മോളി ആന്റി റോക്സ് - സിനിമാ റിവ്യൂ

Molly Aunty Rocks

2009 ൽ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ‘പാസഞ്ചർ” എന്ന സിനിമയാണ് മലയാളത്തിൽ നവതരംഗത്തിനും ന്യൂ ജനറേഷൻ സിനിമകൾക്കും തുടക്കം കുറിച്ചതെന്ന് പലരും പലയിടങ്ങളിലായി പറയുന്നുണ്ട്. താരങ്ങൾക്ക് ചുറ്റും വട്ടമിടുന്ന സ്ഥിരം താരകേന്ദ്രീകൃത ഫോർമുലകളിൽ നിന്നൊരു വ്യത്യാസമായിരുന്നു പാസഞ്ചർ എന്നതിനപ്പുറം നവതരംഗസിനിമകളെന്നു പറയുന്ന പുതിയകാല സിനിമകളുടെ യാതൊരു ലക്ഷണവും ആ സിനിമയിലില്ല എന്നു മാത്രമല്ല, രഞ്ജിത് ശങ്കറിന്റെ രണ്ടാമത്തെ ചിത്രമായ ‘അർജ്ജുനൻ സാക്ഷി’ പൂർണ്ണമായും താരകേന്ദ്രീകൃതവും ഹീറോയിസം തുളുമ്പുന്നതുമായിരുന്നു. ഇതേ സംവിധായകന്റെ മൂന്നാമത്തേയും പുതിയതുമായ “മോളി ആന്റി റോക്സ്” താര രഹിതമല്ല, പക്ഷേ നായീകാപ്രാധാന്യവും (അതും മദ്ധ്യവയസ്ക) ഹീറോയിസമോ, മറ്റു നായക പ്രഭാവ സിനിമകളുടെ പരിവേഷമോ ഇല്ലാത്തതുമാണ്.

പക്ഷെ നല്ലൊരു സിനിമക്ക് ഇതുമാത്രം പോരല്ലോ. ഭേദപ്പെട്ടൊരു കഥാതന്തുവുണ്ട് ചിത്രത്തിനു. പ്രേക്ഷകരിഷ്ടപ്പെടുന്നൊരു ഭേദപ്പെട്ട സിനിമയൊരുക്കാൻ പറ്റാവുന്ന കഥാപരിസരവും അഭിനേതാക്കളുമുണ്ടായിരുന്നു. പക്ഷെ പ്രേക്ഷകനെ തൃപ്തിപ്പെടുത്താവുന്ന/സംവദിക്കാവുന്ന തിരക്കഥയോ വിശ്വസനീയമായ കഥാന്ത്യമോ നൽകാൻ രഞ്ജിത്തിനു കഴിഞ്ഞില്ല. സ്വയം പര്യാപ്തമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളൊരു സ്ത്രീയെ പ്രധാന കഥാപാത്രമാക്കുമ്പോൾ മലയാള സിനിമയിലിതുവരെ കാണിച്ചിട്ടുള്ള ദൃശ്യപരിസരങ്ങൾ മാത്രമേ സംവിധായകനു ഇതിലും കാണിക്കാനുള്ളു. പുരുഷൻ ചെയ്യുന്ന കായികമായ കാര്യങ്ങൾ ഇതിലെ നായിക ചെയ്യുന്നു എന്നാണ് രഞ്ജിത്തിന്റെ കാഴ്ചപ്പാടെന്നു തോന്നുന്നു. അല്ലാതെ ജീവിതം അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധികളിലും വൈകാരിക തലങ്ങളിലും ‘ബോൾഡ്‘ ആയ ഒരു സ്ത്രീ അതിനെയൊക്കെ എങ്ങിനെ മറികടക്കുന്നു എന്നൊന്നും വിശദീകരിക്കാനോ കാണിച്ചുതരാനോ രഞ്ജിത്തിനായിട്ടില്ല. അതുകൊണ്ട് തന്നെ വ്യത്യസ്ഥമായ ഒരു കഥാ പരിസര പശ്ചാത്തലത്തിൽ തുടങ്ങി മോളി ആന്റിയായ രേവതിയുടേ അപാര പ്രകടനത്താൽ പ്രേക്ഷകനെ സന്തോഷിപ്പിച്ച് സിനിമ പകുതിയെത്തുമ്പോഴേക്കും പ്രത്യേകിച്ചൊന്നും പറയാനാവാത്ത സ്ഥിതിയിലാകുന്നു. മോളി ആന്റി ചെന്നുപെടുന്ന അവസ്ഥ അതിഭയങ്കരവും കുഴഞ്ഞു മറിഞ്ഞതുമാണെന്ന പുകമറ സൃഷ്ടിച്ച് വിശ്വസനീയമല്ലാത്ത ഏച്ചുകെട്ടിയൊരു ക്ലൈമാക്സിലേക്ക് ചിത്രത്തെ അവസാനിപ്പിക്കുമ്പോൾ സംവിധായകൻ ഇതുവരെ പറയാൻ ശ്രമിച്ചതെന്ത് എന്നൊരു ചോദ്യം മാത്രം പ്രേക്ഷകനിൽ ബാക്കി നിൽക്കും. (ഏച്ചുകെട്ടിയ ക്ലൈമാക്സാകട്ടെ മലയാളികൾക്കിടയിൽ നല്ലരീതിയിൽ വിറ്റുപോകാവുന്നതും ഈയിടെ സിനിമകളിൽ ആവർത്തിക്കുന്ന സംഗതിയും.)

മോളി ആന്റി റോക്സിന്റെ വിശദവിവരങ്ങളും കഥാസാരവും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് പോകുക.

കേരളത്തിലെ സ്ത്രീകളുടേ സീരിയൽ ഭ്രമം, സമ്പന്ന കൃസ്ത്യൻ കുടുംബങ്ങളിലെ സ്വത്ത് തർക്കം, ചട്ടയുടുത്ത അമ്മച്ചിമാരുടെ ഇറച്ചിക്കറി (പാചക) പ്രേമം ഇങ്ങിനെ ക്ലീഷേയായ ദൃശ്യങ്ങൾ നിറയെയുണ്ട് സിനിമയിൽ. അത്തരം സീനുകളാകട്ടെ കണ്ടു മറന്ന ഒട്ടേറെ വിജയചിത്രങ്ങളുടെ ഓർമ്മകളുണർത്തുന്നുമുണ്ട്. അമേരിക്കയിൽ നിന്നും വന്ന മോളി ആന്റി മലയാളി സ്ത്രീകളിൽ നിന്നും തികച്ചും വ്യത്യസ്ഥയാണെന്നു കാണിക്കാൻ സംവിധായകൻ ബദ്ധപ്പെടുന്നത് കാണുമ്പോൾ ചിരി വരും. മുൻപ് സൂചിപ്പിച്ചപോലെ തന്റേടിയായ സ്ത്രീയെന്നാൽ സിനിമാക്കാർക്കിപ്പോഴും പുരുഷൻ കായികമായി ചെയ്യുന്ന ജോലികൾ അതേപോലെ ചെയ്യുന്ന സ്ത്രീ എന്ന കാഴ്ചപ്പാടു മാത്രമേയുള്ളു ( ഇന്നലെ റിലീസായ മറ്റൊരു സിനിമയിൽ തന്റേടിയായ നായികയെ അവതരിപ്പിക്കുന്നത് നായിക തെങ്ങുകയറുന്നത് കാണിച്ചുകൊണ്ടാണ്). ഇതിൽ നിന്നുമപ്പുറം മോളി ആന്റിയെ തന്റേടമാക്കുന്നതൊന്നും പറയാൻ സിനിമക്കായില്ല. ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിൽ നിന്ന് മോളി ആന്റിക്ക്  വരുന്ന കനത്തൊരു ബാദ്ധ്യതാ കുറിപ്പാണ് കഥയുടേ ടേണിങ്ങ് പോയന്റ്. അതിനെത്തുടർന്ന് അസി. കമ്മീഷണറുമായുള്ള ഈഗോക്ലാഷാണ് സിനിമയെ മുന്നോട്ട് കൊണ്ടു പോകുന്നത്. ഇതിനെയൊക്കെ യുക്തിപരമായും പ്രേക്ഷകരിൽ താൽ‌പ്പര്യമുണർത്തുംവിധവും തിരനാടകമൊരുക്കാൻ സംവിധായകനായില്ല. നായികാപ്രാധാന്യമുണ്ടെന്നതും നായകൻ ഇവിടെ സൈഡ് റോളിൽ ഒതുങ്ങിയെന്നതും നായകനു ആടിപ്പാടാനൊരു നായികയുമില്ല എന്നതുമൊക്കെയാണ് എടുത്തുപറയാവുന്ന ഗുണങ്ങൾ. സിനിമയൊരുക്കാൻ സഹായിച്ച സുജിത് വാസുദേവിന്റെ ക്യാമറയും ലിജോ പോളിന്റെ എഡിറ്റിങ്ങും ചിത്രത്തെ വിരസമാക്കുന്നതിൽ നിന്നും അല്പം രക്ഷിച്ചിട്ടുണ്ട്. ആനന്ദ് മധുസൂദനൻ എന്ന പുതിയ സംഗീത സംവിധായകനെ ആദ്യമായി അവതരിപ്പിച്ചെങ്കിലും ചിത്രത്തിലെ പാട്ടുകളൊന്നും ആകർഷകമായി തോന്നിയില്ല. ഹസ്സൻ വണ്ടൂരിന്റെ ചമയവും സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും നന്നായിട്ടുണ്ട് (എങ്കിലും ചട്ടയും മുണ്ടുമുടുത്ത അമ്മച്ചിമാർ തന്നെയാണോ ഇപ്പോഴും സമ്പന്ന(സമ്പന്നരല്ലാത്തവരും) കൃസ്ത്യൻ കുടുംബങ്ങളിലുള്ളത്?! ആവോ?) മോളി ആന്റിയുടെ ഫ്ലാഷ് ബാക്ക് പറയുന്ന വേളയിൽ ഉപയോഗിച്ച ഡിജിറ്റൽ പെയ്ന്റിങ്ങും അസ്സലായി.

മോളി ആന്റിയായി വന്ന രേവതിയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഗംഭീരമായ പ്രകടനത്തിലൂടെ മോളി ആന്റിയെ രേവതി പ്രേക്ഷകർക്ക് ഇഷ്ടപ്പെടും വിധം ഭംഗിയാക്കി. അമിതാഭിനയത്തിലേക്ക് പോകാവുന്ന പലയിടങ്ങളും, ചിലയിടങ്ങളിലെ റിയാക്ഷൻസുമെല്ലാം രേവതി നന്നാക്കിയിട്ടുണ്ട്. അസി. കമ്മീഷണറായി വന്ന പൃഥീരാജിനു സംഭാഷണങ്ങൾ പറയുന്നതിനപ്പുറം മറ്റൊന്നുമില്ല. അതുകൊണ്ടു തന്നെ തിളങ്ങിയുമില്ല. താര ഇമേജിനെ നിരാകരിക്കുന്ന ഇത്തരം നല്ല വേഷങ്ങൾക്ക് തന്റേതായൊരു കയ്യൊപ്പ് എവിടെങ്കിലും ചാർത്താനായിരുന്നെങ്കിൽ പൃഥീരാജ് ഇത്തരം വേഷങ്ങളിലെങ്കിലും ഓർമ്മിക്കുമായിരുന്നു. സഹ അഭിനേതാക്കളായി സ്ക്രീനിൽ സ്ഥിരം കണ്ടു മടുത്ത അഭിനേതാക്കളെ സംവിധായകൻ ഉപയോഗിച്ചില്ല എന്നതൊരു ആശ്വാസമാണ്. കൃഷ്ണകുമാർ, ലക്ഷ്മിപ്രിയ, ശരത്, ഷിജു, ലാലു അലക്സ് തുടങ്ങിയവർ തങ്ങളുടേ വേഷങ്ങൾ നന്നാക്കി. കൃസ്ത്യൻ കുടുംബത്തിലെ വല്ല്യമ്മച്ചിയാകണമെങ്കിൽ അത് കെ പി എ സി ലളിതതന്നെയാവണം എന്ന സിനിമാക്കാരുടെ രീതി മാറ്റാൻ രഞ്ജിത്ത് ശങ്കറും ശ്രമിച്ചില്ല. മാമുക്കോയയ്ക്ക് ഈയടുത്ത കാലത്ത് കിട്ടിയൊരു പ്രാധാന്യമുള്ള വേഷമാണ്. ആ കഥാപാത്രത്തെ നാടകീയമായൊക്കെ അവതരിപ്പിക്കാൻ സംവിധായകനും മാമുക്കോയയും ശ്രമിച്ചെങ്കിലും മികച്ചൊരു കഥാപാത്രമാകാൻ സാധിച്ചില്ല. (മാമുക്കോയയാണ് അഭിനയിച്ചത് എന്നൊരു ആശ്വാസം മാത്രം)

സാങ്കേതികഘടകങ്ങളെല്ലാം ചിത്രത്തിനു ഗുണകരമായി പിന്താങ്ങുന്നുവെങ്കിലും ദുർബലമായ തിരക്കഥയും സംവിധായകന്റെ മാറാത്ത കാഴ്ചപ്പാടുകളും സിനിമയെ “റോക്സ്’ ആക്കിയില്ല. രേവതിയുടേ അപാര പ്രകടനവും ബഹളങ്ങളില്ലാത്തൊരു സിനിമയും കാണണമെന്ന് തോന്നുന്നവർക്ക് ഒന്ന് തല വെച്ചു കൊടുക്കാം. “പാസ്സഞ്ചർ“ എന്ന വിജയ ചിത്രത്തിന്റെ നിഴൽ ഇനിയും എത്ര സിനിമകൾക്ക് കൂടി തണലേകും എന്ന് അടുത്ത സിനിമക്ക് മുൻപ് രഞ്ജിത് ശങ്കർ ഒന്നോർക്കുന്നത് നന്നായിരിക്കും.വാൽക്കഷണം : ഉസ്താദ് ഹോട്ടൽ, സ്പിരിറ്റ്, ആകാശത്തിന്റെ നിറം, മോളി ആന്റി റോക്സ്......... മലയാള സിനിമാക്കാർ ഇങ്ങിനെ നന്മയും സാമൂഹിക പ്രതിബദ്ധതയും ഉപദേശിച്ചും ഗുണദോഷിച്ചും മലയാളികളെ മൊത്തം നന്നാക്കിക്കളയുമോ എന്നൊരൊറ്റ പേടി മാത്രമേയുള്ളു :) :)

Contributors: