒന്നുപോലും ഒഴിവാക്കാനാവാത്ത ആ കഥാപാത്രനിര തിലകനെ എന്നും മലയാളിയുടെ മനസിൽ നിലനിർത്താൻ ബലമുള്ളവ തന്നെയായിരുന്നു.

സംസ്ഥാനതലത്തിലും ദേശീയതലത്തിലും പത്തിലേറെ അവാർഡുകളും, ഒട്ടനവധി അംഗീകാരങ്ങളും ലഭിച്ച തിലകൻ തന്റെ അഭിനയ വ്യത്യസ്തതകൊണ്ട് കഥാപാത്രങ്ങളെ തന്റെ മാത്രം ഐഡന്റിറ്റിയായി സൂക്ഷിച്ച അഭിനേതാവാണ്.

ഈ അഭിനയ ചക്രവർത്തിയ്ക്ക് എം ത്രി ഡീ ബിയുടെ ആദരാഞ്ജലികൾ

തിലകന്റെ എം ത്രി ഡി ബി പേജ് ഇവിടെ കാണാം

Article Tags: