രാസലീല 2012 - സിനിമാ റിവ്യൂ

Rasaleela Posters

എന്റെ സിനിമ കാണൽ ജീവിതത്തിലാദ്യമായിട്ടാണ് ഒരു ടി വി സീരിയൽ തിയ്യറ്ററിലെ ബിഗ് സ്ക്രീനിൽ കാണുന്നത്!!

അതിനു അവസരമൊരുക്കിയത് മജീദ് മാറാഞ്ചേരി എന്ന സംവിധായകനും(?). എസ് ബി എം എന്റർടെയ്മ്എന്റിനുവേണ്ടി സിജു ഇളങ്കാടും, ബെന്നി പീറ്ററും, ടോജി ജോണും പണം മുടക്കി നവാഗതർ അഭിനയിച്ച(?) ‘രാസലീല’ എന്ന (പഴയ) സിനിമയുടെ പുനരാവിഷ്കാരമാണ് ഇത്തരമൊരു അസുലഭ അവസരം എനിക്ക് സാദ്ധ്യമാക്കിത്തന്നത്.

കമലാഹാസനും ജയസുധയും മുഖ്യവേഷത്തിൽ അഭിനയിച്ച രാസലീല എന്ന സിനിമയുടെ പുനരാവിഷ്കാരമാണ് ഈ സിനിമ എന്ന് പറയുന്നു. പഴയ രാസലീല കാണാത്തതുകൊണ്ട് ആ സിനിമതന്നെയാണോ ഇതും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നൊന്നും അറിയില്ലെങ്കിലും ഈ രാസലീലയുടെ കഥയും തിരക്കഥയും സംവിധായകൻ മജീദ് മാറാഞ്ചേരിയുടെ പേരിലും സംഭാഷണം നിർമ്മാതാവ് കൂടിയായ സിജു ഇളങ്കാടിന്റെ പേരിലുമാണ്.

വിവാഹ രാത്രിയിൽത്തന്നെ വിധവയാകേണ്ടി വന്ന ഉണ്ണിമായ (ഇല്ലത്തെ നമ്പൂരിക്കുട്ടിക്ക് /നായികക്ക് പേര് ‘ഉണ്ണിമായ’ എന്നാവണമല്ലോ, അതിപ്പോ ‘പരിണയ’ത്തിലെ ‘സാധന’മായാലും ആറാം തമ്പുരാന്റെ കാമുകിയായാലും!!) എന്ന യുവതിയുടെ വൈധവ്യ ജീവിതവും ആ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു ചെറുപ്പക്കാരനുമായുള്ള പ്രണയവും അതിനെത്തുടർന്നുള്ള പ്രശ്നങ്ങളുമാണ് സിനിമയുടെ മുഖ്യപ്രമേയം.

രാസലീലയുടെ കഥാസാരവും മറ്റു വിശദാംശങ്ങളും വായിക്കുവാൻ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക.

തിരക്കഥ, സംവിധാനം, കലാസംവിധാനം, പശ്ചാത്തല സംഗീതം, അഭിനയം തുടങ്ങി സിനിമയുടേ സമസ്തമേഖലകളിലും നിലവാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ സിനിമയുടെ ഒരേ ഒരു മനോഹരമായ ഘടകം/ആകർഷണം ഇതിന്റെ പോസ്റ്ററുകൾ മാത്രമാണ്. മുഖ്യ കഥാ‍പാത്രങ്ങളായ ഉണ്ണിമായയും ദേവനുമായി വരുന്ന പ്രതിഷ്ഠ, ദർശൻ എന്നീ പുതുമുഖങ്ങളുടെ അഭിനയം നമ്മിൽ സഹതാപമുണർത്തും. ക്രൂരനായ അമ്മാവൻ തിരുമേനിയായി അഭിനയിച്ച കലാശാല ബാബുവിനു തീർച്ചയായും കഥകളിയിൽ നല്ല ഭാവിയുണ്ട്. പച്ച - കത്തി വേഷങ്ങൾ പ്രകടിപ്പിക്കുന്ന രൌദ്രഭാവങ്ങൾ എത്ര ഭയങ്കരമായാണ് അദ്ദേഹം മുഖത്ത് പ്രതിഫലിക്കുന്നത്!! ലോങ്ങ് ഷോട്ടുകളിൽ അദ്ദേഹം പ്രകടിപ്പിക്കുന്ന ഭാവങ്ങൾ അങ്ങ് ബാൽക്കണിയിലെ ഏറ്റവും പുറകിലിരിക്കുന്ന പ്രേക്ഷകനു വരെ കാണാം. അഭിനയമായാൽ ഇങ്ങിനെ വേണം!!. പാവം ഊർമ്മിള ഉണ്ണിയുടേ കാര്യമാണ് കഷ്ടം. 1992ൽ പുറത്തിറങ്ങിയ ‘സർഗം’ എന്ന ഹരിഹരൻ സിനിമയിൽ തുടങ്ങിയതാണ് പുത്രദു:ഖത്താൽ കേഴുന്ന അമ്മത്തമ്പുരാട്ടിയായി ഊർമ്മിള ഉണ്ണിയുടെ ഭാവാഭിനയം. 2012ൽ എത്തിയിട്ടും അമ്മത്തമ്പുരാട്ടിയുടെ പുത്രദു:ഖത്തിനും സങ്കടത്തിനും ഒരു മാറ്റവുമില്ല!!കഴിഞ്ഞ കുറേ കാലങ്ങളായി മലയാള സിനിമയിൽ കാര്യമായ വേഷമൊന്നുമില്ലാതിരുന്ന ടോണിക്കും കിട്ടി ഈ സിനിമയിൽ ഭേദപ്പെട്ടൊരു വേഷം. പുരോഗമന വാദിയെങ്കിലും അമ്മാവനേയും തറവാടിനേയും അനുസരിക്കേണ്ടിവരുന്ന നഗരവാസി. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ നിർത്താതെ തുടരുന്ന പശ്ചാത്തല സംഗീതം (കീ ബോർഡ് വായന!) ഗാനരംഗങ്ങളിൽ പെയിന്റടിച്ച് വെച്ചിരിക്കുന്ന മൺകുടങ്ങൾ, അടുക്കളയിലും കിടപ്പറയിലും വരെ നാലിഞ്ച് നീളത്തിൽ സ്വർണ്ണക്കരയുള്ള വേഷ്ടിയുടുത്തു മാത്രം കാണുന്ന കഥാപാത്രങ്ങൾ. സ്ക്കൂൾ നാടകങ്ങളുടെ നിലവാരം പോലുമില്ലാത്ത സംഭാഷണങ്ങൾ, സീരിയലുകളുടെ മേക്കിങ്ങ് തലത്തിലേക്ക് പോലും എത്താനാവാത്ത സീനുകൾ.....ഇങ്ങിനെ ഈ സിനിമയുടെ കുറവുകളെപ്പറ്റി പറയുകയാണെങ്കിൽ അതിനേ സമയമുണ്ടാകു എന്നതിനാൽ ആ സാഹസത്തിനു മുതിരുന്നില്ല.

രാസലീല 2012 കൃത്യമായും ഒരു സിനിമാപാഠപുസ്തകമാണ്. ഒരു സിനിമ എങ്ങിനെയൊക്കെ ആകരുത്, എങ്ങിനെ അണിയിച്ചൊരുക്കരുത് എന്നതിന്റെ പാഠപുസ്തകം. സിനിമയുടെ ലാവണ്യരീതികൾ എന്നത് പോട്ടെ, സിനിമാമേക്കിങ്ങിന്റെ ബാലപാഠങ്ങൾ പോലും മന:പാഠമാക്കാതെ ഇത്തരമൊരു സാഹസത്തിനു ഇറങ്ങിപ്പുറപ്പെട്ട ഈ സിനിമയുടെ പിന്നണിപ്രവർത്തകർ ചെയ്യുന്നത് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമക്ക് ‘ഒരടി മുന്നോട്ട് നാലടി പിന്നോട്ട്’ എന്ന മട്ടിലുള്ള അവസ്ഥ സൃഷ്ടിക്കുകയാണ്.

Relates to: 
Contributors: 

പിന്മൊഴികൾ

ഇല്ലത്തെ നമ്പൂരിക്കുട്ടിക്ക് /നായികക്ക് പേര് ‘ഉണ്ണിമായ’ എന്നാവണമല്ലോ, അതിപ്പോ ‘പരിണയ’ത്തിലെ ‘സാധന’മായാലും ആറാം തമ്പുരാന്റെ കാമുകിയായാലും!!

ഹ ഹ അതു ബോധിച്ചു :)