ഭൂപടത്തിൽ ഇല്ലാത്ത ഒരിടം - സിനിമാ റിവ്യൂ

Bhoopadathil Illatha Oridam

വിടപറയും മുൻപേ, ഓർമ്മയ്ക്കായി തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച നിർമ്മാതാവാണ് ഡേവീഡ് കാച്ചപ്പിള്ളി. ചെറിയൊരു ഇടവേളക്കു ശേഷം ‘ഡേവീഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസി‘ന്റെ ബാനറിൽ നവാഗതനായ ജോ ചാലിശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിച്ച “ഭൂപടത്തിൽ ഇല്ലാത്ത ഒരിടം” എന്ന സിനിമ നിർമ്മിച്ചുകൊണ്ടാണ് ഡേവീഡ് കാച്ചപ്പിള്ളി വീണ്ടുമെത്തുന്നത്. ശ്രീനിവാസൻ, നിവിൻ പോളി എന്നിവർ മുഖ്യവേഷത്തിലഭിനയിക്കുന്ന ചിത്രത്തിന്റെ കഥ എഴുത്തുകാരൻ സേതുവിന്റേതാണ്.  സിനിമയുടെ പേരു പോലെത്തന്നെ മലയാളത്തിന്റെ സിനിമാഭൂപടത്തിൽ ഒരിടം ഇല്ലാതാകുന്ന സിനിമയാണിതെന്ന് നിശ്ശംസയം പറയാം. വളരെ ദുർബലമായ തിരക്കഥ, ബോറടിപ്പിക്കുന്ന കഥാഗതി, പരിതാപകരമായ മേക്കിങ്ങ്, അഭിനേതാക്കളുടെ മോശം പ്രകടനം എന്നിവയാൽ മലയാള സിനിമാപ്രേക്ഷകന്റെ മനസ്സിൽ ഒരിടം തേടുന്നതിൽ ഈ സിനിമ ഒരു ശതമാനം പോലും വിജയിക്കുന്നില്ല.

ഗ്രാമത്തിൽ നടന്നൊരു മോഷണത്തിന്റെ പേരിൽ മോഷ്ടാവിനെ കണ്ടുപിടിക്കാൻ പരാജയപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും (ഇന്നസെന്റ്) ഗ്രാമത്തിൽ വർഷങ്ങളായി പഞ്ചായത്ത് ഭരണം കയ്യാളുന്ന പ്രസിഡണ്ട് എഴുത്തച്ഛനും (നെടൂമുടി വേണു) ഈ പ്രശ്നത്തിനു പരിഹാരം കാണുന്നത് ഏതെങ്കിലുമൊരു സ്ഥിരം മോഷ്ടാവിനെ കണ്ടുപിടിച്ച് കേസിന്റെ ബലത്തിനു ക്രെഡിബിലിറ്റിയുള്ള ഒരാളുടെ സാക്ഷിമൊഴി ഉണ്ടാക്കുക എന്ന തന്ത്രമാണ്. അതിനു വേണ്ടി ഇവർ കണ്ടെത്തുന്ന മാധവൻ കുട്ടീ മാഷാ(ശ്രീനിവാസൻ)കട്ടെ, തന്റെ മനസാക്ഷിയെ വഞ്ചിച്ച് കള്ള സാക്ഷി പറയാൻ തയ്യാറാവുന്നില്ല. പോലീസിന്റെ ഭീഷണിയിൽ ഭയന്ന മാഷ്, പക്ഷെ സാക്ഷിമൊഴി കള്ളമാണെന്ന് കോടതിയറിഞ്ഞാൽ ജയിൽ ശിക്ഷക്ക് വിധേയനാകുമെന്നതും അറിഞ്ഞതോടെ ഭയത്താലും അസ്വസ്ഥതകളാലും വ്യക്തിജീവിതവും കുടൂംബജീവിതവും തകരാറിലാവുന്നതാണ് സിനിമയുടെ ഏറിയ ഭാഗവും.

കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

വട്ടണാത്ര എന്ന ഒരു കുഗ്രാമത്തിൽ (മൊബൈൽ ഫോൺ പോലും ഉപയോഗിച്ചു കാണാത്ത ആ ഗ്രാമത്തിൽ പക്ഷെ, സ്വന്തമായി നല്ലൊരു സ്വകാര്യ സ്ക്കൂളും, സ്ഥലം പോലീസ് സ്റ്റേഷനും പ്രബലമായ രണ്ടു രാഷ്ട്രീയ പാർട്ടികളുമുണ്ട്) അദ്ധ്യാപകനായി ജോലി ചെയ്യുന്ന മാധവൻ കുട്ടീ മാഷ് (ശ്രീനിവാസൻ) നേരിടുന്ന ചില പ്രശ്നങ്ങളാണ് സിനിമക്കാധാരം. മാധവൻ കുട്ടീ മാഷ് എന്ന കഥാപാത്രം അടിസ്ഥാനപരമായി എങ്ങിനെയാണെന്ന് വരച്ചു കാണിക്കുന്നതിൽ മുതൽ തിരക്കഥാകൃത്ത് പരാജയപ്പെടുന്നു. ചില സമയങ്ങളിൽ തനി മണ്ടനെന്നും ചിലപ്പോൾ ബുദ്ധിമാനെന്നും തോന്നിപ്പിക്കുന്ന കഥാ സന്ദർഭങ്ങൾ. പ്രേക്ഷകനു നേരെ കൊഞ്ഞനം കുത്തുന്ന സീനുകൾ കൊണ്ടും മണ്ടത്തരമായ സീനുകളും സംഭാഷണങ്ങളാലും സമ്പന്നമാണീ സിനിമ. രാഷ്ട്രീയ സംഘടനകളുടെ പതിവുപോലെ കോമാളികൾ കാണിക്കാനുള്ള പതിവു സംഗതി തന്നെയാണ് ഈ ചിത്രത്തിൽ. ഗ്രാമമെന്നാൽ ജംഗ്ഷനിലൊരു ചായക്കട, നാട്ടിലെ എല്ലാവരും ഒത്തു ചേരുന്നതും നിർണ്ണായക തീരുമാനമെടുക്കുന്നതും വിശേഷങ്ങൾ കൈമാറുന്നതും ഈ ചായക്കടയിൽ. കേരളമെന്ന ഒരിടം ഇത്രയേറെ മാറിയിട്ടും മലയാളസിനിമാക്കാരുടെ ഗ്രാമീണ സങ്കൽ‌പ്പങ്ങൾക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. (പലപ്പോഴായി കാണിക്കുന്ന ചായക്കട സീനുകളിൽ സ്ഥിരം കാണുന്ന കഥാപാത്രങ്ങൾ എന്നും ഒരേ സീറ്റിൽ ഒരേ ഭക്ഷണം!!) സമീർ ഹഖ് എന്ന ഛായാഗ്രാഹകനും എഡിറ്റിങ്ങ് നിർവ്വഹിച്ച സജിത് ഉണ്ണികൃഷ്ണനുമൊന്നും ഈ സിനിമയെ പരാജയത്തിൽ നിന്ന് രക്ഷപ്പെടുത്താൻ അല്പം പോലും കഴിഞ്ഞിട്ടില്ല. ഗിരീഷ് മേനോന്റെ കലാസംവിധാനം നന്നായിട്ടുണ്ട് (ഗാന ചിത്രീകരണങ്ങളിൽ പക്ഷെ കലാസംവിധാനം അമ്പേ മോശമെന്ന് പറയാതെ വയ്യ.) പരിതാപകരമായത് ചമയമാണ്. ഓലക്കുടിലിൽ താമസിക്കുന്ന, നിരവധി വീടുകളിൽ അടുക്കളപ്പണിക്ക് പോയി അച്ഛനേയും മുത്തശ്ശിയേയുമടക്കം ഒരു കുടുംബത്തിന്റെ പ്രാരാബ്ദം മുഴുവൻ പേറുന്ന തന്റേടിയായ ദരിദ്ര നായികയുടേ മുഖത്തെ ചമയം കണ്ടാൽ സൌന്ദര്യ മത്സരത്തിന്റെ റാമ്പിൽ നിന്നിറങ്ങിവരികയാണോ എന്ന് തോന്നിപ്പോകും. (നായിക തന്റേടിയാണെന്ന് കാണിക്കാൻ  മറ്റു സ്ത്രീകളാരും തയ്യാറാവാത്ത തെങ്ങുകയറ്റത്തിലൂടെയാണ് നായികയെ സിനിമയിൽ അവതരിപ്പിക്കുന്നത്)  റഫീഖ് അഹമ്മദ് എഴുതി മോഹൻ സിതാര ഈണമിട്ട മൂന്നു ഗാനങ്ങളിൽ വിജയ് യേശുദാസ് പാടിയ “ഓർമ്മകളിൽ....” എന്ന ഗാനം മികച്ചു നിൽക്കുന്നു.

മുഖ്യകഥാപാത്രമായ മാധവൻ കുട്ടി മാഷായി വരുന്ന ശ്രീനിവാസൻ തുടർച്ചയായി ചെയ്യുന്ന എത്രാമത്തെ വേഷമാണിതെന്ന് അദ്ദേഹത്തിനോ പ്രേക്ഷകർക്കോ ഓർമ്മയുണ്ടാവൻ വഴിയില്ല. എന്തായാലും അദ്ദേഹത്തിനു മടുക്കുന്നില്ലെങ്കിലും കാണുന്ന പ്രേക്ഷകനു മടുപ്പ് തോന്നുന്നുണ്ട്. നെടുമുടിയുടെ കഥാ‍പാത്രവും മാനറിസങ്ങളും ‘ഇംഗ്ലീഷ് മീഡിയം’ എന്ന ശ്രീനിവാസൻ ചിത്രത്തിലെ കഥാപാത്രത്തെ ഓർമ്മപ്പെടുത്തുന്നുണ്ട്. സുരാജിനെ സ്ഥിരം തിരോന്തരം ശൈലിയിൽ നിന്നും മാറ്റിയെങ്കിലും സുരാജ് പങ്കുവെക്കുന്ന ബോറഡി സഹിക്കാവുന്നതല്ല. പ്രേക്ഷകനെ വെറുപ്പിച്ചൊരു അഭിനേതാവ് ഇന്നസെന്റാണ്. സുഹൃത്തായ ഡേവിഡ് കാച്ചപ്പിള്ളിയുടേ സിനിമയായതുകൊണ്ടാണോ എന്തോ!.ഉപനായകൻ നിവിൻ പോളിക്കും, അജു വർഗ്ഗീസ് തുടങ്ങിയവർക്കൊന്നും തിളങ്ങാനായില്ല.ഉപനായികയായ ‘ഇനിയ‘ക്ക്  പ്രതിഭാതിളക്കം കാണാമെങ്കിലും അവ ഉപയോഗപ്പെടൂത്താൻ തിരക്കഥക്കും സംവിധാനത്തിനുമായില്ല. മാധവൻ കുട്ടി മാഷിന്റെ ഭാര്യ വിമലയായി വരുന്ന രാജശ്രീ നായരും ഒരു ബാലനടനും മറ്റു ചില ജൂനിയർ ആർട്ടിസ്റ്റുകളുമാണ് സിനിമയിൽ ഭേദമായ പ്രകടനം നടത്തിയതെന്നു പറയാം.

പരമ വിഡ്ഢിത്തവും ലോജിക് ഏഴയലത്തുവരാത്തതുമായ ദുർബലമായൊരു തിരക്കഥ കൊണ്ട്  സിനിമയൊരുക്കാൻ തയ്യാറായ ഡേവിഡ് കാച്ചപ്പിള്ളിയെന്ന നിർമ്മാതാവും ജോ ചാലിശ്ശേരിയെന്ന നവാഗത സംവിധായകനും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന രണ്ടു മണിക്കൂറുകളാണ്  “ഭൂപടത്തിൽ ഇല്ലാത്ത ഒരിടം”.

Contributors: